തിരുവനന്തപുരം: അധ്യാപക പരിശീലനത്തിൽ മലയാള എഴുത്തുരീതി കൂടി നടപ്പാക്കുന്നു. 2024-25 അധ്യയന വർഷത്തെ അവധിക്കാല അധ്യാപക പരിശീലനത്തിലാണ് രക്ഷാകർതൃ വിദ്യാഭ്യാസം, ഡിജിറ്റൽ ടെക്സ്റ്റ് എന്നിവക്കൊപ്പം മലയാളം എഴുത്തുരീതി -2022 കൂടി നടപ്പാക്കുന്നത്. മലയാളത്തിലെ ലിപി പരിഷ്കരണത്തിന്റെ ഭാഗമായി നടപ്പാക്കിയ വാക്കുകൾ കുട്ടികളിൽ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മലയാളത്തിൽ ഒരു വാക്ക് തന്നെ പല ശൈലിയിൽ എഴുതുന്ന രീതിയുണ്ട്. അതു കുട്ടികൾക്ക് ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്. അത്തരം വാക്കുകൾക്ക് ഏകീകൃത സ്വഭാവം കൊണ്ടുവരാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ നിർദേശത്തെ തുടർന്നുള്ള മാറ്റങ്ങൾകൂടി ഉൾപ്പെടുത്തിയാണ് പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ പുറത്തിറങ്ങുന്നത്. അത്തരം ശൈലീമാറ്റം അധ്യാപകർക്കുകൂടി സുപരിചിതമാക്കാനാണ് അവധിക്കാല അധ്യാപക സംഗമത്തിൽ ഉദ്ദേശിക്കുന്നത്.
ടൈപ് വൺ പ്രമേഹം, സിക്കിൽസെൽ അനീമിയ തുടങ്ങിയ അവസ്ഥകളിലുള്ള കുട്ടികളെ തിരിച്ചറിയുന്നതിനും അവർക്കുവേണ്ടതായ ശ്രദ്ധ നൽകുന്നതിനും അധ്യാപകരെ പ്രാപ്തരാക്കാനുള്ള പരിശീലനവും ഇതോടൊപ്പം നൽകുന്നുണ്ട്. ഇത്തരം അസുഖബാധിതരായ കുട്ടികളുടെ രക്ഷാകർത്താക്കളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു അധ്യാപകർക്കുകൂടി പരിശീലനം നൽകുകയെന്നത്. ഒരു സ്കൂളിൽനിന്ന് കുറഞ്ഞത് രണ്ട് അധ്യാപകർക്കെങ്കിലും ഇത്തരം പരിശീലനം നൽകണമെന്നായിരുന്നു രക്ഷാകർത്താക്കളുടെ ആവശ്യം. ഓരോ കുട്ടിയെയും മനസ്സിലാക്കി അതിനനുസരിച്ച് പഠനം ഉൾപ്പെടെ മാറ്റങ്ങൾ കൊണ്ടുവരുന്ന ആശയവും ഇക്കുറി പരിചയപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.