മലയാറ്റൂർ ഫൗണ്ടേഷൻ പ്രഥമ സാഹിത്യ പുരസ്കാരം സുഭാഷ് ചന്ദ്രന്‍റെ 'സമുദ്രശില'ക്ക്

തിരുവനന്തപുരം: മലയാറ്റൂർ ഫൗണ്ടേഷന്‍റെ പ്രഥമ സാഹിത്യ പുരസ്കാരം സുഭാഷ് ചന്ദ്രന്‍റെ 'സമുദ്രശില'ക്ക് നൽകുമെന്ന് ഫൗണ്ടേഷൻ പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് മേയ്‌ 30ന് വൈകീട്ട് 6ന് തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ (വി.ജെ.ടി ഹാൾ) നടക്കുന്ന മലയാറ്റൂർ സാംസ്‌കാരിക സായാഹ്നത്തിൽ സമ്മാനിക്കും.

അത്യപൂർവമായ രചനാ വിസ്മയമാണ് 'സമുദ്രശില'യെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത അവാർഡ് ജൂറി ചെയർമാനും സാഹിത്യകാരനുമായ കെ.വി. മോഹൻ കുമാർ അഭിപ്രായപ്പെട്ടു. വേറിട്ട രചനാ തന്ത്രവും ഭാഷയുടെ സൗന്ദര്യവും യാഥാർത്ഥ്യത്തിനൊപ്പം ഊടും പാവുമിടുന്ന ഭ്രമാത്മകതയും തികച്ചും മൗലികമായ ദാർശനിക പരിപ്രേക്ഷ്യങ്ങളും ഈ കൃതിക്ക് അനേക തലങ്ങളിലുള്ള വായന സാധ്യമാക്കുന്നതായി അദ്ദേഹം പറഞ്ഞു.

സൃഷ്ടി, സ്ഥിതി, സംഹാരം എന്നിങ്ങനെ ഒൻപത് അദ്ധ്യായങ്ങൾ വീതമുള്ള മൂന്ന് ഭാഗങ്ങളിലൂടെ, ഇതിഹാസത്തിലെ അംബയുടെ തുടർച്ചയെന്നോണം സ്ത്രീയായി വീണ്ടും ജന്മമെടുത്ത അംബയുടെ സ്വപ്നസമാനമായ പ്രണയകാലത്തിലൂടെയും പിൽക്കാല ജീവിത ദൈന്യങ്ങളിലൂടെയും സഹനങ്ങളിലൂടെയും വിടരുന്ന കഥ 'സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ 'എന്ന വെളിപാടിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതിഹാസത്തിൽ ഇല്ലാതെ പോയ 'ഉപാധികളില്ലാത്ത സ്നേഹം' തേടി ജന്മ ജന്മാന്തരങ്ങൾ സഞ്ചരിച്ച് നടപ്പ് കാലത്ത്‌ നമുക്കിടയിൽ ജീവിച്ച അംബ മലയാള നോവൽ സാഹിത്യത്തിലെ എക്കാലത്തെയും കരുത്തുറ്റ കഥാപാത്രമാണ്. നൂറു കണക്കിന് ഭാഷകളിൽ ജീവിതമെന്ന മൂന്നക്ഷരമുള്ള വാക്കിനെ വ്യാഖ്യാനിക്കുന്ന ആയിരക്കണക്കിന് എഴുത്തുകാരുടെ പ്രതിനിധിയായി ദൈവത്തോടും അംബയോടും വായനക്കാരോടും ഒരുപോലെ സംവദിക്കുന്ന എഴുത്തുകാരനും സുഹൃത്തുക്കളും കഥാ കഥനത്തിന്‍റെ ഭാഗമാകുമ്പോൾ തികച്ചും വ്യത്യസ്തമായ രചനാ വിസ്മയമായി 'സമുദ്രശില' മാറുന്നു. മലയാള നോവൽ സാഹിത്യത്തിനു മുതൽക്കൂട്ടാണ് ഈ കൃതിയെന്ന് ജൂറി അഭിപ്രായപ്പെട്ടു.

വാർത്താസമ്മേളനത്തിൽ ജൂറി അംഗം സാഹിത്യകാരിയും കവയത്രിയുമായ റോസ് മേരി, ഫൗണ്ടേഷൻ വൈസ് പ്രസിഡന്‍റ് നൗഷാദ് അലി എം, സെക്രട്ടറി പി. ആർ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Malayattoor foundation award to Subhash Chandrans Samudrashila

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.