മൂസ

മൂസയുടെ അന്വേഷണം തുടരുന്നു; സ്വന്തം മാസികതേടി

ചെറുതോണി: അരനൂറ്റാണ്ട് മുമ്പ് കൈവിട്ടുപോയ സ്വന്തം മാസികയുടെ ഒരു കോപ്പിയെങ്കിലും കിട്ടുമോ എന്ന അന്വേഷണത്തിലാണ് കഴിഞ്ഞ 10വർഷമായി മൂസ. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് പിതാവ് നടത്തിയിരുന്ന അന്ത്രു ആൻഡ് സൺസ് ജ്വല്ലറിയിൽ പിതാവിന്‍റെ സഹായിയായിരുന്നു മൂസ. വായനയിൽ കമ്പമുണ്ടായിരുന്ന ഇദ്ദേഹത്തിന്‍റെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു മാസിക തുടങ്ങുക എന്നുള്ളത്. ഇതിനായി ജ്വല്ലറിയോട് ചേർന്നുള്ള ഒരു മുറി ഓഫിസായി പ്രവർത്തനമാരംഭിച്ചു. മാസികക്ക് സീന എന്ന് പേരിട്ടു.

തുടക്കത്തിൽ സാഹിത്യമാസികയായിട്ടായിരുന്നു തുടക്കം. വൈക്കം ചന്ദ്രശേഖരൻ നായർ, തുളസി, മുഹമ്മദ് പുഴക്കര തുടങ്ങിയവരായിരുന്നു എഴുത്തുകാർ. 25 പൈസയായിരുന്നു വില. വേരുപിടിക്കില്ലെന്ന് അറിഞ്ഞതോടെ കളംമാറ്റി ചവിട്ടി സിനിമ മാസികയാക്കി. 1970കളിൽ സിനിമ പ്രേമികൾക്കിടയിൽ ഏറ്റവും കൂടുതൽ പ്രചാരമുണ്ടായിരുന്ന സിനിമ മാസികയായി ഇത് വളർന്നു.

സീനയുടെ എഡിറ്ററും മാനേജരും വിതരണക്കാരനും റിപ്പോർട്ടറുമെല്ലാം പിന്നെ മൂസയായിരുന്നു. സിനിമയുടെ ഈറ്റില്ലമായിരുന്ന കോടമ്പക്കത്തിന്‍റെ വിശേഷങ്ങളുമായി പ്രസിദ്ധീകരിച്ചുതുടങ്ങിയ സീനയുടെ പ്രചാരം 500ൽനിന്ന് 35000ത്തിലേക്ക് കുതിച്ചുയർന്നു. 1975 മുതൽ കളറിലാക്കി താരങ്ങളുടെ ചിത്രങ്ങളും അഭിമുഖങ്ങളുമൊക്കെയായി പുറത്തിറങ്ങിയിരുന്ന സീനയെ സിനിമ പ്രേമികൾ നെഞ്ചിലേറ്റി. 1980 തുടക്കത്തിൽ ചില പ്രതിസന്ധി ഉടലെടുത്തതോടെ ഈ പ്രസിദ്ധീകരണം എന്നത്തേക്കുമായി നിലച്ചു. മൂസ പിതാവിന്‍റെ സ്വർണക്കടവിട്ട് പിന്നീട് മറ്റ് ജീവിത സാഹചര്യങ്ങളിലേക്ക് ചുവടുമാറ്റിച്ചവിട്ടി. മാസികകളുടെ കോപ്പികളും ഫയലുമെല്ലാം മാസികയുടെ ആർട്ട് വർക്ക് ചെയ്തിരുന്ന പ്രിയ വിജയന്‍റെ കൈയിലായിരുന്നു. കാലം മാറിയതോടെ ഇതിന്‍റെ കോപ്പികളെല്ലാം നഷ്ടമായി.

71കാരനായ മൂസയിപ്പോൾ പഴയ മാസികകളുടെ കോപ്പികൾ കിട്ടുമോ എന്ന അന്വേഷണത്തിലാണ്. സീനയുടെ കോപ്പി ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ അറിയിച്ചാൽ തക്കതായ പ്രതിഫലം കൊടുക്കാൻ മൂസ തയാറാണ്.

1960 മുതലുള്ള പ്രസിദ്ധീകരണങ്ങൾ സൂക്ഷിക്കുന്ന കണ്ണൂരിലുള്ള വിജയൻ എന്നയാളുടെ ശേഖരത്തിൽ സീന കാണാൻ സാധ്യതയുണ്ടെന്ന വിശ്വാസത്തിലാണ് മൂസയിപ്പോൾ. ഒരു തലമുറ നെഞ്ചിലേറ്റിയ സ്വന്തം മാസികയുടെ ഒരുകോപ്പിപോലും സൂക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖത്തിലാണിദ്ദേഹം.

Tags:    
News Summary - Moosa' search continues; In search of his own magazine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT