നിങ്ങൾ കഥ വായിക്കാറുണ്ടോ? എങ്കിൽ കഥകൊണ്ടെന്താണ് പ്രയോജനം? സമൂഹം കൂടുതൽ കൂടുതൽ പ്രയോജനവാദികളായിത്തീരുമ്പോൾ ഈ ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ട്. അതുകൊണ്ടാവണം പ്രയോജനവാദികളെയും ചേർത്തുപിടിക്കുന്ന ഒരു രചനാതന്ത്രം വി.എസ്. അജിത്ത് ആവിഷ്കരിക്കുന്നത്.
വൈജ്ഞാനിക സാഹിത്യത്തിന്റെ വെള്ളിമീൻ ചാട്ടങ്ങൾ അജിത്തിന്റെ കഥാലോകത്ത് വിചിത്രമായൊരു പ്രകാശം പരത്തുന്നുണ്ട്. അത് തീർച്ചയായും പ്രയോജനവാദികളിൽ കൗതുകമുണർത്തും. പക്ഷേ, ശാസ്ത്രജ്ഞാനത്തിന്റെ വിവിധതലങ്ങളെ സ്പർശിക്കാതെ വായനക്കാരന് ഒരടി മുന്നോട്ടുവെക്കാനാവാത്ത ഒരു സ്ഥിതിവിശേഷം സംജാതമാക്കുന്നുണ്ട്.
എഴുത്തുകാരനോളം തന്നെയോ അതിനെക്കാൾ ഒരുപടികൂടി കടന്നോ ബൗദ്ധികത വായനക്കാരന് കൈമുതലായി ഉണ്ടെങ്കിൽ മാത്രമേ അജിത്തിന്റെ കഥകളെ കൃത്യമായി പിന്തുടരാൻ കഴിയൂ. ഇത് കഥയുടെ പുതുവഴിയാണ്. എങ്കിലും ഒരപകട സാധ്യത പതിയിരിക്കുന്നുണ്ട്.
പലതരത്തിലും തലത്തിലുമുള്ള അറിവ് വർധിപ്പിക്കാൻ വേണ്ടി കഥ വായിക്കാൻ തയാറാകുന്നവരുണ്ടാവാനിടയില്ല. സാഹിത്യം എപ്പോഴും വൈകാരികതയുമായി ബന്ധപ്പെട്ടതാണ്. ബൗദ്ധികത അതിന് ഗരിമയും കാലത്തെ അതിവർത്തിക്കാനുള്ള കെൽപും നൽകും. രണ്ടും സമഞ്ജസമായി ചേർന്ന് മൂന്നാമതൊന്നായിത്തീരുമ്പോഴാണ് സാഹിത്യത്തിന് സഹിതത്വമേറുക. അത് കഥാകൃത്ത് തിരിച്ചറിഞ്ഞതുകൊണ്ടാവണം ‘വിരൂപയായ വേലക്കാരി’ എന്ന സമാഹാരത്തിലെ കഥകളിലേക്ക് മിക്ക വായനക്കാർക്കും പ്രവേശനാനുമതി ലഭിക്കുന്നുണ്ട്.
ഈ സമാഹാരത്തിലെ ആദ്യ കഥയായ ‘വിരൂപിയായ വേലക്കാരി’യുടെ പേരിന് ഒരു നാടോടിക്കഥയുടെ ഗന്ധമുണ്ട്. എന്നാൽ, അത്തരം പാരമ്പര്യവുമായി ഈ കഥക്ക് വിദൂരബന്ധം പോലുമില്ലതാനും. ഒരു വേലക്കാരിയുടെ കൊടിയ വൈരൂപ്യമാണ് ഈ കഥയുടെ പ്രമേയം. എങ്കിലും അധിക്ഷേപാർഹമായ ഒന്നുമതന്നെ ഇല്ലെന്ന് മാത്രമല്ല, അത്യപൂർവമായ ഒരു കനിവോടെയാണ് പ്രമേയപരിചരണം നിർവഹിച്ചിരിക്കുന്നതെന്ന് സൂക്ഷ്മദൃക്കുകൾക്ക് കണ്ടെത്താനും കഴിയും. സൗന്ദര്യത്തിന് തീർച്ചയായും ചില സാധ്യതകളുണ്ട്.
പക്ഷേ, അതിന്റെ മറുപുറത്തേക്ക് കടന്ന് വൈരൂപ്യം തുറക്കുന്ന മാനുഷികമായ ചില സാധ്യതകൾ കണ്ട് വായനക്കാർ വിസ്മയഭരിതരായിത്തീരുകതന്നെ ചെയ്യും. ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കഥയും ഇതുതന്നെ. തുടർന്ന് സർവാംഗം രസകരമായി അനുഭവപ്പെടുന്ന ‘രസംപോലെ’ എന്ന കഥയും കരവിരുതോടെ ഇഴചേർത്ത് വായനക്കാരന്റെ കണ്ണ് നനയിക്കുന്നൊരു മുഹൂർത്തത്തിലെത്തിക്കുന്ന ‘ഉണ്ണിയപ്പം’ എന്ന കഥയും കടന്നുവരുന്നു.
കൊപ്രാത്തലയന്റെ കാറും ചീരമുലച്ചിയുടെ ചേലും’ എന്ന കഥയാകട്ടെ നമ്മുടെ സമൂഹത്തിലെ സവർണർക്ക് കീഴാളരോടുള്ള കപടാനുഭാവത്തെ ബ്ലേഡ് കൊണ്ട് വരഞ്ഞുകീറുന്നുണ്ട്. ഇതൊരു കുറ്റകൃത്യം കൂടിയായതുകൊണ്ട് നിയമത്തിന്റെ മുന ആരെ കോർത്തെടുക്കും എന്ന് എഴുത്തുകാരനോ വായനക്കാരോ ബേജാറാവുന്നില്ലെന്ന് മാത്രമല്ല, പൊട്ടിച്ചിരിപ്പിക്കുന്ന ഒരു നർമോക്തിയിൽ കഥ അവസാനിക്കുകയും ചെയ്യുന്നു.
‘അബോഹി മാംഗ’ എന്ന കഥയുടെ പരിണാമ ഗുപ്തിയും അങ്ങനെത്തന്നെ. അസംഭവ്യങ്ങളായ കാര്യങ്ങൾ പോലും യുക്തിഭദ്രമെന്ന് തോന്നിക്കുംവിധം സമർഥമായി കഥാകൃത്ത് വായനക്കാർക്കുമുന്നിൽ വിളമ്പുന്നത് കാണണമെങ്കിൽ ‘ബ്ലുപെയിൽ ഡോട്ട്’ എന്ന കഥ വായിക്കുകതന്നെ വേണം. ‘ഒറ്റക്കണ്ണൻ ബ്രാല്’ ഒരു ഗംഭീര പ്രതീകമാണ്. തെല്ലും അശ്ലീല സ്പർശമില്ലാതെ അതങ്ങനെ വായനക്കാരുടെ മനസ്സിൽ ഉദ്ധരിച്ച് നിൽക്കും.
കൂണിൽനിന്നുണ്ടാക്കുന്ന ‘അഗാറിക്കസ് മസ് ക്കാറിയസ്’ എന്ന മരുന്നിനുപോലും അജിത്തിന്റെ കഥാലോകത്ത് ചെറുതല്ലാത്തൊരു വേഷമുണ്ട്. എന്നാൽ, ‘അപ്പൂപ്പന്റെ ആമാടപ്പെട്ടി’യുടെ പൂട്ടു തുറക്കാൻ പലർക്കും പറ്റുകയില്ല. കണ്ണ് മിഴിച്ച് അതിന്റെ പുറം പരിശോധിച്ച് നിരാശപ്പെട്ട് പിൻവാങ്ങുകയേ തരമുള്ളൂ.
ചെറുകഥ ചെറിയ കഥയല്ലാതെയായിത്തീർന്നിട്ട് കാലം കുറെയായി. എന്നാൽ, ‘വിരൂപയായ വേലക്കാരി’യിലെ കഥകളെല്ലാം സാക്ഷാൽ ചെറുകഥകളാണ്. നിസ്സാരമെന്ന് തോന്നിക്കുന്ന പല സംഭവങ്ങളും പൊലിപ്പിച്ചെടുത്ത് അനുഭവവേദ്യമാക്കാൻ കഥാകൃത്തിന് അനായാസം കഴിയുന്നുണ്ട്. എങ്കിൽകൂടിയും അത് നൂൽപ്പാലത്തിലൂടെയുള്ള സഞ്ചാരമാണെന്ന് ഈ കഥാകൃത്ത് ഓരോ നിമിഷവും സ്വയം ഓർമപ്പെടുത്തേണ്ടിയിരിക്കുന്നു.
ഈ സമാഹാരത്തിലേതല്ലാത്ത ഒരു കഥയെ കൂടി സ്പർശിക്കാതെ വി.എസ്. അജിത്തിന്റെ കഥാലോകത്ത് നിന്ന് പിന്തിരിയാനാവുകയില്ല. ‘എലിക്കെണി’ എന്ന സമാഹാരത്തിലെ ‘മോടിയുള്ള മദ്യക്കുപ്പി’ എന്ന കഥ വായനക്കാരെ ചിരിപ്പിക്കുക മാത്രമല്ല, ചിന്തിപ്പിക്കുകയും ചെയ്യും. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മയിലേക്കുപോലും ആ കഥ എത്തിനോക്കുന്നുണ്ട്. സ്വഭാവരൂപവത്കരണത്തിനോ അന്ധവിശ്വാസങ്ങളെ തൂത്തെറിയുന്നതിനോ യുക്തിചിന്ത വികസിപ്പിക്കുന്നതിനോ ഒന്നും ഇന്നത്തെ വിദ്യാഭ്യാസം പര്യാപ്തമല്ല.
അതുകൊണ്ടാണ് പൊട്ടിപ്പോയ മദ്യക്കുപ്പിയിൽനിന്ന് പുറത്തുവന്ന ജിന്നിന്റെ വേഷത്തിലേക്ക് പകർന്ന ഒരു മധ്യവയസ്കനെ കണ്ണുമടച്ച് വിശ്വസിക്കാൻ ആ ദമ്പതികൾ തയാറാവുന്നത്. നവവരൻ തൊട്ടുനോക്കുന്നതിനുമുമ്പ് സ്വന്തം ശരീരം കാര്യമായ കുറ്റബോധമൊന്നുമില്ലാതെ ആ മധ്യവയസ്കന് കാഴ്ചവെക്കാൻ വധുവിന് കഴിയുന്നത്.
എഴുന്നുനിൽക്കുന്ന പരിഹാസത്തിന്റെ മുനയുള്ള ഈ കഥ ഒട്ടും ദുർമേദസ്സില്ലാതെ അതീവ ഹൃദ്യമായിത്തന്നെയാണ് കഥാകൃത്ത് ആവിഷ്കരിക്കുന്നതും. അങ്ങെന ഈ കഥ മലയാളത്തിലെ മികച്ച കഥകളിലൊന്നായി മാറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.