അക്കിത്തത്തിന്‍റെ ഭൗതികശരീരം തൃശൂർ സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ (ഫോട്ടോ: ജോൺസൻ പി ചിറയത്ത്)

മഹാകവി അക്കിത്തം വിടവാങ്ങി

തൃശൂർ: മലയാള കാവ്യ കുടുംബത്തിലെ കാരണവരായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 8.20ഓടെയായിരുന്നു മരണം. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കോമയിലായിരുന്നു.

രാവിലെ 10.30ന് ഭൗതികശരീരം സാഹിത്യ അക്കാദമിയിൽ പൊതുദര്‍ശനത്തിന് വച്ചു. ഉച്ചയോടെ പാലക്കാട് കുമരനെല്ലൂരിലെ വീട്ടിൽ എത്തിക്കും. സംസ്കാരം ഇന്ന് വൈകീട്ട് 5 മണിയോടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

അടുത്തിടെയാണ് അക്കിത്തത്തെ ജ്ഞാനപീഠം പുരസ്കാരം നൽകി രാജ്യം ആദരിച്ചത്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കു​മ​ര​ന​ല്ലൂ​രി​ലെ അ​മേ​റ്റൂ​ര്‍ അ​ക്കി​ത്ത​ത്ത് മ​ന​യി​ല്‍ 1926 മാ​ര്‍ച്ച് 18ന് ​അ​ക്കി​ത്ത​ത്ത് വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി​യു​ടെ​യും ചേ​കൂ​ര്‍ മ​ന​യ്ക്ക​ല്‍ പാ​ര്‍വ​തി അ​ന്ത​ര്‍ജ​ന​ത്തി​​ന്‍റെയും മ​ക​നാ​യാ​ണ്​ ജ​ന​നം.

>

ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടി. 1946 മുതല്‍ മൂന്നു വർഷം ഉണ്ണി നമ്പൂതിരിയുടെ പ്രസാധകനായി. ഉണ്ണി നമ്പൂതിരിയിലൂടെ സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹപത്രാധിപരായും പ്രവര്‍ത്തിച്ചു.

1956 മു​ത​ല്‍ കോ​ഴി​ക്കോ​ട് ആ​കാ​ശ​വാ​ണി നി​ല​യ​ത്തി​ല്‍ സ്‌​ക്രി​പ്റ്റ് എ​ഴു​ത്തു​കാ​ര​നാ​യി പ്ര​വ​ര്‍ത്തി​ച്ച അ​ദ്ദേ​ഹം 75ല്‍ ​ആ​കാ​ശ​വാ​ണി തൃ​ശൂ​ര്‍ നി​ല​യ​ത്തി​ല്‍ എ​ഡി​റ്റ​റാ​യും ചു​മ​ത​ല വ​ഹി​ച്ചു. 1985ല്‍ ​വി​ര​മി​ച്ചു.

കവിത, ചെറുകഥ, നാടകം, വിവർത്തനം, ലേഖനസമാഹാരം അടക്കം അമ്പതോളം കൃതികൾ മലയാള സാഹിത്യ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം, ബലിദർശനം, ഇടിഞ്ഞു പൊളിഞ്ഞ ലോകം, പണ്ടത്തെ മേൽശാന്തി, മാനസപൂജ, വെണ്ണക്കല്ലിന്‍റെ കഥ, മനസാക്ഷിയുടെ പൂക്കൾ, അക്കിത്തത്തിന്‍റെ തെരഞ്ഞെടുത്ത കവിതകൾ, കളിക്കൊട്ടിലിൽ, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, സമത്വത്തിന്‍റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാര ദേവത, മധുവിധുവിനു ശേഷം, സ്പര്‍ശമണികള്‍, അഞ്ച് നാടോടിപ്പാട്ടുകള്‍, മാനസപൂജ തുടങ്ങിയവ പ്രശസ്ത കൃതികളാണ്. ഉപനയനം, സമാവര്‍ത്തനം എന്നീ ഉപന്യാസങ്ങളും രചിച്ചിട്ടുണ്ട്.

1948-49ല്‍ കമ്യൂണിസ്റ്റുകാരുമായുണ്ടായിരുന്ന അടുപ്പത്തില്‍ നിന്നാണ് 'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം' എന്ന വരികള്‍ ഉള്‍ക്കൊള്ളുന്ന 'ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം' എന്ന കവിത അക്കിത്തം രചിക്കുന്നത്. കവിത പുറത്ത് വന്നതോടെ ഇ.എം.എസ്. തുടങ്ങിയ നിരവധി കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അക്കിത്തം കമ്യൂണിസ്റ്റ് വിരുദ്ധനായി ചിത്രീകരിക്കപ്പെട്ടു.

ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം എന്ന കവിതക്ക് 1952ലെ സഞ്ജയന്‍ അവാര്‍ഡും ബലിദര്‍ശനം എന്ന കൃതിക്ക് 1972ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 2017ൽ ​പ​ത്മ​ശ്രീ പു​ര​സ്​​കാ​രം ന​ൽ​കി രാ​ജ്യം ആ​ദ​രി​ച്ച കാ​വ്യ​പ്ര​തി​ഭ​ക്ക്​ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി, ഓടക്കുഴൽ, വള്ളത്തോൾ, ആശാൻ, വയലാർ, അമൃതകീര്‍ത്തി, മാതൃഭൂമി അടക്കമുള്ള പുരസ്കാരങ്ങളും ല​ഭി​ച്ചി​ട്ടു​ണ്ട്.

കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷൻ, കൊച്ചി ചങ്ങമ്പുഴ സ്മാരക സമിതി ഉപാധ്യക്ഷൻ, കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ, തപസ്യ കലസാഹിത്യ വേദി അധ്യക്ഷൻ, കടവല്ലൂർ അന്യോന്യ പരിഷത്ത് പ്രസിഡന്‍റ്, പൊന്നാനി കേന്ദ്ര കലാസമിതി സെക്രട്ടറി തുടങ്ങിയവ പദവികൾ വഹിച്ചിട്ടുണ്ട്.

ഭാര്യ ശ്രീദേവി അന്തർജനം കഴിഞ്ഞ വർഷം മരിച്ചു. പ്രശസ്​ത ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്​. മകൻ വാസുദേവനും ചിത്രകാരനാണ്​. മറ്റുമക്കൾ: പാർവ്വതി, ഇന്ദിര, ശ്രീജ, ലീല, നാരായണൻ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.