ഒരു ഞെട്ടലോടെയാണ് ഇക്കു ഉണർന്നത്. ദുഃസ്വപ്നങ്ങൾ ഉറക്കത്തിൽ വേട്ടയാടിയിരുന്നു. എന്തൊക്കെയാണെന് ഓർമ വരുന്നില്ല. പക്ഷേ, മനസ്സ് അസ്വസ്തമാണ്. അലാറം അടിക്കുന്നതിനു മുമ്പേ ഇക്കു ഉണർന്നിരുന്നു. എന്തുണ്ടെങ്കിലും ഇക്കുവിന് പറയാൻ ഏക ആശ്വാസം വാവയായിരുന്നു.
എന്റെ പേര് ഇക്കു എന്നല്ല. എന്റെ വാവക്ക് മാത്രം ആണ് ഞാൻ ഇക്കു. അങ്ങനെ അറിയപ്പെടാനും പറയാനുമാണ് എനിക്കിഷ്ടം. വാവയുടെ ‘ഗുഡ് മോണിങ്’ മെസേജിലൂടെ തുടങ്ങുന്ന എന്റെ ഓരോ ദിവസവും എനിക്ക് ഊർജം നിറഞ്ഞതാണ്. ഇന്ന് വാവയുടെ മെസേജ് നോക്കിയിട്ട് എന്റെ അസ്വസ്ഥത പങ്കുവെക്കാം എന്ന് വിചാരിച്ചു മൊബൈൽ നോക്കിയപ്പോൾ മെസേജ് ഇല്ല. എന്നും പുലർച്ച നാലിന് വരുന്ന മെസേജ് എവിടെ പോയി. കുറെ ചിന്തകളായി. ഉറങ്ങിപ്പോയോ?
ഇക്കു വാവക്ക് ഗുഡ് മോണിങ് ഇട്ട ശേഷം പ്രഭാത കർമങ്ങൾ ചെയ്യാൻ പോയെങ്കിലും മനസ്സിൽ വിഷമം അലയടിക്കുകയായിരുന്നു. എന്താണെന്ന് മനസ്സിലാകാത്ത ഒരു നീറ്റൽ.
എല്ലാം കഴിഞ്ഞുവന്ന് ഫോൺ വീണ്ടും എടുത്ത് നോക്കിയപ്പോഴും തിരിച്ചു മറുപടി കണ്ടില്ല. തിരക്കായിരിക്കും അല്ലെങ്കിൽ നെറ്റ് കഴിഞ്ഞിട്ടുണ്ടാകും എന്നൊക്കെ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.
പരിചയപ്പെട്ട അന്നുമുതൽ കണ്ടിട്ടില്ലെങ്കിലും ഇതുവരെ മെസേജ് ഒന്നും മുടക്കിയിട്ടില്ല. എന്തായിരിക്കും എന്ന് മനസ്സ് ചോദിച്ചുകൊണ്ടിരിക്കുന്നുണ്ട്. നേരിട്ട് വിളിക്കാനും പറ്റില്ല. വീട്ടുകാരുടെ ഒപ്പം ആണെങ്കിൽ ഇതുവരെ ആരോടും പറയാത്ത ഞങ്ങളുടെ ബന്ധം പുറത്തേക്ക് അറിയിക്കാനും താൽപര്യം ഇല്ല. എന്താ ചെയ്യുക. ഓഫിസിലേക്ക് ഇറങ്ങിയെങ്കിലും ഒരു മൂകത ആയിരുന്നു.
10 മണി ആയി. ഇക്കുവിന്റെ ക്ഷമ നശിച്ചു. എന്തായാലും വാവ ഓഫിസിൽ ആയിരിക്കും. നേരിട്ട് വിളിക്കുക തന്നെ. വിളിച്ചു നോക്കിയപ്പോൾ മൊബൈൽ സ്വിച്ച് ഓഫ്. എന്താ ചെയ്യേണ്ടത്, എങ്ങനെ അന്വേഷിക്കും എന്നറിയാതെ ആകെ പരാക്രമമായി.
ഇക്കു വാവയെ പരിചയപ്പെട്ടത് ഓർത്തെടുത്തു. വാവ പറയാറുണ്ട് ഫ്രണ്ട് റിക്വസ്റ്റ് കണ്ടപ്പോൾ ഫ്രണ്ട് ആക്കിയത് അറിയാവുന്ന കുറെ പേരെ മ്യുച്ചൽ ഫ്രണ്ട്സ് ആയി കണ്ടതുകൊണ്ടാണെന്ന്. അത് പിന്നീട് ചാറ്റിങ് സൗഹൃദം ആയി മാറുകയായിരുന്നു.
പെട്ടെന്ന് മ്യുച്ചൽ ഫ്രണ്ട്സിലെ ഇക്കുവിന്റെ സുഹൃത്ത് കൂടിയായ ഒരാളെ വിളിച്ചു.‘ഹലോ, എന്താ വിശേഷം മാഷേ, എന്തൊക്കെയാ പരിപാടികൾ എന്നൊക്കെ’ നോർമൽ ആയി ചോദിച്ചു വന്നപ്പോൾ ആൾ പറഞ്ഞു, ‘ഇന്ന് ഒരു മരണം ഉണ്ട്. നമുക്ക് വേണ്ടപ്പെട്ട ഒരു കുട്ടി ആണ്. അറ്റാക്ക് ആണെന്നാണ് കേട്ടത്. ഇവിടെ തന്നെയാണ് ശവസംസ്കാരം. അവർ മുമ്പേ പറഞ്ഞുവെച്ചതനുസരിച്ച് നാട്ടിൽ കൊണ്ടുപോകുന്നില്ല. അവരെ കാണാൻ പോകണം’.
അവരുടെ പേര് കേട്ട ഇക്കുവിന് കൈകാലുകൾ വിറക്കാൻ തുടങ്ങി, ബോധം പോകുന്ന അവസ്ഥയായി. ഓഫിസിൽനിന്ന് പറഞ്ഞിറങ്ങി എങ്ങനെയോ വീട്ടിൽ എത്തി.
അലറിക്കരയാനായിരുന്നു. കരഞ്ഞു കരഞ്ഞു തളർന്നു. ഞാൻ ഇനി എന്തിന്? വാവയില്ലാതെ ഇക്കു ഇനി എങ്ങനെ മുന്നോട്ട് എന്നൊക്കെ ആലോചിക്കുന്തോറും ഭ്രാന്ത് കൂടി വന്നു.
എനിക്ക് ജീവിതത്തിൽ കിട്ടാത്ത സ്നേഹം തന്ന, എന്റെ ലോകത്തിലേക്ക് എന്റേതായി മാത്രം കടന്നു വന്ന എന്റെ വാവ, എന്റെ ഓരോ ശ്വാസത്തിലും വാവയായിരുന്നു.ഉണർന്ന് ഉറങ്ങുന്നതുവരെ ഓരോ വിശേഷങ്ങളും പങ്കുവെക്കുന്ന വാവയുടെ കൊഞ്ചലുകൾ എന്റെ കോരിത്തരിപ്പായിരുന്നു.
കണ്ടിട്ടില്ലെങ്കിലും എന്നും ഞങ്ങൾ മനസ്സുകൊണ്ട് കാണുന്നവരായിരുന്നു. തൊട്ടു തലോടിയിട്ടില്ലെങ്കിലും എന്നും ഞങ്ങളുടെ തലോടലുകൾ ഞങ്ങൾ അനുഭവിച്ചിരുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ വാവ പറയുന്ന വരികൾ ഉണ്ട്, ‘ഞാൻ നീയും, നീ ഞാനും’ ആണ്. അതിന്റെ കാരണം ഞങ്ങളുടെ ഓരോ ഇഷ്ടങ്ങളും ഒരേ പോലെ ഉള്ളതായിരുന്നു. പാട്ടും യാത്രയും പ്രകൃതിയും ഞങ്ങളുടെ വിഷയങ്ങൾ ആയിരുന്നു.
ഇനി എന്ത് എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കുകയായിരുന്നു. എഴുന്നേറ്റ് മുഖമെല്ലാം കഴുകി, നേരത്തെ വിളിച്ച ആ സുഹൃത്തിനെ വിളിച്ച് വാവയെ കാണാൻ എവിടെ വരണം എന്നനേഷിച്ചു.
ഇതുവരെ കാണാത്ത എന്റെ വാവയെ നിശ്ചലമായി കിടക്കുന്നത് കാണാൻ ആണല്ലോ എന്റെ യോഗം എന്ന് സ്വയം പഴിച്ചുകൊണ്ട് പുറപ്പെട്ടു.
കുറെ കാലം കഴിഞ്ഞ് കാണാം എന്നുള്ളത് ഞങ്ങളുടെ തീരുമാനമായിരുന്നു. കാണാതെയും മനസ്സറിഞ്ഞ് സ്നേഹിക്കാമെന്ന് എനിക്ക് പഠിപ്പിച്ചുതന്നത് വാവയാണ്. ഒരു ആയുസ്സിന്റെ സ്നേഹം എന്നൊക്കെ കേട്ടിട്ടേയുള്ളു. അത് എന്നിൽനിന്ന് വാവക്കും വാവയിൽ നിന്ന് എനിക്കും കിട്ടി.
അത് അവസാനിച്ചിരിക്കുന്നു.ആദ്യമായി നേരിട്ട് കാണുമ്പോൾ ചെവിയിൽ വന്ന് ‘ഐ ലൗ യു’ എന്ന് പറയുന്നതും വാവയുടെ മുഖത്തു അപ്പോൾ വിരിയുന്ന നാണവും ഞങ്ങൾ സങ്കൽപ്പിക്കാറുണ്ടായിരുന്നു. ആ നാണം കൊണ്ട് വാവ എന്നെ കെട്ടിപ്പിടിക്കുമോ എന്ന ചോദ്യത്തിന് ‘എനിക്ക് തോന്നുന്നതൊക്കെ ചെയ്യും’ എന്നായിരുന്നു മറുപടി. ആ ദിവസവും കാത്തിരുന്ന ഞങ്ങൾക്ക് ഇതാണോ ദൈവമേ വിധി.
ഈ പോകുന്ന വഴിക്ക് ഞാനും മരിച്ചിരുന്നെങ്കിൽ. എങ്ങനെയോ ഡ്രൈവ് ചെയ്ത് എത്തി. ഒരുപാട് ആൾക്കാർ വാവയെ കാണാൻ വന്നിട്ടുണ്ട്.
ഞങ്ങളുടെ ആദ്യത്തെയും അവസാനത്തേതുമായ കൂടിക്കാഴ്ച.
ഞാൻ കുറെ നേരം ആ മുഖത്തു നോക്കിനിന്നു. എന്നെ കണ്ടപ്പോൾ ഉള്ള നാണമുണ്ട് ആ മുഖത്ത്. ആരൊക്കെ ചുറ്റും ഉണ്ടെന്നു നോക്കാതെ അവളുടെ നെറ്റിയിൽ ഞാൻ ഉമ്മ കൊടുത്തുപോന്നു. എന്നെ ഉറ്റുനോക്കുന്ന ഒരുപാടുപേരെ ഞാൻ കാണുന്നുണ്ടായിരുന്നു. ‘ആരാ ഇവൻ’ എന്നർഥത്തിൽ.
അവർക്കുള്ള ഒരേ ഒരു മറുപടി മനസ്സിൽ പറഞ്ഞു, ‘ഇക്കുവിന്റെ വാവയാണ്’ ആ കിടക്കുന്നത്. ‘ഞാൻ അവളും, അവൾ ഞാനുമാണ്’.
‘വാവേ ഇനി ഒരു ജന്മം ഉണ്ടെങ്കിൽ നീ എന്റേതാകണം. ഒരു നിമിഷം പോലും പിരിയാത്ത ഇണകളാകണം നമുക്ക്. നീ ഞാനും, ഞാൻ നീയുമല്ലേ വാവേ’വാവ കൂടെയില്ലാത്ത ഞാൻ ഇനി എങ്ങനെ എന്ന ചോദ്യവുമായി ഇക്കു സങ്കടം ഉള്ളിലൊതുക്കി നടന്നകന്നു വാവയിൽനിന്ന്...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.