കാളികാവ്: അകാലത്തിൽ ചിറകറ്റുവീണ എഴുത്തുകാരി സുഹ്റ പടിപ്പുരയുടെ വിയോഗത്തിന് ജൂൺ 14ന് ഒരു വർഷമാകുന്നു. ഇവർ അവസാന നാളുകളിൽ എഴുതിയതും പ്രസിദ്ധീകരിക്കാത്ത ഒരുപിടി കവിതകളും സൗഹൃദങ്ങളുടെ ഓർമക്കുറിപ്പുകളും ഉൾപ്പെടുത്തി 'ഒസ്യത്തിന്‍റെ അവകാശികൾ' എന്ന പേരിൽ പുസ്തകമൊരുക്കി. സുഹ്റ ജോലി ചെയ്തിരുന്ന അടക്കാകുണ്ട് ക്രസന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ ചൊവ്വാഴ്ച പ്രകാശനം നടക്കും.
കവി കൽപറ്റ നാരായണൻ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് നൽകിയാണ് പ്രകാശനം. അനുസ്മരണ ചടങ്ങുമുണ്ടാകും. 41കാരിയായ സുഹ്‌റയെ കോവിഡ് മഹാമാരിയാണ് ജീവനെടുത്തത്. പരിസ്ഥിതിയെ തച്ചുതകര്‍ക്കുന്ന മനുഷ്യന്‍റെ ആര്‍ത്തിക്കെതിരെ എഴുത്തിലൂടെ നിരന്തരം കലഹിക്കുകയും പൊള്ളുന്ന അക്ഷരങ്ങള്‍ ചിറകുകളാക്കി വിപ്ലവബോധം കെടാതെ സൂക്ഷിക്കുകയും ചെയ്ത എഴുത്തുകാരിയായിരുന്നു സുഹ്റ. കവിതകളിലൂടെയും കഥകളിലൂടെയും മലയാളിയോട് ഹൃദയംകൊണ്ട് ഒരുപോലെ സംവദിച്ചു.
രാജ്യത്തിന്‍റെ സ്വാസ്ഥ്യം കെടുത്തി വാഴുന്ന ഫാഷിസ്റ്റ് കടന്നുകയറ്റത്തിനെതിരെ ഭീതിയൊട്ടുമില്ലാതെ തൂലിക ചലിപ്പിച്ചു. 2017ലാണ് അവരുടെ ആദ്യ കവിതസമാഹാരം പുറത്തിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.