താക്കോൽ -കവിത

വാക്കേറിൽ
ഉള്ളു മുറിഞ്ഞ്
ചോര പൊടിഞ്ഞും
കണ്ണിൽ കണ്ടത്
എറിഞ്ഞുടച്ച്
പിറുപിറുത്തും
നെഞ്ചത്തടിച്ചു
കരഞ്ഞും
കിടപ്പറയും
അടുക്കളയും പൂട്ടി
പുകച്ചും
കുപ്പി വറ്റിച്ചും
രണ്ടു ദ്വീപിൽ
ഉണ്ണാതെ
ഉറങ്ങാതെ
മൗനത്തിൻ
ആയുധപുര
തീർത്തും,
നട്ടപ്പാതിരയിൽ
കിണറാഴമളക്കാൻ
മത്സരിച്ചും
രണ്ടു പേർ...
സൂര്യകാന്തിപ്പൂ
വരയ്ക്കാൻ
ഒപ്പമിരിക്കാത്തതിൽ
ചിണുങ്ങി, പിണങ്ങി
മൗന ദ്വീപിൽ
മാറി മാറി പോയ്
തളർന്ന കുഞ്ഞ്
കോടമഴയിലേക്ക്
തനിച്ചിറങ്ങിപ്പോയ
പ്രഭാതത്തിൽ
അവളും,
കാക്കത്തൊള്ളായിരം
കള്ളികളിൽ
കണക്കുകൾ പിഴച്ചപ്പോൾ
മേലുദ്യോസ്ഥൻ
പൊട്ടിത്തെറിച്ച
നട്ടുച്ചക്ക്
അവനും
അവരവരുടെ
താക്കോലുകൾ
ആരും കാണാതെ
വലിച്ചെറിഞ്ഞു.
തോന്നുമ്പോൾ
തോന്നുമ്പോൾ
ഹൃദയ രഹസ്യങ്ങൾ
ഒളിഞ്ഞു തുറക്കുന്ന
താക്കോലുകൾ !
ഇന്നലെ
ദ്വീപുകളൊന്നിച്ചു.
ഇടനെഞ്ചിലെരിയുന്ന
കനലണഞ്ഞു
മഞ്ഞുമല
ഉരുകിയൊഴുകിയ
പനിനീർ നദി നീന്തി
കൈ നിറയെ
സൂര്യകാന്തിപ്പൂക്കളുമായ്
ചിരിച്ചു നില്പു
കോടമഴയിലേക്ക്
തനിച്ചിറങ്ങിപ്പോയ കുഞ്ഞ്!
Tags:    
News Summary - Poem by Elambilad Narayanan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.