സ്വസ്‌ഥം

തെരുവോരത്തിരുന്ന്

ഒരു ദൈന്യത

എന്റെ നേരെ കൈനീട്ടുന്നു

ഒട്ടും ഗൗനിക്കാതെ

നിർവികാരതയോടെ

ഞാൻ നടന്നുപോകുന്നു.

എന്റെ മുന്നിലേക്കൊരാൾ

വാഹനമിടിച്ചുവീഴുന്നു!

അയാളുടെ ചോരയിൽ ചവിട്ടാതെ

സൂക്ഷ്മതയോടെ

ഞാൻ നടന്നുപോകുന്നു.

തെരുവിലൊരു ദുശ്ശാസനൻ

ദ്രൗപദിയുടെ ചേലയഴിക്കുന്നു

കള്ളച്ചൂതുകളുടെ ജയത്തേക്കുറിച്ച്

വ്യാകുലപ്പെടാതെ

കാണാത്തഭാവത്തിൽ

ഞാൻ നടന്നുപോകുന്നു.

കരാറുകാരനിൽ നിന്ന്

പങ്കുപറ്റിയ നേതാവ്

തകർന്നുവീണ പാലത്തെക്കുറിച്ച്

തെരുവിൽ പ്രസംഗിക്കുന്നു

നേതാവിന്റെ മുഖത്തേക്ക്

ചെരുപ്പെറിഞ്ഞ ധാർമ്മികരോഷം

തെരുവിൽ തല്ലുകൊണ്ടു കിടക്കുന്നു.

ഏൽക്കാനിടയുള്ള

ഒരു കല്ലേറിന്റെ ഭീതിയിൽ

ഞാൻ വഴിമാറി നടക്കുന്നു.

അടുത്ത നിമിഷം ഉണ്ടായേക്കാവുന്ന

ഒരു ഭൂകമ്പത്തിൽ

എന്റെ തലയിൽ

തകർന്നു വീണേക്കാവുന്ന

എല്ലാത്തിൽനിന്നും ഞാൻ

സുരക്ഷിത അകലം പാലിക്കുന്നു.

ലോകം അവസാനിച്ചേക്കുമോ എന്ന

ആശങ്കയിലും ഞാനപ്പോൾ

മറ്റൊരു ലോകത്ത് സ്വസ്ഥമായിരിക്കുന്ന

എന്നെ സങ്കൽപിക്കുന്നു.

Tags:    
News Summary - poem-swastham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.