നിന്റെ കത്തുന്ന വസന്തത്തിന്റെ
ഉൾത്തുടിപ്പിലേക്ക്
മഴവിൽ ചാരുതയുള്ള പൂക്കളിറുത്ത്
മാല ചാർത്തിയതും
നിലാവിന്റെ നിറം ചാലിച്ചൊരു
ചിത്രം വരച്ചതും ഞാനായിരുന്നു
അങ്ങകലെ ഏകാന്തതയിൽ
ചിരിപൊഴിക്കും ഒറ്റനക്ഷത്രത്തിന്
മേലെ ആകാശവും താഴെ കടലും
ചൂണ്ടിക്കാണിച്ചുകൊടുത്ത്
വിദൂരതയുടെ ഒറ്റത്തുരുത്തിനെ
പരിചയപ്പെടുത്തി കരയിപ്പിച്ച്
കടന്നുകളഞ്ഞതും ഞാനായിരുന്നു
വാക്കുകൾ അലതല്ലി പെയ്യുമ്പോഴും
നിശ്ശബ്ദതയുടെ കുടചൂടി
വെയിൽ പൂക്കും മരങ്ങളിലേക്ക്
മൗനമായ് നടന്ന് നീങ്ങിയതും
ഞാനായിരുന്നു
ലക്ഷ്യമില്ലാത്ത യാത്രയ്ക്കൊരുങ്ങി
കണ്ണുകൾകൊണ്ട് ദൂരമളന്നതും
ഓരോ കാൽപ്പാടിലും പിൻവിളിയുടെ
നൂപുരധ്വനി കാതോർത്തതും
ഞാനായിരുന്നു
കാൽപനികതയുടെ കെട്ടുപാടിൽ
ഇന്നലെകൾ വിങ്ങിപ്പൊട്ടി മരിച്ചപ്പോൾ
തിരത്താളങ്ങൾക്കൊപ്പം
തുഴയറ്റൊരു വഞ്ചിയുടെ
കരകാണാ സ്വപ്നങ്ങളിൽ
നെടുവീർപ്പുകളയച്ചതും
ഈ ഞാൻതന്നെയായിരുന്നു
മുഖമില്ലാത്തവരുടെ നിശ്ശബ്ദതയും
വെയിൽമരങ്ങളുടെ ചുംബനപ്പൂക്കളും
എരിഞ്ഞു തീരുന്ന ചിന്തകളിൽ
നിന്നുമുയരുന്ന പുകയും
നിനക്കുള്ളതായിരുന്നു
നിന്റെ സ്വപ്നങ്ങളിലേക്ക്
ഞാനെഴുതി ചേർത്ത വ്യർഥമായ
വരികളത്രയും നിനക്കു വായിക്കാൻ
മാത്രമായിരുന്നു
സാദൃശ്യങ്ങളിൽ ഞാൻ
വീർപ്പുമുട്ടി മരിക്കുമ്പോഴും
നീ നടന്നകന്നത് അകലങ്ങളിലെ
മരുപ്പച്ചയിലേക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.