കോട്ടയം: കവി പ്രഫ. വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരത്ത് തൈക്കാട്ടെ ശ്രീവല്ലിയിലായിരുന്നു അന്ത്യം. മറവിരോഗത്താൽ ഒരുവർഷമായി വീട്ടിൽ വിശ്രമത്തിലായിരുന്നു.
അധ്യാപകൻ, പത്രാധിപർ തുടങ്ങി വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചതിനു പുറമെ ക്ഷേത്ര പൂജാരിയായും സേവനമനുഷ്ഠിച്ചു. പത്മശ്രീ ബഹുമതിയും കേന്ദ്ര -കേരള സാഹിത്യ അക്കാദമി അവാർഡുകളും എഴുത്തച്ഛൻ പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1939 ജൂൺ രണ്ടിന് തിരുവല്ലയിൽ വിഷ്ണു നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്റെയും മകനായി പിറന്ന വിഷ്ണു നാരായണൻ സാമ്പ്രദായിക രീതിയിൽ മുത്തച്ഛനിൽനിന്ന് സംസ്കൃതവും വേദവും പുരാണങ്ങളും പഠിച്ചു.
കൊച്ചുപെരിങ്ങര സ്കൂൾ, ചങ്ങനാശ്ശേരി എസ്.ബി കോളജ്, കോഴിക്കോട് ദേവഗിരി കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. മലബാർ ക്രിസ്ത്യൻ കോളജ്, കൊല്ലം എസ്.എൻ കോളജ്, എറണാകുളം മഹാരാജാസ് ഉൾപ്പെടെ വിവിധ കോളജുകളിൽ അധ്യാപകനായിരുന്നു. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽനിന്ന് ഇംഗ്ലീഷ് വകുപ്പ് മേധാവിയായി വിരമിച്ചു.
അതിനുശേഷം മൂന്നുവർഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു. വിദേശയാത്ര നടത്തിയത് ആചാരലംഘനമാണെന്നാരോപിച്ച് ക്ഷേത്രപൂജയിൽ നിന്ന് വിലക്കാൻ ശ്രമിച്ചതും പ്രായശ്ചിത്തത്തിന് കവി വിസമ്മതിച്ചതും ഏറെ ചർച്ചയായിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഓഫിസറും ഗ്രന്ഥാലോകം മാസികയുടെ പത്രാധിപരുമായിരുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: സാവിത്രി. മക്കൾ: അദിതി, അപർണ.
കേരള സാഹിത്യ അക്കാദമി, പ്രകൃതി സംരക്ഷണസമിതി, കേരള കലാമണ്ഡലം തുടങ്ങിയവയുടെ ഭാരവാഹിയായും പ്രവർത്തിച്ചു. സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, പ്രണയഗീതങ്ങൾ, ഭൂമിഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, അതിർത്തിയിലേക്ക് ഒരു യാത്ര, ആരണ്യകം, അപരാജിത, ഉജ്ജയിനിയിലെ രാപകലുകൾ, പരിക്രമം, ശ്രീവല്ലി, ഉത്തരായനം, തുളസീദളങ്ങൾ, രസക്കുടുക്ക, വൈഷ്ണവം എന്നിവ പ്രധാനകവിതകളാണ്.
കവിതയുടെ ഡി.എൻ.എ, അസാഹിതീയം, അലകടലുകളും നെയ്യാമ്പലുകളും, ഗാന്ധി, സസ്യലോകം, ഋതുസംഹാരം, കുട്ടികളുടെ ഷേക്സ്പിയർ, പുതുമുദ്രകൾ, വനപർവം, സ്വാതന്ത്ര്യസമരഗീതങ്ങൾ തുടങ്ങിയവ മറ്റ് പ്രധാന കൃതികളാണ്.
തിരുവനന്തപുരം: വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാളഭാഷെയയും കവിതെയയും പുതിയ ഭാവതലങ്ങളിലേക്കുയര്‍ത്തിയ കവിയായിരുന്നു അദ്ദേഹം. കേരളീയസംസ്കാരത്തിനും പുരോഗമനപരമായ മൂല്യങ്ങള്‍ക്കും കനത്ത നഷ്ടമാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വിയോഗത്തിലൂടെ സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ എ.കെ. ബാലൻ, കടകംപള്ളി സുരേന്ദ്രന്, സി.പി.എം േപാളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവരും അനുശോചിച്ചു.
കോഴിക്കോട്: വിഷ്ണു നാരായണൻ നമ്പൂതിരി മികച്ച കവിയായിരുന്നുവെന്നും അദ്ദേഹത്തിെൻറ വിയോഗം കാരണം മലയാളത്തിന് വീണ്ടും വലിയ നഷ്ടം സംഭവിച്ചിരിക്കുന്നുവെന്നും എം.ടി.വാസുദേവൻ നായർ. അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. അദ്ദേഹത്തിെൻറ കവിതകൾ എന്നും മനസ്സിൽ നിലനിൽക്കുന്നവയാണ്. വളരെ കരുത്തുള്ള കവിതകൾ എഴുതിയ ആളായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരിയെന്നും എം.ടി. മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.