വി.ടി. ജയദേവൻ, വി.ആർ. സുധീഷ്

'വി.ആർ. സുധീഷിന് കൃഷ്ണപാരമ്പര്യം'; ന്യായീകരിച്ച് വെട്ടിലായി കവി വി.ടി. ജയദേവൻ

പ്രസാധകയുടെ പരാതിയിൽ അറസ്റ്റിലായ എഴുത്തുകാരൻ വി.ആർ. സുധീഷിനെ ന്യായീകരിച്ച് ഫേസ്ബുക് പോസ്റ്റിട്ട് കവി വി.ടി. ജയദേവൻ. വി.ആർ. സുധീഷിന് കൃഷ്ണപാരമ്പര്യമാണെന്നാണ് 'വി.ആർ. സുധീഷ് എന്ന ധ്യാനമന്ത്രം' എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പിൽ പറയുന്നത്. വ്യാപക വിമർശനമുയർന്നതോടെ പോസ്റ്റ് പിൻവലിക്കേണ്ടി വന്നെങ്കിലും ഇതിന്‍റെ സ്ക്രീൻഷോട്ടുകൾ പ്രചരിക്കുകയാണ്. പ്രസാധകയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത വി.ആർ. സുധീഷിനെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.

എത്രയോ കാലമായി സ്നേഹപൂർവം ദൂരെ മാറിനിന്ന് നോക്കിക്കാണുന്ന ജീവിതമാണ് വി.ആർ. സുധീഷിന്‍റേതെന്ന് വി.ടി. ജയദേവൻ ഫേസ്ബുക്കിൽ നിന്ന് പിൻവലിച്ച പോസ്റ്റിൽ പറയുന്നു. അദ്ദേഹം അറസ്റ്റുചെയ്യപ്പെടാൻ പോകുന്നു എന്ന വാർത്ത വേദനിപ്പിക്കുന്നതായി. സ്കൂൾ പഠിപ്പിക്കൽ കാലത്ത് ഹെഡ്മാസ്റ്ററുടെ മുറിയിൽ കാണുമായിരുന്ന വികൃതികളിക്കുന്നതിനിടയിൽ പിടിക്കപ്പെട്ട കുട്ടികളുടെ മുഖഭാവമാണ് വാർത്തയോടൊപ്പമുള്ള ഫോട്ടോയിൽ വി.ആർ. സുധീഷ് മാഷിന് -പോസ്റ്റിൽ പറയുന്നു.

കൃഷ്ണപാരമ്പര്യത്തിൽപെട്ട പുരുഷന്മാരിൽ ഒരാളായിട്ടാണ് സുധീഷ് മാഷെ താൻ എന്നും നോക്കിക്കാണുന്നത്. പുരുഷവർഗത്തിൽ രാമപാരമ്പര്യക്കാരും കൃഷ്ണപാരമ്പര്യക്കാരുമാണുള്ളത്. രാമപാരമ്പര്യക്കാർ ഏക പത്നീ വ്രതക്കാരാണ്. കൃഷ്ണപാരമ്പര്യക്കാരാവട്ടെ, പ്രണയവാന്മാരും രത്യാനുഭൂതികൾക്ക് മറ്റെന്തിനേക്കാളും പ്രാധാന്യം കൊടുക്കുന്നവരും ആയിരിക്കും.

അഭിമാനക്ഷതം സംഭവിച്ച വനിത പബ്ലിഷർക്ക് മുന്നിൽ താനൊരു വലിയ സാഹിത്യകാരനാണെന്നും പ്രസിദ്ധമായ വ്യക്തിത്വമാണ് തന്‍റേത് എന്നുമൊക്കെ വിസ്മരിച്ച് മുട്ടുകുത്തി മാപ്പുപറയാൻ മാഷ്ക്ക് സാധിക്കും. കൃഷ്ണപാരമ്പര്യത്തിന്‍റെ ഉന്നതമൂല്യം സൂക്ഷിക്കുന്ന സുന്ദരപുരുഷന്മാർ നമുക്കാവശ്യമുണ്ടെന്നും തന്‍റെ പോസ്റ്റിൽ കവി വി.ടി. ജയദേവൻ പറയുന്നു.

പോസ്റ്റിനെതിരെ നിരവധി പേരാണ് വിമർശനവുമായി എത്തിയത്. സ്ത്രീകൾക്കെതിരായ അതിക്രമത്തെ കൃഷ്ണപാരമ്പര്യമെന്നും സ്കൂൾ കുട്ടിയുടെ വികൃതിയെന്നും ലഘൂകരിച്ച് കാട്ടാനാണ് ശ്രമമെന്ന് പലരും ചൂണ്ടിക്കാട്ടി. 'പത്തു പേരെ കുത്തിക്കൊന്നിട്ട് നിൽക്കുന്ന കൊമ്പനെ നോക്കി "അവനൊരു കുറുമ്പനാ" എന്ന് ആനഭ്രാന്തന്മാർ പറയുമ്പോലെ' എന്നായിരുന്നു ഒരാളുടെ കമന്‍റ്.

കോഴിക്കോട്ടെ യുവ പ്രസാധകയാണ് വി.ആർ. സുധീഷിനെതിരെ പരാതിപ്പെട്ടത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പുകളിലൂടെയാണ് താൻ എഴുത്തുകാരനിൽ നിന്ന് നേരിടുന്ന അതിക്രമങ്ങൾ ഇവർ വെളിപ്പെടുത്തിയത്. 

Tags:    
News Summary - Poet VT Jayadevans controversial facebook post defending writer VR Sudheesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.