2014ന്‍റെ തുടക്കകാലം. സുഗതകുമാരി ടീച്ചർ വരുന്നതറിഞ്ഞ് അധ്യാപകനായ ദീപേഷ് മാഷിനും സുഹൃത്തുക്കൾക്കുമൊപ്പം കോഴിക്കോടെത്തി. കോഴിക്കോട്ടെ സായാഹ്നം. ടീച്ചറെ അടുത്തുനിന്നു കണ്ടു. എം.എൻ. പാലൂരും പി.കെ. ഗോപിയും ടീച്ചറെക്കുറിച്ചുള്ള കവിതകൾ ചൊല്ലി. രണ്ട് കവിതകളും ഉള്ളിൽ തൊട്ടു. അപ്പോഴേക്കും അസുഖങ്ങൾ പിടികൂടി കഴിഞ്ഞിരുന്ന ടീച്ചർ അല്പം ക്ഷീണത്തോടെ സംസാരിച്ചു. 'പറയാനുള്ളതെല്ലാം പറഞ്ഞു, ചെയ്യാൻ ആവുന്നതെല്ലാം ചെയ്തു. ഇനിയെന്ത്!' ടീച്ചർ ഉള്ളുലച്ചു. തിളങ്ങിനിന്ന കോഴിക്കോട് നിന്നും തിരികെ ചേളന്നൂരിൽ എത്തുന്ന സമയമത്രയും അത് തന്നെ ആലോചിച്ചു. ടീച്ചറെ പോലുള്ളവരുടെ ജീവിതം എന്താണ് നമ്മെ പഠിപ്പിച്ചത്?

ആറു വർഷങ്ങൾക്കിപ്പുറം ഇന്ന് രാവിലെ ടീച്ചർ കടന്നുപോയി. ആ ചോദ്യം ഉള്ളിലുണ്ട്. പക്ഷേ അന്നത്തെ അത്ര നിരാശാബോധം ഇല്ല. കാരണം, ജന്മങ്ങളുടെ പരിശ്രമം ഒരിക്കലും പാഴാവില്ലെന്നും അതിന് കാലത്തിന്‍റെ പുറമ്പോക്കുകളിലെങ്കിലും സ്ഥാനമുണ്ടാകുമെന്നും, ഓർമത്തുണ്ടുകൾ ആയെങ്കിലും മനുഷ്യരാശിക്ക് പ്രയോജനമാകുമെന്നും, ഇക്കാലയളവിൽ ബോധ്യപ്പെട്ടു. സുഗതകുമാരി ടീച്ചറുടെ കാലടികളിൽ തെളിയുന്ന അധ്വാനത്തിന്‍റെ പച്ചപ്പ് ഒരിക്കലും കരിയില്ല. കാരണം അത് ആത്മാർഥമായ ചിന്തകളുടെയും പ്രവൃത്തികളുടെയും അനന്തമായ പരിശ്രമങ്ങളാണ്. ടീച്ചറുടെ കാവ്യങ്ങളുടെ സമഗ്ര നിരൂപണം ഇവിടെ ലക്ഷ്യം വെക്കുന്നില്ല. വെള്ളക്കടലാസിലെ വരികൾ നിസ്വാർത്ഥതയുടെ പര്യായം ആവുകയും ജീവിതം സ്വാർത്ഥമോഹങ്ങളാൽ മലിനമാവുകയും ചെയ്യുന്ന ഒരുകാലത്ത് നിന്നുകൊണ്ടാണ് ടീച്ചർ കൃഷ്ണവനം നട്ടുപിടിപ്പിച്ചത്. ടീച്ചറുടെ ഭാഷയിൽ പറഞ്ഞാൽ അനന്തമായ ആ പച്ചപ്പിനെ ഉള്ളിൽ വളർത്തിയത്. ഇതു നിസ്സാരകാര്യമല്ല. മനസിൽ ഉയരുന്ന സങ്കടവും പ്രതിഷേധവും വരികളാക്കി പ്രശസ്തിനേടി, മട്ടുപ്പാവിൽ കാറ്റ് കൊണ്ടിരിക്കുന്ന ഒരു സംസ്കാരത്തിന് നേരെയാണ് ടീച്ചർ ഇളംതണുപ്പുള്ള അരുവികൾ ഒഴുക്കിവിട്ടത്. അവ പലരെയും തട്ടി തലോടി കടന്നു പോയി. ചിലർക്ക് തണുത്തു. ചിലർക്ക് പൊള്ളി. ടീച്ചറതു ശ്രദ്ധിച്ചതേയില്ല. താൻ ഒഴുക്കിയ അരുവി എവിടെയെല്ലാം തൊട്ടു എന്നതിനേക്കാൾ എവിടം വരെ ഒഴുകുന്നു എന്നതിൽ ആയിരുന്നു ടീച്ചറുടെ ശ്രദ്ധ. ഒരുപക്ഷേ തന്‍റെ അവസാന ശ്വാസത്തിലും അവർ അതുതന്നെയാവണം ചിന്തിച്ചിട്ടുണ്ടാവുക.




ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകൾ ആത്മാഭിമാനം ഉണ്ടെങ്കിൽ ആത്മഹത്യ ചെയ്യണം എന്നെല്ലാമുള്ള മണ്ടൻ പ്രസ്താവനകൾ വരുന്ന കാലത്ത് നിന്നുകൊണ്ടാണ് ഇരകളായി തീർന്ന അനേകം പെൺകുട്ടികളെ ഒന്നും സംഭവിച്ചിട്ടില്ല എന്ന് ധൈര്യം പകർന്നു ടീച്ചർ ജീവിതത്തിലേക്ക് കൊണ്ടുവന്നത്.

'ആരു ചവിട്ടിതാഴ്ത്തിലു-മഴലിൻ
പാതാളത്തിലൊളിക്കിലു മേതോ
പൂർവ്വ സ്മരണയിലാഹ്ലാദത്തിൻ ലോകത്തെത്തും ഹൃദയം'

എന്ന് ടീച്ചർ എഴുതി. ആരൊക്കെ ഇല്ലാതാക്കാൻ നോക്കിയാലും അതിനെയെല്ലാം അതിജീവിച്ച് പുത്തൻ ആഹ്ലാദത്തിലേക്ക് കുതിച്ചുയരുന്ന ഹൃദയത്തെ ടീച്ചർ വാഴ്ത്തി.

'കടലലയെല്ലാം വീണക്കമ്പി
കളായി മുറുക്കി കരളാൽ പുതിയൊരു
തുടികൊട്ടി പുതുപാട്ടുകൾ പാടി
രസിക്കും മാനവഹൃദയം'

അനുദിനം കാലുഷ്യത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന ലോകത്തെ ടീച്ചർ നിരന്തരം സമാശ്വസിപ്പിച്ചു. ഒന്നും സംഭവിച്ചിട്ടില്ലെന്ന് പുറത്തു തട്ടി. അപ്പോഴും ആ ഹൃദയം നീറി. നഷ്ടങ്ങളെ ഓർത്തു സമയം കളയാതെ വീണ്ടും വീണ്ടും വെളിയിടങ്ങളിലേക്ക് ഇറങ്ങി, ഭൂമിയുടെ കാണാപ്പാളികളിൽ തലചായ്ച്ചു. കരുതലിൽ മയങ്ങാതെ കിടന്നു.




അറുപതുകളിലാണ് സുഗതകുമാരി ടീച്ചർ മലയാള കാവ്യലോകത്ത് ശ്രദ്ധേയയാകുന്നത്. അതിനും മുൻപ് 'ശ്രീകുമാർ' എന്ന പേരിൽ എഴുതിയ അയച്ച കവിതക്കു കിട്ടിയ സമ്മാനം പിതാവായ ബോധേശ്വരൻ തന്നെ റദ്ദാക്കി. അദ്ദേഹവും ആ ജഡ്ജിങ് പാനലിൽ ഉൾപ്പെട്ടിരുന്നു എന്നതായിരുന്നു കാരണം. നീതിബോധത്തിന്‍റെയും ധാർമികതയുടെയും ആദ്യപാഠങ്ങൾ അവിടെനിന്നാണ് കുഞ്ഞു സുഗത ഉൾക്കൊണ്ട് തുടങ്ങിയത്. ഒരു ആയുസ്സ് മുഴുവൻ കണ്ണിമവെട്ടാതെ അനീതിക്കെതിരെ ജാഗ്രതയോടെ ഇരിക്കാനുള്ള ക്ഷമയും മനസ്സും ജീവിതത്തിന്‍റെ ആദ്യകാലങ്ങളിൽ നിന്നുതന്നെ ടീച്ചർ സ്വാംശീകരിച്ചിരുന്നു. ആധുനികതയുടെ കൊടുങ്കാറ്റടിച്ച അറുപതുകളിൽ കാല്പനികതയും ആധുനികതയും ഒരുപോലെ ഉൾക്കൊള്ളുന്ന കവിതകളിലൂടെ സുഗതകുമാരി ശ്രദ്ധനേടി. അമ്പലമണി, രാത്രിമഴ പോലുള്ള കാവ്യങ്ങളിൽ അന്നോളം കണ്ടിട്ടില്ലാത്ത ചില ഉൾച്ചേരൽ മലയാളി അനുഭവിച്ചു. ബാലാമണിയമ്മയ്ക്ക് ശേഷം മലയാള കാവ്യ രംഗത്ത് ശക്തമായ സ്ത്രീസാന്നിധ്യം ആയി സുഗതകുമാരി വളരുകയായിരുന്നു.

സൈലൻറ് വാലി പ്രക്ഷോഭത്തോടെയാണ് സുഗതകുമാരി ടീച്ചറുടെ കാവ്യരീതികൾക്ക് മാറ്റം സംഭവിച്ചത് എന്ന് പറയാം. പ്രാണവായു തരുന്ന പ്രകൃതിയെ ഈശ്വര സ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ട് പുതിയൊരു കാലത്തിലേക്ക് ടീച്ചർ കടന്നു.

"നീലകണ്ഠസ്വാമിയെപ്പോൽ
വിഷം താനെ ഭുജിച്ചിട്ടു
പ്രാണവായു തരുന്നോനാ-
യിതാ തൊഴുന്നേൻ"

പ്രകൃതി, സ്ത്രീ ഇവയുടെ നാശം അഥവാ ഇവർ നേരിടുന്ന ആക്രമണങ്ങൾ തുല്യമാണെന്ന പാരിസ്ഥിതികാവബോധം മാനുഷികതയുടെ അനന്തമായ അർത്ഥതലങ്ങൾ ഉൾക്കൊള്ളുന്നവയാണ്. സർവ്വംസഹയെന്ന പതിവുന്യായീകരണത്തെ തട്ടിത്തെറിപ്പിച്ച് കൊണ്ടാണ് ടീച്ചർ ഓരോ മരവും നട്ടത്, ഓരോ അരുവിയും സംരക്ഷിച്ചത്, ഓരോ പെൺകുഞ്ഞുങ്ങളെയും തന്‍റെ മാറോട് ചേർത്ത് പിടിച്ചത്. പ്രകൃതിയുടെ നിരന്തരമായ നിലവിളികൾ ടീച്ചറുടെ കാതുകളിൽ ആവർത്തിച്ചു വന്നലച്ചു.

"ഇനിവയ്യെന്നുടയോനെ തുമ്പിക്കരമതിലെത്തുവോളം പൂക്കൾ
നിറഞ്ഞ മനസ്സോടുനിന്നെ വിളിച്ചർച്ചിനേനിന്നലെയോളം"


മുതലകൾ കടിച്ചു വലിക്കുന്ന പ്രാണവേദനകൾക്കിടയിലും തുമ്പികൈയിൽ അമർത്തിപ്പിടിച്ച താമരയിതളുകൾ ആകാശത്തിലേക്ക് ഉയർത്തുന്നു. തന്‍റെ ജന്മ കാലം മുഴുവൻ ആ പ്രതീക്ഷയുടെ പൂക്കളുമായി തളരാതെ പോരാടി.




മരണത്തെക്കുറിച്ച് ടീച്ചർക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി ടീച്ചർ ആ അവബോധത്തോടെയാണ് കഴിഞ്ഞത്. മരണശേഷം തനിക്ക് പൂക്കൾ ആവശ്യമില്ലെന്നും ജീവിച്ചിരിക്കുമ്പോൾ ഉള്ള സ്നേഹം മതിയെന്നും ആവർത്തിച്ചു. ഹൃദയകുമാരി, സുജാത, സുഗതകുമാരി ഈ മൂന്ന് സഹോദരിമാർ ഒരു അപൂർവ്വതയാണ്. അവർ തങ്ങളുടെ കാലത്ത് ഭാഷക്കും പ്രകൃതിക്കും വേണ്ടി നടത്തിയ നിരന്തര പ്രവർത്തനങ്ങൾ ഒളിമങ്ങാതെ നിൽക്കും. സാഹിത്യവും അധ്യാപനവും സമരവും പോരാട്ടവും എല്ലാം അതിലുൾപ്പെടും. ഹൃദയ ടീച്ചർ ആദ്യം പോയി. പിന്നെ സുജാത ടീച്ചർ. ഇപ്പോൾ സുഗതകുമാരി ടീച്ചറും. അവരുടെ മഹാനായ പിതാവ് ബോധേശ്വരൻ മരണക്കിടക്കയിൽ കിടന്ന് അവരോട് ചോദിച്ചു. 'അച്ഛൻ നിങ്ങൾക്കൊന്നും സമ്പാദിച്ചു തരാത്തതിൽ ദുഃഖമുണ്ടോ' എന്ന്. മൂന്നു മക്കളും ആ പിതാവിനെ ആശ്വസിപ്പിച്ചു. 'അച്ഛൻ കയ്യിൽ വെച്ച് തന്ന ഒരു പേനയില്ലേ അതുമതി ഞങ്ങൾക്ക്!' ആ പിതാവിന്‍റെ സാഫല്യം വാക്കുകൾക്ക് അപ്പുറമാണ്. അച്ഛൻ കൈയ്യിൽ വെച്ചുകൊടുത്ത പേനകൊണ്ട് സഹോദരിമാർ പലതും എഴുതി. നമ്മുടെ നാടിന്‍റെ മനസ്സാക്ഷിയെ തൊട്ടു. അതെല്ലാം ഇനിയും നിലനിൽക്കും. കുന്തിപ്പുഴയും കൃഷ്ണ വനവും എല്ലാം നിരന്തരമായ ഓർമ്മയായി നമ്മുടെ ഉള്ളിൽ കുളിര് പകരും. പകരണം. അപ്പോഴും അനന്തമായ ശാന്തതയിൽ അലിഞ്ഞുചേർന്നു സുഗതകുമാരി ടീച്ചർ ആവർത്തിക്കും.
"കാവ് തീണ്ടല്ലേ, കുളം വറ്റും".

Tags:    
News Summary - Remembering Sugathakumari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-14 01:17 GMT