ആ കവിത എഴുതിയത് നിങ്ങളുടെ ഭാര്യയല്ല, ഞാനാണ്; ശിവരാജ് സിങ് ചൗഹാനെതിരെ കവിതാമോഷണ ആരോപണം

ഭോപ്പാല്‍: ഭാര്യ എഴുതിയ കവിതയെന്ന പേരില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പങ്കുവെച്ച കവിത തന്‍റേതാണെന്നും അതിന്‍റെ അവകാശം തനിക്ക് തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട് എഴുത്തുകാരി രംഗത്ത്. എഴുത്തുകാരിയായ ഭൂമിക ബിര്‍താരെയാണ് മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്.

കഴിഞ്ഞ മാസം തന്‍റെ ഭാര്യാപിതാവ് മരിച്ച സമയത്ത് ഈ കവിത ചൗഹാന്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. നാല് ദിവസത്തിന് ശേഷമാണ് ബാവുജി (പിതാവ്) എന്ന തലക്കെട്ടിലുള്ള ഹിന്ദി കവിതയുടെ വരികള്‍ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

'എന്റെ കവിത മോഷ്ടിച്ചതുകൊണ്ട് നിങ്ങള്‍ക്ക് എന്താണ് കിട്ടാനുള്ളത്? ഈ കവിത എഴുതിയത് ഞാനാണ്,' ഭൂമിക ട്വീറ്റ് ചെയ്തു.

കവിതയുടെ കടപ്പാട് തനിക്ക് തരണമെന്നും അത് മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട ഭാര്യയുടെതല്ലെന്നും ഭൂമിക മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉള്‍പ്പെടെയുള്ളവരെ ഭൂമിക പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. തന്‍റെ പിതാവ് നഷ്ടപ്പെട്ട വേദനയിലാണ് ആ കവിത എഴുതിയതെന്നും കവിതയുടെ പേര് ഡാഡി എന്നാണ് 'ബാവുജി'എന്നല്ലെന്നും ഭൂമിക പറഞ്ഞു. തന്‍റെ പിതാവിന്‍റെ ആത്മാവിനെ ഓർത്തെങ്കിലും ആ കവിതയുടെ ടൈറ്റിൽ തനിക്ക് തരണമെന്നാണ് ഭൂമികയുടെ അഭ്യർഥന.

'നവംബര്‍ 21ന് ഞാനിത് ഫേസ്ബുക്കിലിട്ടു. മുഖ്യമന്ത്രിയുടെ ഭാര്യ ആ കവിത വാട്സ് ആപ്പില്‍ ഷെയര്‍ ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സുഹൃത്തുക്കള്‍ കാണിച്ചു തന്നു. പിന്നീടാണ് ചൗഹാന്‍ തന്‍റെ ഭാര്യയുടെ കവിതയാണെന്ന് പറഞ്ഞ് എന്റെ കവിത ട്വിറ്ററില്‍ പങ്കുവെച്ച വിവരം അറിഞ്ഞത്,' ഭൂമിക പറഞ്ഞു.

സംഭവം വിവാദമായതോടെ നിരവധി പേരാണ് ഭൂമികയെ പിന്തുണച്ചും ചൗഹാനെ പരിഹസിച്ചും രംഗത്തെത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.