ഔട്ട് സൈഡർ

നല്ല മണം! മൂക്കിനു വയസ്സ് ആകുന്നില്ല, വിശപ്പു കാരണമാകാം. കോഴിയിറച്ചി വറുത്തതിന്റെയും ബിരിയാണിയുടെയും പലതും കൂടിക്കുഴഞ്ഞ മണം. ആരുടെ കല്യാണമാണാവോ നടക്കുന്നത്? ഒന്നു കയറിനോക്കിയാലോ? അറിയുന്നവർ വല്ലവരുമവിടെ ഉണ്ടാകുമോ?

കമ്പി ശിപായിപ്പണി പോയതിൽപിന്നീട് വായക്ക് രുചിയായിട്ടൊന്നും കഴിക്കാൻ പറ്റിയിട്ടില്ല. അല്ലെങ്കിൽ വേണ്ട; വിളിക്കാതെ പോകുന്നത് ശരിയല്ലല്ലോ... മോശം തന്നെ. അമ്മ പറയാറുള്ളതുപോലെ തൊണ്ടേന്നു കീഴ്പോട്ടിറങ്ങിയാൽ ഭക്ഷണത്തിന്റെ രുചി കഴിയില്ലേ. വീട്ടിൽ റേഷനരിച്ചോറും മാങ്ങാച്ചമ്മന്തിയും ചേമ്പുപ്പേരിയും തന്നെ കാത്തിരിപ്പുണ്ടാകും. എത്രയെത്ര കല്യാണാശംസകൾ, മരണങ്ങൾ താൻചുമന്നു; അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും. തന്നെ ഇപ്പോൾ ആരും പണ്ടത്തെപ്പോലെ ഒന്നിനും വിളിക്കാറില്ല.

കല്യാണമൊക്കെ കൂടിയിട്ട് കുറെ നാളായി. എന്തായാലും ഒന്നുകയറിക്കളയാം. അവിടെ പലതായി കുറെ ഭക്ഷണമൊക്കെ മിച്ചം വരും. താൻ കഴിച്ചാലും കഴിച്ചില്ലെങ്കിലും അവർക്ക് നഷ്ടമൊന്നും വരില്ല. തന്നെ ആരോ പിന്തുടർന്നു വിളിക്കുന്നതായി രാഘവന് തോന്നി.

കുറെ നാളായി ജോലിയൊന്നും ഇല്ലാത്തതിനാൽ തട്ടിയും മുട്ടിയുമാണ് ജീവിതം. ആദ്യമൊക്കെ മൂന്നു നാല് വീടുകളിലെ ഫോൺ, ഇലക്ട്രിസിറ്റി ബില്ലുകൾ അടയ്ക്കൽ, റേഷൻ വാങ്ങിെക്കാടുക്കൽ എന്നിവയും മറ്റും ചെയ്തുപോന്നിരുന്നു. പുതിയ ഉപാധികൾ അതൊക്കെ മുടക്കി. പിന്നെ നോട്ടീസ് വിതരണം ചെയ്യലായി പണി. ഏതു പാർട്ടിക്കാരുടെ ആയാലും കൂടിയും കുറഞ്ഞും പൈസ കിട്ടും. കൂടാതെ, കല്യാണ അടിയന്തര കത്തുകൾ കൊണ്ടു കൊടുക്കുക. അതും ഇപ്പോൾ ഇവന്റ് മാനേജ്മെന്റുകാർ ഏറ്റെടുത്തു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ചുമ്മാ കാലത്ത് നടക്കാൻ എന്നവ്യാജേന കൈയിൽ ഒരു സഞ്ചിയുമായി ഇറങ്ങും. ആൾത്താമസമില്ലാത്ത പറമ്പുകളിൽ പാമ്പിനെ പേടിച്ച് പെറുക്കാതെകിടക്കുന്ന നാളികേരം, അടയ്ക്ക, കശുവണ്ടി മുതലായവകൾ ശേഖരിച്ച് വിൽക്കും. വെള്ളിയാഴ്ചകളിൽ ഒഴികെ മീൻകാരൻ ഉമ്മറിന്റെ മീൻ തട്ട് കഴുകിക്കൊടുത്തും അയാൾ ഉച്ചയൂണിന് പോകുന്ന സമയം മീനുകൾക്ക് കാവലിരുന്നും കിട്ടുന്ന ചെറുമീനുകളും വലിയ മീനുകളുടെ തലയും മുളകുപക്ഷം െവച്ചാണ് ഊണുകഴിക്കുന്നത്.

ഭാര്യ മരിച്ചതിൽപിന്നെ മാങ്ങയിട്ടു തേങ്ങാപ്പാലിൽ മീൻകറി വെച്ചിട്ട് ഒട്ടുംശരിയാകുന്നില്ല. പാർട്ടി ഹാളിലെ മീൻകറിയുടെ മണം അയാളെ വല്ലാതെ മാടിവിളിച്ചു. ഹാളിലേക്ക് കയറിയ അയാളെ ആരോ കൈപിടിച്ചു കൊണ്ടുപോകുന്നതു പോലെ തോന്നി.

'എന്താണ് ഇത്ര വൈകിയത്? ഉച്ചയ്ക്ക് കണ്ടില്ലല്ലോ? പാർട്ടിക്കെങ്കിലും രാഘവൻ വന്നല്ലോ, സന്തോഷം... കഴിക്ക് കഴിക്ക്'. കൈയിലെടുത്ത ബുഫേ പ്ലേറ്റിലെ ടിഷ്യൂപേപ്പർ അയാളുടെ കൈവെള്ളയിൽ ഇരുന്നു നനഞ്ഞു കുതിർന്ന

ചിത്രീകരണം: അമീർ ഫൈസൽ

Tags:    
News Summary - story by rathikallada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.