തോൽക്കുന്ന യുദ്ധത്തിലും തോൽക്കാത്ത പടയാളിയായി നിന്ന് നയിച്ചിരുന്നു എന്നും സുഗതകുമാരി. അഹിംസയായിരുന്നു ആ പോരാളിയുടെ സമരായുധം. പരിസ്ഥിതിയെ നോവിക്കുന്നിടങ്ങളിൽ, അവിടുത്തെ ജീവിതങ്ങളെ ചേർത്തു പിടിച്ചായിരുന്നു ഓരോ സമരങ്ങളും. പരിസ്ഥിതിയെ തുരന്ന് തുടങ്ങുന്ന വികസനങ്ങളെ തുറന്നെതിർത്ത് ഒടുവിൽ ഓരോ പരിസ്ഥിതി ദ്രോഹങ്ങളെയും കണ്ട് വിഷണ്ണയായിട്ടാണ് ഇപ്പോൾ മടക്കവും. സൈലന്റ്വാലിയിലെ ആദിമ മനുഷ്യകുലത്തേയും വംശനാശ ഭീഷണി നേരിട്ട മൃഗങ്ങളുടെയും ആവാസത്തിനായി ആരവമുയർത്തിയായിരുന്നു പ്രകൃതിക്ക് വേണ്ടിയുള്ള പടപ്പുറപ്പാടിന്‍റെ തുടക്കം.
1978ൽ പ്രഫ.എം.കെ പ്രസാദ് എഴുതിയ സൈലൻറ് വാലി എന്ന കാട് ഒരു ജലവൈദ്യുത പദ്ധതിക്കു വേണ്ടി നശിപ്പിക്കാൻ പോകുന്നവെന്ന ലേഖനമാണ് സുഗതകുമാരിയുടെ ജീവിയാത്രയെ മാറ്റി മറിച്ചത്. സൈലൻറ് വാലി സംരക്ഷണത്തിനുള്ള സമരപാത അവിടെ തുറന്നു. ട്രിവാൻഡ്രം ഹോട്ടലിൽ സൈലൻറ് വാലി സംരക്ഷണ സമിതി പ്രവർത്തകരുണ്ടെന്നറിഞ്ഞ് അവിടെയെത്തി. ശർമ്മാജിയും നാലഞ്ചു ചെറുപ്പക്കാരുമായി സംസാരിച്ചു. തുടർന്ന് ഡോ. സതീശ് ചന്ദ്രനെ പരിചയപ്പെട്ടു. സതീശനാണ് പരിസ്ഥിതി പ്രശ്നങ്ങളുടെ ആഴത്തിലുള്ള അറിവിലേക്ക് നയിച്ചത്. അങ്ങനെ കേരളകൗമുദിയിൽ ലേഖനമെഴുതി. ശാസ്ത്രജ്ഞരെക്കാൾ എഴുത്തുകാരുടെ വാക്കുകൾക്ക് ജനമനസ്സിൽ ചലനം സൃഷ്ടിക്കാൻ കഴിയുമെന്ന് അതിന്‍റെ പ്രതികരണങ്ങൾ വ്യക്തമായി. തുടർന്ന് സുഹൃത്തുക്കളായ കവികളെയും കൂട്ടി എൻ.വി.കൃഷ്ണവാര്യരുടെ അടുത്തേക്ക്. അങ്ങനെയാണ് പ്രകൃതിസംരക്ഷണ സമിതി രജിസ്റ്റർ ചെയ്തത്.
എൻ.വി. അധ്യക്ഷനും സുഗതകുമാരി സെക്രട്ടറിയും ഒ.എൻ.വി, കടമ്മനിട്ട, വിഷ്ണു നാരായണൻ നമ്പൂതിരി തുടങ്ങിയവർ സ്ഥാപകാംഗങ്ങളായി. ഇ. ബാലനന്ദനല്ല മാർക്സ് വന്ന് പറഞ്ഞാലും സൈലൻറ്വാലി പദ്ധതിയെ അനുകൂലക്കില്ലെന്ന് കമ്മ്യൂണിസ്റ്റ് നേതാവ് പി. ഗോവിന്ദപ്പിള്ള പ്രഖ്യാപിച്ചു.
'തോൽക്കുന്ന യുദ്ധത്തിനും പടയാളികളെ' ആവശ്യമുണ്ടെന്ന മുദ്രാവാക്യമാണ് അന്നുയർന്നത്. ഒ.വി.വിജയൻ, വൈലോപ്പിളളി തുടങ്ങിയവരെല്ലാം അതിൻെറ ഭാഗമായി. നാടൊട്ടുക്ക് കവിയരങ്ങുകൾ, നാടകങ്ങൾ, അയ്യപ്പപണിക്കരുടെ 'കാടെവിടെ മക്കളെ', കടമ്മനിട്ടയുടെ 'കുഞ്ഞേ മുലപ്പാൽ കുടിക്കരുത്' എന്നിവ പ്രചരണായുധമായി. മാറ്റൊലി പോലെ മൃണാളിനി സാരാഭായി കാടിനുവേണ്ടി കേരളത്തിൽ നൃത്തം ചവുട്ടി. എം.ബി. ശ്രീനിവാസൻ സംഘഗാനവുമായി ഓടിയെത്തി. ചിത്രകാരന്മാർ കാടിന്‍റെ പ്രതിരോധ വരകൾ തീർത്തു.
മലബാറിൽ ഇതേ കാലത്ത് ജോൺസി ജേക്കബിന്‍റെ നേതൃത്വത്തിൽ 'സിക്ക്' എന്ന സംഘടന വിദ്യാർഥികൾക്കിടയിൽ ശക്തമായി. സംസ്ഥാന സർക്കാർ സൈലന്റ്വാലിയിൽ കാടില്ലെന്ന് നിരവധി റിപ്പോർട്ടുകൾ നൽകി. വൈദ്യുതി ബോർഡ് ജീവനക്കാരുടെ സംഘടന ശകാരവർഷവുമായി നേരിട്ടു. രാജ്യദ്രോഹികളും സി.ഐ.എ ഏജൻറുമാരും വികസന വിരുദ്ധരുമാണെന്ന് മുദ്രകുത്തി. എൻ.വി. കൃഷ്ണവാര്യരെ മാനേജ്മെൻറ് ശാസിച്ചു.
ഒടുവിൽ ഏഴു വർഷം കഴിഞ്ഞ് കഠിനമായ പ്രശ്നങ്ങൾക്കും നിരവധി കോടതി കേസുകൾക്കും ശേഷം സൈലന്റ്വാലി രക്ഷപ്പെട്ടു. സമരം അംഗീകരിക്കപ്പെട്ടു. സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു. ശക്തമായ വന നിയമങ്ങൾ പാസ്സാക്കി. തലമുറകൾക്ക് വേണ്ടി സംരക്ഷിക്കേണ്ട അമൂല്യസമ്പത്ത് ആണെന്നുള്ള ശക്തമായ നിലപാട് സർക്കാർ സ്വീകരിച്ചു. ലോകത്തിൽ തന്നെ ആദ്യമായാണ് പ്രകൃതി സംരക്ഷണം എന്ന ലക്ഷ്യത്തോടെ എഴുത്തുകാർ സംഘടിക്കുന്നതും പോരാട്ടം നടത്തുന്നതും.
70കളുടെ അവസാനത്തിലെ സൈലന്റ്വാലി വിവാദം സുഗതകുമാരിയുടെ കവിതയും ജീവിതവും മാറ്റിമറിച്ചു. അന്നുവരെ എഴുതിയ സുഗതകുമാരിയെയല്ല പിന്നീട് കണ്ടത്. മനസുകൊണ്ട് ഭൂമിയെ പുണരുന്ന എഴുത്തുകാരി സമരത്തിന്‍റെ മുന്നണിപ്പടയാളിയായി. കൂടെനിന്നവർ പലരും പിൻവാങ്ങുമ്പോൾ അവർ പടപൊരുതി മുന്നേറി. ശക്തമായ ജനമുന്നേറ്റത്തിന്‍റെയും പ്രതിരോധത്തിന്‍റെയും ഫലമായിട്ടാണ് 1983 നവംബറിൽ സൈലന്റ്വാലി പദ്ധതി സർക്കാർ ഉപേക്ഷിച്ചത്. ആ സമരത്തിൽ സുഗതകുമാരിക്ക് ലഭിച്ച ബഹുമതിയാണ് 'മരക്കവി' എന്ന ചെല്ലപ്പേര്.
സൈലന്റ്വാലിയുടെ പച്ചവെളിച്ചം പ്രകൃതി സംരക്ഷണത്തിനുള്ള പോരാട്ടങ്ങളുടെ പ്രതീകമായി. അത് ജീവിതത്തിന് പുതിയ തിളക്കം നൽകി. വനം വെട്ടി നശിപ്പിക്കരുത് എന്ന് പറയാൻ മലയാളികളെ പഠിപ്പിച്ചു. പുല്ലും പുഴുവും പറവയും മനുഷ്യനും തമ്മിലുള്ള അദൃശ്യമായ ബന്ധം കാട്ടിത്തന്നു.
പോരാട്ടങ്ങളിലെല്ലാം സുഗതകുമാരിക്ക് ഒപ്പമുണ്ടായിരുന്നത് ഗാന്ധിയൻ ചിന്തയുടെ ശക്തിയാണ്. അച്ഛൻ ബോധേശ്വരനിൽനിന്ന് പകർന്നുകിട്ടിയ ശക്തിയാണത്. 'നിങ്ങൾ ഏതൊരു പരിപാടിയും ആരംഭിക്കുന്നതിനുമുമ്പ് മുമ്പ് ഒരു പരീക്ഷണം നടത്തേണ്ടതുണ്ട്. ഇന്ത്യയിലെ ഏറ്റവും ദുഃഖിതരായ ദരിദ്ര നാരായണന്‍റെ മുഖം മുന്നിലേക്ക് ആവാഹിച്ച വരുത്തുക. എന്നിട്ട് ചോദിക്കുക- ഇതിന്‍റെ ഗുണഭോക്താവ് ഈ മനുഷ്യൻ ആണോ അല്ലയോ എന്ന്. അല്ല എന്നാണ് ഉത്തരമെങ്കിൽ വലിച്ചെറിഞ്ഞു കളയൂ ആ പദ്ധതി' - എന്ന ഗാന്ധിയുടെ വാക്കുകളാണ് സുഗതകുമാരി ഓരോ സമരത്തിലും ഓർമ്മപ്പെടുത്തിയത്.
വയൽ നികത്തി, തണ്ണീർത്തടങ്ങൾ മണ്ണിട്ട് മൂടി എന്തു വികസനമാണ് നടത്തുന്നതെന്ന് അവർ നിരന്തരം ചോദിച്ചു. അഴിമതിക്ക് കൂട്ടു നിൽക്കുന്നതിൽ കുപ്രസിദ്ധി നേടിയ നമ്മുടെ വില്ലേജ് ഓഫിസുകൾക്ക് മുന്നിൽ അവർ തോറ്റു. സർക്കാർ കേസുകൾ കോടതിയിൽ വക്കീലന്മാർ വളച്ചൊടിച്ച് ദുർബലമാക്കുന്നത് കണ്ട് അവർക്ക് ഭീതയായി. നിയമപാലകർ എല്ലാംകണ്ട് കണ്ണടച്ചു. പരിസ്ഥിതിവാദികൾക്കൊപ്പം നിന്ന് നാടിന്‍റെ അന്നവും വെള്ളവും മുടക്കരുതെന്ന് ആവശ്യപ്പെട്ടു. മണ്ണിനെ ബഹുമാനിക്കുന്ന നേതാക്കൾ ആറന്മുള അടക്കമുള്ള സമരങ്ങളിൽ പങ്കാളികളായി.
ആറന്മുള കണ്ണാടിയും വള്ളംകളിയും വള്ളസദ്യയും നിറഞ്ഞ ഗ്രാമത്തിൽ ഒരുപിടി സമ്പന്നരുടെ ആവശ്യത്തിന് വിമാനത്താവളം വരുന്നതിനെ എതിത്തു. സാധാരണക്കാർക്ക് വേണ്ടിയുള്ളതല്ലെന്നായിരുന്നു സുഗതകുമാരിയുടെ നിലപാട്. വയൽ എന്നാൽ നെല്ലു മാത്രമല്ല, ജലം മാത്രമല്ല, ജൈവവൈവിധ്യം മാത്രമല്ല ഒരു മനോഹര സംസ്കാരം കൂടിയാണെന്ന് അവർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.