ഒറ്റപ്പാലം: മാടങ്ങളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന തോൽപ്പാവ കൂത്ത് കലാരൂപത്തിന് മേടകളിലും സ്വീകാര്യതയേറുന്നു. പാലക്കാടൻ ദേവി ക്ഷേത്രങ്ങളിലെ കൂത്ത് മാടങ്ങളിൽ പരിമിതപ്പെട്ടിരുന്ന കലാരൂപം പരീക്ഷണ വഴികൾ പിന്നിട്ട് വിവാഹ വേദികളിലാണ് ഇപ്പോൾ ദൃശ്യവിസ്മയമൊരുക്കുന്നത്. തൃശൂർ, മലപ്പുറം ജില്ലകളിലെ ബ്രാഹ്മണ ഭവനങ്ങളിലെ വിവാഹങ്ങൾക്ക് അനുബന്ധമായാണ് കൂത്ത് അവതരിപ്പിച്ചത്.
കമ്പരാമായണം ഇതിവൃത്തമായ പാവ കൂത്തിനെ പരീക്ഷണ വഴികളിലായി വിവിധ വിഷയങ്ങളിലേക്ക് ഗതിമാറ്റിയ കൂനത്തറ ഹരിശ്രീ കണ്ണൻ തോൽപ്പാവ കൂത്ത് കലാകേന്ദ്രം സ്ഥാപകൻ പത്മശ്രീ രാമചന്ദ്ര പുലവർ തന്നെയാണ് വിവാഹ വേദികളിലേക്കായി കലാരൂപത്തെ ചിട്ടപ്പെടുത്തിയത്. ഗണപതി വന്ദനവും ഗുരുവന്ദനവും കഴിഞ്ഞ് 'സീത കല്യാണ വൈഭോഗമേ, രാമ കല്യാണ വൈഭോഗമേ ... ' എന്ന ത്യാഗരാജരുടെ കീർത്തനത്തോടെയാണ് വിവാഹ വേദികളിലെ നിഴൽ നാടകത്തിന് തുടക്കം.
തുടർന്ന് കമ്പരാമായണത്തിലെ പഞ്ചവടി നിർമാണം, ശംബൂക വധം, മാൻവേട്ട, സീതാപഹരണം, ജടായുമോക്ഷം തുടങ്ങിയ സന്ദർഭങ്ങൾ പിന്നിട്ട് രാമ-രാവണ യുദ്ധവും (മംഗള മുഹൂർത്തമെന്ന നിലയിൽ രാവണവധം വിവാഹ വേദികളിലെ അവതരണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു) കഴിഞ്ഞ് പട്ടാഭിഷേകത്തോടെയാണ് കൂത്ത് സമാപനം.
മലപ്പുറം ജില്ലയിലെ ബ്രാഹ്മണ ഗൃഹത്തിൽ വധു, വരന്മാരുടെ വീടുകളിൽ വിവാഹ തലേന്ന് നടക്കുന്ന 'അയനി ഊൺ' ചടങ്ങിന്റെ ഭാഗമായാണ് തോൽപ്പാവ കൂത്ത് അവതരണം നടന്നതെന്ന് രാമചന്ദ്ര പുലവരുടെ മകനും സംഘാംഗവുമായ രാജീവ് പുലവർ പറഞ്ഞു. ലക്ഷ്മണൻ, മനോജ്, പ്രശോഭ്, സുജിത് രാജൻ, വിജയ് കൃഷ്ണൻ തുടങ്ങിയവരായിരുന്നു മറ്റു സംഘാംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.