" നശിച്ചു,...നശിച്ചു - ഞാൻ പഠിച്ച കമ്യൂണിസമോ, അല്ലെങ്കിൽ എൻ്റെ അപ്പനെന്നോട് പറഞ്ഞുതന്നതോ ഞാൻ വായിച്ചതോ, ഞാനനുഭവിച്ചതോ ഒന്നും അല്ല ഇപ്പഴുള്ളത്. അത് നശിച്ചു. ഇന്നിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് അനീതിയെ നിശ്ശബ്ദം വിഴുങ്ങാനാവശ്യപ്പെടുന്ന അവസ്ഥയാണ്.” സാഹിത്യകാരി സാറാ ജോസഫിെൻറ വാക്കുകളാണിത്. പൂർണ സാംസ്കോരികോത്സവത്തിനിടെ സാഹിത്യകാരി സാറാ ജോസഫുമായി നടത്തിയ സംസാരത്തിനിടെ കമ്മ്യൂണിസത്തെ കുറിച്ചുളള ചോദ്യത്തിന് ലഭിച്ച് മറുപടി എഴുത്തുകാരൻ എൻ.ഇ. സുധീർ ഫേസ് ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു.
എൻ.ഇ. സുധീറിന്റെ കുറിപ്പ് പൂർണരൂപത്തിൽ
പൂർണ സാംസ്കോരികോത്സവത്തിൽ സാറാ ജോസഫുമായി സംസാരിക്കുകയായിരുന്നു . ഒരു മണിക്കൂറോളം ജീവിതവും സാഹിത്യവുമൊക്കെ സംസാരിച്ച് സംഭാഷണം അവസാനിപ്പിക്കുന്നതിനു മുമ്പായി ഞാനൊരു ചോദ്യം കൂടി ചോദിച്ചു.
“കമ്യൂണിസ്റ്റുകാരൻ്റെ മകളാണ്, സോവിയറ്റ് പുസ്തകങ്ങൾ വായിച്ചു വളർന്നവളാണ്, ജനയുഗത്തിൽ കഥയെഴുതിക്കൊണ്ടാണ് തുടക്കം കുറിച്ചത്, പലപ്പോഴും ഇടതുപക്ഷത്തോടൊപ്പം സഹകരിച്ച് ടീച്ചർ പ്രവർത്തിച്ചിട്ടുണ്ട് - എന്തു പറ്റി കേരളത്തിലെ ഇടതുപക്ഷ മനോഭാവത്തിന്? ടീച്ചർ എവിടെ നിൽക്കുന്നു?”
വല്ലാതെ ക്ഷോഭിച്ചുകൊണ്ടാണ് ടീച്ചർ മറുപടി പറഞ്ഞത് : " നശിച്ചു,...നശിച്ചു - ഞാൻ പഠിച്ച കമ്യൂണിസമോ, അല്ലെങ്കിൽ എൻ്റെ അപ്പനെന്നോട് പറഞ്ഞുതന്നതോ ഞാൻ വായിച്ചതോ, ഞാനനുഭവിച്ചതോ ഒന്നും അല്ല ഇപ്പഴുള്ളത്. അത് നശിച്ചു. ഇന്നിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് അനീതിയെ നിശ്ശബ്ദം വിഴുങ്ങാനാവശ്യപ്പെടുന്ന അവസ്ഥയാണ്.”
ടീച്ചറുടെ ക്ഷോഭമടക്കാനായി എനിക്കു ചെയ്യാവുന്നത് മറ്റൊരു വിഷയത്തിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. അങ്ങനെ സംഭാഷണം ടീച്ചറുടെ തലമുടിയിലേക്ക് തിരിച്ചുവിട്ടു. സംഭാഷണം അവസാനിപ്പിക്കുകയും ചെയതു. കുറെക്കഴിഞ്ഞ് ഒരുമിച്ച് ചായ കുടിക്കാനിരുന്നപ്പോൾ ടീച്ചർ ഞങ്ങളുടെ സംഭാഷണത്തെപ്പറ്റി പറഞ്ഞു: “സുധിറേ, നശിച്ചു എന്നായിരുന്നില്ല പറയേണ്ടിയിരുന്നത്, നശിപ്പിച്ചു എന്നായിരുന്നു, അല്ലേ?” ഒരു സ്വാഭാവികനാശമല്ലല്ലോ സംഭവിച്ചിരിക്കുന്നത്. അതിനാൽ ടീച്ചർ സൂചിപ്പിച്ച തിരുത്താണ് കൂടുതൽ ശരി. “നശിപ്പിച്ചു “.
ഇടതുപക്ഷ മനോഭാവത്തിനേറ്റ പോറലുകൾ സമൂഹത്തിൽ ക്ഷോഭവും വേദനയും ഉണ്ടാക്കുന്നു എന്ന് അവസാനം മനസ്സിലാക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വമായിരിക്കും എന്നത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണല്ലോ. തിരുത്ത് അസാധ്യമാകും മുമ്പ് അവരത് തിരിച്ചറിയുമായിരിക്കും എന്ന് ആഗ്രഹിക്കാനേ നമുക്ക് കഴിയൂ. അതുവരെ ഇതൊക്കെ ഓർമ്മിപ്പിക്കുക എന്നതു മാത്രമാണ് ഇടതുപക്ഷ സ്നേഹിതർക്ക് ചെയ്യാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.