ഡീഗോ മറഡോണ
തൊട്ടതിൽ പിന്നെയാണ്
പന്തുകൾക്ക്
ചിറക് മുളച്ചത്.
ദേശാടന പക്ഷിയെപ്പോലെ
കാടും മലകളും
കടലും ആകാശവും കടന്ന്
പന്ത് പറന്നു.
കൊയ്ത്തൊഴിഞ്ഞ പാടങ്ങളിൽ,
കവലകളിൽ,
തീൻമേശയിൽ,
ആദിവാസി ഊരിലെ
ചെമ്മൺ ചുമരിൽ
എന്ന് വേണ്ട
കോർണറും
ഫ്രീ കിക്കും തിരിച്ചറിയാത്ത
'പണ്ഡിതരുടെ'
വെടി വെട്ടത്തിൽ പോലും
പന്ത് നിറഞ്ഞു നിന്നു
പന്ത് തട്ടിത്തുടങ്ങിയ
കുട്ടികളെല്ലാം
മറഡോണയാവുന്നത്
സ്വപ്നം കണ്ടു.
ലോകകപ്പ് വരുമ്പം
ഗ്രാമാന്തരങ്ങളിൽ
രാഷ്ട്രീയം പോലെ
കൊടി പാറി.
അർജൻ്റീന
ബ്രസീലിനെ വെല്ലുവിളിച്ചു
ഹോളണ്ടിനും ഇംഗ്ലണ്ടിനും ഇറ്റലിക്കും ഫ്രാൻസിനും
എന്തിന്,
കാമറൂണിന് വരെ
കൊടി ഉയർന്നു.
കവലകളിൽ
പ്രകടനം.
അടിപൊട്ടി
കോലം കത്തിച്ചു...
മെക്സിക്കോയിൽ ദൈവമായി.
ഇറ്റലിയിൽ കണ്ണീർ...
യു.എസിൽ ദുരന്തം ..
മറഡോണ
ജീവിതത്തെ
രണ്ട് തട്ടിലാക്കി
തൂക്കിക്കാണിച്ചു.
ജയവും തോൽവിയും
കണ്ണീരും ദുരന്തവും..
നിയതിയുടെ ത്രാസ്
ഇടക്ക് പൊങ്ങും,
ഇടക്ക് താഴും എന്ന്
കവിത കുറിച്ചു.
നിരന്തര ഫൗളിൽ
വേദനകൊണ്ട് പുളഞ്ഞ്
കുഞ്ഞിനെ പോലെ
കരയുമായിരുന്നു, അയാൾ .
പക്ഷെ,
കരച്ചിലിനൊടുവിലെ
ഉയിർത്തെഴുന്നേൽപ്
ഗോൾ കൊണ്ട് മാത്രം
തൃപ്തിപ്പെട്ടു.
തൊടാൻ തരാതെ
തുള്ളിയോടുന്ന
ആട്ടിൻ കുട്ടിയെപ്പോലെ,
പരൻ മീൻ പോലെ,
വെട്ടിയൊഴിഞ്ഞൊരു
കുതികുതിപ്പാണ്.
കാണുന്നോരുടെ
സിരകളിൽ
ലഹരി പടർത്തി ,
അഞ്ചടി അഞ്ചിഞ്ച്
ഉയരത്തിൽ
ദൈവം സ്വയം
അവതരിച്ച്
വിളംബരം ചെയ്തു.
ഞാൻ തന്നെ
ഫുട്ബാൾ ദൈവം!
എന്നെ ആരാധിക്കൂ...
എഴുതി വെച്ച നിയമങ്ങളുടെ
വേലിപ്പുറത്തേക്ക്
പന്ത് തട്ടുമ്പോഴും
സിരകളിൽ
കൊക്കൈൻ ലഹരിയിൽ
മുഴുകിയമരുമ്പോഴും
വഴക്കിടുമ്പോഴും
മറഡോണ
വാഴ്ത്തപ്പെട്ടവൻ
തന്നെയായിരുന്നു.
പന്തിന് ചിറക് നൽകിയ
ദൈവം.
മറഡോണ തൊട്ടതിൽ പിന്നെയാണ്
പന്ത് ദേശാടനക്കിളിയായി
മാറിയത്.
എന്നെന്നേക്കുമായി
അയാൾ കണ്ണടച്ചപ്പോൾ
ദേശാടനക്കിളി
കരഞ്ഞില്ല.
മരണം കൊണ്ട്
മാഞ്ഞു പോവുന്ന ഒന്നല്ല
അയാൾ എഴുതിയ കവിത
എന്ന് ഉറക്കെ പാടി
കാടും മലയും
കടലും ആകാശവും
താണ്ടി പന്ത് പറക്കുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.