അനിതരസാധാരണം -കഥ

ഇത്രയും പൊക്കിക്കെട്ടിയ മതിലിനിപ്പുറത്തേയ്ക്ക് ആ പൂച്ചയും രണ്ടു മക്കളും എങ്ങനെയെത്തി എന്നത് ഇന്നും അതിശയമായി തോന്നുന്നു. അപ്പുറത്തെ വീട്ടിൽ ഒരു പാട് പൂച്ചകളും പട്ടികളുമുണ്ട്. അലഞ്ഞു തിരിഞ്ഞ് കയറി വരുന്നതിനെയെല്ലാം ആ സ്ത്രീ വീട്ടിൽ നിർത്തും. അയൽക്കാരിയെ സ്ത്രീ എന്നു പറയുന്നതെന്താണെന്ന് ചോദിച്ചാൽ അവരെ ഞാൻ ഇതുവരെ ശരിക്കു കണ്ടിട്ടില്ല.

പഴയ വീട്ടുകാർ വിറ്റുപെറുക്കിപ്പോയപ്പോൾ വന്നതാണിവർ. ഒറ്റയ്ക്ക് കാറോടിച്ചു വന്ന അവരുടെ വണ്ടിയിൽ നിന്നും രണ്ട് നായ്ക്കളും അഞ്ചാറു പൂച്ചകളും ഇറങ്ങുന്നത് ജനലീക്കൂടെ കണ്ടതിന്റെ പിറ്റേ ദിവസം തന്നെ ജോസപ്പുകുഞ്ഞ് മതിലു പണിക്കാരെ വിളിച്ച് പരസ്പരം കാണാൻ പറ്റാത്ത പോലെ അതിർത്തി മതിൽ വല്ലാതങ്ങ് പൊക്കിപ്പണിയിച്ചു.ആ വൻമതിൽ പണി കൊണ്ടാണോ എന്തോ പുറത്തെവിടെയെങ്കിലും വച്ച് എന്നെയോ ജോസപ്പുകുഞ്ഞിനെയോ കണ്ടാൽ അവർ പെട്ടെന്ന് മുഖം തിരിക്കും. മാസ്ക് വെച്ച കാരണം ഒട്ടും മനസ്സിലാകാത്ത കൊണ്ട് മുഖം മാറ്റേണ്ട കാര്യമൊന്നുമില്ലെങ്കിലും അവർ ഇങ്ങോട്ട് നോക്കുകയേയില്ല.

മീൻകാരൻ വന്നു വിളിക്കുമ്പോഴാണധികവും തമ്മിൽ കാണാറ്. അവരുടെ വാതിൽക്കൽ മീൻവണ്ടി നിർത്തിയിട്ടിരിക്കുമ്പഴാവും ഞാൻ ഗേറ്റിനപ്പുറം വഴിയിലിറങ്ങി തെക്കും വടക്കും നോക്കുന്നത്. അവരുടെ ഇരുളുന്ന മുഖം അവഗണിക്കുന്നതായി ഭാവിച്ച് ഗേറ്റിനുള്ളിലേക്ക് ദേഹം നിർത്തിയാണ് ഞാൻ മീൻകാരനെ നോക്കിയിരുന്നത്. അവർക്ക് ചുറ്റും നാലഞ്ച് പൂച്ചകളും മീൻ മണത്തുപിടിച്ച് നിൽപ്പുണ്ടാവും.

ആ സമയം പട്ടികൾ കൂട്ടിനുള്ളിൽ ഒച്ചവെച്ച് കുരയ്ക്കും.മൃദുല എന്നാണ് അവരുടെ പേരെന്ന് ഷൈനിയാണ് പറഞ്ഞത്. വീട്ടുപണി കഴിഞ്ഞ് പോകുമ്പോൾ ഷൈനി അവരോട് മിണ്ടിനിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.ഇപ്പഴാണെങ്കിൽ ഷൈനിയും ഇങ്ങോട്ടെങ്ങും വരുന്നില്ല.മൃദുലയെ ഞാൻ പിന്നെ ഇതുവരെ കണ്ടിട്ടുമില്ല. ജോസപ്പുകുഞ്ഞ് പറഞ്ഞിട്ടുണ്ട്ഈ സമയം ഷൈനിയെപ്പോലെയുള്ളവരെയൊന്നും വീട്ടിൽ വിളിച്ചു കേറ്റണ്ടാന്ന്.അങ്ങനെ ചില കാര്യങ്ങളും കുറച്ചു വാക്കുകളും മാത്രമേ ഞങ്ങൾ തമ്മിലിപ്പോൾ കൈമാറാറുള്ളു.

വലിയ മതിലിനിടയിലൂടെയോ എന്തോ ഒരു ചെറിയ ജാഥപോലെ പൂച്ചയും രണ്ട് മക്കളും കടന്നുപോയ ആ ദിവസം ഷൈനി പതിവായി വന്നുകൊണ്ടിരുന്ന സമയമായിരുന്നു. ആ ചെറുജാഥ കൺമുന്നിലൂടെ അപ്പുറത്തേയ്ക്കെങ്ങോ കടന്നു മറയുന്നതുവരെ ഞാൻ നോക്കി നിന്നു. പിന്നെയും ഏറെ നേരം കഴിഞ്ഞപ്പഴാണ് ജോസപ്പുകുഞ്ഞിന് തേങ്ങയും ശർക്കരയും ഏലയ്ക്കപ്പൊടിയും ചേർത്ത അരിയടയുണ്ടാക്കാൻ ഇല തപ്പി ഞാൻ മതിലിനടുത്ത് ഒറ്റയ്ക്കു നിക്കുന്ന വാഴച്ചോട്ടിൽ ചെന്നത്. തളർന്നു വിവശമായ ഒരു കുഞ്ഞിക്കരച്ചിൽ കേട്ട് നോക്കുമ്പോൾ മാത്തച്ചൻ പരിഭ്രമിച്ച് വാഴയോടു ചേർന്ന് ചുരുണ്ടു കൂടി നിൽക്കുന്നു. എന്നെക്കണ്ടതും അത് കൂടുതൽ പേടിച്ചു.

ജാഥ നയിച്ച് കടന്നുപോയപ്പോൾമക്കളിലൊരാൾ ഇടയ്ക്ക് കുടുങ്ങിപ്പോയതറിയാതിരിക്കാനും മാത്രം വെളിവുകേട് ആ പൂച്ചക്കെങ്ങനെയുണ്ടായി എന്ന് അത്ഭുതപ്പെട്ടു പോയി ഞാൻ. തള്ളമാർക്കും മതിഭ്രമങ്ങളുണ്ടാവും എന്നോർത്ത് വാഴയിലയെടുക്കാൻ മറന്ന് കുഞ്ഞിപ്പൂച്ചയേം വാരിയെടുത്ത് ഞാൻ അകത്തേയ്ക്ക് പോന്നു.

പഴയൊരു കടലാസു പെട്ടിയിൽ തുണിയൊക്കെയിട്ട് ഷൈനിയാണതിനെ സ്റ്റോർ മുറിയിൽ കൊണ്ടു വച്ചത്. 'സാറു കാണാതവിടിരിക്കട്ടെ' എന്നും പറഞ്ഞവൾ പാലും വെള്ളവുമൊക്കെ പെട്ടിയിൽ വച്ചു കൊടുത്തിട്ട് വീട്ടിലേക്ക് പോയി.

പിന്നെ മൂന്നാല് ദിവസം ജോസപ്പുകുഞ്ഞു കാണാതെ ഷൈനിയുടെ പരിചരണത്തിലായിരുന്നു പൂച്ചക്കുഞ്ഞ്.പെട്ടെന്ന് രണ്ടാമത്തെ ലോക് ഡൗണെത്തി ഷൈനി വരാതായപ്പോൾ ഞാൻ തന്നെ അതിനെ നോക്കേണ്ടിവന്നു. അതോടെ കടലാസ് പെട്ടികടന്ന് പൂച്ചക്കുഞ്ഞ് അടുക്കളയിലും പിന്നെ ഞാൻ നടക്കുന്നിടത്തുമെല്ലാം ഒപ്പം വരാൻ തുടങ്ങി. കിണുക്കോം കരച്ചിലുമെല്ലാം കേട്ട് ഒരു ദിവസം ജോസപ്പുകുഞ്ഞു വന്നു നോക്കിയപ്പോൾ പൂച്ച എന്‍റെ മടിയിലിരിക്കുകയായിരുന്നു. അതിനോടെന്തൊക്കെയോ കൊഞ്ചിപ്പറഞ്ഞ് ഞാനും..

ഞങ്ങളെ അങ്ങനെ കണ്ടതും ജോസപ്പുകുഞ്ഞ് തിരികെ നടന്നു. ആഹാ .. പഷ്ട് എന്നു പറഞ്ഞത് ഞാൻ വ്യക്തമായും കേട്ടു...

'അപ്പനാ ... മൊശടൻ . നീ പേടിക്കണ്ട കേട്ടോ..'

അതുകേട്ടതും കുഞ്ഞുപൂച്ച എന്റെ മടിയിൽ കൂടുതൽ പുതഞ്ഞുകിടന്നു.

ഇവിടം മുതലാണ് കഥ അനിതരസാധാരണമാകുന്നത്.

കടലാസ് പെട്ടിയും മുറികളുടെ മൂലകളും വിട്ട് എന്‍റൊപ്പം കിടപ്പായ പൂച്ചക്കുഞ്ഞ് 'അമ്മേടെ മോനല്ലേ ഞാൻ' എന്നു പറയുമ്പോലെ എന്നെ നോക്കാൻ തുടങ്ങി. എന്റെ കൈമടക്കിലും കഴുത്തിലുമൊക്കെ പറ്റിച്ചേർന്നു കിടന്നാണിപ്പോൾ അവന്റെ ഉറക്കം. തൊമ്മച്ചൻ കുഞ്ഞിലേ കിടന്ന പോലെയെന്നാണ് എനിക്കു തോന്നിയത്. കുഞ്ഞുമേരി ഉണ്ടായപ്പോൾ മുതൽ രണ്ടുപേരെയും രണ്ടു വശത്തുമിട്ട് കഥ പറഞ്ഞു കൊടുത്തതും ഉറങ്ങാൻ കിടക്കുന്നതുമൊക്കെ ഞാനോർത്തു.


ടോം ജോസഫും മിറിയം . ജെ. മനയത്തുമായി അവർ രണ്ടു പുറംരാജ്യങ്ങളുടെ അകലത്തിൽ. വല്ലപ്പോഴും വന്നാലും അമ്മയോടൊപ്പം കിടക്കാനൊക്കെ അവർക്കെവിടെ നേരം.മൂന്നാമത് എനിക്കൊരു മകനുണ്ടായി എന്നു വിചാരിച്ച് എന്‍റെ ചാച്ചന്റെ പേരാണ് ഞാനവനിട്ടത്. തൊമ്മച്ചനും കുഞ്ഞുമേരിക്കും ജോസപ്പുകുഞ്ഞിന്‍റെ അപ്പനമ്മമാരുടെ പേരിട്ടു. ചാച്ചന്റേം അമ്മേടേം പേര് വിളിക്കാൻ പിന്നെയും ഞാൻ പ്രസവിക്കേണ്ടിയിരുന്നു.

ചാച്ചനും അമ്മേം ഞാനും കൂടി താമസിച്ചിരുന്ന കുട്ടിക്കാലമാണ് എനിക്കിന്നും ഏറ്റം പ്രിയം. വല്യമ്മച്ചി ഉണ്ടെങ്കിലും മിക്കവാറും അമ്മായിയുടെ വീട്ടിലായിരുന്നു. അഞ്ചാറ് മക്കൾ അവിടെയുള്ളതു കൊണ്ട് അമ്മായിക്ക് വല്യമ്മച്ചി കൂടെയില്ലാതെ പറ്റില്ലായിരുന്നു.

ഞങ്ങടെ ആ കുഞ്ഞു വീടാണ് വീടെന്നു പറയുമ്പോൾ ഇന്നും എന്‍റെ സ്വന്തമെന്ന് തോന്നിപ്പിക്കുന്നത്.എനിക്ക് എട്ടു വയസ്സെങ്ങാണ്ടുള്ള ഒരു ദിവസമാണ് ചാച്ചൻ എന്നോട് രഹസ്യം പോലെ പറഞ്ഞത്.

അമ്മു നോക്കിക്കേ അനിതരസാധാരണമായ സൗന്ദര്യമല്ലേ നിന്‍റമ്മയുടേത്..?

എന്തനിതരസാധാരണ സൗന്ദര്യം?

എട്ടുവയസ്സുള്ള ഞാൻ ചാച്ചൻ പറഞ്ഞപോലെ തെറ്റാതെ ആ വാക്ക് ആവർത്തിച്ചതു കേട്ട് വാ പൊളിച്ചിരുന്നു ചിരിച്ചു എന്‍റെ ചാച്ചൻ.

അമ്മൂ നീ ഡിഗ്രിയ്ക്ക് മലയാളം പഠിച്ചാ മതി കേട്ടോ..

പ്രസ്സിൽ കമ്പോസിറ്ററായിരുന്നു ചാച്ചൻ. അക്ഷരം പെറുക്കിപ്പെറുക്കി വെച്ച് പ്രിന്‍റിംഗിനൊരുക്കുന്ന കാലം. വല്യ പുസ്തകങ്ങളൊക്കെ ഇറക്കുന്ന പ്രസാധകരുടെ സ്ഥാപനത്തിലായിരുന്നതു കൊണ്ട് ജോലിയുടെ കൂടെ പുസ്തക വായനയും കൂട്ടിച്ചേർത്തു ചാച്ചൻ.

ചാച്ചന്‍റെ പോലെയാണ് എന്നെ കണ്ടാൽ. ചിരിക്കുമ്പോൾ കാണുന്ന ഒരു പല്ല് അകത്തോട്ട് വളഞ്ഞിരുന്നതു പോലും എനിക്കും കിട്ടീട്ടൊണ്ട്. അമ്മക്ക്​ നല്ല മിഴിഞ്ഞ കണ്ണുകളും റോസിതൾ പോലുള്ള ചുണ്ടുകളും ഉണ്ടായിരുന്നു. ചാച്ചന്‍റെ പുകഴ്ത്തൽ കേട്ട് അമ്മ ചിരിച്ച ആ ചിരി പിന്നീട് ഒരു പെണ്ണുങ്ങളിലും ഞാൻ കണ്ടിട്ടില്ല.

ഒരു ദിവസം വൈകിട്ട് ചാച്ചൻ വന്നതേ എന്നേം അമ്മേം അടുത്തു വിളിച്ചിരുത്തി. കയ്യിലെ കടലാസ് ചുരുൾ നിവർത്തി അതിനുള്ളിലെ വരകൾ ഞങ്ങൾ പണിയിക്കാൻ പോകുന്ന വീടിന്‍റെ പ്ലാൻ ആണെന്നു പറഞ്ഞു.

അമ്മൂന്‍റെ മുറി ദേ നോക്ക്.. പ്രത്യേകം മേശ കസേര..

ഇങ്ങനെയോരോന്നു പറഞ്ഞ് ഒരു പാട് താമസിച്ചുറങ്ങിയ ആ രാത്രിയിൽതന്നെ ചാച്ചൻ മരിച്ചു..പിടികിട്ടാത്ത പോലെ ഒഴുകി എന്റേം അമ്മേടേം പിന്നീടുള്ള ജീവിതം.

ഇനിയിപ്പം ജോസപ്പുകുഞ്ഞും കഥയിലേയ്ക്ക് വരട്ടെ. ചാച്ചന്‍റെ മരണത്തോടെ വല്യമ്മച്ചി സ്ഥിരമായി അമ്മായിയുടെ വീട്ടിലായി. പഴയ പോലെ കോപ്പയുടെ മുക്കാൽ ഭാഗം പാലൊഴിച്ച കൊഴുത്ത കാപ്പിയും ഊണിന് മീനുമൊന്നുമില്ലാത്ത ജീവിതം നോക്കി പുച്ഛിച്ചിട്ടാണ് വല്യമ്മച്ചി അങ്ങോട്ട് പോയത്. അമ്മയും ഞാനും ചാച്ചനില്ലാത്ത ഞങ്ങടെ കുഞ്ഞു വീടും സ്തബ്ധമായി നിന്നു കുറെക്കാലം.


പിന്നെയാണ് അമ്മ തയ്ക്കാൻ തുടങ്ങിയത്. പകലും പിന്നീട് രാത്രികളിലും അമ്മ തയ്ച്ചു കൊണ്ടിരുന്നു. അമ്മയുടെ മിഴിഞ്ഞ കണ്ണുകൾ നൂലടിപ്പുകൾ പോയ വഴിയിലൂടെ മാത്രം തളർന്നുനീങ്ങി. റോസിതളുകൾ പോലത്തെ ചുണ്ടുകളും വാടി മങ്ങി. വീട്ടുജോലികൾ കഴിഞ്ഞാൽ തയ്യൽ മെഷീനിൽ ചവിട്ടിക്കൊണ്ടേയിരിക്കും അമ്മ.

മനയത്തെ മേരിമ്മയ്ക്ക് സാരിബ്ലൗസും വീട്ടിലിടാനുള്ള ചട്ടയുമൊക്കെ അമ്മയാണ് തയ്ക്കുന്നത്. ഒരുപാട് റബർ തോട്ടമുള്ള മനയത്തെ മേരിമ്മയായിരുന്നു മുത്തോലിയിലെ അമ്മേടെ പ്രധാന കസ്റ്റമർ . ഞാൻ ഒൻപതിലായപ്പോഴേക്കും ആറിൽ പഠിച്ചിരുന്ന ജോസപ്പുകുഞ്ഞിന് നിക്കർ വരെ അമ്മ തയ്ക്കുന്നത് കണ്ടിട്ടുണ്ട്. മേരിമ്മ ഇളയ മകനായ ജോസപ്പുകുഞ്ഞിനെയും കൊണ്ടാണ് തുണി തരാനും തയ്ച്ചത് വാങ്ങിക്കാനുമൊക്കെ വന്നിരുന്നത്.

ഇതിനിടയിൽ വല്യമ്മച്ചി വീണ് നടുവ് തകർന്നു. ആശുപത്രീന്ന് നേരെ ഞങ്ങടെ വീട്ടിലാക്കിയിട്ട് അമ്മായി പോയി. ഒന്നൊന്നര മാസത്തെ വേദനകൾക്കൊടുവിൽ വല്യമ്മച്ചിയും മരിച്ചു.പിന്നെ ഞാനും അമ്മയും , മെഷീൻചവിട്ടുന്നതിന്റെ ഒച്ചയും മാത്രമുള്ളതായി വീട്.

ചാച്ചൻ പറഞ്ഞ പോലെ ഡിഗ്രിക്ക് മലയാളം പഠിക്കാനൊന്നും ഒത്തില്ലെനിക്ക്.

കാലുവേദനകൊണ്ട് വലഞ്ഞ അമ്മയ്ക്ക് പകരം മെഷീൻചവിട്ട് ഞാനേറ്റെടുത്തു. അമ്മ വെട്ടിത്തരുന്ന തുണികൾ തയ്ച്ചുതയ്ച്ച് ഒടുവിൽ , വയ്യാതായ അമ്മയ്ക്കു പകരം ഞാനൊരു തികഞ്ഞ തയ്യൽക്കാരിയായി മാറി.ജോസപ്പുകുഞ്ഞ് തിരുവനന്തപുരത്ത് പഠിക്കാൻ പോയി വരുന്ന അവധി സമയങ്ങളിൽ മേരിമ്മ കാറിലാണ് തുണി തരാൻ വന്നിരുന്നത്. വീട്ടിലേക്ക് കേറി വരാതെ വഴിയിൽ കാറിട്ട് കാത്തിരുന്നു ജോസപ്പുകുഞ്ഞ്.അമ്മയ്ക്ക് കാല് വേദന അസഹ്യമായ രണ്ടുമൂന്ന് അവസരങ്ങളിൽ മേരിമ്മ പറഞ്ഞിട്ട് ഞങ്ങൾ ജോസപ്പുകുഞ്ഞിന്റെയൊപ്പം കാറിൽകേറി ആശുപത്രിയിൽ പോയിട്ടുണ്ട്.

എപ്പഴാണ് ജോസപ്പുകുഞ്ഞിന്റെ ഭാവങ്ങൾ മാറിത്തുടങ്ങിയതെന്ന് ഞാനറിഞ്ഞതേയില്ല. മേരിമ്മയില്ലാതെയും ജോസപ്പുകുഞ്ഞ് വീട്ടിലേക്ക് വരാൻ തുടങ്ങി..ഞാൻ തയ്ച്ചുകൊണ്ടിരിക്കുമ്പോൾ അയാൾ നിർന്നിമേഷനായി നോക്കി നിൽക്കുന്നത് കണ്ട് അന്ധാളിക്കാൻ തുടങ്ങി എന്റെ മനസ്സ് .തയ്ക്കാൻ തരാനല്ലാതെ ഒരു ദിവസം മേരിമ്മ ഓടിക്കിതച്ചെന്ന പോലെ വീട്ടിലേക്കുവന്ന് എന്നെയും അമ്മയേയും ചീത്ത പറയാൻതുടങ്ങി. ജോസപ്പുകുഞ്ഞിനെ ഞാൻ വശീകരിച്ചെടുത്തെന്നും പറഞ്ഞായിരുന്നു ബഹളം.എന്റെ പ്രായക്കൂടുതലിൽ കലിതീരാതെ പ്രാകി നിലവിളിച്ച് മേരിമ്മ ഇറങ്ങിപ്പോയപ്പോൾ അമ്മ കട്ടിലിലേക്ക് ചെന്നു വീണു. രണ്ട് ദിവസത്തിനകം മഴക്കാറ് മൂടിക്കെട്ടിനിന്ന ഒരു വൈകുന്നേരം എന്തൊക്കെയോ അസ്വസ്ഥതകൾ കൂടിവന്ന് എന്നെ നോക്കി നിറഞ്ഞുമിഴിഞ്ഞ് അമ്മ കണ്ണടച്ചു.

കോരിച്ചൊരിഞ്ഞ വല്യ മഴയായിരുന്നു അടുത്ത രണ്ടു ദിവസം. ആകെയുണ്ടായിരുന്ന അമ്മായി ആശ്വാസങ്ങൾ പറഞ്ഞു തന്നിട്ട് സ്വന്തം വീട്ടിലേക്കുപോയി. ഇനിയുമൊരാളും വരാനില്ലാത്ത വീട്ടിൽ ഒറ്റയ്ക്ക് ഞാനിരുന്നു.

പാതിരാവിലാണ് ജോസപ്പുകുഞ്ഞ് വന്നത് , മഴയിൽ നനഞ്ഞു കുതിർന്ന്.

അമ്മു വരൂ .. എന്റെ കൂടെ..

എന്റെ കരച്ചിൽ മഴ പോലെ ആർത്തെങ്കിലും ഒടുവിൽ ഞാനും ജോസപ്പുകുഞ്ഞുംആ പാതിരാത്രിയിൽതന്നെ തിരുവനന്തപുരത്തേയ്ക്ക് പോന്നു.

ഓർമ്മകളിൽ ഞാനിങ്ങനെ മുഴുകി നടന്നിട്ട് നോക്കുമ്പോൾ മാത്തച്ചൻ എന്‍റെ മടിയിലിരിപ്പുണ്ട്. എന്നെങ്കിലും ഏതെങ്കിലും സർക്കാർ രേഖകളിൽ ചേർക്കണമെങ്കിൽ മാത്യു ജോസഫ് എന്ന പേരാണ് മാത്തച്ചന് കരുതിവച്ചിട്ടുള്ളത്..എന്ത് രേഖയാണോ എന്തോ..അപ്പഴാണ് ജോസപ്പുകുഞ്ഞ് അങ്ങോട്ടു വന്ന് പറഞ്ഞത്.

'നാളെ വാക്സിൻ കിട്ടും. 11 മണിക്ക് പോണം .'

കോവിഡ് വാക്സിൻ രണ്ടാം ഡോസാണ്. ഒന്നാമത്തെയെടുക്കാനാണ് ഞങ്ങൾ ഒടുവിൽ ഒന്നിച്ചു പുറത്തുപോയത്. അതു കഴിഞ്ഞിട്ടിപ്പോൾ മൂന്നു മാസമാകുന്നു.

ഒന്നിച്ചുള്ള ജീവിതം തുടങ്ങി തൊമ്മച്ചനുണ്ടായി..പിന്നെ കുഞ്ഞുമേരീം. അപ്പോഴേക്കും മുത്തോലിയിലേക്ക് ജോസപ്പുകുഞ്ഞ് പോകാൻ തുടങ്ങിയിരുന്നു ; തൊമ്മച്ചനേം കൊണ്ട്. മോളുണ്ടായപ്പം മേരിമ്മ കാണണമെന്നു പറഞ്ഞു. മക്കളെയും കൂട്ടി ചെന്നെങ്കിലും മുത്തോലിയിലെ വീട്ടിലുള്ളവരാരും എന്നെ കണ്ട ഭാവം നടിച്ചില്ല. മേരിമ്മ ഏറ്റം കരുതലോടെ ദുർമുഖം കാണിച്ചു. വന്നവഴി ഞങ്ങടെ വീടിരുന്ന പറമ്പിൽ വേറെ ആരുടെയോ വല്യ വീടൊക്കെ കണ്ട് കരയാൻ വന്നതടക്കി ഇങ്ങു പോന്നു.

പിന്നീടുപിന്നീട് ജോസപ്പുകുഞ്ഞ് വളരെ വ്യത്യസ്തനായതുപോലെ തോന്നിത്തുടങ്ങി. പ്രായവ്യത്യാസം പറഞ്ഞ് എന്നോട് തട്ടിക്കയറുന്നത് പതിവായി . മുത്തോലിയിൽ പോയി വരുമ്പോഴാണ് കൂടുതൽ പ്രശ്നം. ഒരിക്കൽ പുറത്തേക്ക് പോകാനൊരുങ്ങിച്ചെല്ലുമ്പോൾ

യൂ ആർ ലുക്കിങ് വെരി ഓൾഡ് എന്ന് പറഞ്ഞ് ജോസപ്പു കുഞ്ഞ് എന്നെ അപമാനിച്ചു. അതിൽ പിന്നെ ഒന്നിച്ച് ഒരിടത്തും പോയിട്ടില്ല. സാവധാനത്തിൽ രണ്ടിടത്തായി കിടപ്പു പോലും.പിറ്റേന്ന് വാക്സിനെടുക്കാൻ പോയപ്പോൾ മാത്തച്ചനേം കാറിന്റെ പിൻസീറ്റിലിരുത്തി. ജോസപ്പുകുഞ്ഞ് അരിശപ്പെട്ട് നോക്കി.'ഒറ്റക്കാക്കി പോയാൽ അവൻ പേടിക്കും 'ആരോടെന്നില്ലാതെ ഞാൻ തീർത്തു പറഞ്ഞു.കുത്തിവെയ്പ് പെട്ടെന്നു കഴിഞ്ഞു. അരമണിക്കൂർ നിരീക്ഷണത്തിന് ശേഷം വീട്ടിലെത്തി.ആദ്യഡോസ് കുത്തിവെച്ചിട്ട് വന്നതിന്റെ പിറ്റേന്ന് ജോസപ്പുകുഞ്ഞിനെ നന്നായി പനിച്ചിരുന്നു. ഒന്നാമതേ ഷുഗറും കൊളസ്ട്രോളുമുള്ളതാ..ഇന്നെങ്ങനെയാവുമോ?അപ്പുറത്ത് കിടന്നാലും രാത്രിയിലുണർന്ന് രണ്ടു പ്രാവശ്യമെങ്കിലും ജോസപ്പുകുഞ്ഞിനെ പോയി നോക്കുന്നത് എന്റെ ശീലമായിരുന്നു. ചരിഞ്ഞു കിടന്ന് അങ്ങേര് കൂർക്കംവലിച്ചുറങ്ങുന്നത് കാണുമ്പോൾ വല്ലാത്തൊരു സമാധാനമാണ്. ഒറ്റയ്ക്കായിപ്പോയ ഒരു മഴരാത്രിയിൽ നനഞ്ഞു കുതിർന്നുനിന്ന് അമ്മു വരൂ എന്റെ കൂടെ, എന്നു പറഞ്ഞതിന്‍റെ ഓർമ്മയാണത് ചെയ്യിക്കുന്നത്.


അത്താഴത്തിനു ശേഷം നോക്കുമ്പോൾ മാത്തച്ചൻ പതിവില്ലാതെ അപ്പുറത്തെ മുറിയിലെ കട്ടിലിൽ കിടക്കുന്നു. ജോസപ്പുകുഞ്ഞ് അവനെ ഉപദ്രവിച്ചാലോ എന്നു പേടിച്ച് ഓടിച്ചെന്നെടുക്കാൻ നോക്കി.

വേണ്ട.. മാത്തച്ചൻ ഇവിടെ കിടന്നോട്ടെ.
അമ്മുവും ഇവിടെ വന്നു കിടക്ക് .. വാക്സിനെടുത്തതല്ലേ. പനിച്ചെങ്കിലോ..

ഞാൻ എന്തു പറയണമെന്നറിയാതെനിന്നു.

കാലങ്ങൾക്കുശേഷമാണ് ജോസപ്പുകുഞ്ഞ് തന്നെ നന്നായി നോക്കുന്നതു തന്നെ. തൊമ്മച്ചനും കുഞ്ഞുമേരിയും കുഞ്ഞുങ്ങളായിരുന്നപ്പോൾ ഞങ്ങൾ നാലുപേരും കൂടിക്കുഴഞ്ഞ് കിടന്നപോലെ ജോസപ്പുകുഞ്ഞിനോടു ചേർന്നു കിടന്നു ഞാൻ. എന്റെയരികിൽ കുഞ്ഞു കുഞ്ഞൊച്ചകളോടെ മാത്തച്ചനും. എവിടുന്നോ വന്ന 'അനിതരസാധാരണം 'എന്ന വാക്ക് എന്റെ നെഞ്ചിൽ ആർത്തുല്ലസിച്ചു.

Tags:    
News Summary - ancy sajan story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.