ചിത്രീകരണം: എം. സൂര്യജ

ബഫർസോൺ

ചീഞ്ഞളിയുമെന്ന് ഉറപ്പായിട്ടും ചീയണോ വേണ്ടയോ എന്ന് സംശയിച്ച്, പള്ളിസെമിത്തേരിയിലെ കല്ലറയില്‍ കിടന്ന ഓനാച്ചനെ പോലെത്തന്നെ വീതം കിട്ടിയ പറമ്പിന്‍റെ ഒത്തനടുവില്‍ പടര്‍ന്നുവളര്‍ന്ന പുളിയാറിലകളെ ഞെരിച്ചമര്‍ത്തി മകന്‍ ജോണിക്കുട്ടിയും നീണ്ട് നിവര്‍ന്ന് കിടന്നു. പക്ഷെ, ജോണിക്കുട്ടി മരിച്ചിരുന്നില്ല.

തലേന്ന് വീശിയ കാറ്റ് നടുവൊടിച്ചിട്ട ഏത്തവാഴകളുടെ കണക്കെടുപ്പിന് ഇറങ്ങിയ സതീശനാണ് ജോണിക്കുട്ടിയെ കുലുക്കിയുണര്‍ത്തിയത്. അയാളെയും താങ്ങിപ്പിടിച്ച് പറമ്പില്‍ നിന്നിറങ്ങുന്നതിനിടെ സതീശന്‍ തന്‍റെ മേലെപ്പറമ്പിലേക്കൊന്ന് പാളി നോക്കി, മണ്ണില്‍ കിടന്ന മൂപ്പെത്താത്ത കുലകളെക്കണ്ട് മുഖം തിരിച്ചു. 

മിനിഞ്ഞാന്നാണ് ഓനാച്ചന്‍ മരിച്ചത്. കാലത്തെ കാപ്പികുടി കഴിഞ്ഞ് വെയിലും കാഞ്ഞ് മുറ്റത്തിരിക്കുകയായിരുന്നു. പെട്ടെന്ന് മറിഞ്ഞു വീണു. മരിച്ചു. ഒരു തൊണ്ണൂറ്റാറുകാരന് കിട്ടാവുന്ന വലിയ ഭാഗ്യമെന്ന് നാട്ടുകാര്‍ പറഞ്ഞു. ചെറുപുഞ്ചിരിയോടെയാണ് വിശ്വന്‍ഡോക്ടര്‍ മരണം സ്ഥിരീകരിച്ചത്. ശവമടക്കിന് ഓനാച്ചന്‍റെ സമകാലികരായി ഉണ്ടായിരുന്നത് ഔസേപ്പച്ചനും ഉണ്ണിപ്പിള്ളയും മാത്രമായിരുന്നു. ഒരുമിച്ച് കുടിയേറി വന്നവരില്‍ ഇനി ശേഷിക്കുന്ന രണ്ടുപേര്‍. വൈകീട്ടത്തെ ചായകുടി നേരത്ത് കുതിരനായരുടെ പല്ലുകൊഴിഞ്ഞ് എല്ലുന്തി നില്‍ക്കുന്ന കടവരാന്തയില്‍ മൂവരും കൂടും. മലകയറി കാടുതെളിച്ച് പന്നിയുടേയും കാട്ടിയുടേയും പിടിയില്‍പ്പെടാതെ കപ്പയിട്ടും പുല്ലു വാറ്റിയും തങ്ങളുടെ സാമ്രാജ്യം മെനഞ്ഞെടുത്ത കഥകള്‍ വാതോരാതെ പറഞ്ഞ് പുളകം കൊള്ളും. അപ്പോള്‍, ചെതുക്ക് കയറിയ അലകിന്‍റെ ആരിട്ട് തന്‍റെ എറിച്ചു നില്‍ക്കുന്ന പല്ലിടകുത്തി ഇവരോളം മൂപ്പെത്താത്ത പല്ലന്‍മാണി പുതുകാര്യം പോലെ അതുകേട്ട് തലയാട്ടി രസിക്കും.

സതീശന്‍ ജോണിക്കുട്ടിയെ വരാന്തയിലേക്കിരുത്തി. എന്നാ പറ്റിയെന്ന് ചോദിച്ച് ഓടിക്കൂടിയവരോട് പറയാനുള്ള മറുപടിയില്ലാതെ അയാള്‍ നിന്നു.

''ഇന്നലെത്തൊട്ടൊരു പോക്കണം കേടൊണ്ടാരുന്നു ചേട്ടായിക്ക്.''

ജോണിക്കുട്ടിയുടെ ഇളയപെങ്ങള്‍ ലില്ലിക്കുട്ടി പറഞ്ഞത് വാസ്തവമായിരുന്നു. ജോണിക്കുട്ടിക്ക് വല്ലാത്തൊരു അസ്വസ്ഥതയുള്ളതായി മരിപ്പിനും അടക്കിനും വന്നവര്‍ക്കെല്ലാം തോന്നിയിരുന്നു. അപ്പന്‍ പോയി എന്നുള്ളത് ശരി തന്നെ. പക്ഷെ നൂറ്റാണ്ടിനടുത്ത് കാലം ഒരു അസുഖവുമില്ലാതെ കഴിഞ്ഞില്ലേ.

ഇംഗ്ലീഷ് മരുന്നും ഇന്‍ജക്ഷനുമൊന്നും ഓനാച്ചന് ഒരിക്കലും വേണ്ടിവന്നില്ല. കിടപ്പാവാതെ, തീട്ടത്തിലും മൂത്രത്തിലും കളിക്കാതെ, തോലു പൊട്ടിപ്പഴുക്കാതെ, ചുറ്റുമുള്ളവരെക്കൊണ്ട് പ്രാകിക്കാതെ, സുഖസുന്ദരമായി താന്‍ വെട്ടിപ്പിടിച്ച മണ്ണില്‍ക്കിടന്ന് ഇളംവെയിലും കൊണ്ട് മരിച്ചില്ലേ. നോവാതേയും നോവിക്കാതെയും അങ്ങു പോയതിന് കര്‍ത്താവിനോട് നന്ദി പറയുകയല്ലേ വേണ്ടത്. എന്നിട്ടും ജോണിക്കുട്ടി ആരോടോ ദേഷ്യപ്പെട്ട്, സങ്കടപ്പെട്ട് കണ്ണും തുടച്ച് പല്ലും കടിച്ചുമിരുന്നു.

ആലീസ് കൊടുത്ത ചൂടുള്ള കാപ്പി ജോണിക്കുട്ടി പതിയെ കുടിച്ചു. പുലര്‍ച്ചെ ചാറിയ മഴ അയാളെ ചെറുതായി നനച്ചിരുന്നു.

"എന്‍റെ വാക്കത്തി എന്തിയേ?"

കാപ്പികുടി കഴിഞ്ഞ ജോണിക്കുട്ടി ചുറ്റും തപ്പാന്‍ തുടങ്ങി.

"ആവോ ആ പറമ്പില്‍തന്നെ കാണും. ഇച്ചായന്‍ രാത്രി എപ്പഴാ എഴുന്നേറ്റ് പോയേ?"

ജോണിക്കുട്ടി ഭാര്യയോട് മറുപടി പറയാതെ എഴുന്നേറ്റു. എന്നിട്ട് കൈവിട്ടുപോയ വാക്കത്തി തേടി പറമ്പിലേക്ക് നടന്നു. കാര്യകാരണങ്ങളൊന്നും മനസ്സിലാവാതെ അവിടെകൂടിയവര്‍ അയാളെത്തന്നെ നോക്കിനിന്നു.

2

"എന്‍റെ പൊന്നു ജോണി, അല്ലെങ്കിത്തന്നെ ഇപ്പം നമ്മള് കുടിയേറ്റക്കാരൊക്കെ പന്നീന്‍റേം പോത്തിന്‍റേം പിറകേ ഓടുന്ന എറച്ചിക്കൊതിയന്‍മാരും ചാരായക്കൊതിയന്‍മാരുമാന്നാ ഈ സാഹിത്യകാരന്‍മാരും സിനിമാക്കാരുമൊക്കെ പറയുന്നേ. നീയോരോന്ന് കാണിച്ച് അതിനി കൂട്ടല്ലേ." പുല്ലരിയാന്‍ അലക്സിനോളം നേക്കില്ലെങ്കിലും തന്നോളം പൊന്തിയ ബ്ലോക്ക്പുല്ലിന്‍റെ മുഴുത്ത കടയ്ക്കല്‍ ചേര്‍ത്ത് വെട്ടിക്കൊണ്ട് സതീശന്‍ തന്‍റെ ആശങ്ക പ്രകടിപ്പിച്ചു. വൈക്കോലിന് തീ പിടിച്ച പോലെത്തന്നെയാണ് അതിന്‍റെ വിലയും; നിന്ന നില്‍പ്പില്‍ കയറും. അതുകൊണ്ടിപ്പോള്‍ അലക്സിന്‍റേയും സതീശന്‍റേയും എന്നല്ല ആ പ്രദേശത്തെ ആരുടേയും പശുക്കള്‍ക്ക് ഒരു കച്ചിത്തുമ്പുപോലും കണികാണാന്‍ കിട്ടാറില്ല. സ്വന്തം നിലത്തും പാട്ടത്തിനെടുത്തിടത്തും ആര്‍ത്തു പൊന്തുന്ന സങ്കരയിനം പുല്ലുവര്‍ഗ്ഗത്തെ അയവിറക്കി അവറ്റകള്‍ നിര്‍വ്വികാരരായി അമര്‍ന്നു കിടക്കും.

"സാഹിത്യവോ. ഇതൊക്കെയെപ്പം‍?"

"പിള്ളേര് പറഞ്ഞ് കേട്ടതാടാ."

സതീശനും അലക്സും പറഞ്ഞതൊന്നും ജോണിക്കുട്ടി ശരിക്കും കേട്ടിരുന്നില്ല. അയാള്‍ മറ്റെന്തോ ആലോചിച്ച് കൊണ്ട് പുല്ലുവെട്ടി.

"അപ്പന്‍റെ അടക്ക് കഴിഞ്ഞഅന്ന് രാത്രിതന്നെ വാക്കത്തിയും എടുത്ത് പന്നിയെ വെട്ടിക്കൊല്ലാന്‍ പോവുക. ആള്‍ക്കാര് ഓരോന്ന് ചോദിച്ചു തൊടങ്ങി ജോണി."

അലക്സ് പുല്ലുവെട്ടല്‍ നിര്‍ത്തി നടു നിവര്‍ത്തി. അയാള്‍ക്കിപ്പം പഴയപോലെ ഒരുപാട്നേരം കുനിഞ്ഞ്നിന്ന് പുല്ലുവെട്ടാന്‍ വയ്യ. പക്ഷെ വെട്ടിയേതീരു താനും. പണ്ടു കാലത്ത്, പച്ചപ്പാള കീറി ഉണ്ടാക്കിയ പൊട്ടാത്ത വള്ളികൊണ്ട് ഒതുക്കിപ്പിരിച്ചുകെട്ടി, എത്ര വലിയ പുല്ലുകെട്ടുകളാണ് തോടുകടത്തി താഴെ എത്തിച്ചിരുന്നത്. തൈലം വാറ്റാന്‍ തെരുവക്കട ചുമന്ന് കയറ്റമിറങ്ങിയ കാര്‍ന്നോമ്മാര് തെളിച്ചിട്ട വഴിച്ചാലിലൂടെ പടര്‍ന്നുതാണ ചേരുമരത്തിന്‍റെ പള്ളയ്ക്ക് തൊടാതെയുള്ള പോക്കുവരവുകള്‍ ഇപ്പോഴും എളുപ്പമാണ്.

"അല്ലെങ്കിത്തന്നെ നിനക്കിപ്പളെന്നാ പെട്ടെന്നൊരു പന്നിവിരോധം. ! വാക്കത്തികൊണ്ട് വെട്ടാന്‍ പോയാ അത് ചാകുവോ! നിനക്ക് തന്നെ പണി കിട്ടും."

"പിന്നെ ഇവറ്റകളെ എന്നാ ചെയ്യണമെന്നാ, ഒരു പിടി അരി കൂടി അധികമിട്ട് ഊട്ടണമെന്ന് പെമ്പറന്നോരോട് പറയണോ.?"

"പന്നി കൃഷി നശിപ്പിക്കാന്‍ തൊടങ്ങീട്ട് കാലമെത്രയായി. ഇപ്പം ഇങ്ങനങ്ങ് വൈരാഗ്യം കേറാന്മാത്രമെന്താന്നാ." ജോണിക്കുട്ടി മറുപടി പറയാതെ പുല്ലുവെട്ടി. മൂന്നാളും പുല്ലു കെട്ടുമെടുത്ത് പറമ്പില്‍ നിന്നിറങ്ങുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു.

അപ്പന്‍റെ മരണത്തോടൊപ്പം ജോണിക്കുട്ടിയില്‍ പൊട്ടിമുളച്ച പന്നി വിരോധം നാട്ടില്‍ ചര്‍ച്ചയായി എന്നത് നേരായിരുന്നു. പന്നിയെ കൊല്ലാനുള്ള ദേഷ്യം എല്ലാവര്‍ക്കും ഉണ്ടായിരുന്നെങ്കിലും മരുന്ന് കുത്തി വെച്ചതുപോലെ ജോണിക്കുട്ടി ചാടിയിറങ്ങിയതിലായിരുന്നു അത്ഭുതം. ജോണിയുടേയും അലക്സിനേയും സതീശനേയുമെല്ലാം സ്കൂളില്‍ കണക്ക് പഠിപ്പിച്ച ഭാസി സാര്‍ അതീവ തത്പരനായി ഇതിനു പിന്നാലെകൂടി.

ആളു പണ്ടേ ഒരു ഡിറ്റക്ടീവാണ്. ദുരൂഹത തോന്നുന്നിടത്തെല്ലാം കിള്ളിച്ചോദ്യവുമായി ഭാസിസാര്‍ എത്തും. ഇവിടെയും സാറ് വണ്ടിയിറങ്ങി.

"ഓനമാപ്പിളയുടെ മരണം കഴിഞ്ഞതും അവന് പന്നി ശത്രുത കൂടി അല്ലേ?"

"അതെ സാറേ, കഴിഞ്ഞ രാത്രി പിന്നേം പോയി. ഞങ്ങളാ പിടിച്ചോണ്ട് വന്നത്."

ഭാസി സാറും അലക്സും സതീശനും അലക്സിന്‍റെ കോഴിഫാമിന്‍റെ പിന്നാമ്പുറത്തിരുന്ന് സാഹചര്യം അവലോകനം ചെയ്യുകയാണ്. ഭാസിസാര്‍ ഇടപെട്ടതോടുകൂടി കാര്യങ്ങള്‍ക്കൊക്കെയൊരു തെളിച്ചം വരുമെന്ന പ്രതീക്ഷ അലക്സിനും സതീശനുമുണ്ട്.

ഇതേ സമയം പഞ്ചായത്ത് പ്രസിഡന്‍റ് സുദേവന്‍റെ മുന്നിലിരുന്ന് സമാന വിഷയത്തിന്‍റെ മറ്റൊരു വശം ചര്‍ച്ച ചെയ്യുകയായിരുന്നു ജോണിക്കുട്ടി. ഉച്ചക്ക് ഉണ്ണാന്‍ പോലും പോവാതെ പ്രസിഡന്‍റിനെ കാത്തു നിന്നെങ്കിലും ഉച്ച കഴിഞ്ഞാണ് അയാള്‍ വന്നു കയറിയത്. രാമകൃഷ്ണന്‍ ചേട്ടനാണ് പുതിയ ഉത്തരവിന്‍റെ കാര്യം ജോണിക്കുട്ടിയോട് പറഞ്ഞത്. ശല്യക്കാരായ പന്നികളെ വെടിവെച്ചു കൊല്ലാനുള്ള അവകാശം ഇനി പഞ്ചായത്ത് പ്രസിഡന്‍റിനുണ്ട്.

"ഇന്ന് രാത്രി തന്നെ ആളു വരത്തില്ലേ?"

ജോണിക്കുട്ടി പ്രതീക്ഷയോടെ സുദേവന്‍റെ മുഖത്തേക്ക് നോക്കി.

"എന്നതാ ജോണിക്കുട്ടി ഈ പറയുന്നേ, ഇതെന്നാ പറമ്പീക്കേറി ചക്കയിടുന്ന പോലെയോ മറ്റോ ആന്നോ. നീയിതു കണ്ടോ." സുദേവന്‍ മുന്നിലിരുന്ന വലിയൊരു ഫയലു തുറന്നു കാണിച്ചു.

"എഴുപത്തിമൂന്ന് അപേക്ഷകളാ ഈ രണ്ട് ദിവസം കൊണ്ട് വന്നേ, നിന്‍റേതിപ്പം എഴുപത്തിനാലാമതാ."

ഒരു പ്രതീക്ഷയുമില്ലാതെയാണ് സുദേവന്‍റെ മുറിയില്‍ നിന്നും ജോണിക്കുട്ടി ഇറങ്ങിയത്.

കോഴിഫാമിലെ ചര്‍ച്ച അപ്പോഴും തുടരുകയായിരുന്നു.

"ശരിക്കും ഓനമാപ്പിള മരിച്ചതെങ്ങനാ,"

"തലേല് വിമാനം വന്ന് വീണിട്ട്, അല്ല പിന്നെ" അലക്സിന്‍റെ പറച്ചില്‍ കേട്ട് ഭാസിസാര്‍ അയാളെ കൂര്‍പ്പിച്ച്നോക്കി. ഇരുമ്പഴിക്കുള്ളില്‍ നെയ്മുറ്റിക്കിടന്ന പിടച്ചിക്കോഴി പതുക്കനെ കൊക്കരിച്ചു.

"നീയെന്നാത്തിനാടാ ചൂടാവുന്നേ, ഞാനൊന്ന് ചോദിച്ചെന്നല്ലേ ഒള്ളൂ."

"എന്‍റെ സാറേ തൊണ്ണൂറ്റഞ്ച് വയസ്സായ ഒരു കാര്‍ന്നോരുടെ മരണകാരണം എന്താന്നൊക്കെ ചോദിച്ചാ പിന്നെ"

"ചോദിച്ചാപ്പിന്നെ, അതെന്നാ അത്രേം വയസ്സിലാരും ദുര്‍മരണപ്പെടുകേലേ"

"ഭാസി സാറേ, നിങ്ങളെന്നാ ഈ പറഞ്ഞു വരുന്നേ"

ഭാസിസാര്‍ അല്‍പ്പനേരം മിണ്ടാതിരുന്നു. പിന്നെ അലക്സിന്‍റേയും സതീശന്‍റേയും അടുത്തേക്ക് കസേര വലിച്ചിട്ടു.

"ഓനമാപ്പിള മരിക്കുമ്പോള്‍ നിങ്ങളവിടെ ഒണ്ടാരുന്നോ"

"ആലീസിന്‍റെ കരച്ചില്‍ കേട്ടാ ഞങ്ങളോടിച്ചെന്നത്."

"അപ്പം കണ്ടതെന്നാ"

"അവര് കെട്ടിയോനും കെട്ടിയോളും കൂടി ഓനാച്ചനെ മുറ്റത്തൂന്ന് പൊക്കുവാരുന്നു."

"മുറ്റത്ത് വല്ലതും കണ്ടാരുന്നോ, ചോരയോ മറ്റോ"

"ഇല്ലന്നേ, വിശ്വന്‍ ഡോക്ടറ് വന്ന് ചാവൊറപ്പിച്ചു."

"ഡോക്ടറെന്നാ പറഞ്ഞേ"

"ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞല്ലോന്ന് മാത്രം പറഞ്ഞ് പുള്ളി ഇറങ്ങി"

"ഭാസി സാര്‍ ഒന്ന് പിന്നോട്ടിരുന്നു. കണ്ണുകളടച്ചു"

നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. മഴക്കാറ് വന്നുമൂടിയ നിലാവിന്‍റെ നേര്‍ത്ത വെട്ടത്തില്‍ കുന്നും അതിന്‍റെ ചരിവുമെല്ലാം മയങ്ങിക്കിടന്നു. ഇടക്ക് വന്നുപോകുന്ന കാറ്റില്‍ കല്ലന്‍മുളകള്‍ ഉരഞ്ഞുണ്ടാകുന്ന ഒച്ച അവിടമാകെ പൊന്തി. ദൂരെ കുന്നുംപുറത്ത് തലപൊക്കിനിന്ന വെണ്‍തേക്കിന്‍റെ കൊമ്പില്‍ വന്‍ തേന്‍കൂടുകള്‍ കറുത്തസഞ്ചി കണക്കെ തൂങ്ങിക്കിടന്നു.

"സാറ് ഒറ്റക്ക് പോണ്ട. ഇടവഴീല് കഴിഞ്ഞയാഴ്ചേം കൂടി കടുവേന്‍റെ കാല്‍പ്പാട് കണ്ടതാ."

ഭാസി സാറ് അലക്സിന്‍റെ ബൈക്കിന്‍റെ പിന്നില്‍ കയറി. സതീശന്‍ തിരിഞ്ഞു നടക്കാന്‍ ഭാവിച്ചെങ്കിലും ഭാസി സാറിന്‍റെ ചോദ്യം കേട്ട് അവിടെത്തന്നെ നിന്നു.

"ഓനമാപ്പിളയെ കുടിപ്പിച്ചത് ഔസേപ്പോ, അതോ ബേബിയോ"

ആ നാട്ടിലെ ക്രിസ്ത്യാനികളെ അവസാനമായി കുളിപ്പിച്ചൊരുക്കുന്നതില്‍ ഔസേപ്പും ബേബിയുമാണ് പ്രധാനികള്‍. മറ്റുള്ളവരും കൂടുമെങ്കിലും ശവത്തിന്‍റെ വൃത്തിയും സൗന്ദര്യവും സമ്പൂര്‍ണ്ണമായി ഉറപ്പു വരുത്തുന്നത് അവരാണ്.

"ബേബി "

ഭാസിസാര്‍ ഒന്ന് മൂളി. അലക്സ് വണ്ടി വിട്ടു. സതീശന്‍ ഇരുട്ട് വീഴാന്‍ തുടങ്ങിയ വാഴത്തോട്ടത്തിലൂടെ നടന്ന് വീട്ടിലേക്ക്കയറി. 

3

അലക്സിനേയും സതീശനേയും അന്വേഷിച്ച് ഓടിക്കിതച്ചെത്തിയ ഭാസി സാര്‍ ജോണിക്കുട്ടിയുടെ പറമ്പിലെ ആള്‍ക്കൂട്ടം കണ്ട് അമ്പരന്നു. എന്തത്യാഹിതമാണ് സംഭവിച്ചതെന്നറിയാതെ ഓടിച്ചെന്ന അയാള്‍ ആദ്യം നോക്കിയത് ജോണിക്കുട്ടിയുടെ മുഖത്തേക്കാണ്. അത് തെളിഞ്ഞിരുന്നു. ആള്‍ക്കൂട്ടത്തിന് നടുവിലെ കുഴിക്കുള്ളില്‍ക്കിടന്ന് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്ന പന്നിയെ നോക്കി ചെറു പുഞ്ചിരിയോടെ ജോണിക്കുട്ടി നിന്നു. പൊടിപ്പാറേലെ കുഞ്ഞൂഞ്ഞാണ് കഴിഞ്ഞ ദിവസം ജോണിയെ ഉപദേശിച്ചത്. കെണി വെച്ച് പന്നിയെ പിടിച്ച് ബന്ധപ്പെട്ടവരെ വിവരമറിയിക്കുക. അവര്‍ വന്ന് ശരിപ്പെടുത്തിക്കോളും. അമാന്തിച്ചു നിന്ന ജോണിക്കുട്ടിയെ വഴിക്കമത്തായിച്ചന്‍റെ കഥ പറഞ്ഞ് അയാള്‍ മൂപ്പിച്ചു. പലകുറി പറമ്പില്‍വന്ന് വിലസിയ കൊമ്പന്‍ ആളിച്ചിരി പ്രശ്നക്കാരനാണെന്ന് അറിഞ്ഞോണ്ട് തന്നെയാണ് കഴിഞ്ഞതവണ വന്നപ്പോള്‍ മത്തായിച്ചന്‍ പടക്കവുമായി ഒച്ചയുമിട്ട് കൈയ്യാലയിറങ്ങി ചെന്നത്. അനക്കമൊന്നും കേള്‍ക്കാത്തപ്പോള്‍ ആനവിരണ്ട് അക്കരെപ്പറ്റിയെന്നോര്‍ത്ത് തിരിഞ്ഞുപോരാന്‍ പോകുന്നപോക്കില്‍, പമ്മിനിന്ന കൊമ്പന്‍ പണിപറ്റിച്ചു; കൈയ്യാലമേലെ വെച്ച് മത്തായിച്ചനെ ഞെരിച്ചുവിട്ടു. ആനപ്പകയില്‍ തന്‍റെ മൂത്രസഞ്ചി പൊട്ടിപ്പോയെങ്കിലും പൊട്ടാത്ത വീര്യത്തോടെ സ്ട്രെക്ച്ചറില്‍ പൊന്തിനിന്ന് അക്കരെക്കാട്ടിലേക്ക് നോക്കി പല്ലിറുമ്മുന്നതും കൊമ്പനെ വെല്ലുവിളിക്കുന്നതും എണീറ്റുനടക്കാനുള്ള അയാളുടെ വിക്രസ്സുകള്‍ക്ക് ആക്കംകൂട്ടി.

മത്തായിവചനം കേട്ടപാതി കേള്‍ക്കാത്തപാതി ചാടിയിറങ്ങിയ ജോണി വേഗം തന്നെ കെണിക്കുള്ള പണി നോക്കി. അന്ന് രാത്രി അടുക്കളച്ചായ്പ്പില്‍ ഉറക്കമിളച്ചിരുന്ന ഭര്‍ത്താവിനെ നോക്കി അകത്തു നിന്ന ആലീസ് നെടുവീര്‍പ്പിട്ടു. അവള്‍ മടുപ്പ് പിടിച്ച് മുറിയിലേക്ക് പോവാന്‍ തുടങ്ങുമ്പോഴാണ് ശബ്ദം കേട്ടത്. ജോണി ഓടിച്ചെന്ന് നോക്കിയപ്പോള്‍ കുഴിക്കകത്ത് അവനുണ്ട്. നിന്ന നില്‍പ്പില്‍ ജോണി കൂകിയ കൂവല്‍ കേട്ട് കുഴിക്കകത്തു കിടന്ന പന്നി ഭയം മറന്ന് അതിശയത്തോടെ ജോണിയെ നോക്കി.

ഭാസിസാര്‍ വന്ന് പിന്നെയും ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ബന്ധപ്പെട്ടവര്‍ വന്നത്. നടപടികളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കി എല്ലാവരും പിരിഞ്ഞു. പന്നിയുടെ മരണ വെപ്രാളം കൊണ്ട് നിറഞ്ഞ കുഴി ജോണിയും സതീശനും അലക്സും ചേര്‍ന്ന് മണ്ണിട്ടു മൂടി.

"വൈകിട്ട് ചെറിയൊരു ചെലവൊണ്ട്. "

ദിവസങ്ങള്‍ക്കു ശേഷമാണ് ഇത്രയും തെളിച്ചത്തോടെ ജോണിയുടെ മുഖം കാണുന്നതെന്ന് മനസ്സില്‍ പറഞ്ഞ് സതീശനും അലക്സും നടന്നു.

ഭാസിസാര്‍ താന്‍ കണ്ടെത്തിയ രഹസ്യം അപ്പോഴും അവരോട് പറഞ്ഞിരുന്നില്ല.

4

താന്‍ നടത്തിയ ഒരന്വേഷണവും അത് രഹസ്യമായിട്ടായാലും പരസ്യമായിട്ടായാലും ശരി ഇന്നേവരെ പരാജയപ്പെട്ടിട്ടില്ല എന്നത് ഭാസിസാറിന്‍റെ മേലുള്ള വലിയൊരു ഉത്തരവാദിത്തമായിരുന്നു. അന്വേഷണങ്ങളുടെ അവസാനം കാണാതെ പിന്മാറാന്‍ അയാള്‍ക്കാവുമായിരുന്നില്ല. എന്തെങ്കിലുമൊരു കാരണമില്ലാതെ സംശയം ഉണ്ടാവുയില്ല. ആ കാരണം കണ്ടു പിടിക്കാനുള്ള സൂചനകള്‍ അതുമായി ബന്ധപ്പെട്ട വ്യക്തികളോ സ്ഥലമോ ശേഷിച്ചിരിക്കും എന്നതില്‍ തര്‍ക്കവുമില്ല. അനുഭവം തെളിയിച്ച വസ്തുതകളാണെല്ലാം.

ഭാസിസര്‍ ഒന്നു കൂടി ആലോചിച്ചു. ഓനമാപ്പിളയുടെ മരണവും ജോണിക്കുട്ടിയുടെ പെട്ടെന്നുണ്ടായ പന്നി വിരോധവും തമ്മില്‍ കൂട്ടിക്കെട്ടാനുള്ള സാഹചര്യമുണ്ടോ, സെക്കന്‍റുകള്‍ക്കുള്ളില്‍ത്തന്നെ ഉത്തരവും കിട്ടി. തീര്‍ച്ചയായും ഉണ്ട്. എങ്കില്‍ എന്തുകൊണ്ട് ഒരു കാരണമില്ല. ഓനമാപ്പിളയെ കാട്ടുപന്നി കുത്തിക്കൊന്നതാകാം. അതാവാം ജോണിക്കുട്ടിയെ വല്ലാതെ പ്രകോപിപ്പിക്കുന്നത്. അപ്പനെ കൊന്ന ജീവിവര്‍ഗ്ഗത്തോടുള്ള പകയാവാം അയാള്‍ക്ക്. പക്ഷെ അത് രഹസ്യമാക്കി വെക്കുന്നതെന്തിന്. എന്നാല്‍ അങ്ങനെയാവാന്‍ ഒരു സാധ്യതയുമില്ല താനും. മുറ്റത്ത് ഒരു തുള്ളി ചോര ഉണ്ടായിരുന്നില്ല. ഓനമാപ്പിളയെ കുളിപ്പിച്ച് ബേബിയോടും അന്വേഷിച്ചു. മാപ്പിളയുടെ തൊണ്ണൂറ്റിയഞ്ചിലും ഉടയാത്ത മസിലുകളെക്കുറിച്ചും നരച്ച് വേരറ്റു പോവാത്ത ഉശിരന്‍ രോമങ്ങളെക്കുറിച്ചുമല്ലാതെ അയാള്‍ മറ്റൊന്നും പറഞ്ഞില്ല. കുടിയേറ്റ കാലത്തുണ്ടായി അക്കാലത്തു തന്നെ കരിഞ്ഞ ചില മുറിവുകളുടെ അടയാളങ്ങള്‍ മാത്രമേ ആ ശരീരത്തില്‍ ഉണ്ടായിരുന്നുള്ളു.

ഭാസിസാര്‍ അലമാര തുറന്ന് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ തന്‍റെ ഡയറിക്കുറിപ്പുകള്‍ പുറത്തേക്കെടുത്തു. എല്ലാ വാതിലുകളുമടയുമ്പോഴാണ് അയാള്‍ തന്‍റെ ഡയറി അലമാരയുടെ വാതിലുകള്‍ തുറക്കുക. ഓരോ ദിവസവും നടക്കുന്ന കാര്യങ്ങള്‍ വളരെ വിശദമായിത്തന്നെ ഭാസിസാര്‍ എഴുതിവെക്കും. ആളുകളുടെ സംഭാഷണങ്ങള്‍ പോലും അതിലുണ്ടാവും. അതുകൊണ്ടു തന്നെ ഓരോ വര്‍ഷത്തേയും അനുഭവങ്ങള്‍ സമാഹരിക്കാന്‍ രണ്ടും മൂന്നും പുസ്തകങ്ങള്‍ വേണ്ടി വരാറുണ്ട് അയാള്‍ക്ക്. ജോണിയും ഓനാച്ചനും കടന്നു വരുന്ന പേജുകളിലൂടെ അയാള്‍ സൂക്ഷ്മമായി സഞ്ചരിച്ചു. ഒരുപാട് സംഭവങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കുമിടയില്‍ നിന്ന്, പരസ്പരം ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ചില കാര്യങ്ങള്‍ തെളിഞ്ഞു വന്നു. അവ പ്രത്യേകം എഴുതി ഒന്നിച്ചു വായിച്ചു നോക്കി.

വര്‍ഷങ്ങളുടെ ഇടവേളകളില്‍ പറഞ്ഞ ആ വാക്കുകള്‍ക്കിടയിലൂടെ, അതുവരെ വഴുതിക്കളിച്ച ഒരു സത്യം തന്‍റെ കണ്‍മുന്നില്‍ പതിയെ തെളിഞ്ഞു വരുന്നത് ഭാസിസാര്‍ മനസ്സിലാക്കി. അയാള്‍ ആവേശത്തോടെ സതീശനെ ഫോണില്‍ വിളിച്ചു.

"ടാ, ജോണിക്ക് ഈ അടുത്ത കാലത്തെങ്ങാനും പറമ്പീന്ന് കപ്പ പറിക്കാനൊത്താരുന്നോ? "

"എന്‍റെ സാറേ, ജോണിക്കുട്ടിയെന്നല്ല ഈ പരിസരത്തൊള്ള ഞങ്ങളാരും ഈ അടുത്ത കാലത്തൊന്നും സ്വന്തം പറമ്പിലെ ഒരു മൂട് കപ്പപോലും പറിച്ചിട്ടില്ല. എല്ലാം കുത്തിക്കളയുവല്ലേ പന്നീന്‍റെ മോന്‍മാര്"

സതീശന്‍റെ വലിയ വിശദീകരണങ്ങളൊന്നും കേള്‍ക്കാതെ ഭാസിസാര്‍ സന്തോഷത്തോടെ ഫോണ്‍ വെച്ചു. താന്‍ എഴുതിയ സംഭാഷണങ്ങളിലേക്ക് പിന്നേയും നോക്കി.

മൂന്ന് വര്‍ഷം മുന്‍പുള്ളത്.

"സാറേ, കൊറച്ച് നല്ല കപ്പ ഇടാവെന്ന് കരുതി. അപ്പന്‍ കഴിഞ്ഞയാഴ്ച പറയുവാ, പറമ്പേലൊണ്ടായ കപ്പ തിന്നാന്‍ കൊതിയാവുന്നെന്ന്"

മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍

"ഒറ്റയൊന്ന് പറക്കാനൊക്കത്തില്ല സാറേ, എല്ലാമൊന്ന് വേരു പിടിച്ചപ്പോഴേക്കും കുത്തിക്കളഞ്ഞു".

"പന്നീന്‍റെ മോന്‍മാരെക്കൊണ്ട് ജീവിക്കാനൊക്കത്തില്ല സാറേ, ഇത്തവണേം കപ്പയില്ല. "

"ഇത് ഞാന്‍ പറിക്കും സാറേ, കഴിഞ്ഞ തവണത്തെപ്പോലൊന്നുവല്ല."

"രണ്ട് വര്‍ഷമായി സാറേ, ഒറ്റമൂട് കപ്പപോലും പറിക്കാന്‍ പറ്റുന്നില്ല. "

"അപ്പന്‍ ഇന്നലേം പറഞ്ഞു, പറമ്പേലൊണ്ടാകുന്ന കൊറച്ച് കപ്പ തിന്നേച്ചും ചത്താലും വേണ്ടില്ലെന്ന്, എന്തോരം കൊത്തിക്കെളച്ചൊണ്ടാക്കിയ മനുഷ്യനാ സാറേ",

"അപ്പന് വയ്യാണ്ടായി വരുവാ, ഇത്തവണയെങ്കിലും ഒരു മൂട് കപ്പ പറിച്ച് പുഴുങ്ങി അപ്പന് കൊടുക്കണം. "

ഇത്രയും സംഭാഷണങ്ങള്‍ ഭംഗിയിലെഴുതിയ ചാര്‍ട്ട് പേപ്പറിനു താഴെ ഭാസിസാര്‍ ഓനാച്ചന്‍റെ മരണവാര്‍ത്ത കൂടി വെട്ടി ഒട്ടിച്ചു വെച്ചു. എന്നിട്ട് ഭദ്രമായി തന്‍റെ കുറ്റാന്വേഷണ ഫയലിലേക്ക് വെച്ചു. ശേഷം രാവിലെ തന്നെ സതീശനേയും അലക്സിനേയും വിവരമറിയിക്കണമെന്നും മനസ്സില്‍ ഉറപ്പിച്ച് സുഖമായി ഉറങ്ങി.

5

"കപ്പയൊക്കെ ഇപ്പം ആരാ കൊടുക്കുന്നേ. നമ്മക്ക് നല്ല പാലപ്പോം മട്ടനിഷ്ടും വെളമ്പാം".

ആലീസ് പറഞ്ഞ അഭിപ്രായം വകവെക്കാതെ ജോണിക്കുട്ടി പറമ്പിലേക്ക് നടന്നു. പണിക്കാര്‍ പിറകെ വന്നോളും. മൂന്നാലുദിവസം തോരാതെ പെയ്ത മഴ പറമ്പ് ചെളിക്കുണ്ടാക്കിയിരുന്നു. അപ്പന്‍റെ നാല്പതിന് അയല്‍ക്കാര്‍ക്ക് കപ്പ പുഴുങ്ങി വിളമ്പണമെന്ന് മുമ്പേ ഉറപ്പിച്ചതാണ്. അങ്ങനെയെങ്കിലും ആ പാവം കുഴിക്കകത്ത് സ്വസ്ഥതയോടെ കിടക്കട്ടെ. 

കപ്പയിട്ട പറമ്പിലേക്ക് കയറുന്ന കിഴക്കേ അതിരിലെത്തിയ ജോണിക്കുട്ടി ഒരടി മുന്നോട്ടു വെക്കാതെ അവിടെത്തന്നെ നിന്നു. പിന്നാലെ കപ്പ പറിക്കാന്‍ വന്ന പണിക്കാര്‍ തലക്കു കൈയ്യും കൊടുത്ത് ആ ചളിയില്‍ ഇരുന്നു പോയി.

തണ്ടും ഇലയും ചെളിയില്‍ പൊതിഞ്ഞു കിടന്നു. കിടങ്ങൊന്നും ശേഷിച്ചിരുന്നില്ല. ചിതറി, എടുക്കാന്‍ കൊള്ളാതെ ചളിയില്‍ പൂണ്ട് സര്‍വ്വവും.

"ഒന്നല്ല, കൂട്ടമായിട്ടാ കേറിയേ, കാല്പാടും കുത്തിമറിക്കലും കണ്ടാലറിയാം. "

"ഒരെണ്ണത്തെ കെണിവെച്ച് പിടിച്ചതു കൊണ്ടൊന്നും കാര്യമില്ല ജോണി, "

പണിക്കാര്‍ പറഞ്ഞതൊന്നും ജോണിക്കുട്ടി കേട്ടിരുന്നില്ല. അയാള്‍ തലേന്നു രാത്രി കൊതി തീരുവോളം തന്‍റെ പറമ്പില്‍ക്കിടന്ന് രസിച്ച കൂട്ടത്തില്‍പ്പെട്ടവന്‍റെ ചോരക്ക് കൂട്ടമായി വന്ന് കണക്കു തീര്‍ത്ത ഒരുപാട് കാല്പാടുകള്‍ക്കു നടുവിലേക്ക് തന്‍റെ കാലുകളും ഇറക്കി വെച്ചു.

കണക്കൊപ്പിച്ച് പറമ്പുമൊത്തം നടന്നു. ഒരു മൂട് കപ്പ പോലും ശേഷിക്കുന്നില്ലെന്ന് ഉറപ്പായപ്പോള്‍ കാല്പാട് വീണ ചളി രണ്ട് കൈകൊണ്ടും വാരിയെടുത്ത് ചുറ്റുമെറിയാന്‍ തുടങ്ങി.

അലക്സും സതീശനും പണിക്കാരും കൂടി ബലമായി പിടിച്ച് വീടിന്‍റെ വരാന്തയില്‍ കൊണ്ടിരുത്തിയ ആ ചളിക്കോലം കണ്ട് ആലീസ് വിതുമ്പിപ്പോയി.

"ഇക്കണ്ട ഭൂമി മൊത്തം വെട്ടിപ്പിടിച്ച ഓനമാപ്പിളയുടെ മോനാ ഞാനെങ്കി, ആ അപ്പന്‍റെ ആണ്ടിന് ഈ പറമ്പേലൊണ്ടായ ഒരു മൂട് കപ്പയെങ്കിലും പുഴുങ്ങി ഞാനീ നാട്ടുകാര്‍ക്ക് വെളമ്പിയിരിക്കും."

മുറ്റത്തിന്‍റെ അരികിലുള്ള പാതാളക്കിണറില്‍ നിന്നും പത്ത് തൊട്ടി വെള്ളം കോരി തലയിലൊഴിച്ച ശേഷം ജോണി അകത്തേക്കു കയറി.

അയാളുടെ പറമ്പിലെ കാല്പാടുകള്‍ അപ്പോഴും തെളിഞ്ഞിരുന്നു. 




ജിഷ്ണു കെ. നായര്‍
പാറക്കാട്ട് വീട്
പുല്‍പ്പള്ളി പി.ഒ
പുല്‍പ്പള്ളി, വയനാട്
9539877433
Tags:    
News Summary - story by Jishnu k nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.