ആശങ്കയോടെ ആദ്യ പറക്കൽ; ഒപ്പം വിരസതയും കൗതുകവും

ആ'ശങ്ക'യോടെ ആദ്യ പറക്കൽ; ഒപ്പം വിരസതയും കൗതുകവും

എവിടാ വീട്? ഇടുക്കീലാ! ഓ....അവ്ടൊക്കെ വള്ളീൽ തൂങ്ങിയല്ലേ നിങ്ങള് സ്കൂളീ പോണത്?? ഇടുക്കി ജില്ലക്കാർ പുറം ജില്ലകളിൽ പഠനത്തിനോ ജോലിക്കോ ചെന്നാൽ മറ്റുള്ളവർ പരിചയപ്പെട്ടാലുടനെ പുറപ്പെടുവിക്കുന്ന 'അസ്സഹനീയ'മായ ഈ ഡയലോഗിന് കാലങ്ങൾ പിന്നിട്ടിട്ടും ഒരു മാറ്റവുമില്ല. ഇടുക്കി ജില്ല ഒരു തവണ പോലും കാണാത്തവരാണ് ഈ ചോദ്യം ചോദിക്കുന്നതിൽ ബഹുഭൂരിപക്ഷവും എന്നതാണ് അതിെൻറ ഹൈലൈറ്റ്. പിന്നെ ഉള്ള ഒരു കാര്യം പറയാലോ. എത്ര പ്രായമായാലും ആകാശത്തൂടെ ഒരു വിമാനം ഇരമ്പുന്ന ഒച്ച കേട്ടാൽ അറിയാതെ തല പൊക്കി നോക്കുന്ന ഒരു ശീലം ഞങ്ങൾക്കുണ്ട്, അതിപ്പോ വീടിനകത്ത് കിടന്നുറങ്ങുേമ്പാഴാണേലും ഒന്നിറങ്ങി നോക്കാൻ തോന്നാറുണ്ട് എന്നത് സത്യമാണ്. തീവണ്ടി, കപ്പൽ ഇത്യാദി കാര്യങ്ങളൊന്നും മ്മടെ ജില്ലയിൽ ഇല്ലാത്തതിെൻറ ഒരു 'സൂക്കേടാ'ണത്. അങ്ങനെയുള്ള ഒരാള് ആദ്യായിട്ട് വിമാനത്തിൽ കയറാൻ ആഗ്രഹിക്കുന്നതും ഒടുവിൽ അത് യാഥാർഥ്യമാകാൻ പോകുന്നുവെന്നത് സ്ഥിരീകരിച്ച് ടിക്കറ്റ് കൈയിൽ കിട്ടിയതുമായ ആ മുഹൂർത്തം, ഹോ!!!!!!പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു ഫീലായിരുന്നു അത്.


യൂട്യൂബിലൊക്കെ പരതി പലതരം വിമാനങ്ങളും അതിലെ യാത്രകളുമൊക്കെ കുത്തിയിരുന്ന് കണ്ട് തീർത്തത് സിൽമകളിലൊക്കെ ചിലര് ആദ്യായിട്ട് വിമാനം കയറുേമ്പാൾ സംഭവിച്ച കോമഡികളോ അബദ്ധങ്ങളോ സംഭവിക്കാതിരിക്കാൻ വേണ്ടിയുള്ള 'കരുതൽ' കൂടിയായിരുന്നു. വിമാനത്തെ കുറിച്ച് 'സേർച്ചി'യതൊന്നും യാത്രക്ക് കൂടെയുള്ള ചങ്ക്സിനോട് പറയാൻ പോയില്ല. കൊച്ചിയിൽ നിന്ന്​ ബാംഗളൂരുവിലേക്കുള്ള വിമാനം റൺവേയിൽ ഞങ്ങളെ കാത്ത് കിടക്കുന്നത് വിമാനത്താവളത്തിനകത്ത് നിൽക്കുേമ്പാൾ തന്നെ മനസിൽ സങ്കൽപിച്ച് വിവിധ മനക്കോട്ടകൾ കെട്ടിയായിരുന്നു തയ്യാറെടുപ്പ്. ബന്ധുക്കളെയും ചില സുഹൃത്തുക്കളെയും യാത്രയാക്കാൻ മുമ്പും നിരവധി തവണ വന്ന എയർപോർട്ടാണെങ്കിലും ഇതുവരെ അതിനകത്തേക്ക് കയറാൻ പറ്റിയിട്ടില്ല എന്ന സങ്കടം ദാ ഇന്നിവിടെ പൂവണിയാൻ പോകുന്നു.

ഓരോ കോണിലും പോയി ചാഞ്ഞും ചരിഞ്ഞും കൂളിങ്​ ഗ്ലാസ് വെച്ചും വെക്കാതെയുമായി നിരവധി ഫോട്ടോകൾ ചറപറാന്ന് എടുത്തുകൊണ്ടാണ് പോക്കെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നെടുനീളൻ തോക്കും പിടിച്ച് പ്രവേശനകവാടത്തിൽ നിൽക്കുന്ന പട്ടാളക്കാരൻ ചേട്ടനു മുമ്പിൽ ടിക്കറ്റ് പരിശോധനക്കു കൊടുക്കുേമ്പാ അതീവ വിനയം നിറഞ്ഞതും പാവം തോന്നിക്കുന്നതുമായ മുഖഭാവം അങ്ങട് ഫിറ്റ് ചെയ്ത് പഞ്ചപുച്ചം അടക്കി നിലകൊണ്ടത് ഇന്നാലോചിക്കുേമ്പാ ചിരി വരും. മുഖം വല്യ ഗൗരവത്തിലൊക്കെ കാട്ടി ജാഡയിട്ടാൽ 'ആ, നീയൊന്നും പോവണ്ട, തിരിച്ചു വിട്ടോ' എന്നെങ്ങാനും പട്ടാളക്കാരൻ പറയുമോ എന്ന് പേടിച്ചായിരിക്കണം ഇല്ലാത്ത വിനയം പൗഡറിട്ട് കുട്ടപ്പനാക്കി പതപ്പിച്ചു നിന്നതിനു പിന്നിലെന്ന് 'പട്ടാളം പുരുഷു' അറിയുന്നില്ലല്ലോ. ചെക്കിങ്ങൊക്കെ കഴിഞ്ഞ് പതുപതുത്ത സെറ്റിയും എ.സിയുടെ തണുപ്പും നിറഞ്ഞ വിശാലമായ വെയ്റ്റിങ്​ ഏരിയയിലേക്കാണ്​ ഞങ്ങൾ എത്തിപ്പെട്ടത്. എന്താദ്?? പറഞ്ഞ് പറഞ്ഞ് സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം വിവരണം പോലെ ആയിപ്പോയോന്നൊരു സംശയം. ടോയ്​ലറ്റും ചൂടുവെള്ളവും തണുത്തവെള്ളവും കിട്ടുന്ന പൈപ്പുൾപ്പെടെ എന്തൊക്കെയോ സംവിധാനം ആ വലിയ ഹാളിനകത്ത് ഭംഗിയായി സജ്ജീകരിച്ചിട്ടുണ്ടായിരുന്നു.

ചെറിയ 'ശങ്ക' തോന്നിയെങ്കിലും നമുക്കറിയാത്ത സംവിധാനമൊക്കെ ആയിരിക്കും ആ ടോയ്ലറ്റിലുണ്ടാവുക എന്ന് വെറുതെ, ഒരു കാര്യവുമില്ലാതെ എെൻറ മനസ് എന്നോട് ഉരുവിട്ടു കൊണ്ടേയിരുന്നു. 'ഒന്നു ചുമ്മായിരിയെടാവേ' എന്ന് പറയണമെന്ന് കരുതി, പക്ഷേ അത് കൂടുതൽ കുഴപ്പമായി. ടോയ്ലറ്റിൽ കയറിയ ശേഷം ആരെങ്കിലും പുറത്ത് നിന്ന് കുറ്റിയിടുകയോ അല്ലെങ്കിൽ അകത്തുനിന്ന് തുറക്കാൻ പറ്റാതെ വരികയോ ചെയ്താലോ എന്നാണ് ഇപ്പോ എെൻറ മനസ് പറഞ്ഞുകൊണ്ടിരിക്കുന്നത്. മാത്രവുമല്ല, അറിയാത്തിടത്ത് വലിഞ്ഞുകയറി വല്ല മണ്ടത്തരവും പറ്റിയാൽ കൂടെയുള്ള രണ്ടു 'തൊരപ്പൻമാർ' മൂന്ന്​ ദിവസത്തെ ട്രിപ്പ് തീരും വരെ അതിട്ടു കുടഞ്ഞുകളിയാക്കി കൊണ്ടേയിരിക്കും, വേണ്ട 'ശങ്ക' തൽക്കാലം പിടിച്ചുവെക്കാം. ടിക്കറ്റിലും ഗൂഗ്ളിലും മാറി മാറി നോക്കി ഞാൻ സ്വയം ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. 55 മിനിറ്റ് കൊണ്ട് വിമാനം ബാംഗളൂരിലെത്തും. 'നീ എനിക്കിട്ട് പണി തരരുത്, ബ്ലീീീീീീസ്....' ദയനീയമായി അവൻമാർ കാണാതെ ഞാൻ വയറിൽ ഒന്ന് തടവി 'ശങ്ക'യെ പിടിച്ചുകെട്ടാൻ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. അല്ലേലും യാത്ര പോകുേമ്പാ നമുക്കെല്ലാവർക്കുമുള്ള സൂക്കേടാണ് ഈ 'ശങ്ക'. 'വെറുതെ മനുഷ്യനെ നാണം കെടുത്തല്ലേട്ടോ.. യീ......' ടോയ്ലറ്റ് ഏരിയ വരെ പോയി നോക്കി, കുറേ ആളുകൾ അവിടവിടായി കൂടി നിൽക്കുന്നുണ്ട്. തീർന്നു. 'ആശങ്ക' വന്നത് മേൽപ്പോട്ട് കയറിപ്പോയി. ഈ ആളുകൾ കൂടി നിൽക്കുേമ്പാ എനിക്ക് 'ശങ്ക' ഒന്നും ശരിയാകില്ല. ഇനി അകത്തു കയറി ഇരുന്നാലോ, ഉടനെ പുറത്തൂന്ന് ആരേലും വന്ന് വാതിലിൽ മുട്ടാനും തുടങ്ങും. പതിയെ സ്കൂട്ട് ആയേക്കാം, മൊബൈൽ ഓൺ ആക്കി തിരക്ക് അഭിനയിച്ച് പതിയെ പുറത്തെ സീറ്റിലേക്ക് പോയി കുഷ്യനിൽ അമർന്നിരുന്നു.


മൊബൈലിെൻറ വാൾപേപ്പറിൽ ഒരു വയസുള്ള എെൻറ കുഞ്ഞിെൻറ പടം എന്നെ നോക്കി ചിരിക്കുന്നു. പെട്ടന്ന് എനിക്ക് വീടും കുടുംബവും എല്ലാം മിസ് ചെയ്യാൻ തുടങ്ങി. 'ഹൗ ഡാർക്'. രണ്ട്​ മണിക്കൂർ മുമ്പാണ് വീട്ടിൽ വന്നത്. തൊട്ടടുത്ത് ഇരിക്കണവൻമാരോട് ഇത് വല്ലോം പറയാൻ പറ്റുവോ. കൂട്ടത്തിൽ കല്യാണം കഴിഞ്ഞത് ഞാൻ മാത്രമാണല്ലോ. ഞാനാണെങ്കിൽ കല്യാണം കഴിയുന്നതിനു മുമ്പും ഇങ്ങനെ തന്ന്യാ. ദൂരെ എവിടേലും പോകാൻ നേരത്തുള്ള പ്രധാന പ്രശ്നമാണ് ഈ 'ബല്ലാത്ത' ഗൃഹാതുരത. ദൂരെ എവിടേലും ആയിരിക്കവേ മുന്നിലെ റോഡിലൂടെ നമ്മുടെ നാട്ടിലേക്കുള്ള ബോർഡ് വെച്ച ബസ് പോകുമ്പോ തോന്നുന്ന ഒരു ഫീലൊക്കെ വല്ലാത്ത ഒന്നാണ്... വീട്ടിലെ നമ്മുടെ ഇഷ്ട മുറി, ആ ഒരു സ്പേസ്, സൗഹൃദം അങ്ങിനെ പലർക്കും പല തരത്തിലാകും ഈ മിസിങ്​ അനുഭവപ്പെടുക. ചിലർക്ക് എത്ര അകലെ ആണെങ്കിലും, എത്ര ദിവസം വീട്ടിൽ നിന്ന്​ മാറി നിന്നാലും പ്രത്യേകിച്ച് ഒന്നും തോന്നില്ല. അങ്ങിനെയുള്ളവരെയും കണ്ടിട്ടുണ്ട്...വീണിടം വിഷ്ണു ലോകം എന്ന ടൈപ്പ് ചിലർ. ചില ദിവസം ഡ്യൂട്ടി ഒക്കെ കഴിഞ്ഞ് റൂമിൽ ഇരിക്കുന്ന സമയം, പിറ്റേന്ന് ഒരിക്കലും ലീവ് കിട്ടാൻ സാധ്യതയില്ലാത്ത ദിവസം വീട് മിസ്സ് ചെയ്യുന്ന ചിലരുണ്ട്.. എങ്ങനേലും ഒന്ന് വീടെത്തിയിരുന്നെങ്കിൽ എന്നൊക്കെ തോന്നും. പക്ഷേ പോകാൻ പറ്റത്തില്ല എന്ന യാഥാർഥ്യം തൊട്ടടുത്ത നിമിഷം ഒരു തീക്കനൽ പോലെ വേട്ടയാടുന്ന, പൊള്ളിക്കുന്ന ആ നിമിഷമുണ്ടല്ലോ ഹെൻെറ മോനേ... വീട്ടിൽ നിന്ന് വന്ന് പോകാവുന്നിടത്ത് ജോലി ചെയ്യുന്ന ഒരാൾക്ക് ഒരിക്കലും മനസിലാകാത്ത ഒന്നാണ് ആ നീറ്റൽ.. രാത്രിയാകുമ്പോൾ വല്ലാത്തൊരു വേദനകൊണ്ട് കരയാനൊക്കെ തോന്നും. മൂക്കിനു താഴെ മീശയും വെച്ച് കിടന്നു മോങ്ങുന്നത് ആരേലും കണ്ടാൽ നാണക്കേടല്ലേ. ചിലപ്പോഴൊക്കെ ഇരുട്ടിനാണ് ഭംഗി, ഇരുണ്ടതിനാണ് തെളിച്ചം എന്നൊക്കെ തോന്നുന്ന ആ സമയമുണ്ടല്ലോ, അതനുഭവിച്ച് തന്നെ അറിയണം.


എന്തോ ഒരു അനൗൺസ്മെൻറിനു പിന്നാലെ എല്ലാവരും എണീറ്റ് നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ എെൻറ ഓർമകളും മിസിങ്ങും 'ശങ്ക'യും എല്ലാം അവിടെ മാറ്റി നിർത്തി എഴുന്നേറ്റു. വിമാനത്തിലേക്ക് കയറും മുമ്പുള്ള അവസാന ചെക്കിങ്​ ക്യൂവിലാണ് ആ നടപ്പ് എത്തിയത്. ആകപ്പാടെ കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചുകയറിയ ഓർമ മാത്രമുള്ള ഞങ്ങൾ ഇവിടേം വരിയുടെ മുന്നിലേക്ക് എത്താൻ വെറുതെ ശ്രമിച്ചു. തിക്കിത്തിരക്കി മുന്നേറാൻ തുടങ്ങുന്നതിനിടെ ഒരു സ്ത്രീ ഞങ്ങളുടെ നേരെ തിരിഞ്ഞ് ഹിന്ദിയിൽ എന്തൊക്കെയോ പറയാൻ തുടങ്ങി. 'തിക്കിക്കൂട്ടി ഇതെങ്ങോട്ടാ, ഞങ്ങളും വിമാനത്തിൽ കയറാൻ ഉള്ളവര് തന്നെയാ, ഒന്നടങ്ങി നിന്നാൽ നന്നായിരുന്നു' ഏതാണ്ട് ഇങ്ങനെ അവരുടെ ഹിന്ദിയെ മലയാളീകരിക്കാം. 'എെൻറ ഹിന്ദിവാലാ പൊന്നമ്മച്ചീ, ഞങ്ങക്ക് പോയിട്ട് കുറച്ച് ധൃതിയുണ്ട്, അതാ തിക്കിത്തിരക്കിയത്' എന്നൊന്നും അവരോട് ഹിന്ദിയിൽ പറയാൻ കൂട്ടത്തിൽ 'സാക്ഷരത' പഠിച്ച ഒരുത്തനും ഞങ്ങടെ കൂടെയില്ലല്ലോ. എത്ര കണ്ടാലും മതി വരാത്ത അത്​ഭുതങ്ങളിൽ ഇപ്പോഴും മുൻപന്തിയിൽ ആണ് തീവണ്ടിയും വിമാനവുമെന്നും അതിനാൽ ഏറ്റവുമാദ്യം വിമാനത്തിൽ കയറണമെന്നും ഇവരോട് എങ്ങനെ പറഞ്ഞു മനസിലാക്കാനാണ്. അങ്ങിനെ ആദ്യമായി വിമാനത്തിന് തൊട്ടടുത്ത് എത്തിയിരിക്കുന്നു. പണ്ട് സ്കൂളിൽ പഠിച്ച അന്ധൻ ആനയെ വർണിക്കുന്ന സീനിലെ പോലെ ഓടി നടന്ന് വിമാനത്തിെൻറ എല്ലായിടവും തൊട്ടു നോക്കണമെന്നൊക്കെ ഉണ്ടായിരുന്നു. അല്പം മുമ്പ് ക്യൂവിൽ 'വെറുതെ ഒടക്ക്‌' ഇട്ട ആ ഹിന്ദിക്കാരി അമ്മൂമ്മ തൊട്ടടുത്തുള്ളതിനാൽ ഭവ്യതയോടെ ഗോവണികൾ കയറിക്കൊണ്ടിരുന്നു. കോണിപ്പടി കയറി മുകളിലെത്താറായപ്പോ പതിയെ സൈഡിലേക്ക് ഒതുങ്ങി നിന്ന് മൊബൈൽ കയ്യിലെടുത്തു. പിന്നെ തുരുതുരാ വിമാനം പശ്ചാത്തലത്തിൽ കിട്ടുന്ന വിധം സെൽഫി ഫ്ലാഷ് മിന്നിത്തുടങ്ങി.


വാതിൽക്കൽ ചൈനീസ് മുഖമുള്ള എയർേഹാസ്റ്റസ് ഞങ്ങൾക്കുനേരെ കൈകൂപ്പി നിൽപ്പുണ്ടായിരുന്നു. ഇനി ഇവർക്ക് വല്ല ടിപ്പും കൊടുക്കണ്ടി വരുമോ എന്നാണ് ഞാൻ ആലോചിച്ചത്. 'വിമാനത്തിലെ ആചാരമൊന്നും ഞങ്ങൾക്കറിയില്ലല്ലോ, അതുകൊണ്ട് ടിപ്പൊന്നും ചോദിക്കില്ലായിരിക്കും'. വിൻഡോ സീറ്റ് കിട്ടണമെന്ന ആഗ്രഹത്തിനുമേൽ കരിനിഴലായി മൂന്നുനിര സീറ്റിലെ നടുവിലെ സീറ്റിലേക്കാണ് എയർഹോസ്റ്റസ് കൈ ചൂണ്ടിയത്. കൂട്ടത്തിലുള്ളവര് തന്നെയാണ് അപ്പുറെയും ഇപ്പുറെയും എന്നതിനാൽ ഇടക്കിടക്ക് വിൻഡോ സീറ്റിലിരിക്കാൻ പറ്റിയെന്നത് വേറെ കാര്യം. ഞങ്ങള് മൂന്നുപേരും മാത്രമാണ് ആദ്യമായി വിമാനത്തിൽ സഞ്ചരിക്കുന്ന യാത്രികർ എന്ന് ഞങ്ങൾക്ക് തന്നെ അൽപം കഴിഞ്ഞ് മനസിലായി. കാരണം ഞങ്ങൾ മാത്രമാണ് ഉറക്കെ സംസാരിക്കുകയും ചിരിക്കുകയും ചെയ്തുകൊണ്ട് സെൽഫികൾ എടുത്തു മതിവരാത്തവരായി ആ വിമാനത്തിൽ അവശേഷിച്ചത്. വിമാനത്താവളത്തിലെ 'ആശങ്ക' വീണ്ടും അടിവയറ്റിൽ നിന്ന് താഴേക്കിറങ്ങി ഇറങ്ങി വരുന്നതുപോലെ, വിൻഡോ സീറ്റിൽ ചരിഞ്ഞിരുന്ന് ഒരു ഫോട്ടോ എടുക്കവേ എനിക്ക് മനസിലായിത്തുടങ്ങി. മുന്നിൽ നിന്ന് ഏതാണ്ട് അഞ്ചാമത്തെ വരിയിലാണ് ഞങ്ങളിരിക്കുന്നയിടം. ടോയ്ലറ്റ് ഏറ്റവും മുന്നിലുണ്ടെന്ന് ഇടക്കിടക്ക് ഓരോരുത്തർ എണീറ്റു പോകുന്നത് കണ്ട് മനസിലായെങ്കിലും എനിക്ക് ആകെയൊരു വൈക്ലബ്യവും പേടിയും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു. വൈക്ലബ്യം വന്നത് വിമാനത്തിലെ മുഴുവൻ ആളുകൾക്കും കാണാൻ പാകത്തിനു മുന്നിൽ കൊണ്ടുവെച്ച ടോയ്ലറ്റിലേക്ക് പോകാനുള്ള മടിമൂലമായിരുന്നു. പേടി തോന്നിയതാകട്ടെ, പരിഭ്രമത്താൽ ടോയ്ലറ്റിെൻറ വാതിൽ തുറക്കാതെ വരികയോ, അല്ലെങ്കിൽ ടോയ്ലറ്റിനു പകരം വിമാനത്തിെൻറ കോക്പിറ്റ് വാതിലെങ്ങാനും വലിച്ചുതുറക്കാൻ നോക്കി ഉച്ചത്തിൽ അലാറമെങ്ങാനുമടിച്ച് വിമാനജീവനക്കാരെല്ലാം ഓടിക്കൂടി ആകെ നാണക്കേടായാലോ എന്നോർത്തുമായിരുന്നു. ഇല്ല, ഞാൻ ഇത് അതിജീവിക്കുക തന്നെ ചെയ്യും. ഇനി ഏതാണ്ട് അരമണിക്കൂർ സമയം മതി വിമാനം ലാൻറ് ചെയ്യാൻ. ഒരു കാര്യം ചെയ്യാം, കണ്ണ് മുറുക്കെയടച്ച് മിണ്ടാതെ ഇരിക്കാം. മുറുകി വരുന്ന വയർവേദന കണക്കുകൂട്ടലുകളൊക്കെ തെറ്റിക്കുമെന്ന് കരുതിയെങ്കിലും എെൻറ ഭാഗ്യത്തിന് വിമാനമിറങ്ങും വരെ പ്രശ്നമുണ്ടായില്ല.


ബംഗളൂരുവിലിറങ്ങിക്കഴിഞ്ഞ് എയർപോർട്ടിലൂടെ നടക്കവേയാണ് വിമാനത്തിലെ യാത്രയെ കുറിച്ച് ഞാൻ ആലോചിക്കുന്നത്. വിമാനം പുറമെ നിന്ന് കാണുമ്പോ അടിപൊളി ആണെന്ന് ഒക്കെ തോന്നും. പക്ഷേ അതിനകത്ത് കേറി യാത്ര ചെയ്താൽ മാത്രമേ ഇത് പോലെ വിരസത നിറഞ്ഞ ഒരു വാഹനം ലോകത്ത് വേറെ ഉണ്ടാകില്ല എന്ന് എനിക്ക് മനസിലായത് വയറുവേദന വന്നതുകൊണ്ട് മാത്രമായിരുന്നില്ല. യാന്ത്രികമായ രീതികളും ചലനങ്ങളും അല്ലാതെ ഒരു വിമാനത്തിൽ മറ്റെന്താണ് ഉള്ളത്? എയർ ഹോസ്റ്റസുമാരുൾപ്പെടെ സകലതും കൃത്രിമമായ നിർമിതികൾ മാത്രമാണെന്ന് മനസിലാകണമെങ്കിൽ ട്രയിനിലോ , തിരക്കുള്ള ബസിലോ സഞ്ചരിക്കണം. വിമാനത്തിൽ എല്ലാവരും കയറിയശേഷം മുന്നിൽ നിന്ന് ഒരു എയർഹോസ്റ്റസ് സീറ്റ് ബെൽറ്റ് ധരിക്കേണ്ടതുൾപ്പെടെയുള്ള സേഫ്റ്റി വിവരങ്ങൾ അവതരിപ്പിക്കുന്നത് ആദ്യ യാത്രയിൽ മാത്രമേ ഏത് യാത്രികനും ശ്രദ്ധിക്കൂ എന്നാണ് എനിക്ക് തോന്നുന്നത്. തോന്നും പോലെ എണീറ്റ് നടക്കാനൊന്നും വിമാനത്തിൽ നടക്കില്ലല്ലോ. വിമാനത്തിനകത്ത് കയറിയാൽ പിന്നെ പുറം ലോകവുമായി ഒരു ബന്ധവുമില്ല. ഒരു കസേരയിൽ കെട്ടി വെച്ച പോലെ ഇങ്ങനെ ഇരിക്കാമെന്നല്ലാതെ മറ്റൊന്നും അതിൽ അനുഭവവേദ്യമായതില്ല താനും. ഇടക്ക് മേഘക്കൂട്ടങ്ങൾ കാണാമെന്ന് മാത്രം, പക്ഷേ അതൊക്കെ ആദ്യ വിമാന യാത്രയിൽ മാത്രം തോന്നുന്ന കൗതുകമാണ്. ബസിലോ ട്രയിനിലോ ഉള്ള പോലെ പുറംകാഴ്ചകളോ, നാടുകളോ ഒന്നും അറിയാനാകാത്ത വിരസതയുടെ അങ്ങേയറ്റമായ ചില മണിക്കൂറുകൾ മാത്രമാണ് വിമാനത്തിനകത്തെ യാത്ര. അതിനുശേഷവും വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ ഈ അതി ഭീകരമായ 'വിരസത' എനിക്കനുഭവപ്പെടുകയുണ്ടായി. ആദ്യ യാത്രയിലെ 'ആശങ്ക' കൊണ്ടല്ല വിരസത എന്ന് അതോടെ ഞാൻ ഊട്ടിയുറപ്പിച്ചു.


വിമാനത്തിനകത്ത് കുറേ സെൽഫികളെടുത്ത് മതിമറന്നിരുന്നെങ്കിലും പോയ ഇടങ്ങളൊക്കെ പൂർണമായും കണ്ണുതുറന്ന് തന്നെ ആസ്വദിക്കാനായത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം. ഇപ്പോ പലരും യാത്രപോകുന്നത് കാഴ്ച കാണാൻ തന്നെയാണോ എന്ന് തോന്നിപ്പോകും. മൊബൈൽ ഫോൺ പോലെയുള്ള വസ്തു പോക്കറ്റിൽ നിന്നും എടുക്കാതെയുള്ള യാത്രകൾ തന്നെയാണ് ഏറ്റവും രസകരം. നമ്മളവിടെ ചെന്നിരുന്നു എന്ന തെളിവ് അവശേഷിപ്പിക്കാനും കാലങ്ങൾ കഴിഞ്ഞ് ഓർമ പുതുക്കാനും വേണ്ടി മാത്രമാകണം ഫോട്ടോകൾക്കായി മൊബൈൽ ഫോൺ തുറക്കേണ്ടത്. മഴ നനഞ്ഞും, വെയിൽ കാഞ്ഞും, തിരക്കുനിറഞ്ഞ വഴികൾ മറികടന്നും കഴിക്കാൻ തോന്നുന്നതെന്തും ആസ്വദിച്ച് കഴിക്കാനും, പോയ ഇടങ്ങളിൽ നമ്മുടേതായ ഓർമകൾ കൊളുത്തി വെച്ചതുമായ എെൻറ പ്രിയ യാത്രകളെയും സൗഹൃദങ്ങെളെയുമാണ് ഈ കൊറോണക്കാലത്ത് ഒരു സുന്ദര സ്വപ്നമെന്നോണം ആരുമറിയാതെ ഞാൻ താലോലിക്കുന്നത്. സ്വയം സൃഷ്ടിച്ച അദൃശ്യമായൊരു കംഫർട്ട് സോണിൽ നിന്നും പുറത്ത് കടക്കുവാനുള്ള എളുപ്പവഴികൾ തന്നെയാണ് യാത്രകൾ.

Tags:    
News Summary - First flight with ‘anxiety’; And boredom and curiosity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.