കള്ളനെ വരയ്ക്കുമ്പോൾ കൊടുക്കുന്ന നിറം

ള്ളനും പൊലീസും കളിയിൽ

ഞാനായിരുന്നു എന്നും കള്ളൻ.

ഒട്ടിയ വയറും

ഇരുണ്ട നിറവും

എണ്ണ തൊടാത്ത ചുരുണ്ട മുടിയും

എന്‍റെ 'കളളലക്ഷണ'ങ്ങളായി

കൂടെയുള്ളവർ കണ്ടു.



എത്ര ഒളിപ്പിച്ചാലും

ഞാനാണ് കള്ളൻ എന്ന്

എന്‍റെ ഉരുണ്ട കണ്ണുകൾ

വിളിച്ചുപറഞ്ഞിരുന്നത്രെ!

ഒളിച്ചുകളിക്കുമ്പോൾ

എത്ര തവണ ചോദിച്ചിട്ടും

എനിക്കവസരം കിട്ടിയില്ല

എത്ര നേരം ഒളിച്ചാലും

എന്നെ ആരും തിരഞ്ഞില്ല

തൊട്ടുകളിക്കുമ്പോൾ

എന്നെ കൂട്ടിത്തൊട്ടതേയില്ല

ചിത്രം വരയ്ക്കുമ്പോൾ

എന്നെ ആവോളം കറുപ്പിച്ചു

പന്തെറിയുമ്പോൾ

എനിക്ക് ഉന്നം തെറ്റി

പട്ടം പറത്തുമ്പോൾ

ഞാൻ കെട്ടിക്കുടുങ്ങി.



പിന്നെ പിന്നെ

കൂട്ടത്തിലാവുമ്പോഴും

ഒറ്റക്കാവുമ്പോഴും

എന്നെക്കൊണ്ടാവും വിധം

എന്നിൽ ഞാനൊളിച്ചിരുന്നു.

അക്ഷരങ്ങളിലും

അക്കങ്ങളിലും

ഞാനെന്നെ പൂട്ടിയിട്ടു.



കാലത്തിന്‍റെ പുറംചട്ട കീറി

തുന്നഴിഞ്ഞ ജീവിതങ്ങളിൽ നിന്ന്

കാടുപിടിച്ചതും ചേറുപുരണ്ടതുമായ

ഏടുകളെ കണ്ടെടുത്തപ്പോൾ

എന്‍റെ പോലെ ചിലരെ കണ്ടു.

നാടെന്നോ കാടെന്നോ

വെട്ടിത്തിരിക്കാതെ

കൂട്ടം കൂട്ടമായി

വേട്ടയാടി നടന്ന അവർക്ക്

എന്‍റെ പോലെ ചുരുണ്ട മുടിയായിരുന്നു

വിത്തും കൈക്കോട്ടും കൊണ്ട്

പാടങ്ങളിലേക്ക് പെറ്റുവീണ

അനേകം പേർക്ക്

എന്‍റെ പോലെ ഒട്ടിയ വയറായിരുന്നു

പകലിനെ ഉണർത്തിയവർക്കും

ഉറക്കിയവർക്കും

എന്‍റെ പോലെ ഇരുണ്ട നിറമായിരുന്നു

അവർക്കെല്ലാം

എത്ര അരിഞ്ഞാലും

മുളക്കുന്ന നാക്കായിരുന്നു

വീശിയടിച്ചിട്ടും

കലങ്ങാത്ത കണ്ണായിരുന്നു

ആഞ്ഞ് ചവിട്ടിയിട്ടും

നീലിക്കാത്ത തൊലിയായിരുന്നു

എറിഞ്ഞ് വീഴ്ത്തിയിട്ടും

ഉടയാത്ത ഉടലായിരുന്നു.

ഇന്നെന്‍റെ കയ്യിലെ വാക്കുകൊണ്ട്

അവർക്ക് പേരിടണം

വരികൊണ്ട് അവരെ എഴുതണം

പലനിറങ്ങളിൽ അവരെ വരയണം

ചന്തത്തിലെനിക്കൊരുങ്ങണം

പരുന്തിനെപ്പോലെ പറക്കണം

പന്തം പോലെ പടരണം

ഒറ്റക്കൊരാൾക്കൂട്ടമാകണം.

Tags:    
News Summary - kallane varaykkan kodukkunna niram poem by priya nv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.