ജോസ് കെ മാണിയെ യുഡിഎഫിൽ നിന്ന് പുറത്താക്കി എന്ന വാർത്ത കേട്ട ഇട്ടിപ്പാപ്പൻ തൻെറ സർവ്വ അവശതയും മറന്ന് കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റു. ചരിത്രവും രാഷ്ട്രീയവും ബാധിച്ച് ഇങ്ങനെ ചാടിയെഴുന്നേൽക്കുകയും ഛർദ്ദിക്കുകയും ചെയ്ത തൻെറ മുൻഗാമികളെയോ സമകാലികരേയോ തീരെ പരിചയമില്ലെങ്കിലും, അവരെ ഓർമിപ്പിക്കും വിധം, അയാൾ വിറച്ചുകൊണ്ട് നിവർന്നു നിന്നു. ഉച്ചയൂണ് കഴിഞ്ഞ് പതിവുള്ള മയക്കത്തിനിടയ്ക്ക് ഒന്ന് ഞെട്ടിയുണർന്നപ്പോഴാണ് മുഴങ്ങുന്ന ആണൊച്ച ടി.വി യിൽ നിന്ന് കേട്ടത്. തൊട്ടടുത്തിരിക്കുന്നവർ കേൾക്കാത്തതും, മറ്റു ശബ്ദങ്ങളാൽ മറയ്ക്കപ്പെടുന്നതുമായ ഒച്ചപ്പാടുകൾ പെട്ടന്നു പിടിച്ചെടുക്കാനുള്ള കഴിവ് ഈ പ്രായത്തിലും ഇട്ടിപ്പാപ്പനുണ്ട്.
- "അതിനു മാത്രം തണ്ടെല്ലൊറപ്പുള്ള ഏതവനാ ആ മുന്നണിക്കകത്തൊള്ളേ... " ആക്രോശിച്ചുകൊണ്ട് സ്വീകരണമുറിയിലേക്കു വന്ന ഇട്ടിപ്പാപ്പനെ കണ്ട്, അതിലും വലിയ അരിശത്തിലിരുന്ന പലിശക്കാരൻ കുര്യച്ചൻ വിരണ്ടുപോയി. ഇട്ടിപ്പാപ്പന്റെ മകൻ ബാബുവിന്റെയും അവന്റെ ഭാര്യ ആനിയുടെയും അതുവരെ നിസ്സഹായത മുറ്റി നിന്ന മുഖത്ത് അമ്പരപ്പ് പടർന്നു. അവരുടെ മക്കളായ ടോണിയുടെയും ടോളിയുടെയും പേടികൂടി. അതുവരെ ഇടക്കും തലക്കും തൻെറ മുഴുത്ത നെഞ്ചിലേക്കു വന്നു കൊണ്ടിരുന്ന കുര്യച്ചൻെറ ഇരുണ്ട കണ്ണുകളിൽ പടർന്ന പകപ്പ് ആ ഭയത്തിനിടയിലും ടോളി ആസ്വദിച്ചു.
ഇട്ടിപ്പാപ്പൻ വളരെ ശ്രമപ്പെട്ട് ടി.വിക്കു മുന്നിൽ ഇരുന്നു. സത്യം പറഞ്ഞാൽ വലിയ ശബ്ദത്തിൽ ടി.വി. ഓണായിക്കിടന്ന കാര്യം അപ്പോഴാണ് ബാക്കിയുള്ളവർ ശ്രദ്ധിച്ചത്. അതുവരെ ചാനൽ അവതാരകനോട് മത്സരിക്കും വിധം കുര്യച്ചൻ ഒച്ച വെച്ചു കൊണ്ടിരുന്നത് തന്നെ കാരണം.
"അടുത്ത ദിവസം കാശ് വീട്ടിലെത്തണം.'
അമ്പരപ്പ് തെല്ലൊന്നടങ്ങിയപ്പോൾ അത്രമാത്രം പറഞ്ഞ് കുര്യച്ചൻ ഇറങ്ങാൻ ഭാവിച്ചു. അതിനിടയിൽ അയാൾ ഒരിക്കൽ കൂടി തൻെറ നെഞ്ചുഴിഞ്ഞുകൊണ്ട് ടോളിക്കൊച്ചിനെ നോക്കി.
"കുര്യച്ചാ..അത്.
ബാബു ഒഴിവുകഴിവു പറഞ്ഞു തീരും മുൻപേ അയാൾ ഇറങ്ങി നടന്നിരുന്നു. "അപ്പനിതെന്നാ പണിയാ കാണിച്ചേ?'
ആനി ഇട്ടിപ്പാപ്പൻെറ നേർക്ക് തിരിഞ്ഞു.
"അപ്പാപ്പൻ വന്നത് നന്നായി. അല്ലേൽ അയാളിപ്പളൊന്നും പോവത്തില്ലായിരുന്നു.' ടോളി പറഞ്ഞത് ശരിയാണെന്ന് ബാബുവിനും തോന്നി.ഇട്ടിപ്പാപ്പൻ അപ്പോഴും മുറുമുറുത്തു കൊണ്ട് ടി.വിയിൽ മാത്രം നോക്കിയിരുന്നു. ബാബുവിന് ഈ വാർത്തകളിലുള്ള താല്പര്യം നഷ്ടപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞിരുന്നു. ചെയ്ത കൃഷികളിൽ പലതിലും തോൽക്കുകയും അഥവാ ജയിച്ചു മാർക്കറ്റിൽ ചെന്നാൽ മുടക്കു മുതൽ പോലും തിരിച്ചു കിട്ടാത്ത അവസ്ഥ വരികയും ചെയ്തതോടെ അയാൾ മറ്റെല്ലാം ഉപേക്ഷിച്ച് പലിശക്കാരുടെ വീട് കയറിയിറങ്ങുന്നതിലും എങ്ങനെയെങ്കിലും പിള്ളരെ പഠിപ്പിച്ച് ഒരു നിലയിലെത്തിക്കുന്നതിലും മാത്രമായി ശ്രദ്ധ ഒതുക്കി. ലോണെടുത്തു വാങ്ങിച്ച ഒരു ജീപ്പ് ഓട്ടമില്ലാതെ മുറ്റത്ത് കിടക്കുന്നു. ലോക്ക്ഡൗൺ കാലത്തും കുര്യച്ചനെപ്പോലുള്ളവർ വീട്ടിൽ കയറി വഴക്ക് പറയുന്നു.
ഇട്ടിപ്പാപ്പൻ അന്ന് വൈകുന്നേരം വരെ ടി.വിക്ക് മുന്നിൽ ഇരുന്നതുകണ്ട് ബാബു ഒഴികെയുള്ളവരെല്ലാവരും അത്ഭുതപ്പെട്ടു. കപ്പക്കൂടങ്ങൾക്കിടയിലിരുന്ന് തണ്ടുകൾക്കു താഴെ കിളിർത്തുവന്ന തൊട്ടാവാടിച്ചെടികൾ പറിച്ചു കളയുമ്പോഴും, "അപ്പനിന്ന് വൈകീട്ട് കവലയിലേക്കിറങ്ങി ഏതെങ്കിലും കോൺഗ്രസുകാരനെ കൈവെക്കല്ലേ എന്റെ കർത്താവേ..' എന്ന് അയാൾ മനസ്സിൽ പ്രാർത്ഥിച്ചു. ഒരു വീടപ്പുറമുള്ള വീരരാഘവപ്പിള്ളയെ മുറ്റത്തു കണ്ടപ്പോൾ അയാൾ ചെറുതായൊന്ന് ഞെട്ടി, പിള്ള പഴയൊരു കോൺഗ്രസ്സുകാരനാണ്, പി.ടി ചാക്കോയ്ക്കും കേരള കോൺഗ്രസിനും എതിരായി നിന്ന കോൺഗ്രസ്സുകാരിൽ ഈ പ്രദേശത്തെ പ്രമുഖൻ. പിന്നെ ഐ ഗ്രൂപ്പായി. ഡി.ഐ.സി ആയി.കരുണാകരൻ മരിച്ച അന്ന് പൊതുപ്രവർത്തനം അവസാനിപ്പിച്ചു. പിള്ളയുടെ കഷണ്ടി നോക്കി, മുളപൊട്ടിത്തുടങ്ങിയ കുപ്പത്തണ്ടിൻെറ അടിയിലേക്ക് കൈകൊണ്ടുപോയ ബാബുവിന്റെ നാടുവിരലറ്റത്തു നിന്ന് ഒരു ചോരത്തുള്ളി ഒലിച്ചു. അയാൾ ആ കുടും ചുവപ്പിനെ ഒറ്റ ഈമ്പലിന് വറ്റിച്ചു.
അന്നു രാതി ഇട്ടിപ്പാപ്പൻ അത്താഴം കഴിച്ചില്ല. അയാൾക്ക് എന്താണ് പറ്റിയതെന്നും, എന്തിനാണ് ഇങ്ങനെ വാർത്തയും കണ്ടു കൊണ്ടിരിക്കുന്നതെന്നും ടോളിക്കും ടോണിക്കും മനസിലായില്ല. അവർ ആരോടും ചോദിച്ചതുമില്ല.
പിറ്റേന്ന് കാലത്ത് ബാബു ഭയന്നതു തന്നെ സംഭവിച്ചു. പിള്ളയുടെ മുറ്റത്തു കിടന്ന് തെറിപ്പൂരം നടത്തിക്കൊണ്ടിരുന്ന ഇട്ടിപ്പാപ്പൻ പിള്ളരു സെറ്റിൻെറ വാട്സപ്പിലും, ഫെയ്സ്ബു ക്കിലും നിറഞ്ഞു. നേരാംവണ്ണം നടക്കാൻ പാങ്ങില്ലാത്ത അപ്പൻ പിള്ളയുടെ മുറ്റത്ത് എങ്ങനെയെത്തി എന്നു മാത്രം ബാബുവിന് മനസ്സിലായില്ല.
"ഇട്ടിച്ചന് ഓർമ്മക്കുറവ് വന്നു തൊടങ്ങി.. വിട്ടുകള പിള്ളേ "
പഴയ മെമ്പർ ശിവൻ ബാബുവിനോടുള്ള സഹതാപം കൊണ്ട് മാത്രം പിള്ളയുടെ കൈയിൽ പിടിച്ചു പറഞ്ഞു. ബാബു. പിള്ളയുടെ കൈയിൽ നിന്നും അൻപതിനായിരത്തോളം രൂപ വായ്ക്ക് വാങ്ങിയ വിവരം ശിവനറിയാമായിരുന്നു.
"പന്നീ... നിന്റപ്പനാടാ ഓർമ്മയില്ലാത്തേ. നിൻറപ്പൻറപ്പൻ കേളുൻെറ കൊണവധികാരം കൂടെ ഞാൻ പറഞ്ഞു തരാടാ... എനിക്കോർമ്മയൊരണ്ടാന്ന് നീ അപ്പം അറിയും "ഇട്ടിപ്പാപ്പൻ ഇപ്പോൾ വീഴുമെന്ന അവസ്ഥയിൽ നിന്നുകൊണ്ട് അലറി.
"പിന്നെ എന്നാത്തിനാ ഈ കന്നം തിരിവ് കാണിക്കുന്നേ...കൊറോണാക്കാലത്ത് ചുമ്മാ ആളേം കൂട്ടി. പോലീസിനെ വിളിക്കട്ടായോ അപ്പാപ്പാ?"
"വിളിക്കെടാ നിൻെറ പോലീസിനെ. ജോമോനേം കൂട്ടരേം മുന്നണീന്ന് അടിച്ചെറക്കീത് എന്തിനാണ് ഞാൻ അവരോടൊന്ന് ചോദിക്കട്ടെ."
ഇട്ടിപ്പാപ്പൻെറ വർത്തമാനം കേട്ടതോടെ ചുറ്റുപാടുമുള്ള റബ്ബർത്തോട്ടം അറിഞ്ഞാന്നിളകി. അവിടെ കൂടിനിന്ന പ്രായം ചെന്നവർ പൊട്ടിച്ചിരിച്ചു. ബാക്കിയുള്ളവർ ഒന്നും മനസ്സില്ലാവാതെ കെളവന്മാരെയും കെളവികളെയും ചിരിയുടെ കാരണമറിയാൻ തോണ്ടി.
ബാബു ഒരുപാട് നിർബന്ധിച്ചാണ് അന്ന് ഇട്ടിപ്പാപ്പൻ പ്രാതൽ കഴിച്ചത്.
"അപ്പനിതെന്നാ. ആ പിള്ളക്ക് ഞാൻ പൈസ കൊടുക്കാനൊണ്ട്. അയാളെ കെറുവിപ്പിച്ചാ നമ്മക്കാ കേട്"
"പൈസ കൊടുക്കാനൊണ്ടെന്നും പറഞ്ഞ് എന്റെ തല അവന്റെ കാലിൻെറടേൽ അല്ലേലും നിനക്കെന്നൊത്തിന്റെ മുട്ടാ.. റബ്ബറ് വെട്ടിയാക്കിട്ടുന്നത് കാളമൂത്രമൊന്നുവല്ലല്ലോ, പാല് തന്നല്ലേ?'
"ആ പാലിനേക്കാൾ വെലയൊണ്ട് ഇന്ന് കളേൻേറം പശൂൻേറം മൂത്രത്തിന്. ലോക്ക് ഡൗൺ കാലത്ത് സർക്കാര് തന്ന റേഷനും അപ്പന്റെ വാർദ്ധക്യ പെൻഷനും കൊണ്ടാ മൂട്ടില്ലാതെ പോയെ. അല്ലാതെ റബ്ബറ് ചൊരത്തീട്ടും ജീപ്പ് ഓടീട്ടുമല്ല "
"റബ്ബറിന് വെലക്കൊറവൊണ്ടാവാൻ കാരണം ആ കുറുപ്പിന്റെ കൂട്ടത് തന്നല്ലേടാ?"
അപ്പന്റെ ചോദ്യം കേട്ട ബാബു തിരിച്ചൊന്നും പറയാനാവാതെ കണ്ണു മിഴിച്ചു.
"എന്ന്ട്ട് അപ്പൻെറ പാർട്ടിയും അവർക്കൊപ്പം തന്നാണല്ലോ?'
ആനി ഇടയിൽക്കയറിയപ്പോഴും ബാബു അമ്പരന്നിരിക്കുകയായിരുന്നു.
"ഫ. അപ്പൻെറ പാർട്ടിയോ, നീയപ്പം ഏതു പാർട്ടിയാടീ. അവന്മാരെ സഹിച്ച് ഇത്രയും കാലം കൂടെ നിന്നു. അതിനൊള്ള കൂലീം കിട്ടി. കണ്ടില്ലേ നടതള്ളീത്. മാണി സാറൊണ്ടാരുന്നേ ഈ ധൈര്യം വരുവാരുന്നോ?"
അപ്പൻെറ പൊതുകാര്യം പറച്ചിലും രാഷ്ട്രീയവുമെല്ലാം ബാബു കേട്ടിട്ട് വർഷങ്ങളായിരുന്നു.പക്ഷെ ഒരു സംശയം അവൻെറ ഉള്ളിൽക്കിടന്നു. ജോസ് കെ മാണിയെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതാണ് അപ്പൻെറ പെട്ടന്നുള്ള മാറ്റത്തിനു കാരണമെങ്കിൽ, അതിൽ കോൺഗ്രസ്സുകാരേക്കാൾ തെറി കേൾക്കേണ്ട വേറൊരാൾ ഉണ്ടായിക്കുന്നു. അയാളെപ്പറ്റി കാർന്നോര് മിണ്ടുന്നില്ല. അതിനോടകം തന്നെ ഇട്ടിപ്പാപ്പൻെറ കേരളാകോൺഗ്രസ് പ്രേമം ആ പ്രദേശത്ത് വീണ്ടും ചർച്ചയായി. കഴിഞ്ഞ കുറച്ചു വർഷമായി അയാൾ രാഷ്ട്രീയം മറന്ന മട്ടായിരുന്നു. ഒന്നിനും ഏതിനും ഉമ്മറത്തിനപ്പുറം ഇറങ്ങിയില്ല. കൃഷിയും കടവുമെല്ലാം ബാബു ഒറ്റക്കായി.മാണി സാറിനെതിരെ ബാർകോഴ ഉയർന്നപ്പോൾ പഴയ ചില കോൺഗ്രസ്സുകാർ വന്ന് തോണ്ടിനോക്കിയെങ്കിലും ഇട്ടിപ്പാപ്പൻ അനങ്ങിയില്ല. പാലായിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാണിസാർ തോൽവിക്കടുത്തെത്തിയപ്പോൾ കുത്തിപ്പറയാനായി ചിലർ ആ ഉമ്മറത്തെത്തിയെങ്കിലും അപ്പോഴേക്കും മാണിസാർ ജയിച്ചെന്ന വാർത്ത വന്നിരുന്നു. ഒടുക്കം ഒന്നും മിണ്ടാതെ ആനി അനത്തിയ കട്ടനും കുടിച്ച് സ്ഥലംവിട്ടു. മാണിസാർ യുഡിഎഫ് വിട്ട വാർത്ത കേട്ടപ്പോഴും അയാൾ മിണ്ടിയില്ല. ജോസ് കെ. മാണിക്ക് രാജ്യസഭസീറ്റു നൽകി തിരികെ ആനയിച്ചപ്പോൾ വിജയഭാവത്തിൽ ചെറുതായൊന്ന് ചിരിക്കുക മാത്രം ചെയ്തു. മാണിസാർ മരിച്ചെന്നു കേട്ടപ്പോൾ ചെറിയൊരു തേങ്ങലും.കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയതുകൊണ്ടു തന്നെ പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ ജയിച്ചപ്പോൾ ആ പ്രദേശത്തുള്ളവരൊന്നും ഇട്ടിപ്പാപ്പനെ ഓർത്തില്ല. അന്ന് ഉച്ച കഴിഞ്ഞ് ഇട്ടിപ്പാപ്പന്റെ വീടിനു മുന്നിലൂടെ നടന്ന് പോവുകയായിരുന്ന വീരരാഘവപ്പിള്ള പാപ്പനോട് എന്തോ ഒരു നാട്ടുവിശേഷം പറഞ്ഞതും, ഇട്ടിപ്പാപ്പൻ വിക്യതമായ ശബ്ദത്തോടെ മുറ്റത്തേക്ക് കാർക്കിച്ചു തുപ്പിയതും അവർ രണ്ടു പേരും, നാല്കോഴികളും മാത്രമേ അറിഞ്ഞിരുന്നുള്ളൂ. അതൊരു വെറും തൂപ്പലായിരുന്നില്ലെന്ന് പിള്ളക്ക് ഇന്ന് രാവിലെ ബോധ്യമായി.
വീരരാഘവൻപിള്ള രാവിലെ കുളിയും കഞ്ഞികുടിയും കഴിഞ്ഞ് കുറി തൊട്ട് ബാബുവിനെ കാണാനെത്തി. കാശിന്റെ കാര്യം ഉടൻ തീർപ്പാക്കണമെന്ന് ഒച്ചയിട്ടു. അതു കേടുവന്ന ഇട്ടിപ്പാപ്പൻ അയാളുടെ മുഖത്തിട്ട് ആട്ടി.
"ഒന്നു പോയെൻെറ പാപ്പനേ. നിങ്ങള് കൂടിപ്പോയാൽ എവിടം വരെ പോവും...ഇടതന്മാരുടെ കൂടെ! അല്ലോ?"
ഇട്ടിപ്പാപ്പൻെറ ആട്ടിനുള്ള പിള്ളയുടെ മറുപടി കേട്ടപ്പോൾ ബാബു വീണ്ടും അമ്പരന്നു. കുറുപ്പും വർഷങ്ങൾക്കു ശേഷമായിരുന്നു രാഷ്ട്രീയം പറയുന്നത്.
"പോടോ പെട്ടപ്പിള്ള, നിങ്ങളെക്കാൾ എത്രയോ ഭേദം എടതന്മാർ തന്നാ..നോക്കിക്കോ, തന്റെ കൂട്ടര് വന്ന് ഞങ്ങടെ കാല് പിടിക്കും"
"അതഗതികേട് ഞങ്ങക്കില്ല"
"ഫ. പി.ടി ചാക്കോസാറ് ചങ്ക് പൊട്ടി ചാവാൻ കാരണക്കാരായവരുടെ കൂട്ടത്തിലൊള്ള നീ എന്റെ മുറ്റത്തു വന്ന് വാ തൊറക്കുന്നോ... എരപ്പേ "
ഇട്ടിപ്പാപ്പൻ ആദ്യത്തെ വെട്ടു വെട്ടി. പിള്ളയും വിട്ടുകൊടുത്തില്ല. അറുപതുകൾ മുതൽക്കുള്ള കേരള രാഷ്ട്രീയം ആ മുറ്റം ചുരത്തി.
"എന്നാലേ, എന്റെ ആ കാശിങ്ങ് തന്നേര്. ഞാൻ പൊക്കോളാം. അത് തിരുനക്കരേലും ചരൽക്കുന്നേലും ചെന്ന് മൈക്ക് കെട്ടി ചോദിച്ചാൽ കിട്ടത്തില്ലല്ലോ... "
പിള്ളയുടെ അവസാന ഡയലോഗിൽ ഇട്ടിപ്പാപ്പനും ബാബൂവും മിണ്ടിയില്ല. കുറച്ചുകൂടി പറഞ്ഞ് തൃപ്തിയായെന്ന് തോന്നിയപ്പോൾ പിള്ള ഇറങ്ങി നടന്നു.
അന്നു വൈകുന്നേരമായപ്പോൾ ഇട്ടിപ്പാപ്പൻ തന്റെ അലക്കിയ ജൂബ്ബയും മുണ്ടുമിട്ട് മൂറിക്കു പുറത്തേക്കുവന്നു.
"അപ്പനിതെന്നാ ഭാവിച്ചാ? "
"എടത്വാ വരെയൊന്ന് പോണം. ജോൺ ജേക്കബ് സാറിൻെറ താടി വടിയൊണ്ട് "
എടത്വായും ഇ ജോൺ ജേക്കബും താടി വടിയുമൊന്നും പിടികിട്ടിയില്ലെങ്കിലും ബാബുവിനും ഭാര്യയ്ക്കും രണ്ട് മക്കൾക്കും ഒരു കാര്യം മനസ്സിലായി.
"ഡാഡീ... അപ്പാപ്പൻ 'തന്മാത'യായെന്നാ തോന്നുന്നേ "
ടോണി പറഞ്ഞത് ശരിയാണെന്ന് എല്ലാവർക്കും ഉറപ്പായിരുന്നു. അന്നു രാത്രി പലിശക്കാരൻ കുര്യച്ചൻ വന്നതും ഒച്ചയിട്ടതുമൊന്നും ഇട്ടിപ്പാപ്പൻ അറിഞ്ഞില്ല. അയാൾ അതേ സമയം കെ.എം ജോർജ് സാറിൻെറ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. കുര്യച്ചൻെറ കണ്ണുകൾ ഇടക്കിടെ അകത്തേക്കു പാളുന്നത് അപ്പനെ തേടിയാവാം എന്ന് ബാബു കരുതിയിരുന്നെങ്കിലും അങ്ങനെയല്ലെന്ന് ആനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് അവൾ കുര്യച്ചന്റെ ജീപ്പ് മുറ്റത്തു വന്നുനിന്ന ശബ്ദം കേട്ട ഉടനെ ടോളിയെ അകത്തെ മുറിക്കകത്തിരുത്തി വാതിൽ അടച്ചത്, തൻെറ തെറി വിളികളിലൊന്നും പ്രകോപിതനാകാതിരുന്ന ബാബുവിനെ, ഒടുക്കം ആനിയെയും ടോളിയെയും ചേർത്ത് കടുത്ത ഒരു അശ്ലീലത്തിലൂടെ കുര്യച്ചൻ കീഴടക്കി.ബാബുവിൻെറ മാത്രമല്ല, ടോണിയുടെ പതിനേഴ് വർഷം പ്രായമായ രക്തം കൂടി തിളച്ചുയർന്നു. അതൊരു വലിയ വഴക്കായി മാറുകയും ഒടുക്കം കുര്യച്ചൻ വെല്ലുവിളി നടത്തി ഇറങ്ങിപ്പോവുകയും ചെയ്തു.
അന്നു രാത്രി ആനിയുടെ കരച്ചിൽ ബാബു കേട്ടില്ല.കേരളാകോൺഗ്രസ്സിനു വേണ്ടിയുള്ള മുദ്രാവാക്യം വിളികൾ അപ്പന്റെ മുറിയിൽ നിന്ന് ഉയർന്നതായിരുന്നു കാരണം. പക്ഷെ അയാൾ ആനിയെ കെട്ടിപ്പിടിച്ചു.
"ഇനി ഈ വീട്ടിൽ കടക്കാർ കേറത്തില്ല കൊച്ചേ."
ആനീ ബാബുവിനുനേരെ തിരിഞ്ഞുകിടന്നു.
"പേടിക്കേണ്ട. നമ്മൾ ചാവുകേം മറ്റുമില്ല."
'പിന്നെ?'
"വഴിയൊണ്ട്, '
പിറ്റേന്നു രാവിലെ ബാബു നേരത്തെ എഴുന്നേറ്റ് അപ്പനെ വിളിച്ചുണർത്തി കുളിപ്പിച്ചു. ഉള്ളതിൽ വെച്ച് ഏറ്റവും നല്ല വസ്ത്രങ്ങൾ ഇടുവിച്ചു. അപ്പനും മകനും മാസ്കുമിട്ട് ഒരുങ്ങിയിറങ്ങുന്നത് കണ്ട് ആനീ അമ്പരന്നു.
"നിങ്ങളപ്പനെ വിൽക്കാൻ കൊണ്ടോവാണോ?'
നിഷ്കളങ്കമായ ആ ചോദ്യം കേട്ട് ബാബു പൊട്ടിച്ചിരിച്ചു. "അപ്പനെ കൊണ്ടാേയി വിൽക്കില്ല. കൊണ്ട് വന്ന് വിൽക്കും."
ജീപ്പ് സ്റ്റാർട്ട് ചെയ്തപ്പോൾ ആനി ഒരിക്കൽക്കൂടി പോദിച്ചു നോക്കി. "കൊറോണക്കാലവാ.പ്രായവായ അപ്പനേം കൊണ്ടിതെങ്ങോട്ടേക്കാ?'"
ഇത്തവണ ഇട്ടിപ്പാപ്പൻ മറുപടി പറഞ്ഞു:
"തിരുനക്കരക്കാടീ. മന്നത്തപ്പൻ വരുന്നൊണ്ട്. "
ബാബു ജീപ്പെടുത്തു. അയാൾക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ആദ്യം പാലായ്ക്ക്, ജീപ്പ് പാലായിൽ എത്തുമ്പോഴേക്കും താഴത്തിൽ കുഞ്ഞേട്ടനും കൂട്ടരും തന്റെ വീട്ടു മുറ്റത്തെത്തും. അവര് റബ്ബർ തോട്ടം അളക്കുകയും പിടിക്കുകയും ചെയ്യുന്നത്കണ്ട് ആനിയും പിള്ളേരും വിരളും. സാരമില്ല. ബാബുവിന്റെ ഫോൺ ശബ്ദിച്ചു. വണ്ടി പാലായിലെത്തിയിരുന്നു.
"അവര് ഞാൻ പറഞ്ഞിട്ട് വന്നതാടീ"
കാര്യങ്ങൾ മനസ്സിലായതുകൊണ്ട് ആനി കൂടുതലൊന്നും പറഞ്ഞില്ല. ബാബുവിന്റെ ജീപ്പ് പിന്നെയും ഓടി. കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, പൂഞ്ഞാർ, ചങ്ങനാശ്ശേരി എന്നിങ്ങനെ തോന്നിയിടത്തൊക്കെ ഓടി. ഭാഗ്യത്തിന് ലോക്ക് ഡൗണായിട്ടും പോലീസുകാരൊന്നും വണ്ടി നിർത്തിച്ചില്ല, വൈകുന്നേരം വീട്ടിലെത്തിയപ്പോൾ ആനി വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു.
- "സമ്മേളനം നന്നായിരുന്നോ അപ്പാ?"
അവളുടെ ചോദ്യം കേട്ടപ്പോൾ ഇട്ടിപ്പാപ്പന് തുള്ളിച്ചാടാൻ തോന്നി. അയാൾ അടക്കാനാവാ സന്തോഷത്തോടെ തിരുനക്കര മൈതാനത്തിൽ ഇരമ്പിയാർത്ത ജനപ്രവാഹത്തിൻെറയും മന്നത്തപ്പൻെറ പ്രസംഗത്തിൻെറയും വിശദാംശങ്ങൾ വിവരിക്കാൻ തുടങ്ങി.
ബാബു ഷർട്ട് മാറി കപ്പക്കൂടങ്ങൾക്കിടയിലേക്ക് നടന്നു. ശേഷിച്ച തൊട്ടാവാടികൾ കൂടി പറിച്ചു കളയുന്നതിനിടയ്ക്ക്, പിന്നാമ്പുറത്തെ റബ്ബർ തോട്ടത്തിലേക്കു നോക്കാതിരിക്കാൻ അയാൾ പാടുപെട്ടു. കണ്ണിൽ നിറഞ്ഞ വെള്ളം കപ്പക്കൂടങ്ങൾക്കിടയിലേക്കിറ്റു വീഴുമ്പോൾ അപ്പന്റെ വിവരണത്തിനു മുന്നിൽ അഭിനയിച്ചിരിക്കുന്ന ആനിയേയും പിള്ളരേയും അയാൾ മനസ്സിൽ കണ്ടു.
"നാളെയൊന്ന് രജിസ്ട്രാപ്പീസുവരെ പോണം അപ്പാ..."
"അതിനെന്താ! നീ പറഞ്ഞാ ഞാൻ എവിടേം വരും."
തൻെറ ആഹ്ലാദം മുഴുവൻ ക്ഷമയോടെ കേട്ടിരുന്ന മരുമകളോട് ഇട്ടിപ്പാപ്പന് തോന്നിയ സ്നേഹത്തിന് കണക്കില്ലായിരുന്നു. അഞ്ചുവിരലിലും ചുവന്ന ചോരത്തുള്ളികളുമായി ബാബു അകത്തേക്ക് കയറിവന്നപ്പോഴേക്കും ഇട്ടിപ്പാപ്പൻ മൂറിയിൽ പോയി കിടന്നിരുന്നു.
അയാൾ ഒറ്റയ്ക്ക് കിടന്ന് ആലോചിക്കുന്നതെന്താണെന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയബോധം ആ വീട്ടിലും പരിസരത്തും ആർക്കുമുണ്ടായിരുന്നില്ല. ഇരുട്ട് റബ്ബർത്തോട്ടം പിന്നിട്ട് പിന്നാമ്പുറം വഴി വീട്ടിലേക്കു കയറി. ബാബുവും കുടുംബവും പ്രാർത്ഥനക്കായി രൂപക്കൂടിനു മുന്നിൽ മുട്ടുകുത്തി.
അവ്യക്തമായ ആഹ്ലാദവും ആവേശവും മനസ്സിൽ നിറഞ്ഞിരുന്നതുകൊണ്ട് ഇട്ടിപ്പാപ്പന് അന്നുരാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞില്ല. റബ്ബർത്തോട്ടത്തിനുള്ളിൽ നിന്നു വന്ന നേർത്ത ശബ്ദങ്ങളിൽ ചെവിയോർത്ത് അയാൾ അനങ്ങാതെ കിടന്നു; പുലർച്ച വരെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.