ബാലന്‍റെ മുത്തശ്ശി

ന്തേയിങ്ങെത്താത്തതെന്തേയെൻ മുത്തശ്ശി

എന്തമ്മേയെത്താനും വൈകിടുന്നു.

വേണം മുത്തശ്ശിയെൻ കൂട്ടിരിപ്പിനായും

കൂടെ കളിപ്പാനും വേണമമ്മേ..

കഥകൾ പറയാനും കവിതകൾ കേൾക്കാനും

വേണമെനിക്കെന്റെ മുത്തശ്ശിയെ..

മുത്തശ്ശിനൽകുന്ന പൊന്നുമ്മയെന്നെന്നും

നിധിയായെൻ കവിളിൽ നിറയുന്നമ്മേ..

കൈപിടിച്ചൊപ്പം നടന്നെന്റെ മുത്തശ്ശി

കവിളിൽ തലോടും സ്നേഹാധിക്യത്താൽ

എന്തേയെൻ മുത്തശ്ശിയെത്താൻ വൈകിടുന്നു

അമ്മേയെനിക്കിപ്പോളാധിയായി..

ഇരുട്ടങ്ങുനീങ്ങി വെളിച്ചമിങ്ങെത്തുവാൻ

നാഴികയേറെയങ്ങുള്ളപ്പോഴും

ഇറങ്ങുമെൻമുത്തശ്ശി ഒരുകൈയ്യിൽ തൂമ്പയും

വെട്ടുകത്തി മറു കയ്യിലുമായ്..

പകലോനുദിച്ചങ്ങുവാനിൽ പൊങ്ങുവോളം

പണിചെയ്തീടുമെന്റെ മുത്തശ്ശിയും

വിശന്നുവിയർപ്പിനാലേറെ തളർന്നിങ്ങു

വന്നാലും കാണുവാനാരുമില്ല..

ഒന്നുമറിയാതുറങ്ങുമെന്നമ്മയ്ക്കും

ആശ്രയം മുത്തശ്ശിയൊന്നുമാത്രം.

വേലയ്ക്കായ് പാടത്തിറങ്ങിയാലോ പിന്നെ

കേറുമ്പോളർക്കൻ ചെരിഞ്ഞിരിക്കും.

പാടത്തെജോലി കഴിഞ്ഞു വിശന്നേറെ

യജമാനൻ വീട്ടിലങ്ങെത്തിയാലോ..

മുറ്റമടിക്കാനും വെള്ളം വലിക്കാനും

മുത്തശ്ശിയെ കാത്തിരിപ്പുണ്ടാവും

തൊഴുത്തുവെടിപ്പാക്കി മേയും പശുക്കളെ

കയറിനാൽ കെട്ടി തൊഴുത്തിലാക്കി

കൈയും മുഖവും കഴുകി വന്നീടുമ്പോൾ

കിട്ടുമൊരു പിഞ്ഞാണം കഞ്ഞിയും

കലപ്പയാൽ പാടമുഴുതുമറിക്കുന്ന

കാളകൾക്കായുള്ള പുല്ലിനായി

ദേഹത്തിൻ ക്ഷീണമകറ്റാതെ മുത്തശ്ശി

പോയിടും പരിഭവമൊട്ടില്ലാതെ

ഇരുകെട്ടുപുല്ലുമരിഞ്ഞു ചുമന്നങ്ങു

യജമാനൻ വീട്ടിലങ്ങെത്തിടുമ്പോൾ

അരുണൻ പടിഞ്ഞാറേ ചക്രവാളത്തിലും

അരുണിമയാലങ്ങുനിൽപ്പതുണ്ടാം.

അന്ധകാരത്തിനകമ്പടിയോടെ

അരുവിയിലുള്ള തെളിനീരിനാൽ

ദേഹത്തെ ചെളിയും കഴുകിയെൻ മുത്തശ്ശി

കൈതോലക്കൂട്ടത്തിൽ കൂടിവേഗം

കുന്നിൻചെരുവിലെ കൂന്നുനിൽക്കുന്നൊരീ

കുടിലിലിങ്ങെത്താനുമേറെ വൈകും

പോകേണ്ട മുത്തശ്ശി വേലയ്ക്കായ് പാടത്തെ-

ന്നാവതുമുണ്ണി പറഞ്ഞിടുമ്പോൾ

വയ്യാത്ത നിന്നുടെയമ്മയ്ക്കായ് വേണം

മരുന്നുമാഹാരവുമല്ലോ ഉണ്ണീ-

യെന്നുപറഞ്ഞങ്ങുപോയെന്റെ മുത്തശ്ശി-

യെത്തിയില്ലാരാത്രി വൈകിയിട്ടും

കിടാവിനെ നാക്കാൽ തലോടുന്ന പൂവാലി

മുത്തശ്ശി നിന്നുടെ ചാരെ വന്നോ..

വാഴക്കുലയിലെ തേൻ നുകർന്നീടാനായ്

വിരുന്നെത്തീടുന്നൊരുവാനമ്പാടി..

വരുന്നവഴിയെങ്ങാൻ കണ്ടുവോ നീയെന്റെ

വാൽസല്യനിധിയായ മുത്തശ്ശിയെ..

കാറ്റിൽ പറക്കുന്നൊരപ്പൂപ്പൻതാടിയേ

കണ്ടുവോ നീയെന്റെ മുത്തശ്ശിയെ..

വാനിൽ ചിരിതൂകി നിന്നിടുമമ്പിളി നീയും

കണ്ടില്ലെയെൻ മുത്തശ്ശിയെ

ഇരതേടിയിരുട്ടിലിറങ്ങും കുറുനരി

അവിടെങ്ങാൻ കണ്ടുവോ മുത്തശ്ശിയെ

പേമാരിയിലും പണിചെയ്തെൻ മുത്തശ്ശി

വിറങ്ങലിച്ചെങ്ങാനും വീണുപോയോ..

പുഞ്ചക്കണ്ടത്തിലെ ഞാറ്റടിക്കുള്ളിലെ

ചെളിയിലും കാലുപുതഞ്ഞുപോയോ..

ചെളിയിലെ കാലുവലിച്ചിടാനാവാതെ

ഹാവൂയെന്നോർത്തുകരഞ്ഞിടുന്നോ..

മഴപെയ്തുകുത്തിയൊഴുകുന്ന വെള്ളത്തിൽ

വഴിയറിയാതെയകന്നുപോയോ..

രാത്രിയിറങ്ങീടും കാട്ടാനക്കൂട്ടത്തിൽ

നടുവിലെങ്ങാനും പോയ് പെട്ടുപോയോ..

മുത്തശ്ശിയില്ലാതൊരുദിനം പോലുമി-

ല്ലുണ്ണിക്കെന്നുള്ളതങ്ങോർപ്പതില്ലേ..

മണ്ണെണ്ണ വിളക്കിന്റെ മങ്ങും വെളിച്ചത്തിൽ

മഴത്തുള്ളികളിറ്റു വീണിടുമ്പോൾ

ചാണകം മെഴുകിയതറയിൽ തണുപ്പിലാ-

ചെറ്റക്കുടിലിന്നരുകിലായി

കാൽമുട്ടുകളിൽ മുഖമൂന്നിയാബാലനും

പതിയെപ്പതിയെ മയങ്ങിപ്പോയി.

Tags:    
News Summary - malayalam poem balan and his grandmother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.