മൂളൽ
മരത്തിന്നിടയിലെവിടെയോ ഉണ്ട്.
വല്ലാത്തൊരു കനമാണതിന്
കേൾക്കുമ്പോൾ
ഉള്ളിലുള്ളതെന്തോ ചോർന്ന്
പുറത്തേയ്ക്ക് വന്ന്
കൂടുതൽ ഭീതിയോടെ
കണ്ണുരുട്ടി നിൽക്കും.
പേടിയാണെനിയ്ക്കത്
ചത്തുപോയ മൃഗത്തിന്‍റെ
തുറന്ന കണ്ണിനെയോ
വെള്ളത്തിനുള്ളിൽപ്പെട്ട്
ശ്വാസം കിട്ടാതുഴറുന്ന
കുഞ്ഞിനെയോ
കയറ്റത്തിൽ മറിഞ്ഞ്
താഴേയ്ക്ക് വീണേയ്ക്കാവുന്ന
വാഹനത്തെയോ
തീനാളത്തിനുള്ളിൽ
വെന്ത് പൊള്ളയ്ക്കുന്ന
ചെറിയ ജീവികളുടെ
നേർത്ത തൊലിയോ
ഓർമ്മ തരും.
മുറ്റത്ത്
ചെറിയ ഇടവേളകളോടെ
ചെടികളിൽ തട്ടി
അതെന്നെ തുളയ്ക്കുന്നു.
എനിയ്ക്ക് പേടിയാണത്.
വാതിലടച്ച് വെളിയിലാക്കി
മൂളലിനെ,
പേടിയേയും.
മുറിയുടെ തണുത്ത മൂലയിൽ
മങ്ങിയ നിറമുള്ള മണം കാലിറുക്കിയിരിക്കുന്നു.
കൊക്കിന് താഴേ
പതിഞ്ഞ ശ്വാസം.
മീൻ ചെതുമ്പലുകൾ പറ്റിയ പോലെ
പരുപരുത്ത പുറമാണതിന്.
അകം മുറ്റത്തെ
ചെടികളിലിലകളിൽ തട്ടിത്തട്ടി ശരീരമന്വേഷിക്കുന്നു
ഇരുട്ടുകുത്തിയ പേടിയ്ക്കൊപ്പം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.