മരണാനന്തരം...


നീ മരിച്ചതറിഞ്ഞു

ഞാൻ വന്നിരിന്നു പക്ഷേ..

വെപ്രാളം കൊണ്ട് കാല് ചെരുപ്പിനെ മറന്നിരുന്നു.

ഇടത് ചെവിയറ്റം വരെ നീ ഉപ്പാക്കി തന്ന

വിയർപ്പ് ഉരുണ്ട് തൂങ്ങിയിരുന്നു.

ആദ്യമെത്തി

നീ പറയുന്ന വാക്യം

ആദ്യമെത്തുന്നവന് അന്തിയായാലും തിരിച്ച് പോക്കില്ല.

മുറ്റത്ത് കയറിയിരുന്നു.

ഒറ്റയിരുപ്പാണ്

കണ്ണുകളുരുണ്ട് ചുവക്കുന്ന കാലം വരെ.

എന്നാലും

ഇത്രവേഗം എന്ത് പോക്കാണിത്.

മിനിയാന്ന് തന്ന ചുംബനം ഓർക്കുന്നില്ലേ.?

കാൽനഖം വെട്ടി കൊണ്ടിരിക്കെ

കഴുത്തിലെ

അരിമ്പാറയിലേക്കുള്ള കണ്ണേറിന് മുമ്പ്

രണ്ട് മൂന്ന് മഴകൾ തിരക്കിട്ട് പെയ്ത് പോയ ഒരു പുലർച്ച

അത് മിനിയാന്നാണ്.



വളപ്പിലെ പൂച്ച ചത്തു.

നീ കിടന്നു മറിഞ്ഞും ഊട്ടിയൂട്ടി അതിന്‍റെ രോമവയറ് പൊട്ടി ചത്തതാവാം.

നിന്‍റെ മരണമണമറിഞ്ഞ് മനം പൊട്ടി ചത്തതാവാം.

ചത്തകണക്കിൽ നിങ്ങൾ രണ്ടു പേരുമുണ്ടോ?


ഞാൻ നല്ലൊരു വേദനയാണ്.

എന്നിട്ടും

നിന്‍റെ മരണം എനിക്കെന്തൊരു ഇക്കിളി പെടുത്തലാണ്.

പൂച്ചയെ കുഴിച്ചിട്ട അതേ മണ്ണിന്റെ മുകളിലാണ് നിന്‍റെ

മരണത്തെ ഞാൻ പുഞ്ചിരിചുണ്ടിൽ ഏറ്റ് വാങ്ങുന്നത്.

ഒരു വേനലുറുമ്പ് കടിച്ച ഞെട്ടലിന്‍റെ ലാഘവത്തോടെയല്ലാതെ

നിന്‍റെ ചാവലിൽ

ഒരു ഹൃദയാഘാതമോ

ഒരു മസ്തിഷ്ക മരണമോ സംഭവിക്കുന്നില്ല.

ഞാൻ നല്ലൊരു വേദനയല്ല,

ഞാൻ വേദനയേയല്ല.

എത്തിനോക്കീട്ട് തിരിച്ച് നടക്കാം

നീ പരിപൂർണ്ണമായി മരണപ്പെട്ടിട്ടില്ല.

അല്ലങ്കിലും

'നല്ല മുഴുത്ത മരണം' ആർക്കാണുള്ളത്?


നീ മരിച്ചതറിഞ്ഞു

ഞാൻ വന്നിരുന്നു പക്ഷേ.

നീ മരിച്ചതല്ലന്ന് നിന്നോട് പറയാനാദ്യമെത്തിയ

എനിക്കുമാദ്യം

ചന്ദനത്തിരി പുകച്ച്

വാവിട്ട് കരഞ്ഞ്

നിന്നെ ഒരു കൂട്ടം കൊന്ന് കളഞ്ഞിരുന്നു.

നീ

ഇത്ര വേഗം പോകില്ലെന്ന് എനിക്കറിയാം

വടക്കേതലയിലെ ഒറ്റമുറിയിൽ

നമ്മൾ കണ്ട്മുട്ടുന്ന വെളുപ്പാൻ കാലത്ത്

നീയും ഞാനും നിലാവ് പോലെ വിറച്ച് വെളുത്തിരിക്കയാവും

നിന്‍റെ 'മരിപ്പറിഞ്ഞ് '


ഞാനപ്പറത്ത് കാപ്പി കുടിച്ച് നിക്കാം..

ഈ കൂട്ട കരച്ചിലിന് ശേഷം

കുളി കഴിഞ്ഞ് നല്ലൊരു ഉടുപ്പിട്ട്

നീ പിന്നാമ്പുറത്തേക്ക് വാ..

നമുക്കൊന്ന് നടന്ന് വരാം.


ആഞ്ഞില തോട് വഴി

മുക്കുറ്റിപറമ്പ് വഴി

ഉൾകാറ്റ് വീഴുന്ന

പരന്ന പറമ്പിന്‍റെ

അരികോട് ചേർന്ന്

ഞാൻ എന്‍റെ ശ്വാസവും

നീനിന്‍റെ ശ്വാസവും

പറഞ്ഞ് നമുക്ക്

പരിചയപ്പെടാം.


നമുക്ക് പരിചയം മാത്രം മതി

നമുക്ക് മരണം വേണ്ട

ജീവിതം അശേഷം വേണ്ട

നമുക്ക് ചുംബിച്ചാൽ മതി

നമുക്ക് വേദനകളായാൽ മതി.

നമുക്കൊരു ഒറ്റ ശ്വാസത്തിന്‍റെ

തോന്നല് മതി. 

Tags:    
News Summary - marananantharam poem by ratheesh ramachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.