ചിത്രീകരണം: സൂര്യജ എം. 

പറുദീസാ

1

കുറെ നേരമായി ഈ കാത്തുനിൽപ്പ് തുടങ്ങിയിട്ട്. താൻ ഏതായാലും ഒരൊന്നൊന്നര പൊല്ലാപ്പിലാണ് ചെന്നുപെട്ടത്, പത്രോസേട്ടൻ ഓർത്തു. വെള്ളത്തിലൊന്ന് മുങ്ങിപ്പൊങ്ങണ്ട കാര്യമല്ലേയുള്ളൂ എന്ന് കരുതിയാണ് എത്തിക്കോളാമെന്ന് പൈലിയോട് വാക്കുപറഞ്ഞത്. മറിയാമ്മയോടു പോലും പറയാതെയാണ് ഇറങ്ങിപുറപ്പെട്ടതും. ഇതിപ്പോ താനിവിടെ എത്തിയിട്ടും പൈലിയൊട്ട് വന്നിട്ടുമില്ല. ഇവനിതെവിടെപ്പോയോ ആവോ?

ഇതൊന്നും വേണ്ടെന്ന് താൻ നൂറുതവണ പറഞ്ഞതാണ്. പണ്ട് ഇതുപോലൊന്ന് മുങ്ങിപ്പൊങ്ങിയതാണ് പാസ്റ്ററെന്നും, അതോടെയാണ് അയാളുടെ തലേവര ഒടേതമ്പുരാൻ മാറ്റിവരച്ചെന്നും പാലയ്ക്കൽ പാടത്തെ കള്ളുഷാപ്പിലിരുന്ന്, ആകാശത്തിന്‍റെ പടിഞ്ഞാറേ കോണിൽ ചെഞ്ചായം തേച്ചുപിടിപ്പിച്ചത് ഉണങ്ങാൻ വിട്ട്, പടിഞ്ഞാറൻ കടലിൽ മുങ്ങിക്കുളിക്കാൻ പുറപ്പെടുന്ന ദിവാകരനെയും നോക്കി അന്തിക്കള്ളും മോന്തി, പ്ലാസ്റ്റിക്ക് കവറിൽനിന്നും ഞെക്കിപ്പിഴിഞ്ഞ് വാഴയിലക്കീറിലേക്കിട്ട നാരങ്ങാ അച്ചാറിൽ ചൂണ്ടാണി വിരൽ തൊട്ടുനക്കി, ചിറികോട്ടി, പുളിച്ച്നാറിയ ഒരേമ്പക്കവുമിട്ടുകൊണ്ട് പൈലി പറഞ്ഞപ്പോൾ അന്തിക്കള്ളു മട്ടോടെ വലിച്ചുകേറ്റിയതിന്‍റെ കെട്ടുകേറ്റത്തിൽ സംഗതി ശരിയാണല്ലോയെന്ന് തനിക്കും തോന്നിയെന്നുള്ളത് നേരാണ്.

പാസ്റ്റർ പൂർവ്വാശ്രമത്തിൽ കോഴിക്കച്ചവടക്കാരനായിരുന്നു എന്നുള്ളതല്ല അതിന്‍റെയൊരു ഇക്കുമത്ത്; ഇന്നയാൾ കോടികൾ വിലമതിക്കുന്ന സ്വത്തുകാരനും അനേകം ആളുകളെ ദൈവത്തിലേക്ക് കൈപിടിച്ച് കയറ്റിവിടുന്നവനുമായിത്തീർന്ന മറിമായമൊന്നുമാത്രമാണ് തന്നെ ഇവിടെ വന്നീ സ്നാനം മുങ്ങാൻ പ്രേരിപ്പിച്ചത്. കഴുത്തറ്റം കടത്തിൽ മുങ്ങി നിൽക്കുന്ന താനും വേറൊന്നും ആലോചിച്ചില്ലെന്നുള്ളതാണ് നേര്.

കോഓപ്പറേറ്റീവ് ബാങ്കിലെ ഇരുമ്പുപെട്ടിയിൽ പുരയുടെ ആധാരം ഉരുളി പണയം വച്ചതുപോലുള്ള ഇരിപ്പുതുടങ്ങിയിട്ട് വർഷം അഞ്ചാറായിരിക്കുന്നു. പ്രസിഡന്‍റ് വറീതേട്ടൻ ആളൽപം മനുഷ്യപ്പറ്റുള്ളവനാകയാൽ ഇടയ്ക്കിടെ വരുന്ന ജപ്തിനോട്ടീസുകൾ നേരെ മറിയാമ്മയുടെ ട്രങ്കുപെട്ടിയുടെ അടികാണാത്ത തട്ടിൽ ചെന്നുവീണ് അപ്രത്യക്ഷമാകലാണ് പതിവ്.

ഏതായാലും ആകെ മുങ്ങിയാൽപ്പിന്നെ കുളിരേണ്ട കാര്യമില്ലല്ലോ?

2

പ്രധാന നിരത്തിൽനിന്ന് അൽപം ഉള്ളിലായി ഒരു ചെറിയ കുന്നിന്മുകളിലാണ് 'പറുദീസാ'. പ്രശാന്തമായ അന്തരീക്ഷം. ചുറ്റിലും റബ്ബർ മരങ്ങൾ. ടാപ്പിങ് തുടങ്ങിയിട്ടുണ്ട്. ഒരു പത്തമ്പത് ഏക്കർ കാണും, ചിലപ്പോൾ അതിലും കൂടുതൽ, പത്രോസേട്ടൻ മനക്കണക്കുകൂട്ടി. എല്ലാം പാസ്റ്ററുടേത്. പാസ്റ്റർ കൃശഗാത്രൻ, സുസ്മേര വദനൻ. സർവ്വോപരി സ്നേഹസമ്പന്നൻ! ദൈവവചന പ്രഘോഷണമാരംഭിച്ചാൽ പരിസരബോധം ഇല്ലാതെ വിറഞ്ഞുതുള്ളി മറുഭാഷയിൽ സംസാരിക്കുന്നവൻ.

തന്‍റെ ഇങ്ങോട്ടുള്ള വരവെങ്ങാൻ പ്ലാത്തോട്ടത്തിൽ ഏർപ്പായച്ചൻ (വികാരിയച്ചൻ) അറിഞ്ഞാൽ അതോടെ തീർന്നു കാര്യം. 'കത്തോലിക്കന് പെന്തിയോസ് ഉപദേശികളുടവിടെ എന്താ കാര്യം' എന്ന ചോദ്യത്തോടൊപ്പം എപ്പോ പള്ളീന്ന് മഹറോൻ ചൊല്ലീന്ന് ചോദിച്ചാ മതി.

ഇത്യാദി പലവിചാരങ്ങളിൽ ഓളംവെട്ടി നിൽക്കുകയായിരുന്നു പത്രോസേട്ടൻ. തലങ്ങും വിലങ്ങും കൊതുകുകൾ അയാളുടെ കവടിക്കിണ്ണം പോലെ മിനുത്ത കഷണ്ടിത്തലയ്ക്കുചുറ്റും ശനിയുടെ ഉപഗ്രഹങ്ങൾ കണക്കെ വട്ടമിട്ടുകൊണ്ടിരുന്നു. ഇടയ്ക്ക് വീശിയടിക്കുന്ന വരണ്ട കാറ്റിൽ ടപ്പോ ടപ്പോന്ന് പൊട്ടിയടർന്നു വീണ് തെറിച്ച് ഉണക്കിലകൾക്കിടയിൽ മറയുന്ന റബ്ബറിൻകായകൾ. കുറച്ചകലെ ഒരു വയസിത്തള്ള തന്‍റെ പനമ്പുകൊട്ടയിൽ അവയെല്ലാം പെറുക്കികൂട്ടുന്നുണ്ട്. കൊണ്ടുപോയി കത്തിക്കാനാവണം, വിറകിനു പകരം. തള്ളയുടെ കാതിലെ വലിയ മേക്കാമോതിരം, മരങ്ങൾക്കിടയിലൂടെ ഇടയ്ക്കിടെ ഒളിവെട്ടുന്ന സാന്ധ്യവെളിച്ചത്തിൽ പോന്നരുളിക്കപോലെ വെട്ടിത്തിളങ്ങി. തൊട്ടപ്പുറത്ത് മറ്റൊരു മരത്തിൽ തന്‍റെ പയ്യിനെ തീറ്റാൻ കെട്ടിയിട്ടുണ്ട് തള്ള.

പറുദീസായിൽനിന്ന് ഉച്ചത്തിലുള്ള കൊട്ടും പാട്ടും. പുറത്ത് വരാന്തയിലെ ഒരു തൂണിൽ കെട്ടിവച്ചിരിക്കുന്ന കോളാമ്പിയിലൂടെ പറുദീസായുടെ ഉച്ച-നീചസ്ഥായികൾ കർണകഠോരം. പണ്ട് ഒല്ലൂര് മാലാഖയുടെ പെരുന്നാളിന്‍റെ സമയത്ത് സാംബശിവന്‍റെ രാത്രികഥാപ്രസംഗത്തിന് പോയതാണ് പത്രോസേട്ടന് അന്നേരം ഓർമ്മ വന്നത്. ഒന്നാന്തരം കഥയായിരുന്നു. ഗോസായിക്കുന്നത്തുനിന്ന് ആണും പെണ്ണും കുട്ടികളുമൊക്കെയായി എല്ലാവരും കൂടി ഒല്ലൂര് വരെ നടന്നാണ് പോയത്. അതൊക്കെ ഒരു കാലം!

സാംബശിവൻ മരിച്ചിട്ട് വർഷങ്ങളായിരിക്കുന്നു.

3

ഇടയ്ക്ക്, പാസ്റ്ററുടേതാണെന്ന് തോന്നുന്നു, ഉച്ചത്തിലുള്ള സംഭാഷണങ്ങളും മറുഭാഷാ പ്രയോഗങ്ങളും. ദൈവത്തിനുമാത്രം മനസ്സിലാകുന്ന എന്തോ ഒരു ഭാഷ പാസ്റ്റർക്കറിയാമെന്ന് പൈലി പറഞ്ഞത് പത്രോസേട്ടൻ അന്നേരമോർത്തു.

മുണ്ട് മടക്കിക്കുത്തി ഒരു കാജാബീഡിയും പുകച്ച് പത്രോസേട്ടൻ പറുദീസായ്ക്കു പുറത്ത് റബ്ബർ മരങ്ങൾക്കിടയിൽ, കൊതുകടിയും സഹിച്ച്, പ്രലോഭനത്തിൽ കുടുങ്ങി പാപക്കനി വിഴുങ്ങിയ ആദത്തെപ്പോലെ, ആലുംമൂട്ടിൽ പൈലിയെ മൂന്നുനാലു മുട്ടൻ തെറിയും പറഞ്ഞുകൊണ്ട് കാത്തുനിന്നു.

അതിനോടകംതന്നെ അയാളുടെ, ചന്ദ്രോപരിതലം പോലെ വരണ്ട കഷണ്ടിത്തലയോട് കെറുവിച്ച കൊതുകുകൾ, തൊട്ടപ്പുറത്ത് കയർവട്ടത്തിൽ മേയുന്ന വയസ്സിത്തള്ളയുടെ പുള്ളിപ്പശുവിന്‍റെ കുട്ടിക്കലം പോലെ ഉരുണ്ടു വീർത്ത അകിടിൽ പ്രലോഭിതരായിക്കഴിഞ്ഞിരുന്നു.

അന്നേരമാണ് പറുദീസയിൽനിന്നു കോളാമ്പി വഴി പാസ്റ്ററുടെ അരുളപ്പാട്, റബ്ബറിന്‍റെ ചെത്ത് പരിശോധിക്കുകയായിരുന്ന പത്രോസേട്ടന്‍റെ നെറുകൻതലയിൽ റബ്ബറിൻകായ കണക്കെ പൊട്ടിയടർന്നു വീണത്. പാസ്റ്റർ ഉവാച:

"മറിയം കർത്താവിനെ പെറ്റെന്നുള്ളത് ശരിതന്നെ, പക്ഷെ അതോടെ തീർന്നു മ്മക്ക് മറിയത്തോടുള്ള സന്ധുബന്ധം. മറിയത്തോട് പ്രാർഥിക്കുകയോ, കൊന്ത ചൊല്ലുകയോ അരുത്. അല്ലെങ്കിത്തന്നെ നമ്മക്കും കർത്താവിനുമിടയിൽ ഈ മറിയത്തിനെന്താ കാര്യം? അപ്പോപ്പിന്നെ അതൊക്കെ കത്തോലിക്കാ കത്തനാരമ്മാരുടെ ഓരോരോ ചപ്പടാച്ചി വേലകൾ. നമ്മളാരും അതിൽ പെട്ടുപോകരുത്."

പത്രോസേട്ടൻ ഞെട്ടി. മറിയാമ്മ കൂടെയുണ്ടായിരുന്നെങ്കിൽ അവളും ഞെട്ടിയേനെ. അവളുടെ അപ്പൻ, പരേതനായ തേക്കാനത്ത് കൊച്ചൗസേപ്പ് (മരക്കച്ചവടം), കല്യാണം കഴിഞ്ഞ് അഞ്ചാറു കൊല്ലമായിട്ടും ഭാര്യ ശോശാമ്മ പെറാത്തതുകാരണം കുറവിലങ്ങാട് മുത്തിക്ക് മുട്ടിപ്പായി നേർച്ച നേർന്നതിന്‍റെ പിറ്റേക്കൊല്ലം മൂന്നുനോമ്പ് തിരുന്നാളിന്‍റെ രണ്ടാം ദിവസം, കപ്പൽ പ്രദക്ഷിണം കഴിഞ്ഞതിന്‍റെ പിറ്റേ മണിക്കൂറിൽ ശോശാമ്മ ഠപ്പോന്ന് പെറ്റിട്ടതാണ് ടി. മറിയാമ്മയെ, അതായത് തന്‍റെ ഭാര്യയെ.

ടി.കെ. ലാലി എന്ന് പേരിട്ടാൽ മതിയെന്ന് ശോശാമ്മയും പേർഷ്യയിലുള്ള കൊച്ചൗസേപ്പിന്‍റെ ചെറിയ അളിയൻ ബിനുമോനും കെഞ്ചിപ്പറഞ്ഞിട്ടും ചെവികൊള്ളാതെ കൊച്ചൗസേപ്പ് ലവൾക്ക് മറിയമെന്ന് പേരിട്ടതുതന്നെ കുറോലങ്ങാട് മുത്തിയോടുള്ള സ്നേഹബഹുമാനങ്ങൾ ഒന്നു കൊണ്ട് മാത്രമാണ്. അങ്ങിനെയുള്ള പരി. മറിയത്തെപ്പറ്റിയാണ് പാസ്റ്റർ, കോഴിക്കച്ചവടക്കാരൻ തന്തക്കഴുവേറി, കോളാമ്പിയിലൂടെ കാറിത്തോൽപ്പിക്കുന്നത്!

പത്രോസേട്ടന് നിന്നനിൽപ്പിൽ അടപടലം വിറഞ്ഞു കേറി. മറിയാമ്മ കേൾക്കണ്ട, ലവന്‍റെ കൊരവള്ളി കൂട്ടിക്കെട്ടി ലുത്തിനിയ ചൊല്ലും. ആ കള്ളപ്പയ്‌ലീനെ നാളെ ഷാപ്പിൽച്ചെന്ന് കണ്ടിട്ടുതന്നെ കാര്യം. അവന്‍റെയൊരു മുങ്ങലും പൊങ്ങലും. തേങ്ങേരെ മൂട്!

അവിടെയപ്പോൾ പത്രോസേട്ടനേയും വയസ്സിത്തള്ളയേയും കൂടാതെ എങ്ങുനിന്നോ വന്ന, കാലിനു ഞൊണ്ടലുള്ള ഒരു ചാവാലിപ്പട്ടി, വഴിതെറ്റി വന്ന ഒരു ചപ്രത്തലയൻ ഭിക്ഷക്കാരൻ, കുറച്ചപ്പുറത്ത് ആനന്ദതുന്ദിലയായി മുശുമുശൂന്ന് ശബ്ദമുണ്ടാക്കി പുല്ലുതിന്നുന്ന തള്ളയുടെ പുള്ളിപ്പശു - ഇത്യാദി ജീവികൾ മാത്രം.

റബറിൻതോട്ടത്തിലാകമാനം അന്നേരം കുന്നിറങ്ങി ബ്രേക്കില്ലാതെ എങ്ങോട്ടെന്നില്ലാതെ പാഞ്ഞുവന്ന ഒരു വരണ്ട കാറ്റു വീശി. ഉണക്കിലകളിൽ ഠപ്പോ ഠപ്പോന്ന് റബറിൻ കായകൾ മഴപെയ്യുംപോലെ പൊട്ടിയടർന്ന് വീണുകൊണ്ടേയിരിക്കുന്നു. വയസ്സിത്തള്ളയുടെ കൊട്ടയും പുള്ളിപ്പശുവിന്‍റെ വയറും നിറഞ്ഞെന്ന് തോന്നുന്നു.

അകലെയേതോ പള്ളിയിൽ കുരിശുമണി കൊട്ടുന്ന ശബ്ദം കാറ്റിനൊപ്പം നേർത്ത മൂളക്കമായി അയാളുടെ കാതുകളിൽ വന്നു വീണു.

അന്നേരം പത്രോസേട്ടന് ഉള്ളാഴങ്ങളിലൊരു തിക്കുമുട്ടൽ. ചങ്കിലൊരു പെടപെടപ്പ്! സന്ധ്യക്ക്‌ പള്ളിയിൽ കുരിശുമണിയടിക്കുമ്പോൾ, അതിനോടകം കുന്തിരുക്കം പുകച്ചു കഴിഞ്ഞ്, രൂപക്കൂട്ടിലെ മെഴുകുതിരികളും കത്തിച്ച്, പാട്ടുപുസ്തകവും കൊന്തയും ബൈബിളുമെടുത്ത് കുടുംബപ്രാർഥന കൂടാൻ മറിയാമ്മ വിളിക്കാറുള്ള വിളി ചങ്കിലേക്ക് തികട്ടിവന്നു.

"ദേ, നിങ്ങള് വന്ന് മുട്ടുകുത്താൻ നോക്ക്യേ കൊന്തെത്തിക്കാറായീ ട്ടാ..."

പത്രോസേട്ടന്‍റെ തലയിൽ തൃശ്ശൂർ പൂരത്തിന്‍റെ നിലയമിട്ടുപൊട്ടിയപോലെ വെട്ടം പൊട്ടിവിരിഞ്ഞത് അന്നേരമായിരുന്നു. നന്മ നിറഞ്ഞ മറിയമേ സ്വസ്തി... അയാൾ ഉറക്കെ ആത്മഗതം ചെയ്തു: മുങ്ങലും പൊങ്ങലുമൊന്നും മ്മക്ക് ശരിയാവില്ല. പൈലിയെ കാണട്ടെ, എന്നിട്ടുവേണം രണ്ടുനാലു വർത്താനങ്ങട്‌ പറയാൻ. ശവി മാപ്ല.

മ്മക്ക് മ്മടെ ലൂർദ്ദുപള്ളീം, പുത്തമ്പള്ളീം, കുറോലങ്ങാട് മുത്തീം പിന്നെ ഏർപ്പായച്ചനും ഉള്ളപ്പോ പിന്നെന്തൂട്ട് പാസ്റ്ററും പറുദീസേം? അദ് മതി.

ഏതായാലും ഇന്ന് ശനിയാഴ്ചയല്ലേ, ഇപ്പൊതന്നെ വെച്ചുപിടിച്ചാ മണി എട്ടാകുമ്പോഴേക്കും പള്ളീലെത്താം. ഏർപ്പായച്ചൻ അന്തോണീസുപുണ്ണ്യാളൻ ലുക്കിൽ കുമ്പസാരക്കൂട്ടിൽ തന്നെ കാണും. കുഞ്ഞാടുകളുടെ കുമ്പസാരരഹസ്യങ്ങളുടെ നിലയില്ലാച്ചുഴിയിൽപെട്ട്, രക്തസമ്മർദം രക്താതിസമ്മർദമായി രൂപാന്തരം പ്രാപിക്കുന്നതിന്‍റെ ഇടവേളയിൽ, വിയർപ്പിൽക്കുളിച്ച അടിവസ്ത്രങ്ങളിൽ, കൈയ്യിലെ കൊന്തയിൽ ആത്മസംഘർഷം ഉരുട്ടിത്തീർക്കുകയാവും മൂപ്പരിപ്പോൾ.

ഒരു കാജാബീഡികൂടി തിടുക്കത്തിൽ കത്തിച്ചു പുകവിട്ടുകൊണ്ട് പത്രോസേട്ടൻ പതിയെ കുന്നിറങ്ങാൻ തുടങ്ങി. പിന്നാലെ അവരോഹണക്രമത്തിൽ തലയിൽ കോട്ടയുമായി തള്ള, പുള്ളിപ്പശു, ഭിക്ഷക്കാരൻ, ഏറ്റവും ഒടുവിൽ ചാവാലിപ്പട്ടി. അഞ്ചു ജീവികൾ. പരി. മാതാവിന്‍റെ ജപമാലയിലെ അഞ്ചു സന്തോഷ രഹസ്യങ്ങൾ പോലെ അവർ വരിവരിയായി ആ കുന്നിറങ്ങി. അന്നേരം ഇരുട്ട് പതിയെ കമ്പിളിവിരിക്കാൻ തുടങ്ങിയ റബ്ബർ മരങ്ങൾക്കിടയിലൂടെ, കുന്നിൻമുകളിൽ, ആദവും അവ്വയും ഇറങ്ങിപ്പോയ കണക്കെ പറുദീസാ നിശ്ശബ്ദമായി കാണപ്പെട്ടു.

*

പദസൂചിക -അരുളിക്ക: കത്തോലിക്കാ ദേവാലയങ്ങളിൽ തിരുശ്ശരീരം എഴുന്നള്ളിച്ചു വയ്ക്കുന്നതിന് ഉപയോഗിക്കുന്ന വൃത്താകൃതിയിലുള്ള വിശേഷപ്പെട്ട ഒരു പാത്രം. ഇത് പൊതുവെ സ്വർണ്ണം പൂശിയതായിരിക്കും. മഹറോൻ ചൊല്ലുക: സഭയിൽനിന്ന് പുറത്താക്കുക. ലുത്തിനിയ: ഒരു കത്തോലിക്കാ പ്രാർഥന.


(കഥ, കവിത, പുസ്തകാസ്വാദനം തുടങ്ങി വായനക്കാരുടെ സ്വതന്ത്ര രചനകൾ മാധ്യമം ഓൺലൈനിൽ പ്രസിദ്ധീകരിക്കാനായി online@madhyamam.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഫോട്ടോയും ഫോൺനമ്പറും സഹിതം അയക്കാം...)

Tags:    
News Summary - parudeesa short story by baiju tharayil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.