പതിനാറ് വയസ്സുള്ള പെൺകുട്ടി

''ഈ വർഷം കൂടിയേ ഞാൻ നി​​െൻറ ഡ്രസ്സ് കഴുകൂ...''

''അതെന്താ?''

''വല്യതായില്ലേ. അടുത്ത വർഷം പ്ലസ് വൺ അല്ലേ. അപ്പൊ നീ തന്നെ നി​െൻറ ഡ്രസ്സൊക്കെ കഴുകണം.''

പെൺകുട്ടി അൽപനേരം നിശ്ശബ്​ദയായി. പിന്നെ ചോദിച്ചു.

''അപ്പൊ അപ്പുവോ?''

അമ്മ അതു പ്രതീക്ഷിച്ചില്ല.

എന്നാലും പെട്ടെന്നുത്തരം കിട്ടി.

''അവൻ കുഞ്ഞല്ലേ.''

പെൺകുട്ടി തിരികെപ്പോയി. എന്നാലും ആ തിരികെ പോകലിൽ ഒരു ചിന്തയുടെ ഭാരം അമ്മ മണത്തു.

പഠനം, തിരക്കുകൾ... മഴ മാറി. ഓണവും തുലാവർഷവും ക്രിസ്​മസും... സ്​കൂൾ ഫൈനൽ എക്​സാമും കഴിഞ്ഞു. പഠിക്കാൻ മിടുക്കിയാണ് പെൺകുട്ടി. എക്​സാം നന്നായി എഴുതിയതി​െൻറ തിളക്കം മുഖത്തു വായിച്ചു.

ഒന്നും വിട്ടുപറയുന്ന സ്വഭാവമല്ല കുട്ടിക്ക്. കാര്യങ്ങൾ ഊഹിക്കണം. എന്നാൽ, പറയേണ്ടതുണ്ടെന്നു തോന്നുന്നവ പറയുകയും ചെയ്യും.

''ഭക്ഷണം കഴിച്ച പ്ലേറ്റ് നീ തന്നെ കഴുകണം. ഇനി ഞാൻ കഴുകില്ല.''

''അതെന്താ?''

''നി​െൻറ പ്ലേറ്റ് ഞാനാണോ കഴുകേണ്ടത്. നിനക്കിപ്പൊ പണിയൊന്നുമില്ലല്ലോ. ഇനീപ്പോ സാധാരണ അവധിപോലല്ല. പ്ലസ് വൺ തുടങ്ങണമെങ്കിൽ താമസിക്കില്ലേ. വീട്ടിൽ ധരിക്കുന്ന നി​െൻറ കുപ്പായങ്ങളും നീ തന്നെ കഴുകണം.''

പെൺകുട്ടിയുടെ മുഖത്തെ മാംസപേശികൾ ചലിച്ചു. കണ്ണുകളിൽ കനപ്പെട്ട ചോദ്യങ്ങളുടെ കനലാട്ടം. ഒരു പ്ലേറ്റു മാത്രം നീക്കിവെക്കുന്ന ന്യായത്തിനുമുന്നിൽ പെൺകുട്ടി ചുഴലിക്കാറ്റായി.

''ഇവിടെ അപ്പുവി​​െൻറയും അച്ഛ​െൻറയും പ്ലേറ്റ് ആരാ കഴുകുന്നത്?''

''ഞാൻ. അതിനെന്താ?''

''ങ്ഹാ... അവർ എന്ന് അവരുടെ പ്ലേറ്റ് കഴുകുന്നോ അന്ന് ഞാനും ചെയ്യും.''

വലിയ തർക്കത്തിലും യുദ്ധത്തിലും അതവസാനിച്ചു.

പെൺകുട്ടി അവളുടെ വസ്ത്രങ്ങൾ കഴുകിയിട്ടു. മറ്റൊന്നും ചെയ്​തില്ല. പിറ്റേന്ന് അച്ഛ​െൻറ കൈയിൽ ഒരു ലിസ്​റ്റ്​ കൊടുത്തുവിട്ടു. മണമുള്ള സോപ്പ്, സോഫ്റ്റ് ടച്ച് വിത്ത് പെർഫ്യൂം, ഹാംഗർ...

അവളുടെ വസ്ത്രങ്ങൾക്കു മാത്രം പുതിയ മണം... കാറ്റ് അതോമനിക്കുന്നതും ആഘോഷിക്കുന്നതായും തോന്നി. പതിനാറുകാരിയുടെ ഫ്രോക്ക് ഇളവെയിലിൽ ചിരിച്ച് നൃത്തമാടി. ദിവസങ്ങൾ പറന്നുപറന്നു പോയി.

''നീയിതുവരെ ഇവിടത്തെ മുറ്റമടിച്ചിട്ടുണ്ടോ? എപ്പഴും വേണ്ട. ഇടക്കൊക്കെ ഒന്ന് അകവും മുറ്റവും ഒക്കെ അടിച്ചുവാരിക്കൂടേ?''

''ഇല്ല. അച്ഛനും അപ്പുവും എന്നു ചെയ്യുന്നോ അന്ന് ഞാനും ചെയ്​തുതുടങ്ങും.''

''അപ്പോ ഞാനോ! ഞാനൊറ്റയ്ക്കല്ലേ എല്ലാം ചെയ്യുന്നത്... എനിക്കൊരു സഹായമായിട്ട് ചെയ്​തൂടേ?''

''അതി​െൻറ ആവശ്യമില്ല. അമ്മ ആദ്യമേ അതേറ്റെടുത്തിട്ടല്ലേ. സഹിച്ചോ. ഞാൻ ചെയ്യില്ല.''

പെൺകുട്ടി പൂമ്പാറ്റ​െയപ്പോലെ പറന്നുനടന്നു. തൽക്കാലം തർക്കിച്ചെങ്കിലും ഉത്തരം മുട്ടിയ ചോദ്യങ്ങളുടെ മുന്നിൽ അമ്മ ഉള്ളിൽ ചിരിതൂകി.

എങ്കിലും പ്ലേറ്റ്പ്രശ്​നം അതിർത്തി പ്രശ്​നം പോലെ ഇടയ്ക്കിടെ തലപൊക്കും. തീരുമാനമാകാതെ പിരിയും.

പെൺകുട്ടിയുടെ പ്ലസ് വൺ ക്ലാസ് ആരംഭിച്ചു. ആരും വിളിക്കാതെ തന്നെ ഉണരും. കുളിക്കും, മുടി സ്വന്തമായി പിന്നും. യൂനിഫോം ഇസ്​തിരിയിടും. വാട്ടർബോട്ടിൽ നിറക്കും. എല്ലാം സ്വന്തമായി ചെയ്യും. അതെപ്പോഴും അങ്ങനെയാണ്.

കണ്ടപ്പോൾ അമ്മയ്ക്ക് ചെറിയ വിഷമം തോന്നാതിരുന്നില്ല. എന്നാലും ചിലപ്പൊ താടകയാകുന്നത് മറക്കാൻ പറ്റുമോ.

കൂട്ടുകാരുടെ വീടു സന്ദർശിച്ച് വന്ന ദിവസങ്ങളിൽ പറയും:

''നിങ്ങൾ രണ്ടുപേരും എന്തു പ്ലാൻ അനുസരിച്ചാണ് ഈ വീടുവെച്ചത്? എന്തെങ്കിലും പ്രത്യേകതയുണ്ടോ ഇതിന്? സുഖമുള്ള സൗകര്യമുണ്ടോ? കുറെ സാധനങ്ങൾ അടുക്കിവെക്കാൻ പോലും തിരിയാത്ത... എന്തു വീടാണമ്മാ ഇത്...''

''അന്ന് പ്ലാനിങ്ങിനൊന്നും നേരമില്ലായിരുന്നു. അതിനെപ്പറ്റി ചിന്തിക്കാനുള്ള പക്വതയും ഇല്ലായിരുന്നു. മാറിത്താമസിക്കാനൊരിടം എത്രയും വേഗം. അത്രയേ ചിന്തിച്ചുള്ളൂ.''

''എന്നാലും അമ്മാ... വീടൊക്കെ ഒരു തവണയേ എടുക്കൂ. അത് മര്യാദക്കെടുക്കണം. ഇതെടുത്ത കാശുകൊണ്ടുതന്നെ പറ്റുമായിരുന്നല്ലോ.''

''ഞാൻ പറഞ്ഞില്ലേ. കാശല്ലായിരുന്നു അന്നത്തെ പ്രശ്​നം. നിനക്കതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല.''

ചൈനയിലെ വുഹാനിൽ കൊറോണ പൊട്ടിപ്പുറപ്പെട്ടപ്പോൾ ചർച്ച വഴിമാറി. ചൈനയും കടന്ന് ലോകത്തിലേക്ക് മൊത്തം അത് വ്യാപിക്കുന്നത് വീട്ടിനകത്തിരുന്നു കാണേണ്ടി വന്നു.

ഡി.സിയുടെയും മാതൃഭൂമി ബുക്​സി​െൻറയും കാറ്റലോഗുകൾ പരതി നടന്നു. കെ.ആർ മീരയുടെ 'ഖബർ' വാങ്ങിക്കാൻ ധാരണയായി. ഒരുപാടു തവണ വാങ്ങണം എന്നു കരുതി മാറ്റി വെച്ച മാക്‌സിം ഗോർക്കിയുടെ 'അമ്മ' ഓൺലൈൻ ബുക്കിങ്ങിലൂടെ വീട്ടിലെത്തി. പെൺകുട്ടി ചേതൻ ഭഗതി​െൻറ 'വൺ അറേഞ്ച്ഡ് മാരേജ്/മർഡർ' വായിച്ച് ചർച്ചക്കിരുന്നു.

''അമ്മാ... വൃഷാലിയെക്കുറിച്ച് അറിയാവുന്നത് പറഞ്ഞേ...''

''വൃഷാലിയോ അതാര്?''

''കർണ​െൻറ ഭാര്യ.''

''കർണനെക്കുറിച്ച് കുറച്ചൊക്കെ അറിയാം. വൃഷാലിയെ എനിക്ക് പരിചയമില്ല.''

മറാത്തി നോവലിസ്​റ്റായ ശിവാജി സാവന്തി​െൻറ 'കർണൻ' കിട്ടി വായിക്കും വരെ സൂതപുത്രിയായ വൃഷാലി മുറിയിലും അടുക്കളയിലും മുറ്റത്തും ഓടിനടന്നു.

ആർക്കും എവിടെയും പോകേണ്ട. സർവത്ര നിയന്ത്രണം, അടച്ചുപൂട്ടൽ. ലോകം അന്തംവിട്ടിരുന്നു. ഓരോ ദിവസവും കൂടുന്ന കോവിഡ് കണക്കുകൾ എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചു.

ഓൺലൈൻ ക്ലാസ്​ കഴിഞ്ഞ ഇടവേളയിൽ പെൺകുട്ടി മുകളിലത്തെ നിലയിലെത്തി. പുറത്തേക്കുള്ള വാതിൽ തുറന്നു. കുറച്ചു ബലം പ്രയോഗിക്കേണ്ടി വന്നു തുറന്നുകിട്ടാൻ. വരാന്ത... മുകളിൽനിന്ന് പുറത്തെ കാഴ്​ചകൾ... ചാഞ്ഞ ഒരു കൊന്നമരക്കൊമ്പ്... ബാക്കിയായിപ്പോയ ഒരു കുല കൊന്നപ്പൂവ്. കൈയെത്തി തൊട്ടപ്പോൾ ഒരുകൂട്ടം മഴത്തുള്ളികൾ... തണുത്ത കാറ്റ് ഇരമ്പി അകത്തേക്ക്. ദൂരെ കണ്ണെത്തും ദൂരത്ത് മരങ്ങൾക്കപ്പുറത്ത് പുഴ... പല നിറമുള്ള കുന്നുകൾ... തലയുയർത്തിക്കാണുന്ന മൊബൈൽ ടവറുകൾ...

പെൺകുട്ടി ജനവാതിലുകൾ തുറന്നു. എല്ലാ ഭാഗത്തുനിന്നും കാറ്റും തണുപ്പും കാട്ടുപൂക്കളുടെയും കാറ്റിൽ കൂട്ടിയിടിച്ച ചെണ്ടുമല്ലികളുടെയും മണം ഇരച്ചുകയറി. പെൺകുട്ടി കൈകൾ ഇരുവശത്തേക്കും നീട്ടിപ്പിടിച്ചു. കാറ്റിനെ ചേർത്തുപിടിച്ചു. കാറ്റ് അന്നുവരെ കാണാത്ത മുറിക്കകങ്ങളിലേക്ക് തെന്നിപ്പറന്നു കളിച്ചു. പെൺകുട്ടി തിരികെയെത്തി. വാതിലുകൾ തുറന്നുതന്നെ കിടന്നു.

ശബ്​ദം കേട്ടാണ് മുകളിലേക്ക് ശ്രദ്ധിച്ചത്. ഒച്ചയനക്കങ്ങൾ. ചെന്നുനോക്കിയപ്പോൾ രണ്ടു പേർ. തകൃതിയായ ജോലിയിൽ. മേശകൾ മാറ്റുന്നു. കട്ടിലുകൾ പൊസിഷൻ മാറ്റുന്നു. തൂക്കുന്നു. തുടയ്ക്കുന്നു. കണ്ട ഭാവമില്ല. കുറച്ചുനേരം നിന്ന് തിരികെ പോന്നു. കാതോർത്തപ്പോൾ ചിരികൾ... സംസാരങ്ങൾ.... 'നാളെ വലിയ മുറ്റം ഞാൻ ചെറിയ മുറ്റം നീ കേട്ടോ' എന്നൊക്കെ പറയുന്നു.

ചോറുകഴിച്ച പ്ലേറ്റ് ഇരുവരും കഴുകുന്നു.

ഇതെന്തു മറിമായം!

രാത്രി. പെൺകുട്ടി ത​െൻറ പുസ്​തകങ്ങളും ലാപ്ടോപ്പുമായി വരാന്തയിലെത്തി. മഴ... തൊട്ടടുത്ത്... കൈയിലും മുഖത്തും തെറിച്ചുവീഴുന്ന തൂവാനത്തുമ്പികൾ... ചുണ്ടിലേക്ക് ഏതോ ഒരു പാട്ടി​െൻറ മൂളൽ...

എങ്ങനെയൊന്നു കേറി മുട്ടും... അമ്മ മേശപ്പുറത്ത് വായിച്ചു പകുതിയായി സൈൻ കാർഡ് വെച്ച പുസ്​തകത്തിലേക്ക് നോക്കി. ഗബ്രിയേൽ ഗാർസ്യ മാർകേസ്- ഏകാന്തതയുടെ നൂറു വർഷങ്ങൾ. അതുമെടുത്ത് മെല്ലെ മുകളിലേക്ക് കയറി. മഴ തോർന്നിരുന്നില്ല. പുസ്​തകം നിവർത്തി ചാരുപടിയിലിരുന്ന് വായിക്കാൻ തുടങ്ങി.

''നമ്മുടെ വീട് എന്തു രസമാണ് അല്ലേ. ഇവിടെ ഏറ്റവും നല്ല സ്ഥലം ഇതാണ്. ഇതിനുമുമ്പ് ഞാനിത് ശ്രദ്ധിച്ചിരുന്നില്ല.''

അമ്മ തലയുയർത്തി നോക്കി. അപ്പോഴേക്കും പെൺകുട്ടി ലാപ്‌ടോപ്പിൽ പാഹുൽ സാറി​െൻറ ക്ലാസിൽ വീണ്ടും മുങ്ങിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.