പെണ്ണ്

ഹസ്ന ഇജാസ്

വീട്ടിലെ ചാരി വെച്ചിരിക്കുന്ന ഓലക്കണ്ണി ക്കെട്ടിൽ നിന്നും നീണ്ട കണ്ണുള്ള എട്ടുക്കാലി എന്നെ തുറിച്ചു നോക്കി .നിറയെ പ്പൊടി പിടിച്ച ചരുവിലെ ഒരു മൂലയിൽ ചെന്നിരുന്ന് ആലോചനയിൽ മുഴുകി ഇരിക്കൽ എൻ്റെ പതിവു ഹോബിയിൽ പ്പെട്ടതായി മാറിയിരിക്കുന്നു .ഇത്രമാത്രം ആലോചിച്ച് കൂട്ടാൻ എന്താണന്നെല്ലെ വിചാരിക്കുന്നത്, അലി അസ്ക്കറിൻ്റെ അനിയത്തിക്ക് ശരിക്കും പൂച്ചക്കണ്ണുണ്ടോ, ശ്രീലക്ഷ്മിയുടെ സ്വർണ്ണക്കളറുള്ള വാട്ടർബോട്ടിൽ സ്വർണ്ണത്തിൻ്റെത് ആണോ, രണ്ടോംസം മുമ്പ് എടുത്ത ഗ്രൂപ്പ് ഫോട്ടയിൽ എൻ്റെ പുതിയ ഹെയർ ബാൻറ് കാണുന്നുണ്ടോ ഇങ്ങനെ ഒരു എൽ കെ ജി ക്കാരിക്ക് ചിന്തിക്കാനാണോ വിഷയങ്ങളില്ലാത്തത്.

ഒരു പെൺക്കുട്ടി എന്ന നിലയിൽ ഒരു പാട് സ്വാതന്ത്ര്യം എനിക്ക് ലഭിച്ചിരുന്നു .കുഞ്ഞിലെ എനിക്ക് ഇഷ്ടമുള്ള ഡ്രസ് തിരെഞ്ഞെടുത്തിടാനും, ഇഷ്ടമുള്ള സമയങ്ങളിൽ പഠിക്കാനും, കളിക്കാനും, അതുപോലെ തന്നെ വീട്ടിലെ കാര്യങ്ങളിൽ എൻ്റെ കുഞ്ഞ് അഭിപ്രായങ്ങൾ പരിഗണിക്കാനും ആരും മറന്നിരുന്നില്ല. വീട്ടിലെ മതിലുകൾ എൻ്റെ വർണ്ണ പെൻസിലിൻ്റെ ഭംഗിയിൽ തല ഉയർത്തി നിന്നു.

വീടിൻ്റ നാലു ചുവരുകളും എനിക്ക് വേണ്ടി തുറക്കപ്പെട്ടു. പക്ഷെ അടുക്കളയിൽ കരിപിടിച്ച പൊടി പുക കൊണ്ട് കൺതടം കറുത്ത് വീർപ്പുമുട്ടുന്ന ഉമ്മയുടെ ഇരുണ്ടു തുടങ്ങിയ മുഖം ഞങ്ങൾ മനപൂർവ്വം മറന്നതാണോ?

പുതിയ ഗ്യാസ് സിലിണ്ടർ വാങ്ങണമെന്ന ആവശ്യം വന്നപ്പോൾ അതിനെ പറ്റി അറിയാതെ ഉപയോഗിച്ചാൽ പ്പൊട്ടി തെറിക്കുമോ എന്നൊരു അനാവശ്യ ആശങ്ക ഞാൻ പറഞ്ഞു. അലക്കു കല്ലിൽ വിള്ളലുകൾ വന്നപ്പോൾ സഹായത്തിന് വാഷിംങ് മിഷൻ വാങ്ങാൻ തുനിഞ്ഞപ്പോൾ "ഇവിടെ കുറച്ച് പോരെല്ലെ ഉള്ളൂ.... കൈ കൊണ്ട് ഒരു കുത്ത് കുത്തി ഒലമ്പുന്നതിന് ഒക്കുമോ ഈ കുന്ത്രാണ്ടയൊക്കെ... വെറുതെ കരണ്ടിൻ്റെ പൈസക്കൂട്ടാൻ..." അഭിപ്രായങ്ങൾ വന്നു.ഉമ്മയുടെ ഊര പണി മുടക്കാൻ തുടങ്ങിയപ്പോൾ മിക്സി വാങ്ങാൻ തുനിഞ്ഞു. എന്നാൽ അന്ന് അമ്മിയിൽ അരച്ച കറിക്കു കിട്ടുന്ന രുചി മിക്സിയിൽ ഉണ്ടാവില്ലെന്നു പറഞ്ഞു അതും തള്ളി.

കല്ല്യാണപുരയിൽ പോകുമ്പോൾ ആയിക്കോട്ടെ റോഡിലേക്ക് ഒന്നിറങ്ങുമ്പോൾ ആയിക്കോട്ടെ സോപ്പും പൊടിയും വെണ്ണീരും ചേർന്ന് പരുക്കമാക്കിയ ഉമ്മയുടെ കൈകൾ എൻ്റെ മൃദുലമായ ചുവന്ന കൈകളിൽ അമർത്തി പിടിക്കും. " ഉം, ഇതെന്തിനാ ഇങ്ങനെ പിടിക്കുന്നത് ,ഞാനെന്താ ഓടിപോവുമോ ? കൈ വിടീ'.... " ഞാൻ സ്ഥിരം പറഞ്ഞു കൊണ്ടെ ഇരുന്നു. കൊലായിലെ തണയിൽ നിന്ന് ഉരുണ്ട് താഴേക്ക് വീണ് തലപ്പൊട്ടി രക്തം തളം കെട്ടിയപ്പോൾ എന്തു ചെയ്യണമെന്നറിയാതെ കരഞ്ഞു വെപ്രാളപ്പെടുന്ന ഉമ്മയെ ഞാൻ ഓർത്തതുപോലുമല്ല.

എന്നായിരുന്നു എൻ്റെ പരുക്കൻ ചിന്താഗതിക്ക് മാറ്റം വന്നത് എന്നെനിക്കറിയില്ല. ഞാനും ഉമ്മയെ പോലെ പെണ്ണാണന്ന ബോധം എന്നിൽ ഉണ്ടായിരുന്നില്ല. പ്രഹരങ്ങൾ ഏറ്റുവാങ്ങി നാലു ചുവരുകൾക്കുളിൽ സ്വന്തം ഇഷ്ടങ്ങളെ കുഴിച്ചു മൂടിയ ഉമ്മ എന്നും അത്ഭുതമായിരുന്നു എന്ന് മനസ്സിലാക്കാൻ പത്തൊമ്പത് വർഷം വേണ്ടിവന്നു. എൻ്റെ ഇഷ്ടങ്ങൾ മറ്റുള്ളവർ നിയന്ത്രിക്കാൻ തുടങ്ങി.'' നാളെ ഈ ഡ്രസ് ധരിച്ചാൽ മതി" അവരുടെ തീരുമാനങ്ങൾ എന്നിൽ ഉറപ്പിപ്പിച്ചു കരിപ്പിടിച്ച പൊടി പുക എൻ്റെ കൺതടങ്ങളേയും കറുപ്പിക്കുമോ എന്ന് ഞാൻ ഭയന്നു. അലക്കു കല്ലും ഞാനും ഉറ്റ സുഹൃത്തുക്കളായി.അങ്ങനെ ഞാനും ഒരു ജീവന് ജന്മം നൽകി.ഇന്നവളുടെ കരിവളയിട്ട കുഞ്ഞി കൈകൾ ഇറുക്കി പിടിക്കാൻ എന്നെ ആരും ഓർമ്മിപ്പിക്കേണ്ടി വന്നില്ല. സധാ സമയവും അവളുടെ പിന്നാലെ ഓടി മറിയുന്ന എൻ്റെ ഭ്രാന്തമായ സ്നേഹം ഒരു പക്ഷെ അവൾക്കും എന്നെ പോലെ മനസിലായിട്ടുണ്ടാവില്ല.

മനുഷ്യബന്ധങ്ങളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായത് എന്താണെന്ന് ഞാൻ മനസിലാക്കി തുടങ്ങി. ഓരോ അമ്മമാരും തങ്ങളുടെ എത്ര സ്വപ്നങ്ങൾ ത്യജിച്ചായിരിക്കും ജീവിതം നയിക്കുന്നത്?പലപ്പോഴും അവരുടെ മൗനനൊമ്പരങ്ങൾ നാം കണ്ടില്ലെന്നു നടിച്ചു.

"പെണ്ണായി പിറന്നാൽ എല്ലാം സഹിക്കണമെന്ന പ്രശസ്തിപത്രം നമുക്ക് മടക്കി വെക്കാം. എങ്ങനെ നല്ലൊരു മനുഷ്യനയി ജീവിക്കാമെന്ന് തീരുമാനിക്കാം. കുടുംബ ജീവിതത്തോടൊപ്പം ആകാശം മുട്ടെ ഒരു നാൾ കണ്ടിരുന്ന സ്വപ്നങ്ങളേയും വീണ്ടെടുക്കാം.

വലിയ ക്വാളിഫിക്കേഷനൊക്കെയുള്ള ഇന്നത്തെ സ്ത്രീകൾ പലപ്പോഴും സാഹചര്യങ്ങളും പിന്തുണയും ഉണ്ടായിട്ടും മനപൂർവ്വം ചെറിയ കാരണങ്ങൾ കൊണ്ട് തന്‍റെ ഇഷ്ടങ്ങളെ അടിയറവ് വെക്കുന്നത് കാണാം. നമുക്ക് ചുറ്റും ഒന്ന് തിരിഞ്ഞു നോക്കിയാൽ മുനയൊടിഞ്ഞു പോയ ഒരു പാട് പെൺ കളിപ്പാവകളെ കാണാം. ഒരു പക്ഷെ അവരെ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ , നല്ല വാക്ക് പറഞ്ഞിരുന്നെങ്കിൽ, അവരുടെ സ്വപ്നങ്ങൾക്ക് വിലക്കേർപ്പെടുത്താതെ ഇരുന്നെങ്കിൽ ഒരു പുതിയ വസന്തക്കാലം നമുക്കു ചുറ്റും അവർ സൃഷ്ടിച്ചേനെ........"

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.