പൂവിനെക്കുറിച്ചൊരു കവിത കണ്ട ഏഴ് സ്വപ്‌നങ്ങൾ

(1)

കഴിഞ്ഞ

കുറച്ചു ദിവസങ്ങളായി

വീട്ടുമുറ്റത്ത്

പൂന്തോട്ടമൊരുക്കുന്ന

തിരക്കിലായിരുന്നു, ഞാൻ.


അതുവഴി

പതിവായി

പോകാറുണ്ടെന്ന്

പറഞ്ഞ പൂമ്പാറ്റയെ

ഞാൻ ശ്രദ്ധിച്ചതേയില്ല !


ഇന്നെന്നോടത് ചോദിച്ചു;


എന്താണ്

നീയെന്നെ

ഒരു നോക്ക് പോലും

നോക്കാത്തതെന്ന്.


എനിക്ക്

പറയണമെന്നുണ്ടായിരുന്നു;


ഞാൻ

നിന്‍റെ ലോകത്തെ

പണിയുന്ന തിരക്കിലാണെന്ന്


പക്ഷേ,

ഞാനതു പറഞ്ഞില്ല !


എന്തിനാണ്

ഞാനതുപറയുന്നത്


വാതിലില്ലാത്ത

ലോകത്തിന്

ഇനിയും വേണോ

ഒരു മുന്നറിയിപ്പ് ?



(2)

ബൈബിളിലെ

ഉത്തമഗീതത്തിന്‍റെ

തുടക്കം വായിച്ചു നിർത്തി;


ഔസേപ്പ്

മുറ്റത്തേക്കിറങ്ങി.


മുറ്റത്തെ

റോസാച്ചെടിയിൽ

14 മൊട്ടുകൾ

ഒരുമിച്ചു

വിരിഞ്ഞു നിൽക്കുന്നു


ആരാണ്

അവരെ

ഇത്രമേൽ ചുംബിച്ചത്?!

(3)

വസന്തമോ?

എന്ത്‌ വസന്തം !


പൂമ്പാറ്റ വന്നിരുന്നു

എന്നുള്ളത് സത്യം തന്നെ


പക്ഷേ,

കവിതയ്‌ക്കൊപ്പം

അതു പറന്നുപ്പോയി.


പിന്നെ, വസന്തം

അത് ആ

ചവറുകൂനമേലെങ്ങാനും നോക്കൂ.

(4)

വിരിയുക

എന്നത്

മാത്രമായിരുന്നു ചുമതല.


കൊഴിഞ്ഞുപോകുക

എന്നുള്ളത്

പിന്നിട്ട

കാഴ്ചകൾ

കൂടെക്കൂടി

നിർബന്ധിച്ചു പഠിപ്പിച്ചതാണ്.


(5)

നിറയെ

പൂക്കളുള്ള പൂമരച്ചോട്ടിൽ;

തണലിനേക്കാൾ

കൂടുതൽ

കൊഴിഞ്ഞ

ഇതളുകളെ

കാണേണ്ടതായി

വരുമായിരുന്നു


ആഴമളന്ന

വേരിനേക്കാൾ


യാത്രപറച്ചിലിന്‍റെ

ഈരടികളുടെ

അലകളായിരുന്നു.

(6)

വിടർന്ന

പൂവിനോടു തന്നെ

ചോദിക്കട്ടെ;


ഇന്നലത്തെ രാത്രി

അത്രമേൽ

സുന്ദരമായിരുന്നോ?

(7)

പൂവേ;

നീയും

മഴവില്ലുപോൽ

നിറങ്ങളിൽ

തന്നെ

മാഞ്ഞു പോയി.


പക്ഷേ...

ഏതു

നാട്ടിലായിരുന്നു

അന്ന് മഴ?

/

മതി, മതി.

ഇതളുകളുടെ കരച്ചിലിൽ

ഞാൻ

ഞെട്ടിയുണർന്നിരിക്കുന്നു. 

Tags:    
News Summary - poovine kurichoru kavitha kanda 7 swapnangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.