മെസിയും ബിലാലും ഞാനും, പിന്നെ ബ്രസീലും

"ഉപ്പച്ചീ,, ങ്ങള് ന്ന് വേഗം വരണം ട്ടാ,, "

രാവിലെ വീട്ടിൽ നിന്ന് ഓഫീസിലേക്കിറങ്ങുമ്പോൾ അഞ്ച് വയസുകാരനായ മകൻ ബിലാലിന്‍റെ ആവശ്യമാണ്

"ഓ എത്താം, നിന്‍റെ ക്ലാസിന്ന് എപ്പോത്തീരും"

"നാലരക്ക് "

ഓ കെ, ഉപ്പ ഒരു അഞ്ചരയാകുമ്പോഴെക്കും എത്താം

ഇന്ന് ബ്രസീലിന്‍റെ കളിയില്ലേ, ഉപ്പച്ചി എന്തായാലും ആ നേരത്ത് വരാം നമ്മക്ക് കളികാണണം

വൈകുന്നേരം തിരിച്ചെത്തിയതും ബിലാൽ ക്ലാസി​േന്‍റയും കൂട്ടുകാരുടെയും വിശേഷങ്ങൾ പറയാൻ തുടങ്ങി

കളി കണ്ട് കൊണ്ടിരിക്കുമ്പോ ബിലാലിന് തുരുതുരാ വർത്താനമാണ്. കേൾക്കാൻ നല്ല രസമാണ്, ഒരഞ്ച് വയസുകാരൻ പറയുന്നതിലപ്പുറത്ത് കാര്യങ്ങൾ പറയും. എനിക്കാണങ്കിലോ അത് കേൾക്കാൻ വല്ലാത്തൊരിഷ്ടമാണ്. 

വള്ളിപുള്ളിതെറ്റാതെ കേട്ടിരിക്കും ആ പറച്ചിലിന്‍റെയും കേൾക്കലിന്‍റെയും ഇഷ്ടത്തിൽ നിന്നുള്ള പിറവിയാണ് എവിടേക്കിറങ്ങുമ്പോഴും ഈ നേരത്തേ വരണമെന്ന പറച്ചിൽ ,

പലപ്പോഴും എന്‍റെ വീടര് ചോദിക്കും എന്താണീ ഉപ്പാക്കും മോൻക്കും കൂടി ഇത്ര പറയാനുള്ളതെന്ന്

ഞാനവളോട് പറയും ഞങ്ങള് രണ്ടാളും ഒന്നാണെന്ന്

"ഉപ്പച്ചീ,,പ്പച്ചിക്ക് ബ്രസീൽ ടീമിനേണ് ഇഷ്ടം ലേ,, "

"ആ...അത് മോനൂന് അറിയുന്നതല്ലേ,, ന്തേ പൊ വീണ്ടും ഒരു ചോദ്യം "

"എന്‍റെ ഫ്രണ്ട്സിനൊക്കെ മെസിയെയാണിഷ്ടം ക്ലാസിലെ അരുണും ആഷിഖും ഒക്കെ മെസിഫാൻസ് ആണ് "

"ആ ,,,മോനൂ,, മെസി നല്ലകളിക്കാരനല്ലേ അതോണ്ടാകും "

"ന്നട്ടും ഉപ്പച്ചിക്ക് ബ്രസീലിനെയാണല്ലോ ഇഷ്ടം"

"അത് മോനൂ,, മെസിയുടെയും നൈമറിൻ്റെയും ഒക്കെ കാലത്തിന് മുമ്പേ ഉപ്പച്ചിക്ക് ബ്രസീലിനെയാണ് ഇഷ്ടം"

ഉം,, ന്ന് ബിലാൽ മൂളി

പിന്നെയും ഒന്ന് രണ്ട് ദിവസം ബിലാൽ പറഞ്ഞതൊക്കെ മെസിയെപ്പറ്റിത്തന്നെ


"ഉപ്പച്ചിക്കറിയോ മെസി കുട്ടിയാകുമ്പോ അസുഖക്കാരനായിരുന്നു എന്നിട്ടും കളിച്ച് കളിച്ച് വല്യ ആളായി "

"ഉപ്പച്ചി കണ്ടിട്ട്ണ്ടാ,, മെസി ഫ്രീ കിക്ക് എടുക്കുമ്പോൾ തടുക്കാൻ നിക്കുന്നവരുടെ ദേഹത്ത് തട്ടിയിട്ടില്ലെങ്കിൽ പന്ത് പിന്നെ ഗോൾ പോസ്റ്റിലേ എത്തു,, "

"മോനൂ,,ഇതൊക്കെ ആരാണ് ഇങ്ങനെ കൃത്യമായി നിനക്ക് പറഞ്ഞു തരുന്നത് "

"അത് മൂത്താപ്പാട്ത്തെ ജംഷിക്ക, മെസി അടിച്ച എല്ലാ ഗോളുകളുടെയും വീഡിയോ ജംഷിക്കാൻ്റെ കയ്യിലുണ്ട്. ജംഷിക്ക കട്ട മെസി ഫാൻസാണ് "

രാവിലെ ഉണർന്നയുടനെ ബെഡിൽ തന്നെ കിടന്ന് കുറച്ച് വർത്താനം പറച്ചിലുണ്ട് , പലപ്പോഴും അവന്‍റെ ക്ലാസും എന്‍റെ ഓഫീസിൽ പോക്കും വൈകാനും അവൻറുമ്മയുടെ അടുത്ത്ന്ന് ഞങ്ങൾ രണ്ട് പേർക്കും ശകാരം കേൾക്കാനും ഇത് കാരണമാകാറുണ്ട്

ഒരു കാല് എന്‍റെ പള്ളമേൽ കയറ്റി വെച്ച് ഒരു കൈ എന്‍റെ കഴുത്തിന് താഴെക്കൂടിയിട്ട് മറ്റെ കൈകൊണ്ട് എന്നെ വരിഞ്ഞ് മുറുക്കിയാണ് പറയൽ

"പ്പച്ചീ,,പ്പച്ചീ,,, "

"എന്തേ മോനൂ,,, "

"ഞാനൊരു കാര്യം ചോദിക്കട്ടെ "

"ന്തിനാപ്പോ,, അതിനൊരു സമ്മതം ചോദിക്കല് നീ പറയ്"

കുറച്ച് നേരെത്തെ നിശബ്​ദതക്ക് ശേഷം ബിലാൽ ചോദിച്ചു

"നിക്ക് മെസിന്‍റെ ആളായിക്കൊണ്ട് ഉപ്പച്ചിന്‍റെ ഒപ്പം ബ്രസീലില്​ നിക്കാൻ പറ്റ്വോ "

സാധാരണ പോലെയല്ല, ചോദ്യം ത്തിരി സങ്കടത്തോടെയൊക്കെയാണ്​. 

എനിക്ക് കാര്യം പിടി കിട്ടി ആൾക്ക് മെസിയെ വിടാൻ വയ്യ

എന്‍റെ കൂടെ നിക്കും വേണം

"മോനു,,,,

ഉപ്പച്ചി ബ്രസീൽ ആണെന്ന് കരുതി നീ മെസിയെയും അർജൻ്റിനയെയും വിടണ്ട ആവശ്യം ഇല്ലട്ടാ,, "

ആൾടെ മിണ്ടാട്ടമില്ല

മുഖത്തെ സങ്കടം അവിടെത്തന്നെയുണ്ട്

ഞാൻ വേഗം വിഷയം മാറ്റി നമുക്കിന്ന് കുറച്ച് നേരത്തേ ബെഡ് വിടാം

നമ്മുടെ പച്ചക്കറികൾക്കും ചെടികൾക്കും വളം ഇട്ടു കൊടുക്കണം നീ ഉപ്പാനെ ഒന്ന് ഹെൽപ്​ ചെയ്യ്. എന്നാലെ ഉപ്പാക്ക് ഓഫീസിൽ പോകാനാകുമ്പോഴേക്ക് തീരുകയൊള്ളൂ,

മുളകൊക്കെ നന്നായിട്ട് കായ്ക്കുന്നുണ്ടല്ലോ എന്ന സന്തോഷത്തിൽ തടത്തിലെ ചെറിയ പുല്ലുകൾ പറിച്ച് നീക്കുന്നതിനിടെ ബിലാലിന്‍റെ ചോദ്യം പിന്നെയും വന്നു "ഉപ്പച്ചിക്കറിയോ,, ബ്രസീലും അർജൻ്റിനയും തമ്മിൽ മത്സരിച്ചപ്പോ ഏറ്റവും കൂടുതൽ തവണ ജയിച്ചിട്ടുള്ളത് അർജൻറിനയാണ് "

"ആയിക്കോട്ടെ മോനു.. അവര് നല്ല ടീമാണെന്ന് ഞാൻ പറഞ്ഞില്ലേ,, "നമ്മളിത് വേഗം തീർക്ക നിനക്ക് ക്ലാസ് തുടങ്ങുന്നതിന് മുമ്പ് "

അന്ന് രാത്രി ബിലാലുറങ്ങാൻ നേരത്താണ് എന്നെ വരിഞ്ഞ് മുറുക്കി പ്രാധാനപെട്ടൊരു സ്വകാര്യം പറയുന്നത് പോലെ പറഞ്ഞത്

ഉപ്പച്ചീ, ഞാൻ ഫുള്ളും ബ്രസീലായി

ഉപ്പച്ചിന്‍റെ ഒപ്പം ഞാനും ഇനി ബ്രസീൽ ഫാനാണ്

ഞാനൊന്നും മറുപടി പറയാതെ അവന്‍റെ മുടിയിലും പുറത്തും തലോടി

പാവം ഞാനിപ്പുറത്ത് നിൽക്കുമ്പോ അവന് അപ്പുറത്ത് നിൽക്കാൻ പറ്റാത്തത് കൊണ്ടാകും

അവനെക്കൊണ്ടും എന്നെക്കൊണ്ടും അതിന് പറ്റില്ല


കാരണം അഞ്ച് വർഷം മുമ്പ് അവനെ പ്രസവിച്ചന്ന് ഹോസ്പിറ്റലിലെ സിസ്റ്ററുടെ കയ്യിൽ നിന്നും അവനെ സ്വീകരിക്കുമ്പോൾ അവൻ ഉറക്കെ കരയുന്നുണ്ടായിരുന്നു.

അവന്‍റെ കരച്ചിലും എന്‍റെ സന്തോഷവും ആ സന്ദർഭത്തിലെ പിരിമുറുക്കവും ഒക്കെക്കൂടിയുണ്ടാക്കിയ വെപ്രാളത്തിൽ ഞാനവനെ നെഞ്ചോട് ചേർത്ത് പിടിച്ചു

സിസ്റ്റർ പറയുന്നുണ്ടായിരുന്നു അങ്ങനെയല്ല കുട്ടിയെ എടുക്കേണ്ടതെന്ന്

നെഞ്ചോട് ചേർത്തപ്പോൾ അവൻ്റെ ഹൃദയമിടിപ്പും എന്‍റെ ഹൃദയമിടിപ്പും ഒന്നായി, എന്‍റെ ഉള്ളിൽ നിന്നും അവനിലേക്കോ അതോ അവന്‍റെ ഉള്ളിൽ നിന്നും എന്നിലേക്കോ വാക്കുകൾക്കതീതമായ ഒരു പ്രവാഹമുണ്ടായി, ആ നിമിഷത്തിൽ അവൻ കരച്ചിൽ നിർത്തി.

അന്ന് തൊട്ട് ഞങ്ങളുടെ ചിന്തയുടെയും ഹൃദയമിടിപ്പിന്‍റെയും സ്നേഹത്തിന്‍റെയും ഇഷ്ടത്തിന്‍റെയും സ്വര താളലയം ഒന്നായി ഒഴുകുന്നു

നാഥാ, എന്നും ഒന്നാകണമേ...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.