കുത്താനോങ്ങിയ
പോത്തിനെപ്പോലും
അമ്മച്ചി
പെരുന്നാളിന്‍റന്ന്
ചട്ടിയിലേക്ക്
മാറ്റിക്കെട്ടും,
ഇറക്കിവെക്കാന്നേരം
ഇച്ചിരി പുതിനയോ മല്ലിയോ
വെട്ടിയരിഞ്ഞിട്ടുകൊടുക്കും
അത് ചവച്ചും, അയവെട്ടിയും
അവനങ്ങനെ
ചട്ടിയേക്കെടന്നു വെരകും
ബാക്കിവന്ന പറക്കത്താൽ
പെരപ്പൊറം കേറിയ
കരിങ്കോഴിയുടെ
കൊക്കരക്കോ
കുക്കറിന്‍റെ തൊണ്ടപൊട്ടിച്ച്
പൊറത്തേക്ക് ചാടും
ഉണക്കിപ്പൊടിച്ച മസാലയും
കൊത്തിപ്പെറുക്കി
അവളെങ്ങനെ ചുറ്റിനടക്കും
കുത്താനോങ്ങിയും
പറന്നു കയറിയും കൂടെയുണ്ടായിരുന്നതിനെയൊക്കെ
കൊന്നു വിളമ്പിയ അമ്മച്ചി
കിടക്കാന്നേരം നെടുവീർപ്പിടും
"ഞാമ്പറയാറില്ലേ
ഇങ്ങളെന്‍റെ
ഊണിലും ഉറക്കത്തിലും ഉണ്ടെന്നു
ഊണ് കഴിഞ്ഞു,
ഇനി ഉറക്കത്തിലേക്ക് "
ആത്മാവിന്‍റെ രുചിയപ്പോൾ
അമ്മച്ചിക്ക് പുളിച്ചുതികട്ടും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.