സാരം

എല്ലാവരുമിറങ്ങി.

അടുത്ത സുഹൃത്തുക്കളും അവരെന്തു കരുതുമെന്നു മാത്രം കരുതി മുഖം കാണിക്കാൻ വന്ന മങ്ങിയ മുഖവുമായിനിന്ന നാലഞ്ചു ബന്ധുക്കളും.

ഒറ്റക്കായി.

ഇത്രയും നാൾ ഒറ്റക്കായതിനെക്കാൾ എത്രയോ ഭീകരമാണ് അദ്ദേഹത്തിെൻറ മുന്നിൽ ഒറ്റക്കായതെന്നു വല്ലാതെ ശ്വാസം മുട്ടി.

അവസാനമിറങ്ങിയ ആരുടെയോ വെളുത്ത കുപ്പായം പുറത്തെ കറുപ്പിലലിഞ്ഞു തീരും വരെ യാത്രയാക്കുക എന്ന ഒരു പണിയുണ്ടായിരുന്നു. അയാൾ പോയിത്തീരരുതേ എന്ന് ഉള്ളിലിരുന്നാരോ വെപ്രാളപ്പെട്ടു പിടച്ചിരുന്നു.

വെച്ചതും വിളമ്പിയതും മുഴുവൻ വൃത്തിയാക്കി അടുക്കിപ്പെറുക്കിയിട്ടാണ് അവർ യാത്ര പറഞ്ഞത്.

വലിയ ബഹളങ്ങളില്ലാതെ, പൊട്ടിച്ചിരികളോ കൊച്ചുവർത്തമാനങ്ങളോ കൊണ്ട് നോവിക്കാതെ, പത്തു മുപ്പത്തിയഞ്ചു കൊല്ലത്തെ മൗനത്തിന് പറയത്തക്ക പോറലുകളൊന്നും ഏൽപിക്കാതെ, എല്ലാവരും മാന്യമായി പെരുമാറിയതിൽ സമാധാനം തോന്നി, സന്തോഷം തോന്നി.

തോന്നലുകൾക്കെല്ലാം മുകളിൽ പേരറിയാത്ത ആ ശ്വാസംമുട്ടൽ എപ്പോഴും മുഴച്ചുനിന്നു.

തൊട്ടുപിന്നിൽ ഉണ്ട്.

ഒന്നു തിരിഞ്ഞാൽ മുഖം കാണും. അറുപതും അറുപത്തിയഞ്ചും തമ്മിൽ മുഖാമുഖം കാണും.

അറുപതിെൻറയത്ര നരച്ചിട്ടില്ല അറുപത്തിയഞ്ച് എന്ന് തോന്നിയിട്ടുണ്ട്. പറഞ്ഞിട്ടില്ല ഒന്നും.

പറഞ്ഞതു മുഴുവൻ സുഹൃത്തുക്കളായിരുന്നു. അങ്ങോട്ടുള്ളത് പറഞ്ഞു. ഇങ്ങോട്ടുള്ളത് പറഞ്ഞു. രണ്ടുപേരോടുമായി പറയാനുള്ളത് പറഞ്ഞു. മൗനം കൊണ്ടു സമ്മതമെന്ന മറുപടി കിട്ടും വരെ പറഞ്ഞു. കിട്ടിയെന്നും പറഞ്ഞു.

എല്ലാം പറഞ്ഞുവ​ല്ലോ പരസ്പരം എന്നൊരു തോന്നലുണ്ടാവും വരെ പറഞ്ഞു.

എന്നിട്ടും ഇത്രയും ശ്വാസംമുട്ടിക്കും വിധം എന്താണു ബാക്കി കിടക്കുന്നതെന്നുമാത്രം മനസ്സിലാവുന്നില്ല.

''വരൂ...''

അദ്ദേഹമാണ്. ഇടർച്ചയോ പതർച്ചയോ ഇല്ല.

''ഒന്നു കിടക്കണം. ക്ഷീണമുണ്ട്. പകൽ മുഴുവൻ തിരക്കായിരുന്നുവ​ല്ലോ''. അവസാന വരി ചെറിയൊരു ചിരിയോടെയാണ് പറഞ്ഞുനിർത്തിയത്. എന്തായിരിക്കാം എന്നൊരാന്തലുണ്ടായി.

അറുപത്തിയഞ്ചിനെക്കാൾ നരച്ചതാണ് അറുപതെന്നാരോ, കൂവിച്ചിരിച്ചപോലെ ഉള്ളൊന്നു പൊള്ളി. മാറ്റി വെയ്ക്കാൻ കരുതിയ മൗനത്തിെൻറ കരിമ്പടത്തിൽ ഒരുവേള വിരലുകൾ മുറുകി.

''ഇതങ്ങു കുടിച്ചോളൂ..''

പാലും മോരും തൈരുമൊന്നുമല്ല.

''ഒരു ഗ്ലാസ് വെള്ളമാണ്. ഇതല്ലാതെ ഇയാൾക്ക് വേറെയെന്തെങ്കിലും ഇറങ്ങുമെന്നു തോന്നിയില്ല. രാവിലെ മുതൽ കാണുന്നുണ്ട് ഒരു ശ്വാസംമുട്ടൽ... സാരല്യ..''

അന്തിച്ചു മുഖമുയർത്തവെ, സാരമില്ലെന്നുപറഞ്ഞു പുഞ്ചിരിച്ച മുഖത്ത് വല്ലാത്തൊരു കരുണ കണ്ടു.

കുടിക്കാതിരിക്കാനായില്ല. വിറച്ചു തുളുമ്പി എവിടെയൊക്കെയോ നനഞ്ഞു.

തോളത്തുകിടന്ന തോർത്തുമുണ്ടെടുത്ത്​ ചുണ്ടും കവിളും കഴുത്തുമൊപ്പിത്തരുമെന്നു കരുതിയില്ല. വിശ്വസിക്കാനാവാത്തവിധം പിന്നെയും മിഴികൾ വിടർന്നുയർന്നു.

''സാരല്യ..''

ആർദ്രമായ ആ ശബ്​ദത്തിൽ, കാലം കടന്നുപോയ അച്ഛനെ കണ്ടു, അമ്മയെ കണ്ടു.

എന്തോ പറയാനെന്നവണ്ണം പിടിവിട്ടു ചുണ്ടുകളൊന്നു വിറച്ചു. കഴിഞ്ഞില്ല, എന്തിനായിരുന്നു എന്ന് ഓർത്തെടുക്കാൻ പോലും.

വീണാലുടയുമെന്ന കരുതലോടെ, അങ്ങനെ, അത്രയും മൃദുവായി മാറിലേക്കു ചേർത്തുപിടിക്കുമെന്നും കരുതിയില്ല.

വിരലുകൾ നെറുകയിൽ തലോടവെ മിഴികളിൽ ഒരു പെരുംകടൽ ഉറവപൊട്ടിയൊഴുകി.

ശ്വാസംമുട്ടിയതു മുഴുവൻ അതിനായിരുന്നുവെന്ന വല്ലാത്തൊരു തോന്നലുണ്ടായി.

ഒരു പൂപോലെ നെറ്റിയിലമർന്ന ആ ചുണ്ടുകൾ പതിയെ മന്ത്രിക്കുന്നതു കേട്ടു:

സാരല്യ... സാരല്യ...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.