ചിത്രീകരണം: സൂര്യജ എം.

സിംഹകാമുകൻ

രിക്കൽ ഒരു നിരാശാ കാമുകൻ

മരിച്ച്, ഒരാൺ സിംഹമായി

ജനിച്ചു.

സിംഹത്തിന്‍റെയുള്ളിൽ കാമുകഹൃദയം

മിടിച്ചുകൊണ്ടേയിരുന്നു.

നിരാശപ്പെട്ട് മരിച്ച കാമുകൻ

ആയതിനാലാവണം

സിംഹത്തിന്‍റെ മുഖം

എപ്പോഴും വിഷാദിച്ചിരുന്നു.

മിഴികൾ ശൂന്യമായും

ദംഷ്ട്രകൾ മൂർച്ച കുറഞ്ഞും

കാണപ്പെട്ടു.

നടക്കുമ്പോൾ ഉടലിന്

എപ്പോഴും ഒരുലച്ചിൽ.

ഉയരാനാത്ത വാൽ

ചകിതമായി വിറച്ചുനിന്നു.

ഒറ്റയടിക്ക് ഒരാനയെ

കൊല്ലാനാവുന്ന സിംഹങ്ങൾ

വേറെയുള്ളതുകൊണ്ട്

ഒരു പെൺസിംഹവും

അതിനെ ഗൗനിച്ചതേയില്ല.

പാവം നമ്മുടെ നായകൻ

നിരസിക്കപ്പെട്ട പ്രണയങ്ങളുടെ

ഭാരവും പേറി

ഒരു പാറക്കൂട്ടത്തിൽ നിന്നും

ചാടി ചത്തുകളഞ്ഞു.

പിന്നെ ഞാനായി ജനിച്ചു

പ്രണയിക്കാൻ നോക്കുമ്പോൾ

എന്‍റെയുള്ളിലെ സിംഹം മുരളുന്നു.

ഹിംസിക്കാനായുമ്പോൾ

എന്‍റെയുള്ളിലെ കാമുകൻ അലിയുന്നു.

ഞാൻ ചത്തിനി

ആരായി പിറക്കുമോ ആവോ?

Tags:    
News Summary - simhakamukan poem by rajesh pinnadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.