"മാധവേട്ടോയ് ... എന്താ മുഖത്തിനൊരു പ്രസന്നത ?" കുമാരൻ ചോദിച്ചു
" മോനും മര്വോളും കുഞ്ഞുങ്ങളും വന്നിട്ടുണ്ട് ! "
"ഉവ്വോ?"
"ഉം. ദാ..." മാധവൻ നായർ ഒരു മാമ്പഴം കുമാരനു നേരെ നീട്ടി.
" ഇതെന്തിനാ ?" എന്റെ വീട്ടിൽ മാവുണ്ട് ..." കുമാരൻ ഓർമിപ്പിക്കും മട്ടിൽ പറഞ്ഞു.
"ഇതിനു നല്ല രുചിയാ "
കുമാരൻ അതു വാങ്ങി മണത്തു നോക്കി.
"ശരിയാ ... നല്ലതാ ! ഇതെവിടുന്നാ?"
" മോൻ വാങ്ങിക്കൊണ്ട്വെന്നതാ"
* * * * *
" മുത്തശ്ശാ ഇതെന്താ ചെയ്യുന്നേ ? മാമ്പഴമെന്തിനാ കുഴിച്ചിടുന്നേ ?" മൂത്തവൻ ചോദിച്ചു.
"നിങ്ങളു രണ്ടു പേരും ഒന്നടങ്ങിയിരിക്ക്. ഞാൻ പറയാം. "
"എന്താ ?"
അക്ഷമയോടെ ഇളയവൻ. അവന് ആ കൊതിയൂറും രുചിയുള്ള മാമ്പഴം കുഴിച്ചിടുന്നത് തീരെ പിടിച്ചില്ല.
"മക്കളേ, ഇതെന്തിനാണെന്നറിയ്വോ?" മാധവൻ മൂത്തവനെ നോക്കി ചോദിച്ചു.
"നെനക്കറിയോ "
ഇളയവനെ നോക്കി ചോദിച്ചു.
മൂത്തവന്റെ മുഖത്ത് കൗതുകം. ഇളയവന്റെ മുഖത്ത് അക്ഷമ . അത് രണ്ടും കണ്ട് പുഞ്ചിരിയോടെ മാധവൻ പറഞ്ഞു:
"മാമ്പഴം കുഴിച്ചിട്ടാൽ അത് കുറച്ചു കാലം കഴിയുമ്പോൾ തൈ ആകും ... മരമാകും... പൂക്കും... കായ്ക്കും ... പിന്നെയോ ?
"മാമ്പഴമുണ്ടാകും" മൂത്തവനും ഇളയവനും അക്ഷമ കലർന്ന സ്വരത്തിൽ പറഞ്ഞു.
മാധവൻ അതു കണ്ട് പുഞ്ചിരിയോടെ കൂട്ടിച്ചേർത്തു ; "വെറും മാമ്പഴമല്ല, മധുരവും രുചിയും കൂടുതലുള്ള മാമ്പഴമാണ് കിട്ട്വ ! "
മുത്തശ്ശൻ പറഞ്ഞത് കുട്ടികൾ കൗതുകത്തോടെ കേട്ടിരുന്നു.
* * * * *
മാധവൻ നായർ തന്റെ പേരമക്കളെ അടുത്തു വിളിച്ചു പരാതിപ്പെട്ടു: "നമ്മള് തെക്ക് ഭാഗത്ത് കുഴിച്ചിട്ട മാമ്പഴം കിളിർത്തില്ലല്ലോ? നമ്മള് നട്ടിട്ടെത്ര ദെവസായി . ഇതുവരെയായിട്ടും ഒരു തൈയും ഉണ്ടായില്ല. അത് വല്ല തൊരപ്പനും കൊണ്ടുപോയിക്കാണും. ഇത്തവണ ആരും കൊണ്ടോവില്ല. "
പിന്നെയും കുറേ നാൾ കാത്തു. തൈ ഉണ്ടായില്ല.
"ഇത്തവണ തെക്കും കിഴക്കുമല്ല, വടക്കുഭാഗത്താണ് നടാൻ പോകുന്നത്. അവിടെ നട്ടാല് എന്തായാലും മാവിൻ തൈ ഉണ്ടാകും". " വടക്കുഭാഗത്ത് നടുമ്പോൾ വൈകുന്നേരം വേണം നടാൻ . " മാധവൻ നായർ കൂട്ടിച്ചേർത്തു.
അപ്രകാരം നട്ടു.
കുറേ ദിവസങ്ങൾ കാത്തു. തൈ കിളിർത്തില്ല. അവസാനം പ്രതീക്ഷ കൈവിടാതെ മാധവൻ പേരക്കുഞ്ഞുങ്ങളോട് പറഞ്ഞു: "നടേണ്ടത് പടിഞ്ഞാറാണ്. പടിഞ്ഞാറ് നടുമ്പോൾ സൂര്യൻ അസ്തമിച്ചിരിക്കണം. "
അന്ന് സന്ധ്യ കഴിഞ്ഞു. മാധവൻ ഒരു മാമ്പഴവുമായി വീടിന് പുറത്തു പടിഞ്ഞാറുഭാഗത്തേക്ക് നടന്നു. കുട്ടികളും പിന്നാലെ കൂടി. മാധവൻ തടഞ്ഞു : "മക്കളേ പറമ്പിൽ പാമ്പും ക്ഷുദ്ര ജീവ്യാേളുമൊക്കെ കാണും. നിങ്ങള് വരണ്ട ! മുത്തശ്ശൻ തന്നെ പോയി നട്ടോളാം." ഇളയവൻ ചിണുങ്ങി. മാധവൻ അയഞ്ഞില്ല , അവരോട് വീട്ടിൽ കേറി പോകാൻ പറഞ്ഞു. പെട്ടെന്ന് ഇടിയും മിന്നലുമുണ്ടായി. മാധവൻ നായർ നിന്നില്ല. മുന്നോട്ടു പോയി.
ഏറെ നേരമായിട്ടും മാധവനെ കാണാഞ്ഞ് മകൻ അച്ചുതൻ അന്വേഷിച്ചു. അവിടേക്ക് പോയി. അച്ചുതൻ കണ്ട കാഴ്ച ........
പടിഞ്ഞാറു ഭാഗത്തെ പറമ്പിൽ മാധവൻ നായർ വീണ് കിടക്കുന്നതാണ്. ഉടനെ അച്ചുതൻ ഓടിച്ചെന്നു താങ്ങി. ഒരു വാഹനം വിളിച്ചു വരുത്തി അച്ഛനെ ആശുപത്രിയിലെത്തിച്ചു.
അച്ചുതൻ വീർപ്പടക്കി ആശുപത്രിവരാന്തയിൽ നിന്നും ഇരുന്നും കഴിച്ചു. അൽപ സമയത്തിനു ശേഷം ഡോക്ടർ അച്ചുതന്റെ സമീപം വന്നു:
"പോയി "
നിരാശ കലർന്ന സ്വരത്തിൽ ഡോക്ടർ കൂട്ടിച്ചേർത്തു. "മിന്നലേറ്റതാണ് "
നെഞ്ചിനുള്ളിൽ ഒരിടിമിന്നലേറ്റതുപോലെ അച്ചുതൻ മരവിച്ചു നിന്നു .
* * * * *
" കൊച്ചച്ചാ, ഇതെന്തിനാ മാമ്പയം കുയിച്ചിടണേ ?"
ആ കുഞ്ഞുടുപ്പുകാരി കൊഞ്ചിക്കൊണ്ട് കൗതുകത്തോടെ ചോദിച്ചു.
"അതോ, അതെന്താണെന്നു വച്ചാൽ മാമ്പഴം നട്ടാൽ അതു മുളച്ചുണ്ടാകുന്ന മാവിൽ നല്ല മധുരമുള്ള മാമ്പഴം കിട്ടും. "
"ആണോ "
"ഉം. "
"പടിഞ്ഞാറു ഭാഗത്തുതന്നെ വേണം കുഴിച്ചിടാൻ " അയാൾ പതിയെ പറഞ്ഞു.
അവൾ കൊലുസു കിലുക്കി അകത്തേക്കോടിയ ശേഷം അയാൾ പിന്നിലെ മുത്തശ്ശന്റെ കുഴിമാടത്തിനു സമീപം ചെന്ന് മെല്ലെ വിളിച്ചു :
" മുത്തശ്ശാ..."
കാറ്റ് ഏതാനും ഇലകൾ പൊഴിച്ചിട്ടു ശബ്ദമുണ്ടാക്കി.
"മുത്തശ്ശാ , അന്ന് മുത്തശ്ശൻ കുഴിച്ചിട്ട മൂന്നു മാമ്പഴവും ഞാനാണ് കഴിച്ചത്. നമ്മൾ കുഴിച്ചിട്ട സ്ഥാനം ഓർത്തുവെച്ച് , ആരും കാണാതെ ഞാനത് പോയെടുത്തിരുന്നു. നാലാമത്തെ പ്രാവശ്യം മുത്തശ്ശൻ കുഴിച്ചിട്ടത് ... "
അയാൾ ഇടറി
" വലിയ മരമായി നിൽപുണ്ട് "
പിന്നെ ആവേശത്തോടെ കൂട്ടിച്ചേർത്തു :
"ശ്രീക്കുട്ടിക്കതിലെ മാമ്പഴം വലിയ ഇഷ്ടാ. മുത്തശ്ശൻ പറഞ്ഞതു ശരിയാ - അതിലെ മാമ്പഴത്തിനു വല്ലാത്ത മധുരമുണ്ട്. "
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.