അയാളെ തേടിയുള്ള അലച്ചിലിലാണ് ഞാൻ. ഈ പരലോകത്തെവിടെയെങ്കിലും അയാളുണ്ടാവുമെന്ന പ്രതീക്ഷ എന്നെ മുന്നോട്ടുനയിക്കുന്നു. രണ്ടുതവണ, അയാളെ കണ്ടെത്താനാവാതെ നിരാശയോടെ പിന്തിരിഞ്ഞതായിരുന്നു. അപ്പോഴെല്ലാം അസ്വസ്ഥത ഇരട്ടിച്ച് വിങ്ങിയെരിയുകയാണുണ്ടായത്. അയാള്‍ക്കു മുന്നിലെത്തി എല്ലാം തുറന്നുപറഞ്ഞാലേ പൂർണശാന്തത ലഭിക്കൂവെന്ന് തിരിച്ചറിയുകയും യാത്ര വീണ്ടും തുടരുകയും ചെയ്തു.
ഇവിടെയിപ്പോൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഭൂമിയിൽ പരന്ന മഹാമാരി മനുഷ്യരെ കൊന്നൊടുക്കുന്നതിനാൽ ആത്മാക്കളുടെ ഒഴുക്കാണ്. ദേ, നോക്കൂ... വെട്ടുകിളികളെപ്പോലെ, മരിച്ചവര്‍ പറന്നുവരുന്നത് കണ്ടോ! ഈ കുത്തൊഴുക്കില്ലായിരുന്നെങ്കിൽ ഞാനെപ്പൊഴേ അയാളെ കണ്ടെത്തിയേനെ. ഇനി തിരയാൻ ഒരിടം മാത്രമേയുള്ളൂ. കിഴക്കൻദിക്കിലെ മരുനിലം...
അവിടത്തെ ഓരോരുത്തരെയും കണ്ട്, നിരാശയോടെ മടങ്ങുമ്പോൾ, അകലെയുള്ള കരിഞ്ഞവൃക്ഷച്ചോട്ടിലെന്തോ ഇളകുന്നതു കണ്ടു. അവശതയോടെ അങ്ങോട്ടുനീങ്ങി. പറവകളുടെ പ്രേതങ്ങള്‍ ചില്ലകളിൽ ധാരാളമുണ്ടായിരുന്നു. മരച്ചോട്ടിലിരിക്കുന്നത് മനുഷ്യനാണെന്നു വ്യക്തമായി. പുറംതിരിഞ്ഞാണ് ഇരിപ്പ്. അരികിലെത്തി, കിതപ്പോടെ അയാളുടെ മുഖത്തേക്ക് തലയുയർത്തി.
''ഹോ... നാഗദേവാ... നീയെന്നെ കാത്തുവല്ലോ...!''
അയാളെന്നെ നോക്കി. മണലില്‍ ശരീരം വട്ടംചുറ്റിച്ച് ഞാന്‍ വലതുകണ്ണ് ചെരിച്ചു.
''മനസ്സിലായോ, എന്നെ...?'' ഞാൻ ചോദിച്ചു.
''എന്‍റെ കൊലയാളിയല്ലേ...''
''അങ്ങനെ വിളിക്കരുതേ. ഞങ്ങളാരെയും കൊല്ലാറില്ല. ചിലപ്പോൾ സ്വയരക്ഷക്ക്...''
അയാൾ മരത്തിലേക്ക് ചാഞ്ഞിരുന്നപ്പോൾ ഞാൻ ചില്ലയിലേക്കു ചുറ്റിക്കയറി.
''ഇവിടെ ഞാൻ തീർത്തും നിരപരാധിയാണ്. എന്നെക്കൊണ്ട് അവരാണെല്ലാം ചെയ്യിച്ചത്...!'' ഞാൻ പറഞ്ഞു.
അയാളുടെ കണ്ണുകൾ നിറയുന്നതു ഞാൻ കണ്ടു.
''ശാന്തമായി ഇരിക്കാനാണ് ഇവിടെ വന്നത്. ഞാനെന്‍റെ മകളെ ഓർക്കുകയായിരുന്നു. അവളെന്‍റെ അരികിലാണെന്നും കിടക്കാറ്.... എന്‍റെ, കുഞ്ഞ്...!''
''അഞ്ചുമക്കളെ നഷ്ടപ്പെട്ടവളാണ് ഞാൻ. എന്നെയൊന്നു കേൾക്കൂ. നിങ്ങളെ കൊന്നത് ഞാനല്ല...അതവർ...!''
അയാളെഴുന്നേറ്റു. ദേഷ്യത്തോടെ മണലിലൂടെ നടന്നു. അയാൾക്കൊപ്പം പത്തിവിടർത്തി പായുമ്പോൾ, മണൽക്കാറ്റിന്‍റെ മുഴക്കങ്ങൾക്കൊപ്പം ഉച്ചത്തിൽ പറഞ്ഞു.
''കേൾക്കൂ... ഒന്ന് കേൾക്കൂ... അഞ്ചു കുഞ്ഞുങ്ങളാണ് അന്നെന്‍റെ മുട്ടയിൽനിന്നു വിരിഞ്ഞത്. സന്തോഷത്തിൽ മാളത്തിൽ മയങ്ങുമ്പോഴാണ് അയാളെന്നെ പിടികൂടുന്നത്. കുഞ്ഞുങ്ങളെയെല്ലാം വിറ്റശേഷം അയാളെന്നെ വീട്ടിലേക്ക് കൊണ്ടുപോയി. കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട വേദനയടക്കാനാവാതെ അയാളെ കൊത്തിക്കൊല്ലാനുള്ള വിഷമെന്നിൽ നിറഞ്ഞുകവിഞ്ഞു. നിങ്ങൾ കേൾക്കുന്നുണ്ടോ?'' അയാളുടെ കാലുകൾക്കിടയിൽ ഞാൻ പിണഞ്ഞു. ''എന്‍റെ കടിയേൽക്കുന്നതിനുമുമ്പ് നിങ്ങളെ മറ്റൊരു പാമ്പുകടിച്ചിരുന്നില്ലേ...?''
''അതെങ്ങനെ നീയറിഞ്ഞു...?''
''നിങ്ങളെക്കുറിച്ച് കൂടുതലൊന്നുമറിയില്ലെങ്കിലും നിങ്ങളെയെങ്ങനെയവർ മരണക്കുഴിയിലേക്കു വീഴ്ത്തിയെന്ന് എനിക്കറിയാം.''
മരുക്കാറ്റിനൊപ്പം നീങ്ങിക്കൊണ്ടിരുന്ന ആത്മാക്കളിൽ ചിലത് അങ്ങിങ്ങായി വീഴുന്നുണ്ടായിരുന്നു.
''നമുക്കാ പാറച്ചോട്ടിലേക്ക് പോവാം...''
''എന്നെയൊന്നു കേൾക്കുമോ, നിങ്ങൾ...?''
''കേൾക്കാം... വാ...''
അയാൾ നെടുംകുത്തനെ നിൽക്കുന്ന പാറക്കൂട്ടങ്ങൾക്കരികിലേക്കു നടന്നു, ഞാൻ പിറകെയും. പാറവിടവുകളിലൂടെ അരിച്ചുവരുന്ന കാറ്റാണ് പരലോകത്തേക്ക് വിഷാദസംഗീതം പരത്തുന്നതെന്ന് ഞാനപ്പോൾ അറിഞ്ഞു. അയാൾ പാറച്ചെരിവിൽ ചാഞ്ഞിരുന്നു, പൂഴിമണലിൽ പത്തിവിടർത്തി ഞാൻ നിന്നു.
''അയാളുടെ വീട്ടിലെ മൂന്നുദിവസവും ഞാനൊരു കൂടയിലായിരുന്നു. തിന്നാൻ പലതും ഇട്ടുതന്നു. മക്കളെക്കുറിച്ചോർത്തു നെഞ്ച് വിങ്ങുമ്പോൾ എന്ത് തീറ്റ! അന്ന് രാത്രി ഒരു കാർ വീടിനു മുന്നിലെത്തി. ഡോർ തുറന്നിറങ്ങിയതൊരു യുവാവാണെന്ന് ശബ്ദത്തിൽനിന്നു തിരിച്ചറിഞ്ഞു. ''നിങ്ങളുതന്ന അണലിയെ കുറ്റംപറയാനില്ല. കടിച്ചശേഷം അയാളെ ആശുപത്രിയിലെത്തിക്കാൻ വൈകിപ്പിക്കേണ്ടിയിരുന്നു. അവിടെ പിഴച്ചു, അയാൾ രക്ഷപ്പെട്ടു...!''
''അന്നത്തെ ബാക്കി പൈസ ഇതുവരെ കിട്ടിയില്ല. ഞാൻ കൊറേ ഫോൺ വിളിച്ചു. അണലിയുമായി പോയിട്ട് മൂന്നുമാസം കഴിഞ്ഞു...''
''അത് തരാൻകൂടിയാണ് വന്നത്. ഒറ്റത്തവണ കൂടി ആശാനെന്നെ സഹായിക്കണം...''
''എങ്ങനെ...?''
''കൊടും വിഷമുള്ള ഒരു പാമ്പിനെ...''
''അടയിരുന്നൊരു കരിമൂർഖനുണ്ട്. കലിപൂണ്ട് വിഷസഞ്ചി നിറഞ്ഞിരിക്കുകയാ...! പറയുന്ന പണം മുഴുവൻ തന്നാൽ...'' കൂടയിൽ, ഞാനവന്‍റെ കാറിന്‍റെ തണുപ്പിലേക്കു കടന്നു. മുല്ലയുടെ ഗന്ധമായിരുന്നു അതിനകത്ത്..."
അയാൾ പാറയിൽനിന്നിറങ്ങി അരികിലെത്തി. മണലിൽ മുട്ടുകുത്തിയിരുന്ന് എന്‍റെ കഴുത്തില്‍ പിടിച്ചു.
''ആരാണവൻ...?''
''നിങ്ങളുടെ കൊലയാളി...!'
അയാൾ മണലിൽ മലർന്നുകിടന്നു. പത്തിചുരുക്കി ഞാനയാളുടെ കാതിലേക്ക് മുഖമടുപ്പിച്ചു.
''അവനേ... പാമ്പുകളെ മെരുക്കാൻ പഠിച്ചവനായിരുന്നു. മൂന്നു ദിവസത്തെ അവനൊപ്പമുള്ള ജീവിതത്തിൽനിന്ന് ഞാനതറിഞ്ഞു. എന്നെ കൂടുതൽ കൂടുതൽ വേദനിപ്പിച്ചു, വിഷം വായില്‍നിന്നു കിനിപ്പിച്ച് അവന്‍ ചിരിച്ചു. ഒരുദിവസം മലകയറി, കാടിന്‍റെ തണുപ്പിലേക്കവൻ കാറോടിച്ചുപോയി, കൂടെ ഒരു പെണ്ണുമുണ്ടായിരുന്നു. ഇരുൾമൂടിയ കാട്ടുവഴിയിൽ കാർ നിർത്തി. ഈറ്റകളുടെ മൂളലുകൾക്കൊപ്പം അവരുടെ ചുംബനങ്ങളും സീൽക്കാരങ്ങളും സീറ്റിന്‍റെ ഇളക്കങ്ങളും കൂടക്കുള്ളിൽനിന്ന് ഞാൻ കേട്ടു. അവന്‍റെ മടിയിൽ തലചായ്ച്ച് അവൾ ചോദിച്ചു.
''ഇനി എന്നാണ് നമ്മൾ ആരെയും പേടിക്കാതെ...''
''അതിനുള്ള വഴി ഒരുക്കിക്കഴിഞ്ഞു. ആ കൂട കണ്ടോ... അതിനുള്ളിലുണ്ട് അവന്‍റെ അന്തകൻ...!''
''ഇനിയും പാമ്പിനെക്കൊണ്ടുതന്നെയാണോ...?''
''തെളിവുകളില്ലാതെ അവനെ ഇല്ലായ്മ ചെയ്യാൻ അതുതന്നെയാണ്...''
''ഇത്തവണ...''
''ഇല്ല... പിഴക്കില്ല. എല്ലാം ഞാൻ പറയുംപോലെ ചെയ്താൽ മതി.'' കാർ, കാട്ടിലൂടെ പാഞ്ഞു. ഇടിയും മഴയും കാട്ടുഗന്ധവും നിറഞ്ഞ മലഞ്ചെരിവുകളിറങ്ങി. വാഹനങ്ങളുടെ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങിയപ്പോൾ വീണ്ടും നഗരത്തിലെത്തിയതായി ഞാനറിഞ്ഞു. വഴിയിലെവിടെയൊ കാർ നിന്നു. ചുംബനം നൽകി അവളിറങ്ങുമ്പോൾ കൂട അവൻ അവൾക്കു കൊടുത്തു...''
കമിഴ്ന്നുകിടന്ന്, മണലില്‍നിന്നുയര്‍ത്തിയ കൈകളുമായി അയാള്‍ എനിക്കരികിലേക്ക് ഉരസിവന്നു.
''ആരാണവൾ...?''
''നിങ്ങളുടെ ഭാര്യ...''
മണലിൽനിന്ന് പിടഞ്ഞെഴുന്നേറ്റ അയാൾ എന്നെയെടുത്ത് ചുഴറ്റിയെറിഞ്ഞു. മണലിലേക്കു തലതല്ലിവീണ ഞാൻ നടന്നുനീങ്ങുന്ന അയാൾക്കരികിലേക്കിഴഞ്ഞു.
''നിൽക്കൂ... ഇതുകൂടി കേട്ടിട്ട് പൊയ്ക്കോളൂ. അന്ന് രാത്രി, എന്തോ നുണപറഞ്ഞ് അവൾ മകളെ നിങ്ങൾക്കരികിൽനിന്ന് മാറ്റിക്കിടത്തിയില്ലേ? കടിയേൽക്കുന്നതിനും അൽപംമുമ്പ് വീട്ടിലെ കറൻറ് പോയിരുന്നില്ലേ? വേദനകൊണ്ട് പുളഞ്ഞപ്പോൾ അത് തേനീച്ചയാവുമെന്നവൾ പറഞ്ഞില്ലേ? വിഷം കയറി നിങ്ങൾ മരണവെപ്രാളം കാണിക്കുമ്പോൾ, കൊത്തിച്ചശേഷം ബാത്ത്റൂമിലേക്കെറിഞ്ഞുകളഞ്ഞ എന്നെ നോക്കി അവൾ, പാമ്പ്... പാമ്പ്... എന്നലറിവിളിച്ച് ആളുകളെ വിളിക്കാനല്ലേ ഇറങ്ങിപ്പോയത്...? ബാത്ത്റൂമിലെ എന്നെ അടിച്ചുകൊന്നപ്പോഴേക്കും വിഷം നിങ്ങളിലാകെ പരന്നുകഴിഞ്ഞിരുന്നു. അവരാണ് നിങ്ങളുടെ കൊലയാളികൾ...!''
മണൽവീഴ്ചക്കിടയിലൂടെ നടന്നുപോവുന്ന അയാൾ അതെല്ലാം കേട്ടിട്ടും തിരിഞ്ഞുനോക്കിയതുപോലുമില്ല. അകന്നകന്നുപോവുന്ന അയാളെ നോക്കി ഞാനുച്ചത്തിൽ ചീറ്റി.
''ഞങ്ങളാരെയും കരുതിക്കൂട്ടി കൊല്ലാറില്ല. എല്ലാം നിങ്ങൾ മനുഷ്യരുടെ കുടിലതകൾ മാത്രം. ഇതെല്ലാം എന്നെങ്കിലും നിങ്ങൾക്ക് വിശ്വാസമായാൽ ഈ പരലോകത്തുകൂടെ നിങ്ങളെന്നെ തിരഞ്ഞ് നടക്കും...'' മണലിലൂടെ പത്തിതാഴ്ത്തി പാറക്കരികിലേക്കു നീങ്ങി, മുകൾപ്പരപ്പിലേക്കിഴഞ്ഞു. മുകളിലൂടെ ഒഴുകിപ്പോവുന്ന ആത്മാക്കളിൽ എന്‍റെ കുഞ്ഞുങ്ങളെ തിരഞ്ഞു, മടുത്തു. അവർ മരിച്ചിട്ടുണ്ടാവില്ല, ഭൂമിയിലെവിടെയെങ്കിലും വേദന തിന്ന് കഴിയുന്നുണ്ടാവും...!
മഞ്ഞുപൊഴിയുന്ന താഴ്വരയിലായിരുന്നു, അയാൾ. തടാകം ഐസുപാളികളായി മുന്നിൽ പരന്നുകിടക്കുന്നു. പൊഴിയുന്ന മഞ്ഞുകണങ്ങൾക്കുള്ളിലൂടെ പ്രേതങ്ങൾ പരലോക കവാടം ലക്ഷ്യംവെച്ചു നീങ്ങുന്നുണ്ടായിരുന്നു.
മഞ്ഞിൻപറ്റങ്ങൾ, അയാളെയും മൂടിപ്പുതപ്പിച്ചുകൊണ്ടിരുന്നു. വീഴുന്ന ശബ്ദവും മഞ്ഞിൻപൊട്ടികൾ ചിതറിത്തെറിക്കുന്നതും കണ്ട് ആ ദിശയിലേക്ക് നോക്കി...! അയാളെഴുന്നേറ്റ് അങ്ങോട്ടു നടന്നു. അരികിലെത്തിയപ്പോൾ പെൺകുട്ടിയാണെന്ന് മനസ്സിലായി. ചുരുണ്ട മുടിയിഴകൾ അയാൾക്ക് പരിചിതമായിരുന്നു.
അവളുടെ നീലിച്ച വിരലുകൾ ഐസുപാളികൾക്കുള്ളിൽനിന്നു പിടയുന്നു. വിരലുകളെ തിരിച്ചറിഞ്ഞ അയാൾ മഞ്ഞിൻകുഴിയിൽനിന്നു അവളെ വലിച്ചുകയറ്റി. കൈത്തണ്ടയിലെ സർപ്പദംശനമേറ്റ പാടിൽനിന്ന് അപ്പോഴും ചോര കിനിയുന്നു.
''പപ്പാ...!''
''മെറിൻ... മോളേ...!''
അയാൾ അവൾക്കു മുന്നിൽ മുട്ടുകുത്തിയിരുന്നു. അപ്പോൾ, അവൾ അയാളുടെ കാതുകളിലെന്തോ പറഞ്ഞു.
അവളെ എടുത്ത് ഒക്കത്തുവെച്ച് അയാൾ മഞ്ഞിലൂടെ നടന്നു. അപ്പോഴുമെന്തൊക്കെയോ കരഞ്ഞുപറയുന്നുണ്ടായിരുന്നു, അവൾ. യാത്രക്കിടയില്‍, അഞ്ചുപാമ്പിൻകുഞ്ഞുങ്ങളുടെ പ്രേതങ്ങളെ കണ്ടു. അവ ആരെയോ തിരഞ്ഞ് പരലോകത്തുകൂടെ അലയുകയാണെന്ന് അയാളറിഞ്ഞു. തടാകത്തിലെ ഐസുപാളികൾക്കു മുകളിലൂടെ, പാമ്പിൻകുഞ്ഞുങ്ങളെ പിന്തുടർന്ന് അയാളും തിരച്ചിലിൽ കൂട്ടുചേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.