‘ഞാനറിയുന്ന ബഷീർ’ - ഒരു വിദ്യാർഥിയുടെ കുറിപ്പ്

ഗ്രാമഫോണിൽ നിന്നും പുറപ്പെട്ട 'സോജാ രാജകുമാരിയുടെ 'താരാട്ടു കേട്ട് ഉറക്കത്തിലേയ്ക്ക് വഴുതി വീഴാൻ നിൽക്കുകയായിരുന്നു. എന്നാൽ ചുറ്റുപാടും പക്ഷിമൃഗാദികളുടെ കലപില ശബ്ദം, അപ്പുറത്ത് " പാത്തുമ്മാന്റെ ആട് " പ്ലാവില കഴിച്ചു കഴിഞ്ഞ ശേഷം കന്യകാത്വം വെടിയാത്ത സുന്ദരിപെൺകിടാവിനെപ്പോലെ അലമുറയിട്ടു അലറി നിലവിളിക്കുന്നു . കോഴിയും പൂച്ചയും യാതൊരുവിധ അപേക്ഷയും കൂടാതെ കൊട്ടാരത്തിനകത്തും പുറത്തും സ്വൈര്യമായ് വിഹരിച്ച് താന്താങ്ങളുടെ കാഷ്ഠമിട്ട് ഒച്ചപ്പാടുണ്ടാക്കിനടക്കുന്നു. മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ സുൽത്താൻ കഷണ്ടിത്തലയും തടവി പേനയെടുത്തു. പേപ്പറുകളുടെ കൂട്ടിന് ഒരു ഗ്ലാസ് സുലൈമാനിയും മേശമേലിരുന്ന് കഥ പറയുന്നു .

സുൽത്താൻ എഴുതാൻ തുടങ്ങി. ലോകത്തിന്റെ മതിലുകളും യക്ഷികളുടെ പൊട്ടിച്ചിരികളും ഭൂമിയുടെ അവകാശികളും ആടുകളുടെയും പൂച്ചകളുടെയും കോഴികളുടെയും ചില ഒറ്റപ്പെട്ട മനുഷ്യരുടെയും ശബ്ദങ്ങളും കടലാസിനകത്ത് ദൃശ്യമായിത്തുടങ്ങി. അത് ഒരു യുഗത്തിന്റെ ആരംഭമായിരുന്നു.

തലയോലപ്പറമ്പിൽ കുഞ്ഞാത്തുമ്മയുടെ ഗർഭപാത്രത്തിൽ മരക്കച്ചവടക്കാരൻ കായി അബ്ദുൾ റഹിമാന്റെ കഥാബീജത്തിൽ ഭൂമിയുടെ ഒരവകാശിയായി ദാണ്ട് ! …… ഇവിടെ പൊട്ടിവീണു. ജീവിതത്തിന്റെ തുടക്കകാലത്ത് ഭയങ്കര വികൃതിയായിരുന്നു എന്നാണ് ചരിത്രകാരൻ ചരിത്രത്തോട് പറഞ്ഞത്. വെണ്ണ കട്ടുതിന്നാൻ ഗോപികമാരുടെ പ്രിയ കാമുകൻ ശ്രീകൃഷ്ണനുമല്ല, മരിച്ചതിന്റെ മൂന്നാം നാൾ അത്ഭുദങ്ങൾ കാട്ടി പുനർജ്ജനിച്ച യേശു ക്രിസ്തുവുമല്ല, സോഷ്യോളജി പഠിക്കാത്ത സോഷ്യലിസ്റ്റ് ആയിരുന്നു.

വീരപുരുഷൻ മഹാത്മാവായ"കാന്തിയെ "തൊട്ടു . ആനയുടെ വാലിൽ നിന്ന് രോമം പറിച്ച് ആനവാൽ മോതിരമുണ്ടാക്കി. എത്രയോ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി സുഹറയെ വളച്ചെടുത്ത് സെറ്റുമ്മൽ സെറ്റാക്കി , മാങ്ങ പറിക്കുന്നതിനിടയിൽ നീർ കടിച്ചിട്ട് അത് വകവെയ്ക്കാതെ മാവിൽ കയറി. ഹെഡ് മാസ്റ്റർ വെങ്കിടേശ്വരൻ പറയുന്നത് കേൾക്കാതെ ഗാന്ധി ആശ്രമത്തിൽ പോയി ചൂരൽക്കഷായം ഏറ്റുവാങ്ങി. അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ധീരകൃത്യങ്ങൾ ചെയ്ത് സ്വാതന്ത്യസമരത്തിൽ തന്റെ പങ്ക് വഹിച്ചു. വിദ്യാഭ്യാസം ഉപേക്ഷിച്ച് കോഴിക്കോട്ടേക്ക് പോയി. കോൺഗ്രസിൽ ചേരാൻ. ! ഓർമ്മക്കുറിപ്പിലെ " ഉമ്മയെ " അത്ര വേഗമൊന്നും മറന്നു പോകില്ലല്ലോ. അത്രയ്ക്കും ആഴത്തിലായിരുന്നു പേന കൊണ്ട് ഹൃദയത്തിൽ ആ സാധാരണക്കാരൻ സർജറി ചെയ്തത്.

പൊലീസ് പണ്ട് മൂപ്പരെ അന്വേഷിച്ച് വന്നപ്പോൾ പോയതാ ആഫ്രിക്കയിലെ ചുടുകട്ട പോലിരിക്കുന്ന ചൂടിലേയ്ക്ക് . തന്റെ ജീവിതത്തിന്റെ ആത്മീയ ഭാഗം അവിടെ വെച്ചായിരുന്നുവെന്നതാണ് ചരിത്രകാരൻ നമ്മോട് പറഞ്ഞത്. ചരിത്രം എപ്പോഴും വളഞ്ഞും പുളഞ്ഞുമിരിക്കുമല്ലോ! അപ്പോൾ തെറ്റിയാലും അത് അത്ഭുതപ്പെടാനില്ല.

ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന പച്ചയായ ഭാഷയിൽ മലയാള ഭാഷ ആരുടെയും കുടുംബ സ്വത്തല്ല എന്ന് കഥാപാത്രങ്ങളെക്കൊണ്ട് പറയിച്ച ചെങ്കോലും കിരീടവുമില്ലാത്ത സുൽത്താൻ നമ്മുടെ തൊട്ടടുത്തിരുന്നെഴുതുന്നയാൾ '

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു തന്ന കുഞ്ഞുപ്പാത്തുമ്മായ്ക്കും യഥാർത്ഥ പ്രണയത്തിന് മതിലുകളില്ല എന്ന് കാട്ടിത്തന്ന നാരായണിയ്ക്കും എന്റെ മനസിന്റെ പുഴവക്കത്ത് താമസിക്കുന്ന ആ ആനവാരിക്കും ഉറക്കമില്ലാത്ത രാത്രികളിൽ ഒരു പൊട്ടിച്ചിരിയായി പര്യവസാനിക്കുന്ന ഭയപ്പെടുത്തുന്ന ആവശ്യമനോഹരിക്കും ഒരു നൂറായിരം നന്ദി … :

ജീവിതത്തിൽ നിന്ന് ചീന്തി എടുത്തു തന്ന കഥാപാത്രങ്ങൾ വെറും കടലാസു താളുകളിൽ നിന്ന് മനുഷ്യ മനസ്സുകളിലേക്ക് ഒരു റാന്തൽ വെളിച്ചത്തിന്റെ അകമ്പടിയോടെ കാലത്തെ അതിജീവിച്ച് കൊണ്ട് ചേക്കേറുകയാണ്. ഈ വെളിച്ചം എന്നിലെ സർഗ്ഗശേഷിയ്ക്ക് വഴി കാട്ടിയാകുന്നു. നന്ദി , എഴുത്തുകാരാ നന്ദി ……

"എടിയേ… " മേശപ്പുറത്ത് ഒരു സുലൈമാനി കൂടി ഹാജരായിരുന്നു. അത് കുടിച്ചു തീർത്ത് മാങ്കോസ്റ്റിൻ മരത്തെയും ചുറ്റുപാടുകളെയും ഒന്ന് നിരീക്ഷിച്ച് പിന്നീട് "ശുഭം" എന്ന വാക്കോടെ എല്ലാം അവസാനിപ്പിച്ച് പുതിയ ലോകത്തെ സുൽത്താനാവാൻ മുറ്റത്തു നിന്നും ആ വെളുത്ത വസ്ത്രങ്ങളിട്ട കുട്ടികളോടൊപ്പം യാത്ര തിരിച്ചു… :

വർഷങ്ങൾക്കു ശേഷം ഭാരമിറക്കിയ ചാരു കസേരയും താളം തെറ്റിയ ഗ്രാമഫോണും കാറ്റത്ത് ആരുടെയോ തമാശ കേട്ട് കുലുങ്ങിച്ചിരിക്കുന്ന മാങ്കോസ്റ്റിൻ മരവും അനശ്വരമായ ഒത്തിരി കഥാപാത്രങ്ങളും ഇങ്ങനെയൊരു മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നു എന്നതിന് സാക്ഷിയായി, അദ്ദേഹം പറയാതെ പോയ കഥകൾ ആലോചിച്ച് കൂട്ടുന്ന മനുഷ്യരും കുറച്ച് ബാക്കി .

ദാ…! ആയിരം നക്ഷത്രങ്ങൾക്കിടയ്ക്ക് ചിലത് ഇപ്പോഴും വെളിച്ചം കൈവിടാതെ ജ്വലിച്ചു കൊണ്ടിരിക്കുന്നു.

"അവരെന്റെ അടുത്തു വരുന്നു. തമാശകൾ പറഞ്ഞ് അവരെ ചിരിപ്പിക്കാൻ നിർബന്ധിക്കുന്നു. അവർക്കു വേണ്ടി ഏതൊക്കെയോ തമാശ ഞാൻ പറയുന്നു. അവരോടൊപ്പം ചിരിക്കുന്നു. എന്റെ ചിരിയ്ക്കകത്തുള്ള ദുഃഖത്തിന്റെ മുഴക്കം അവർ കേൾക്കുന്നില്ല " … : വൈക്കം മുഹമ്മദ് ബഷീർ


ശുഭം 

ധ്യാൻചന്ത് 

ജി.വി.എച്ച്.എസ്.എസ് അത്തോളി

Tags:    
News Summary - 'The Basheer I know' - a student's note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.