മൂന്ന് കഥകൾ - എ.കെ. അനിൽകുമാർ

തിരിച്ചറിവ്

കവിതയുടെ വേറിട്ട വഴികളിലൂടെ നടന്നുനടന്ന് ഒടുക്കം അയാൾ എത്തിപ്പെട്ടത് ശ്മശാനമൂകമായ ഒരു മരുപ്പറമ്പിലായിരുന്നു. തനിക്കു മുമ്പേ നടന്നുപോയ കവികളുടെ കവിതാ വൈഭവങ്ങൾ അവിടെ ചിതറിക്കിടപ്പുണ്ടായിരുന്നു. നിരൂപകരും ആരാധകരും വാനോളം പാടിപ്പുകഴ്ത്തിയ വരികൾ ദാഹജലം കാത്ത് മണലാഴിയിൽ മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുന്നു.

എത്രയോ പുരസ്‌കാരങ്ങൾ നേടിയ അച്ചടിമഷികൾ, പൊള്ളുന്ന വിഷക്കാറ്റേറ്റ് ചിറകറ്റ വായുകുമിളകൾ കണക്കെ പൊങ്ങിയമർന്നു പൊട്ടിച്ചിതറുന്ന കാഴ്ചകൾ. കവിതകളിൽ പണ്ടുള്ളവർ നടന്ന വഴികളിൽ ഇന്ന് അവശേഷിക്കുന്നത് തണുത്തുറഞ്ഞ മോഹത്തിന്റെ മരവിച്ച കണ്ണടച്ചില്ലുകളാണ്. ഇപ്പോളയാൾ കവിതകൾ എഴുതാറില്ല.

കണ്ണട

കാഴ്ചകൾ മങ്ങിത്തുടങ്ങിയപ്പോഴാണ് ഒരു കണ്ണുഡോക്ടറെ കാണാൻ തീരുമാനിച്ചത്. വിശദമായ പരിശോധനകൾക്കുശേഷം ഡോക്ടർ കണ്ണടക്ക് കുറിച്ചുതന്നു. എന്നിട്ടു പറഞ്ഞു, ‘‘കണ്ണട നിങ്ങൾക്ക് വെക്കാനുള്ളതല്ല. കാഴ്ചകൾക്ക് വെക്കുവാനുള്ളതാണ്’’.

കാഴ്ചകൾ സ്വയം നശിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകത്ത് കണ്ണടകൾകൊണ്ടെന്തു ഫലം?

കാത്തിരിപ്പ്

മഴയെ പ്രണയിച്ച പെണ്ണായിരുന്നു അവൾ.

ഒരു ഇടവപ്പാതി സന്ധ്യക്കായിരുന്നു അവൾ ആ പ്രണയത്തോടൊപ്പം പടിയിറങ്ങിപ്പോയത്.

ഇന്നും ഓരോ മഴയത്തും അവളെയും കാത്തിരിപ്പുണ്ട്‌ ഏതോ ചില വളപ്പൊട്ടു കഷ്ണങ്ങൾ...

Tags:    
News Summary - three stories by ak anil kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.