ഇഷ്ടം പറയുമ്പോൾ
ക്ലാസ് മുറിക്കുള്ളിൽ
ബഞ്ചിനു പിറകിൽ
ഒളിച്ചു കളിക്കുന്ന
പെൺകുട്ടിയുണ്ടായിരുന്നു
ജീവിതം പറഞ്ഞാൽ
ചിരിച്ചു നിൽക്കും
ആകാശം കാണിച്ച്
വെറുതേ
നടന്നു പോകും.
അല്ലെങ്കിൽ
പൂരിപ്പിക്കാത്ത
മാക്സ് തിയറിയെ കുറിച്ച്
കലപില പറയും.
ബ്ലാക്ക് ബോർഡിൽ
അതിശയചിഹ്നങ്ങൾ വരഞ്ഞ്
അതിലൊളിക്കും.
അവളെ കുറിച്ച് ചോദിക്കുമ്പോൾ
വളകളൂരി വൃത്തം ചമക്കും.
ആ വൃത്തം ചുരുക്കി
വെറുതേനോക്കിയിരിക്കും.
പൊട്ടിയടർന്ന
വളപ്പൊട്ടുകൾ
പല രൂപങ്ങളാകും.
പ്രണയത്തെ കുറിച്ചു
ചൊല്ലുമ്പോൾ
പുസ്തം തുറന്ന്
കവിത ചൊല്ലും.
രമണനും ചന്ദ്രികയും
പൂമരച്ചോട്ടിൽ
നൃത്തം വെക്കും.
ചില നേരങ്ങളിൽ
വയൽ കുന്നുകളിൽ
പൊട്ടിയടർന്ന പാതകൾ
നോക്കും.
നിഴൽ വിരിച്ച
ഗുൽമോഹർ
തണലിൽ
അവളൊരു പാവയാകും.
പോസ്റ്റ് കാർഡിൽ
കവിത നെയ്ത്
ഞാൻ പറഞ്ഞ
വരികൾ കീറിയെറിഞ്ഞവൾ
ചിരിച്ചാർത്തുനിൽക്കും.
പെൻസിൽ
മുനയിൽ കോറിയിട്ട
ചിത്രങ്ങളിൽ
ഊളിയിട്ടവൾ
ഊറിച്ചിരിക്കും.
ഒടുവിലവൾ
ഇന്നലെ
നനഞ്ഞൊട്ടി
വിറകൊള്ളുന്ന പക്ഷിയായി
ചുക്കി ചുരുങ്ങി
കിണറ്റിൽ പൂണ്ടിരുന്നവൾ...
അവളെനിക്കാരായിരുന്നു ...
പ്രിയപ്പെട്ടവൾ...
യേറെ ഇഷ്ടമായിരുന്നവൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.