ദമ്മാം: സൗദി അറേബ്യയുടെ സംസ്കാരിക പ്രവർത്തന മേഖലയിൽ വിസ്മയകരമായ നേട്ടങ്ങൾ കൊയ്ത കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾചർ (ഇത്റ) സാംസ്കാരിക സമ്പന്നമായ അഞ്ച് വർഷം പൂർത്തിയാക്കി.
2018ൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്ത ഇത്റ ‘പ്രചോദിപ്പിക്കുന്ന ഹൃദയങ്ങൾ’ എന്ന ആപ്തവാക്യം മുൻനിർത്തി സൗദിയുടെ സംസ്കാരിക കേന്ദ്രമായി മാറുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 35 ലക്ഷം സന്ദർശകരാണ് ഈ കാലയളവിനുള്ളിൽ ഇത്റയിലെത്തിയത്.
സൗദിയുടെ കലാസാംസ്കാരിക മേഖലയിൽ വൈവിധ്യങ്ങൾ സമ്മാനിച്ച 20,000 പരിപാടികൾ ഒരുക്കിയ ഇത്റ 26 ദേശീയ അന്തർദേശീയ പുരസ്കാരങ്ങളും ഇതിനകം സ്വന്തമാക്കി. 20 മ്യൂസിയം പ്രദർശനങ്ങൾക്ക് വേദിയൊരുക്കിയ ഇത്റ 23 സിനിമകൾ നിർമിക്കുകയും ചെയ്തു.
9,000 സന്നദ്ധപ്രവർത്തകർ 6,64,000 മണിക്കൂർ ഇത്റയിൽ സേവന നിരതരായി. അതിശയിപ്പിക്കുന്നതും മനോഹരവുമായ വാസ്തുശൈലിയിൽ തലയുയർത്തി നിൽക്കുന്ന ഇത്റ സമുച്ചയം ലോകത്തിലെ ഏറ്റവും മികച്ച 100 നിർമിതികളുടെ പട്ടികയിൽ ഇടം നേടി.
1938ൽ സൗദിയിൽ ആദ്യമായി എണ്ണ കണ്ടെത്തിയ ഏഴാം നമ്പർ കിണർ സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ‘ഇത്റ’ സൗധം സൗദി അരാംകോ നിർമിച്ചത്. സൗദി അറേബ്യയുടെ ചരിത്രം മാറ്റിവരച്ച ഈ കിണറിനെ ‘അഭിവൃദ്ധി’കളുടെ കിണർ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
കേവലം ആറുവർഷം കൊണ്ട് ഈ കിണറിൽ നിന്നുള്ള എണ്ണ ഉൽപാദനം നിന്നുപോയെങ്കിലും സൗദി അരാംകോ അവിടെ എണ്ണ ഉൽപാദന ചരിത്രം പറയുന്ന ഒരു എക്സിബിഷൻ സെൻറർ പണികഴിപ്പിച്ചു.
ഇതാണ് ഇത്റയുടെ നിർമാണത്തിലേക്ക് വഴി തെളിച്ച തുടക്കം. ഒരു മത്സരത്തിലൂടെയാണ് ‘ഇത്റ’ സൗധത്തിന്റെ രൂപകൽപന നിർവഹിക്കാൻ നോർവീജിയൻ വാസ്തുവിദ്യാ സ്ഥാപനമായ സ്നോഹെട്ടയെ തിരഞ്ഞെടുക്കുന്നത്. മുമ്പ്, ഈജിപ്ഷ്യ പൗരാണിക നഗരമായ അലക്സാണ്ട്രിയയിലെ ഐക്കണിക് ലൈബ്രറിയായ ‘ബിബ്ലിയോതെക്ക അലക്സാണ്ട്രിന’ രൂപകൽപന ചെയ്തത് സ്നോഹെട്ടയായിരുന്നു.
ഒരു ഇൻട്രാക്ടിവ് ലൈബ്രറിയായിട്ടാണ് ‘ഇത്റ’ ആദ്യം വിഭാവനം ചെയ്യപ്പെട്ടിരുന്നത്. അതി വിസ്മയകരമായ രൂപകൽപനയിലൂടെ ലോകത്തിനുതന്നെ അത്ഭുതമായ ഒരു ശിൽപ കേന്ദ്രമായി പിന്നീട് അത് രൂപാന്തരപ്പെടുകയായിരുന്നു. നാല് നിലകളുള്ള ലൈബ്രറിക്കുപുറമെ, റസ്റ്റാറൻറുകളും ശിൽപശാല, സെമിനാർ ഹാളുകളും അടങ്ങിയ 18 നിലകളോടു കൂടിയ ഒരു ടവറും ഉണ്ട്.
മൂന്ന് നിലകളുള്ള ഐഡിയ ലാബ്, എനർജി എക്സിബിറ്റ്, അഞ്ച് ഗാലറി മ്യൂസിയം ഇടങ്ങൾ, 315 സീറ്റുകളുള്ള സിനിമാശാല, 900 ഇരിപ്പിടങ്ങളുള്ള പെർഫോമിങ് ആർട്സ് തിയറ്റർ, 1,500 ചതുരശ്ര മീറ്റർ ഗ്രേറ്റ് ഹാൾ, കുട്ടികളുടെ മ്യൂസിയം, പള്ളി, ഒരു ഔട്ട്ഡോർ ലഷ് ഗാർഡൻ തുടങ്ങി നിരവധി സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ‘ഇത്റ’ സമുച്ചയം.
സാംസ്കാരിക പരസ്പരാശ്രിതത്വത്തിന്റെ ആശയം പ്രതിഫലിപ്പിക്കുന്ന രൂപത്തിലാണ് ഈ ചേതോഹരമായ സൗധത്തിന്റെ രൂപകൽപന. കമാനം പോലുള്ള കെട്ടിടം കാഴ്ചക്കാരെ ഓർമിപ്പിക്കുന്നത് സംസ്കാരം ഏകീകൃതവും സ്വതന്ത്രവുമല്ല, മറിച്ച് ശക്തമായ ഐക്യം സാധ്യമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്ന പരസ്പരബന്ധിതമായ ശക്തികളും ആശയങ്ങളുമാണ് എന്നാണ്.
ആധുനിക സൗദിയിലേക്കുള്ള ചരിത്രത്തിന്റെ കാൽപാടുകളാണ് ഇത്റയിലെ കാഴ്ചകൾ. ദഹ്റാന്റെ അനൗദ്യോഗിക ദൃശ്യാവിഷ്കാരവും കിഴക്കൻ പ്രവിശ്യയുടെ രത്നവുമായാണ് ഇത്റ അറിയപ്പെടുന്നത്. നൂറ അൽ സാമിൽ ആണ് നിലവിലെ പ്രോഗ്രാം ഡയറക്ടർ.
ഇത്റയോടൊപ്പം ‘ലോക സംസ്കാരം’ എന്ന വാചകം ചേർക്കാൻ കഴിയുന്ന പരിപാടികളാണ് കഴിഞ്ഞ കാലങ്ങളിൽ രൂപപ്പെടുത്തിയതെന്ന് അവർ പറഞ്ഞു. സൗദിയുടെ സംസ്കാരം ലോകരാജ്യങ്ങളുടെ മുന്നിൽ മിഴിവോടെ അവതരിപ്പിക്കാൻ ഈ സാംസ്കാരിക കേന്ദ്രം നിമിത്തമായി.
രാജ്യത്തിന്റെ സാംസ്കാരികവും സർഗാത്മകവുമായ ആവാസവ്യവസ്ഥയുടെ ഹൃദയ സ്പന്ദനമായ ഇത്റയിലേക്ക് ഇനിയും ഒരുപാട് വർഷങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നതായും നൂറ അൽ സാമിൽ പറഞ്ഞു. ഭാവന ശക്തിപ്പെടുന്ന, ആശയങ്ങൾ ജനിക്കുന്ന, അറിവ് പങ്കിടുന്ന, സംസ്കാരം ആഘോഷിക്കപ്പെടുന്ന ഇടം എന്ന് ഇത്റയെ ചുരുക്കി വളിക്കാമെന്നും അവർ പറഞ്ഞു. നിരവധി പരിപാടികളാണ് അഞ്ചാം വാർഷിക ഭാഗമായി ഇത്റയിൽ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.