തിരുവനന്തപുരം: അന്തരിച്ച കവയിത്രി സുഗതകുമാരിക്ക് ഉചിതമായ സ്മാരകം നിർമിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നിലനിൽക്കെ തലസ്ഥാനത്ത് അവർ താമസിച്ചിരുന്ന വീട് വിറ്റുപോയി. ഏറെ നാളായി അടച്ചിട്ടിരുന്ന വീടിന്റെ ഒരു ഭാഗം ഇടിച്ചു നിരത്തുന്നത് കണ്ട് അന്വേഷിച്ചപ്പോഴാണ് വീട് വിറ്റെന്ന വിവരം പുറത്തറിയുന്നത്. കാട്ടാക്കട സ്വദേശിയാണ് മകനുവേണ്ടി വീട് വാങ്ങിയത്. പരിപാലനം അടക്കം വലിയ പ്രതിസന്ധികൾ മുന്നിൽ നിൽക്കെയാണ് വീട് വിൽക്കേണ്ടി വന്നതെന്ന് സുഗതകുമാരിയുടെ മകൾ ലക്ഷ്മീദേവി വ്യക്തമാക്കി.
വർഷങ്ങളായി തിരുവനന്തപുരം നന്ദാവനത്ത് സുഗതകുമാരി കഴിഞ്ഞിരുന്നതാണ് ‘വരദ’ എന്ന ഈ വീട്. സുഗതകുമാരിക്ക് സ്മാരകം നിർമിക്കുമെന്ന് പറഞ്ഞ സര്‍ക്കാറോ സ്മരണിക ഇറക്കുമെന്ന് പറഞ്ഞ പരിസ്ഥിതി പ്രവര്‍ത്തകരോ ആരും പിന്നീട് ആ വഴി വന്നില്ല. സംരക്ഷിക്കാൻ ആളും സാഹചര്യങ്ങളും ഇല്ലാതായതോടെയാണ് വീട് വിൽക്കേണ്ടിവന്നതെന്നാണ് മകളുടെ ഭാഷ്യം. വീട് സ്മാരകമാക്കാമെന്ന് ഒരിക്കലും സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും അവർ പറയുന്നു.
സ്മാരകം വേണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക നായകര്‍ ഒപ്പിട്ട ഒരു അപേക്ഷ സര്‍ക്കാറിന് നല്‍കിയിരുന്നു. സ്മാരകം പണിയണം എന്നത് സര്‍ക്കാറിന്റെ മനസ്സിലുണ്ടെങ്കിലും ഈ വീട് സ്മാരകമാക്കാന് താൽപര്യമില്ലായിരുന്നെന്നും മകൾ ലക്ഷ്മീദേവി കൂട്ടിച്ചേർക്കുന്നു. ഈ വീടിനു വഴിയില്ല. വീട് വാങ്ങിയവര്‍ ഇടിച്ചിട്ടുണ്ടെങ്കില്‍ അത് പിന്‍ഭാഗത്തുകൂടി കാര്‍ കയറ്റാന്‍ ആയിരിക്കാം. അമ്മ പോയതിനു ശേഷം അടച്ചിട്ടിരിക്കുകയായിരുന്നു.
വീട് നാശത്തിന്റെ വഴിയിലായി. തനിക്ക് അവിടെ പോയി താമസിക്കാന്‍ കഴിയില്ല. ആറന്മുളയിലെ വീട് ആര്‍ക്കിയോളജി വകുപ്പിന് നല്‍കിയിട്ടുണ്ട്. ആ വീട് ഞങ്ങളുടെ തറവാടാണ്. അമ്മയുള്ളപ്പോള്‍ തന്നെ ആര്‍ക്കിയോളജി വകുപ്പിന് ആ വീട് നല്‍കിയതാണ്. തോമസ് ഐസക് മന്ത്രിയായിരുന്ന സമയത്ത് അമ്മ മരിച്ചയുടന്‍ തന്നെ ബജറ്റില്‍ രണ്ടു കോടി അനുവദിച്ചു. പക്ഷേ, അത് ബജറ്റ് നിർദേശം മാത്രമാണെന്നും അവർ പറയുന്നു.
സുഗതകുമാരിക്ക് കിട്ടിയ പുരസ്കാരങ്ങളത്രയും സുഗതകുമാരിയുടെ സ്ഥാപനമായ ‘അഭയ’യിലേക്ക് മാറ്റിയതായി മകൾ കൂട്ടിച്ചേർത്തു. കെട്ടുകണക്കിന് പുസ്തകങ്ങളുണ്ട്, കാര്യപ്പെട്ട രേഖകളും അമൂല്യമായ കത്തുകളും കവയിത്രിയുടെ കൈപ്പടയുമുണ്ട്. വിൽപന നടന്ന വീട്ടിൽനിന്നും എല്ലാം എടുത്ത് പെറുക്കി അവിടവിടെയായി കൂട്ടിയിട്ട അവസ്ഥയിലാണിപ്പോൾ.
അതേസമയം, സർക്കാറുമായി ആലോചിക്കാതെയാണ് സുഗതകുമാരിയുടെ വീട് വിറ്റതെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. ബന്ധുക്കൾക്ക് ഇക്കാര്യം സർക്കാറിനെ അറിയിക്കാമായിരുന്നു. ഇപ്പോഴും വീട് കൈമാറിയാൽ ഏറ്റെടുക്കാം. സ്മാരകമായി സ്മൃതിവനമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്മൃതിവനമാണ് സര്‍ക്കാര്‍ സ്മാരകമായി ഉദ്ദേശിക്കുന്നത്. സുഗതകുമാരിക്ക് സ്മാരകം പണിയാന്‍ ടി. പത്മനാഭന് കത്ത് നല്‍കിയിരുന്നു. ഇതിന് ഭൂമി ഏറ്റെടുക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും സജി ചെറിയാന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.