ഒരു ജോലിക്ക് അപേക്ഷിച്ച് മറുപടി ഒന്നും ലഭിക്കാതെ വരുമ്പോൾ, നിങ്ങൾ എന്താണ് സാധാരണയായി കരുതാറുള്ളത്? മറ്റേതെങ്കിലും ഉദ്യോഗാർഥികളെ ഇതിനകം തിരഞ്ഞെടുത്തിരിക്കും, അല്ലെങ്കിൽ എനിക്ക് വേണ്ടത്ര യോഗ്യത ഇല്ലായിരിക്കാം, അതുമല്ലെങ്കിൽ അങ്ങേയറ്റം ഇതിലൊക്കെ വലിയ പൊളിറ്റിക്സ് ഉണ്ട്, നമുക്ക് അതിനുള്ള പിടിപാടൊന്നുമില്ല എന്ന് പറഞ്ഞു ആശ്വസിക്കാം. എപ്പോഴെങ്കിലും എന്‍റെ റെസ്യൂമെയിലെ പിഴവുകൾ ആയിരിക്കുമോ നിരസിക്കപ്പെട്ടതിന്‍റെ കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ? തീർച്ചയായും അത് പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ്.
അങ്ങിനെ തോന്നാത്തത് ചിലപ്പോൾ റെസ്യൂമേയുടെ പ്രാധാന്യത്തെ കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാകാം. അതിനാൽ ആദ്യം എന്താണ് റെസ്യുമെ എന്ന് മനസ്സിലാക്കാം.
ലളിതമായി പറഞ്ഞാൽ, നിങ്ങൾ ഒരു വാഹനം വാങ്ങുവാൻ തീരുമാനിച്ചു എന്ന് കരുതുക. ഷോറൂമിൽ ചെല്ലുമ്പോൾ സെയിൽസ്മാൻ വാഹനത്തെ പരിചയപ്പെടുത്തുന്നതിനോടൊപ്പം ഒരു ബ്രോഷർ കൂടി നിങ്ങൾക്ക് തരും. വാഹനത്തിന്‍റെ പ്രധാന സവിശേഷതകൾ എല്ലാം അതിൽ വ്യക്തമായി നല്കിയിരിക്കും. അതുനോക്കി ടെസ്റ്റ് ഡ്രൈവ് കൂടി നടത്തി തൃപ്തി വരുന്ന പക്ഷം നിങ്ങൾ വാഹനം സ്വന്തമാക്കുന്നു. ഇവിടെ ബ്രോഷർ പ്രധാനപ്പെട്ട ഒരു മാർക്കറ്റിങ് ടൂളാണ്. ഇത് പോലെ ഒരു ഉദ്യോഗാർഥിയായി മാറുന്ന മുറക്ക് റെസ്യുമെ നിങ്ങളുടെ പ്രധാനപ്പെട്ട ഒരു മാർക്കറ്റിങ് ടൂൾ ആയി മാറുന്നു. അതായത് നിങ്ങൾ നിങ്ങളെ തന്നെ മാർക്കറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ബ്രോഷർ ആണ് ഇവിടെ നിങ്ങളുടെ റെസ്യുമെ.
മാർക്കറ്റിങ് എന്ന വാക്ക് ഒരർഥത്തിൽ ശരിയാണ്. അതായത് ഇതൊരു മത്സരമാണ്. ഒരുപാട് ഉദ്യോഗാർഥികൾക്കിടയിൽ തിരഞ്ഞെടുക്കപ്പെടുവാൻ നിങ്ങൾ നിങ്ങളെ നല്ലതുപോലെ അവതരിപ്പിച്ചു മാർക്കറ്റ് ചെയ്തേ പറ്റൂ. ഒരു ജോലിക്ക് നിങ്ങൾ അർഹനാണോ എന്ന് തീരുമാനിക്കപ്പെടുന്നതിന്‍റെ ആദ്യപടിയാണ് റെസ്യുമെ. അതിനാൽ റെസ്യുമെ തയ്യാറാക്കുമ്പോൾ അതീവ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണെന്ന് കൂടുതൽ പറയേണ്ടതില്ലലോ.
ഒന്നുകിൽ ഒരു ഗൂഗിൾ സാമ്പിൾ അപ്ഡേറ്റ് ചെയ്യും, അല്ലെങ്കിൽ കൂട്ടുകാരുടെ വാങ്ങി എഡിറ്റ് ചെയ്യും, അതുമല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം നിങ്ങളെക്കാൾ ഉണ്ടെന്നു തോന്നുന്ന ഒരാളെ ഏൽപ്പിക്കുകയോ ആപ്പുകളുടെ സഹായം തേടുകയോ ചെയ്യും. റെസ്യുമെ അത്രയേറെ പ്രാധാന്യമുള്ള ഒന്നാണെന്നിരിക്കെ മേല്പറഞ്ഞ രീതികൾ അവലംബിക്കാതെ തനിയെ തയ്യാറാക്കുവാൻ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഒരു റിക്രൂട്ടറെ സംബന്ധിച്ചിടത്തോളം റെസ്യുമെ ഷോർട് ലിസ്റ്റ് ചെയ്യുവാനായി Reject to Shortlist എന്ന രീതിയാണ് പൊതുവെ തിരഞ്ഞെടുക്കാറുള്ളത്. അതായത് ഓരോ റെസ്യൂമെയിലെയും പോരായ്മകൾ കണ്ടെത്തി ഒഴിവാക്കി മികച്ച റെസ്യൂമെയിലേക്കു എത്തിച്ചേരുക എന്ന തന്ത്രം. അതിനാൽ തന്നെ നിങ്ങളുടെ റെസ്യുമെ പിഴവുകൾ ഇല്ലാതെ തയ്യാറാക്കേണ്ടതുണ്ട് എന്ന് ആദ്യമേ ഓർമിപ്പിക്കുന്നു.
ഈയിടെ നടത്തിയ ഒരു സർവേയിൽ ഒരു റിക്രൂട്ടർക്കു ലഭിക്കുന്ന 57 ശതമാനം റെസ്യൂമെയിലും പിഴവുകൾ ഉണ്ടെന്നു കാണുന്നു. ഒരു റിക്രൂട്ടറെ സംബന്ധിച്ച് ഒരു റെസ്യുമെ കോപ്പി ചെയ്തതാണോ സ്വയം തയ്യാറാക്കിയതാണോ എന്ന് തിരിച്ചറിയാൻ വലിയ പ്രയാസമുണ്ടാകില്ല. കാരണം അവർ ദിനം പ്രതി എത്രയോ റെസ്യൂമേകൾ കൈകാര്യം ചെയ്യുന്നു. അതിനാൽ നിങ്ങളുടെ റെസ്യുമെ തിരഞ്ഞെടുക്കപ്പെടുവാൻ മതിയായ കാരണങ്ങൾ ഉണ്ടെന്ന് ഉറപ്പു വരുത്തുക.
റെസ്യൂമെയിൽ ഉൾപ്പെടുത്തേണ്ട പ്രധാന ഭാഗങ്ങൾ ഇവയാണ്,
•Career Objective: കരിയറിൽ നിങ്ങളുടെ ലക്ഷ്യങ്ങൾ എന്താണെന്നു വ്യക്തമായി ലളിതമായി സ്വന്തം വാക്കുകളിൽ ചുരുക്കി എഴുതുവാൻ ശ്രമിക്കുക. ഗൂഗിൾ ചെയ്‌തു ഒരു സാമ്പിൾ എടുത്ത് നോക്കി കോപ്പി ചെയ്തു വയ്ക്കുന്ന പ്രവണതയാണ് എപ്പോഴും കാണുന്നത്. ഇത് നിങ്ങളുടെ റെസ്യുമെ വായിക്കുന്ന റിക്രൂട്ടറെ മടുപ്പിക്കാൻ സാധ്യതയുണ്ട്. കാരണം ഒരുപാട് റെസ്യൂമേകൾ വായിക്കുന്ന അവർക്കു ഒരു കോപ്പി ചെയ്ത Career Objective എളുപ്പം മനസിലാവും. അതേസമയം വ്യത്യസ്തമായി എന്തെങ്കിലും കാണുമ്പൊൾ അവർ എളുപ്പം അത് ശ്രദ്ധിക്കുകയും അവരിൽ ഒരു നല്ല അഭിപ്രായം ഉണ്ടാവുകയും ചെയ്യും.
•Key Skills: Job Description (JD) ന് അനുയോജ്യമായി നിങ്ങളുടെ Key Skills ക്രമീകരിക്കുക. ഉദാഹരണത്തിന് നിങ്ങൾ Marketing Professional ആണെങ്കിൽ Key Skills ആയി Management, Marketing, Public Relations, Networking, Negotiation എന്നിങ്ങനെ JD യിൽ അവർ ആവശ്യപ്പെടുന്ന skills നിങ്ങൾക്കുണ്ടെങ്കിൽ തീർച്ചയായും അവ നിങ്ങളുടെ key skills ആയി മുൻഗണനാടിസ്ഥാനത്തിൽ ഉൾപ്പെടുത്തുക.
•Job Experience: ഏറ്റവും പുതിയത് ആദ്യം എന്ന ക്രമത്തിൽ ചേർക്കുക. Designation, Company Name, Location, Tenure ജോലിയുടെ ഭാഗമായി നിങ്ങൾക്കുണ്ടായിരുന്ന ഉത്തരവാദിത്വങ്ങൾ ( 5 എണ്ണമെങ്കിലും) എന്നിവ JD-ന് അനുയോജ്യമായ രീതിയിൽ മുൻഗണന അടിസ്ഥാനത്തിൽ ക്രമപ്പെടുത്തുക.
•Educational Qualification: പെട്ടന്ന് വായിച്ചെടുക്കുവാൻ കഴിയുന്ന വിധത്തിൽ ഏറ്റവും പുതിയത് ആദ്യം എന്ന ക്രമത്തിൽ ചേർക്കുക.
•Reference : ഒരു പ്രൊഫഷണൽ റെഫെറെൻസും ഒരു പേഴ്സണൽ റെഫെറെൻസും ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക. 'റഫറൻസ് ആവശ്യമുണ്ടെങ്കിൽ റിക്വസ്റ്റ് ചെയ്‌താൽ തരാം' എന്ന് റെസ്യൂമെയിൽ ചേർക്കുന്ന പ്രവണത കണ്ടിട്ടുണ്ട്. അത് ശരിയല്ല. റഫറൻസ് റെസ്യൂമെയിൽ ഉണ്ടായിരിക്കേണ്ട ഒരു ഭാഗം തന്നെയാണ്. അവരെ കോൺടാക്ട് ചെയ്യുവാനായി അഡ്രെസ്സ് മാത്രമല്ല മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവയും നൽകേണ്ടതുണ്ട്.
•Updated Date and Declaration: എപ്പോഴും റെസ്യുമെ അയക്കുന്ന തീയതിയാണ് ചേർക്കേണ്ടത്. തീയതി update ചെയ്യാതെ റെസ്യുമെ അയക്കുന്നവർ ധാരാളമുണ്ട്. Date എന്ന് മാത്രം എഴുതി അയക്കുന്നവരും ഉണ്ട്. ഈ രണ്ടു കാര്യങ്ങളും ചെയ്യാതിരിക്കുക.
ഇതോടൊപ്പം റെസ്യൂമെയിൽ സാധാരണയായി കടന്നു വരാവുന്ന പിഴവുകൾ കൂടി എന്തൊക്കെ എന്ന് നോക്കാം.
•റെസ്യുമെ എപ്പോഴും അപ്ഡേറ്റഡ് ആയിരിക്കുവാൻ ശ്രദ്ധിക്കുക. ജോലിക്കു അപേക്ഷിക്കുന്നതിനു മുൻപ് തിയതി, Contact Information എന്നിവ പരിശോധിച്ചു ഉറപ്പു വരുത്തുക.
•Email ID ചെറുതും പ്രൊഫെഷണലുമായിരിക്കുവാൻ ശ്രദ്ധിക്കുക. നിങ്ങളുടെ സ്വന്തം പേര് തന്നെ ഉൾപ്പെടുത്തുന്നതാണ് നല്ലത്. rockybhai123@gmail.com പോലുള്ള ഫാൻസി ഐഡികൾ നിർബന്ധമായും ഒഴിവാക്കുക.
•വ്യാകരണ തെറ്റുകൾ അക്ഷര പിശകുകൾ, ഫോർമാറ്റ് alignment പിഴവുകൾ എന്നിവ ഒഴിവാക്കുവാൻ ശ്രദ്ധിക്കുക. Microsoft Word ൽ തെറ്റുകൾ ചുവന്നതും, നീലയും അടിവരകളോടെ ചൂണ്ടി കാണിക്കാറുണ്ടല്ലോ. അതിൽ Right click ചെയ്‌താൽ ഒരു പരിധിവരെ കുറെ തെറ്റുകൾ പരിഹരിക്കാം. പക്ഷെ പൊതുവെ ആരും അത് ശ്രദ്ധിക്കില്ല., Grammarly പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്നത് പ്രയോജനം ചെയ്യും.
•ടെക്സ്റ്റിനു പല നിറങ്ങൾ നൽകി മോഡി പിടിപ്പിക്കുന്നത് പ്രൊഫഷനലിസം കുറക്കുന്നു.
•ഇക്കാലത്ത് ഇമെയിൽ വഴിയാണ് കൂടുതലും റെസ്യുമെ അയക്കുന്നത്. അതിനാൽ മെയിൽ കണ്ടൻറ്, അനുയോജ്യമായ സബ്ജക്ട് എന്നിവ ചേർത്തു ഫോർമൽ ആയി ഒരു ഇമെയിൽ തയ്യാറാക്കുക. റെസ്യുമെ, കവറിങ് ലെറ്റർ എന്നിവ ചേർത്തിട്ടുണ്ട് എന്നും ഉറപ്പു വരുത്തുക.
•ലളിതവും പ്രൊഫെഷണലുമായ ഫോണ്ടുകൾ ഉപയോഗിക്കുകയും, Chat languages, short forms എന്നിവ ഒഴിവാക്കുവാനും ശ്രദ്ധിക്കുക.
ഇതൊരു Professional ഡോക്യുമെന്‍റ് ആണ്. ആയതിനാൽ ആദ്യ കാഴ്ചയിൽ തന്നെ ഫോർമൽ ആയി തോന്നുകയും ഒരാൾക്ക് താല്പര്യത്തോടെ ആദ്യാവസാനം വരെ പരിശോധിക്കുവാൻ തോന്നുകയും വേണം. നിസാരമായ ഇത്തരം പിഴവുകൾ നിങ്ങളുടെ റെസ്യുമെ നിരസിക്കപ്പെടാൻ കാരണമായേക്കാം. ഇവയെല്ലാം ആവർത്തിച്ചുള്ള വായനയിൽ തിരുത്തുവാൻ സാധിക്കുന്നവയുമാണ്.
ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തുത കൂടിയുണ്ട്. നിങ്ങൾക്ക് ഉയർന്ന വിദ്യാഭ്യാസമോ, നല്ല നിലയിലുള്ള പ്രവർത്തിപരിചയമോ ഒരു റെസ്യൂമെയോ ഉണ്ടായത് കൊണ്ട് മാത്രം നിങ്ങൾ തിരഞ്ഞെടുക്കപ്പെടണമെന്നില്ല. നിങ്ങൾ Job description ന് അനുയോജ്യനായ ആളാണോ എന്നതാണ് പ്രധാനം. അത് വിലയിരുത്തി നിങ്ങളുടെ റെസ്യുമെ ചിട്ടപ്പെടുത്തുകയാണ് ആത്യന്തികമായി തിരഞ്ഞെടുക്കപെടുവാൻ ചെയ്യേണ്ടത്.
ഒരു റിക്രൂട്ടർക്ക് തിരഞ്ഞെടുക്കുവാൻ തോന്നുന്ന തക്കവണ്ണം ശ്രദ്ധേയമായി നിങ്ങളുടെ റെസ്യുമെ തയാറാക്കുവാൻ ശ്രമിക്കുക.
(ദ ഇവോൾവേഴ്സ് പ്രൊജക്ട് ചീഫ് ലേണിങ് ഓഫിസറാണ് ലേഖിക. ഇ-മെയിൽ: sreeja@evolversproject.com)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.