തലശ്ശേരി: കോവിഡ് പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റി പ്രതിരോധങ്ങളുടെ തണലിൽ ഇരുന്നുപഠിച്ച റിട്ട. അധ്യാപകൻ 78ാം വയസ്സിൽ ആറാം ബിരുദവും സ്വന്തമാക്കി. പൊന്ന്യം വെസ്റ്റ് ശ്രീകുലത്തിൽ ഡോ. കെ.കെ. കുമാരൻ മാസ്റ്ററാണ് പരിശ്രമിച്ചാൽ നേട്ടങ്ങൾ പിറകെ വരുമെന്ന് പുതുതലമുറയെ ഓർമിപ്പിക്കുന്നത്.
കതിരൂർ തരുവണത്തെരു യു.പി സ്കൂളിൽ നിന്ന് വിരമിച്ച ഈ മാതൃകാധ്യാപകെൻറ യോഗ്യത പട്ടികയിൽ ടി.ടി.സി, ബി.എഡ്, എം.എഡ്, എം.ഫിൽ, പിഎച്ച്.ഡി (എജുക്കേഷൻ) ബിരുദങ്ങൾ നേരത്തെ ഉണ്ട്. ഇപ്പോൾ കോവിഡ് കാല പഠനത്തിലൂടെ പി.പി.ടി.ടി.സിയും സ്വന്തമാക്കി. ഡൽഹിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷനൽ ടെയിനിങ് നൽകുന്ന ബഹുമതിയാണിത്.
ഇതോടെ അധ്യാപകർക്കായി സർക്കാർ വിവിധ തലങ്ങളിലേക്ക് നിശ്ചയിച്ച ഏതാണ്ടെല്ലാ പരിശീലന യോഗ്യതകളും നേടുന്ന കേരളത്തിലെ അപൂർവ അധ്യാപകനെന്ന നേട്ടം കുമാരൻ മാസ്റ്റർ സ്വന്തമാക്കി.
1961ൽ എസ്.എസ്.എൽ.സിയും ടി.ടി.സിയും കഴിഞ്ഞ് പ്രൈമറി വിദ്യാലയത്തിൽ അധ്യാപകനായി സേവനം ചെയ്യുന്നതിനിടയിലാണ് ബി.എയും ബി.എഡും നേടിയത്.1997ൽ വിരമിച്ച ശേഷമാണ് ബിരുദാനന്തര ബിരുദങ്ങൾ നേടിയത്. 75ാം വയസ്സിൽ ആന്ധ്രയിലെ ദ്രാവിഡിയൻ സർവകലാശാലയിൽ നിന്നാണ് 'സ്കൂൾ വിദ്യാർഥികളുടെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള തന്ത്രങ്ങൾ' എന്ന വിഷയത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.
സമ്പൂർണ സാക്ഷരത യജ്ഞത്തിൽ സംസ്ഥാന കീ റിസോഴ്സ് പേഴ്സൻ, ജനകീയാസൂത്രണ പദ്ധതിയുടെ ജില്ല റിസോഴ്സ് പേഴ്സൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ വിദഗ്ധ സമിതി അംഗം, കണ്ണൂർ ഡയറ്റ് ഉപദേശക സമിതി അംഗം, കതിരൂർ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കതിരൂർ വിന്നേഴ്സ് വയോജന വേദി കൺവീനറും കതിരൂർ ശ്രീനാരായണഗുരു വിദ്യാഭ്യാസ വികസന ട്രസ്റ്റ് കൺവീനറുമാണ്. 'പ്രശ്ന പരിഹാര ചിന്തകൾ' എന്ന പഠനഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.