ന്യൂഡല്‍ഹി: കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പുനർനിര്‍ണയിക്കുന്ന ഫീസുകള്‍ വിദ്യാര്‍ഥികളില്‍നിന്ന് ഉടന്‍ ഈടാക്കരുതെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേരളത്തിലെ 19 മെഡിക്കല്‍ കോളജുകളിലെ ഫീസ് പുനര്‍ നിര്‍ണയത്തിനുള്ള കേരള ഹൈകോടതി ഉത്തരവ് നടപ്പാക്കുന്നതിനെതിരെ കേരള സര്‍ക്കാറും വിദ്യാര്‍ഥികളും സമര്‍പ്പിച്ച അപ്പീലില്‍ നോട്ടീസ് അയച്ചാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.
കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ കഴിഞ്ഞ മൂന്ന് അധ്യയന വര്‍ഷങ്ങളിലെ ഫീസ് പുനര്‍ നിര്‍ണയിക്കാനായിരുന്നു കേരള ഹൈകോടതിയുടെ ഉത്തരവ്. സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ സമര്‍പ്പിച്ച രേഖകള്‍ പരിഗണിച്ച ശേഷമാണ് സ്വകാര്യ സ്വാശ്രയ ഫീസ് നിര്‍ണയിച്ചതെന്ന് കേരള സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ജയദീപ് ഗുപ്ത വാദിച്ചു. എന്നാല്‍, ഓഡിറ്റ് ചെയ്യപ്പെടാത്ത രേഖകള്‍ പരിഗണിക്കാന്‍ സര്ക്കാറിനാവിെല്ലന്നും അദ്ദേഹം ബോധിപ്പിച്ചു.
പ്രവേശന സമയത്ത് നിശ്ചയിച്ചതിനേക്കാള്‍ ഫീസ് സ്വാശ്രയ സ്വകാര്യ മാനേജ്മെൻറുകള്‍ ഈടാക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരും വാദിച്ചു. ഇതേ തുടര്‍ന്നാണ് കേരള ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഫീസ് പുനര്‍ നിര്‍ണയിച്ചാലും കേരള സര്‍ക്കാറും വിദ്യാര്‍ഥികളും സമര്‍പ്പിച്ച ഹരജികള്‍ തീര്‍പ്പാക്കുന്നതുവരെ ഫീസ് ഈടാക്കരുതെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയത്. കേസിലെ കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.