ഇംഫാൽ: മണിപ്പൂരിൽ ആകെയുള്ള 60 സീറ്റിൽ 29ലും ലീഡ് നേടി ബി.ജെ.പി. 31 സീറ്റ് നേടിയാൽ ബി.ജെ.പിക്ക് ഒറ്റക്ക് ഭരണത്തിലേറാനാകും. സംസ്ഥാനത്ത് ഇത്തവണ 60 സീറ്റുകളിലും ബി.ജെ.പി ഒറ്റക്കാണ് മത്സരിച്ചത്. നിലവിലെ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് 18,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഹിൻഗാങ് മണ്ഡലത്തിൽനിന്ന് വിജയിച്ചു.
ഒമ്പത് സീറ്റിൽ ലീഡുള്ള നാഷണൽ പീപ്പിൾസ് പാർട്ടി ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുന്നു. നാഗാ പീപ്പിൾസ് ഫ്രണ്ട് നാല് സീറ്റിൽ മുന്നേറുന്നു. കോൺഗ്രസിന് മൂന്നിടങ്ങളിൽ മാത്രമാണ് ലീഡ്. ജനതാദൾ (യു)വിനും മൂന്ന് സീറ്റിൽ ലീഡുണ്ട്.
ആറ് രാഷ്ട്രീയ പാർട്ടികളുടെ സഖ്യം രൂപീകരിച്ചാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ, അതിന് ഫലമുണ്ടായില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രാരംഭ ട്രെൻഡുകൾ മണിപ്പൂരിൽ തൂക്കു മന്ത്രിസഭ വരുമെന്നായിരുന്നു കാണിച്ചിരുന്നത്. എന്നാൽ, ഉച്ചയോടെ നില കൂടുതൽ വ്യക്തമായി.
ബി.ജെ.പിക്ക് ഒറ്റക്ക് ഭരണത്തിലേറാനാകുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. കഴിഞ്ഞതവണ 21 സീറ്റ് നേടിയ ബി.ജെ.പി മറ്റു ചെറുകക്ഷികളെ ചേർത്താണ് മന്ത്രിസഭ രൂപീകരിച്ചത്. എൻ.പി.പി, എൻ.പി.എഫ്, എൽ.ജെ.പി എന്നിവരാണ് പിന്തുണ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.