വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിൽ മോൺ ജില്ലയിലെ ഓട്ടിങ് ഗ്രാമത്തിൽ ഇന്ത്യൻ സേനയുടെ 21 പാരാ സ്പെഷൽ ഫോഴ്സസ് നടത്തിയ വെടിവെപ്പിൽ 13 സാധാരണക്കാർ കൊല്ലപ്പെട്ട സംഭവം വലിയ വിവാദമായിരുന്നു. തൊഴിലിടത്തിൽനിന്ന് മടങ്ങുന്ന ഖനിത്തൊഴിലാളികളുടെ നേരെ സൈന്യം നിഷ്ഠുരമായി വെടിയുതിർത്തതിന് പിന്നാലെ സായുധസേന പ്രത്യേകാധികാര നിയമം (അഫ്സ്പ) പിൻവലിക്കണമെന്ന് വിവിധ കോണുകളിൽനിന്നാണ് മുറവിളി ഉയർന്നത്.
നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ മണിപ്പൂരിൽനിന്ന് അഫ്സ്പ പിൻവലിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രധാന വാഗ്ദാനം. തങ്ങൾ അധികാരത്തിലിരുന്നപ്പോൾ തലസ്ഥാനമായ ഇംഫാൽ ഉൾപ്പെടെ ഏഴ് മണ്ഡലങ്ങളിൽ അഫ്‌സ്പ റദ്ദാക്കിയിട്ടുണ്ടെന്നും കോൺഗ്രസ് ഓർമിപ്പിച്ചിരുന്നു. എന്നാൽ, ഇതിനെയെല്ലാം അതിജീവിച്ചാണ് ബി.ജെ.പി അധികാരത്തിലേക്ക് വരുന്നത്.
കഴിഞ്ഞതവണ 28 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എന്നാൽ, ഇത്തവണ രണ്ടക്കം പോലും കടക്കാനാവാത്ത അവസ്ഥയാണ്. ഏഴ് സീറ്റിൽ മാത്രമാണ് ലീഡ്. മാത്രമല്ല, നാഷണൽ പീപ്പിൾസ് പാർട്ടി, നാഗാ പീപ്പിൾസ് ഫ്രണ്ട് എന്നിവക്ക് പിന്നിൽ നാലാം സ്ഥാനത്താണ് കോൺഗ്രസ്. മണിപ്പൂർ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് നമീരക്പാം ലോകെൻ സിങ് വരെ പരാജയപ്പെട്ടു. നമ്പോൾ മണ്ഡലത്തിൽനിന്നാണ് ഇദ്ദേഹം ജനവിധി തേടിയത്.
73കാരനായ ഒക്രം ഇബോബി സിങ്ങിനെ മുൻനിർത്തിയായിരുന്നു കോൺഗ്രസിന്‍റെ പോരാട്ടം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നേതൃനിരയിലേക്ക് യുവനേതാവിനെ കോൺഗ്രസിന് മുന്നോട്ടുവെക്കാനായില്ല. അതിനാൽ തന്നെ ഇബോബിയുടെ ജനകീയതയിലായിരുന്നു കോൺഗ്രസ് പ്രതീക്ഷ.
അതേസമയം, ആരെയും മുഖ്യമന്ത്രിയായി ഉയർത്തിക്കാണിക്കേണ്ട എന്നായിരുന്നു കോൺഗ്രസ് ഹൈകമാൻഡിന്‍റെ തീരുമാനം. വടക്കുകിഴക്ക് ബി.ജെ.പിക്കും പ്രാദേശികകക്ഷികൾക്കും വിട്ടുകൊടുത്ത മട്ടിലായിരുന്നു കോൺഗ്രസ് പെരുമാറ്റം. മറ്റൊന്നുമല്ല കാരണം, ഫണ്ടിന്‍റെ അഭാവം തന്നെ. 2018ൽ രണ്ടു പതിറ്റാണ്ടുകാലം കൈയിലിരുന്ന നാഗാലാൻഡ് കൈവിട്ടതും വെറുതെയല്ല.
ഏറെക്കാലമായി കോൺഗ്രസ് ഭരണത്തിലായിരുന്നു മണിപ്പൂർ. ഇബോബി സിങ് 2002നും 2017നും ഇടയിൽ തുടർച്ചയായി മൂന്ന് തവണ സംസ്ഥാനം ഭരിച്ചു. അഞ്ച് വർഷം മുമ്പ് ഇബോബിയുടെ കീഴിൽ തന്നെയാണ് കോൺഗ്രസ് 28 സീറ്റുകൾ നേടിയതും. അതുകൊണ്ട് തന്നെ ഇബോബി സിങ്ങിലൂടെ തിരിച്ചുവരാനുള്ള കഠിനപ്രയത്നത്തിലായിരുന്നു കോൺഗ്രസ്.
ആറ് പാർട്ടികളെ ചേർത്തു കോൺഗ്രസ് സഖ്യവും രൂപീകരിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, ജനതാദൾ (എസ്), ഫോർവേഡ് ബ്ലോക്ക് എന്നിവയാണ് സഖ്യത്തിലുള്ളത്. 53 സീറ്റുകളിലായിരുന്നു കോൺഗ്രസ് മത്സരിച്ചത്. എന്നാൽ, കോൺഗ്രസിന്റെ മുൻ അധ്യക്ഷൻ ഗോവിന്ദാസ് കോന്തൗജം സിങ് അടക്കം ബി.ജെ.പിയിൽ ചേർന്നത് വൻ തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.