ഇംഫാൽ: മണിപ്പൂരിൽ ബി.ജെ.പിക്ക് തൊട്ടതെല്ലാം പിഴച്ചോ എന്ന ആശങ്കയിലായിരുന്നു സംസ്ഥാനത്തെ അണികൾ. അഫസ്പയെക്കുറിച്ച് മിണ്ടാത്തത്, പാർട്ടിക്കുള്ളിലെ ചേരിപ്പോര് എന്നിവയെല്ലാം ഭരണത്തിൽനിന്ന് പിഴുതറിയാൻ മാത്രമുള്ള കാരണങ്ങളായിരുന്നു. എന്നാൽ, അവയെല്ലാം അതിജീവിച്ച് വീണ്ടും സംസ്ഥാന ഭരണം കൈപിടിയിലൊതുക്കിയിരിക്കുകയാണ്.
സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്സ്പ) പിൻവലിക്കണമെന്ന ആവശ്യത്തിലൂന്നി മറ്റു പാർട്ടികൾ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചപ്പോൾ ബി.ജെ.പി നേതാക്കൾ നിയമത്തെ കുറിച്ച് മൗനം പാലിച്ചു. പ്രകടനപത്രികയിൽ പോലും അഫ്സ്പ നിയമത്തെ കുറിച്ച് ഒരക്ഷരം കുറിക്കാതെ പോയപ്പോൾ പ്രാദേശിക പാർട്ടികളായ നാഗാ പീപ്ൾസ് ഫ്രണ്ടും (എൻ.പി.എഫ്) നാഷനൽ പീപ്ൾസ് പാർട്ടിയും (എൻ.പി.പി) കോൺഗ്രസും നിയമം റദ്ദാക്കാൻ മുന്നിട്ടിറങ്ങുമെന്ന വാഗ്ദാനം ജനത്തിന് മുന്നിൽ വെച്ചിരുന്നു.
ഇതിനെല്ലാം പുറമെയായിരുന്നു പാർട്ടിക്കകത്തെ ചേരിപ്പോര്. സീറ്റുതർക്കവും അണികൾക്കിടയിലെ ചേരിപ്പോരും പാർട്ടിക്ക് ശക്തമായ വെല്ലുവിളിയാണ് ഉയർത്തിയത്. നേരത്തെ സഖ്യകക്ഷികളായിരുന്ന എൻ.പി.എഫിനെയും എൻ.പി.പിയെയും കൈയൊഴിഞ്ഞ് 60 സീറ്റിലും തനിച്ച് മത്സരിക്കാനാണ് മുഖ്യമന്ത്രി എൻ. ബിരേൻ സിങ് തീരുമാനിച്ചത്. ഈ തന്ത്രം പാളിയോ എന്ന ആശങ്ക അണികൾക്കൊപ്പം നേതാക്കളും ഉയർത്തിയിരുന്നു. വിശേഷിച്ചും ബിരേൻ സിങ് വിരുദ്ധ ക്യാമ്പ്. സംസ്ഥാനത്ത് പ്രതീക്ഷിച്ചതുപോലെ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രിയുടെ തന്നെ 'തലയുരുളു'മെന്ന സൂചന ബിരേൻ സിങ് വിരുദ്ധ ക്യാമ്പ് നൽകിയിരുന്നു.
തോംഗം ബിശ്വജിത് സിങ്, ഗോവിന്ദാസ് കോന്തൗജം എന്നിവരെ ബിരേന്റെ പിൻഗാമികളായി ഇവർ ഉയർത്തിക്കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ, വമ്പിച്ച ജയത്തോടെ ബിരേൻ സിങ് തന്റെ അപ്രമാദിത്വം ഉറപ്പിച്ചിരിക്കുകയാണ്. കോൺഗ്രസ്, എൻ.പി.പി, എൻ.പി.എഫ് എന്നീ പാർട്ടികളെ മാത്രമല്ല ബിരേൻ സിങ് പരാജയപ്പെടുത്തിയത്, പാളയത്തിൽനിന്നുള്ള പട കൂടിയാണ്.
വ്യാഴാഴ്ച രാവിലെ ശ്രീ ശ്രീ ഗോവിന്ദജി ക്ഷേത്രത്തിൽ പ്രാർഥന നിർവഹിച്ചാണ് ബിരേൻ സിങ് തെരഞ്ഞെടുപ്പ് ഫലം അറിയാനെത്തിയത്. 'ബി.ജെ.പിക്കൊപ്പം സമാധാനവും സമൃദ്ധവും വികസിതവുമായ മണിപ്പൂരിലേക്ക് നമുക്ക് മുന്നേറാം' എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.