ഒരിക്കൽ കൂടി മണിപ്പൂരിൽ ബി.ജെ.പി ഭരണത്തിലേറുകയാണ്. 60 സീറ്റിലും തനിച്ച് മത്സരിച്ച ബി.ജെ.പി 31 സീറ്റിൽ വ്യക്തമായ ലീഡുമായി ഭൂരിപക്ഷമുറപ്പിച്ച് കഴിഞ്ഞു. കോൺഗ്രസിന്റെ സീറ്റുനില 28ൽനിന്ന് ആറായി ചുരുങ്ങി.
ദീർഘകാലം കോൺഗ്രസ് ഭരണത്തിലായിരുന്നു മണിപ്പൂർ. 2002 മുതൽ 2017 വരെ ഒക്രം ഇബോബി സിങ് ആണ് സംസ്ഥാനം ഭരിച്ചത്. 2017ൽ 28 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും അധികാരത്തിന് പുറത്തുനിൽക്കേണ്ടി വന്നു കോൺഗ്രസിന്. ഭരണം പോയത് മൂന്നു സീറ്റിന്‍റെ കുറവിൽ. കാരണം ലളിതം, ഡൽഹിയിൽ അധികാരം വാഴുന്നവരാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വാഴ്ത്തും വീഴ്ത്തും തീരുമാനിക്കുന്നത്.
മുമ്പ് അധികാരത്തിന്‍റെ 'ഐശ്വര്യകാലത്ത്' കോൺഗ്രസ് ചെയ്തുവന്ന ജോലി ഇപ്പോൾ ബി.ജെ.പി കുറേക്കൂടി ഭംഗിയായി ചെയ്യുന്നു എന്ന് മാത്രം. 2017ൽ 21 സീറ്റുള്ള ബി.ജെ.പി ഭരണമുറപ്പിക്കുമെന്നു കണ്ടപ്പോൾ കോൺഗ്രസിൽനിന്നു എട്ടുപേരും മറുകണ്ടം ചാടി. നാലു സീറ്റു വീതം നേടിയിരുന്ന നാഗാ പീപ്ൾസ് ഫ്രണ്ടിനെയും നാഷനൽ പീപ്ൾസ് പാർട്ടിയെയും (എൻ.പി.പി) കൂടെ കൂട്ടി അംഗബലം 30 ആക്കി. മുൻ ലോക്സഭ സ്പീക്കർ പരേതനായ പി.എ. സങ്മയുടെ മകൻ കോൺറാഡ് സങ്മ നയിക്കുന്ന എൻ.പി.പി മേഘാലയയിൽ ബി.ജെ.പിയുടെ കൂട്ടുകക്ഷിയായി; കോൺറാഡ് മുഖ്യമന്ത്രിയും.
കൂറുമാറ്റം പ്രോത്സാഹിപ്പിച്ച് നില ഭദ്രമാക്കിയ ബി.ജെ.പി ഇത്തവണ സ്വന്തം നിലയിലാണ് മത്സരിച്ചത്. ബി.ജെ.പി മുഖ്യമന്ത്രി എൻ. ബിരേൻ സിങ് അടക്കം മത്സരത്തിന് കച്ചമുറുക്കിയ മന്ത്രിമാരും സീറ്റുമോഹികളും അധികവും മുൻ കോൺഗ്രസുകാരാണ്. തെരഞ്ഞെടുപ്പ് കണ്ട് ധാരാളം പേരാണ് കോൺഗ്രസിൽനിന്നു ചടിയത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദാസ് കോന്തൗജം സിങ്, ഉപാധ്യക്ഷൻ ചാൽതോൻലീൻ ആമു, കോൺഗ്രസ് നേതാവ് ഇബോബി സിങ്ങിന്‍റെ അനന്തരവൻ എന്നിവരെല്ലാം ബി.ജെ.പി പാളയത്തിലെത്തി.
നാഗാ ഗോത്രക്കാർക്കിടയിൽ സ്വാധീനമുള്ള എൻ.പി.എഫ് ഇത്തവണ അംഗബലം പത്താക്കി ഉയർത്താമെന്ന പ്രതീക്ഷയിലായിരുന്നു. എൻ.പി.പിക്കുമുണ്ടായിരുന്നു 15 സീറ്റുകളുടെ മോഹം. എൻ.പി.എഫ് നാല് സീറ്റ് ലഭിച്ചപ്പോൾ എൻ.പി.പി ഏഴ് സീറ്റ് നേടി ഏറ്റവും വലിയ രണ്ടാം കക്ഷിയായി.
1972 ജനുവരി 21ന് സംസ്ഥാനപദവി ലഭിച്ച മണിപ്പൂർ ഇപ്പോഴും വികസനത്തിൽ ഏറെ പിറകിലാണ്. കൂനിന്മേൽ കുരു കണക്കെ, വിവിധ വംശീയവിഭാഗങ്ങളിലായി അനേകം സായുധഗ്രൂപ്പുകളുടെ സജീവസാന്നിധ്യവുമുണ്ട്. 2021 നവംബറിലും ശക്തമായ തീവ്രവാദി ആക്രമണമുണ്ടായി. സീനിയർ സൈനിക ഉദ്യോഗസ്ഥൻ കേണൽ വിപ്ലബ് ത്രിപാഠിയും ഭാര്യയും ഒമ്പതു വയസ്സുള്ള കുഞ്ഞുമകനും കൊല്ലപ്പെട്ടു.
വടക്കുകിഴക്കൻ അതിർത്തിദേശങ്ങളിലെ നിത്യശാപമായ സായുധസേന പ്രത്യേകാധികാര നിയമം (അഫ്സ്പ) സമാധാനം പകരുന്നതിലേറെ സ്വൈരജീവിതത്തെ പലപ്പോഴും അവതാളത്തിലാക്കുന്നുണ്ട്. പൈശാചികനിയമം നടപ്പാക്കിയിട്ടും തീവ്രവാദി സംഘടനകൾ നാൾക്കുനാൾ ശക്തിപ്രാപിച്ചുവരുന്നതാണ് അനുഭവം. എന്നാൽ, ഇതൊന്നും തെരഞ്ഞെടുപ്പിൽ കാര്യമായി ഏശിയില്ല. പണവും കേന്ദ്രഭരണവും കൈയിലിരിക്കുന്നവർക്കു തന്നെ മുൻതൂക്കം എന്ന കാര്യം അരക്കെട്ടിട്ട് ഉറപ്പിച്ചു.
സംഘർഷ മേഖലകളിൽ സൈന്യത്തിന് സവിശേഷ അധികാരം നൽകുന്ന 1958ലെ നിയമമാണ് 'അഫ്സ്പ' അഥവാ 'ആംഡ് ഫോഴ്സസ് സ്പെഷൽ പവേഴ്സ് ആക്ട്'. 'സംഘർഷ ബാധിത മേഖലക'ളായി തരംതിരിച്ച പ്രദേശങ്ങളിലാണ് ഈ നിയമം നടപ്പാക്കുന്നത്. ഇവിടെ സൈന്യത്തിനും പൊലീസിനും വെടിവെപ്പ് നടത്താനും വീടുകളിൽ തിരച്ചിൽ നടത്താനുമുള്ള അധികാരമുണ്ടായിരിക്കും. തീവ്രവാദം, ഭീകരത, രാജ്യത്തിന്റെ അഖണ്ഡതക്കുള്ള വെല്ലുവിളി തുടങ്ങിയ സാഹചര്യങ്ങളിൽ നിയമം നടപ്പാക്കാം.
സംശയത്തിന്റെ പേരിൽ പോലും വാറൻറില്ലാതെ അറസ്റ്റു ചെയ്യാം. സേനയുടെ പ്രവർത്തനങ്ങൾക്ക് സമ്പൂർണ നിയമ പരിരക്ഷ ലഭിക്കും. നിലവിൽ അസം, നാഗാലാൻഡ് (ഇംഫാൽ മുനിസിപ്പൽ കൗൺസിൽ മേഖല ഒഴികെ) എന്നിവിടങ്ങളിലും അരുണാചൽ പ്രദേശിലെ ചില ജില്ലകളും അതിർത്തി പ്രദേശങ്ങളിലും ഈ നിയമമുണ്ട്. ക്വിറ്റ് ഇന്ത്യ സമരം അടിച്ചമർത്താൻ ബ്രിട്ടീഷുകാർ 1942ൽ കൊണ്ടുവന്ന ഓർഡിനൻസിന്റെ തുടർച്ചയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.