മണിപ്പൂരിൽ ബി.ജെ.പി മണിമുഴക്കം

ന്യൂഡൽഹി: മണിപ്പൂരിൽ കോൺഗ്രസിനുള്ള ജനപിന്തുണ തകർന്നപ്പോൾ ബി.ജെ.പി ഉൾപ്പെടെ എല്ലാ കക്ഷികളും ആ തകർച്ചയിൽ നേട്ടം കൊയ്തു. ബി.ജെ.പിയുടെ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന് കാര്യങ്ങൾ ചെയ്യുന്നയാൾ എന്ന പ്രതിച്ഛായയുണ്ട്. നാഗ പ്രശ്നത്തിൽ തദ്ദേശീയരായ 'മെയ്തി'കളുടെ നിലപാടും വികാരവും കൃത്യമായി ആഭ്യന്തര മന്ത്രി അമിത്ഷാക്ക് മുന്നിൽ അവതരിപ്പിക്കാനായതും അദ്ദേഹത്തിന്റെ നേട്ടമാണ്.

'വിശാല നാഗാലാൻഡ്' എന്ന ആവശ്യം നാഗവാദികൾ കാര്യമായി ഉന്നയിച്ച ഘട്ടത്തിൽതന്നെ അദ്ദേഹത്തിന് ഇതിന് സാധിച്ചു. മണിപ്പൂരിന്റെ തകർച്ച അംഗീകരിക്കുന്നവരല്ല ഒരു 'മെയ്തി'കളും. ഇതിൽ മുസ്‍ലിംകളും ഉൾപ്പെടും. 'കുകി' പോലുള്ള ഗോത്ര വിഭാഗങ്ങളും അങ്ങനെ തന്നെ.

ഈ കാര്യങ്ങളെല്ലാം ബി.ജെ.പിക്ക് തുണയായി. മുമ്പ് ഇക്കാര്യങ്ങളുടെ മുന്നിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഇബോബി സിങ് ആയിരുന്നു. മുൻ മുഖ്യമന്ത്രിയായ ഇബോബി ഇത്തവണയും മത്സരിച്ചെങ്കിലും പാർട്ടിയുടെ കുത്തഴിഞ്ഞ പ്രചാരണ പരിപാടികൾ വോട്ടർമാരുടെ മനസ്സുതൊട്ടില്ല. ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചവർ ജനതാദൾ (യു) വിലോ എൻ.പി.പിയിലോ എത്തി. അതുകൊണ്ട് ഈ പാർട്ടികളും കോൺഗ്രസിനേക്കാൾ നില മെച്ചപ്പെടുത്തി.

60 അംഗ നിയമസഭയിൽ 32 സീറ്റ് നേടിയാണ് ബി.ജെ.പി വൻ കുതിപ്പ് നടത്തിയത്. കഴിഞ്ഞ തവണ 37.2 ആയിരുന്നു ബി.ജെ.പി വോട്ട് ശതമാനം. അതായത്, 2012നേക്കാൾ രണ്ടു ശതമാനം അധികം. കോൺഗ്രസ് ഒറ്റ അക്കത്തിലേക്ക് ചുരുങ്ങി. ആര് ഡൽഹി ഭരിക്കുന്നു എന്നതാണ് മണിപ്പൂരിലെ വോട്ടൊഴുക്കിന്റെ ഗതി നിർണയിക്കുന്നതെന്ന് കരുതുന്ന വിശകലന വിദഗ്ധരുണ്ട്. അപ്പോഴും, ബി.ജെ.പി ലക്ഷ്യമിട്ട 40 സീറ്റിലേക്ക് അവർക്ക് എത്താനായില്ല എന്നത് പ്രാദേശിക പാർട്ടികളുടെ പ്രസക്തി വർധിപ്പിക്കുന്നതാണെന്ന് ചിലർ വിലയിരുത്തുന്നു.

മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികളുടെ നിലപാടുകൾ രാഷ്ട്രീയനില മാറ്റിയേക്കും. നാഗാലാൻഡിൽ എൻ.പി.പിയും മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുടെ എൻ.ഡി.പി.പിയും ലയിക്കാൻ ആലോചിക്കുന്നുണ്ട്. മേഘാലയയിൽ മുഖ്യമന്ത്രി കോൺറഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള എൻ.പി.പി മറ്റ് പ്രാദേശിക കക്ഷികളുമായി ചേർന്ന് തെരഞ്ഞെടുപ്പ് തന്ത്രം പുതുക്കേണ്ടി വരും.

കോൺഗ്രസിന്റെ കാൽച്ചുവട്ടിലെ മണ്ണ് കാര്യമായി പോയ സ്ഥിതിക്ക് ബി.ജെ.പിയെ ചെറുക്കാനുള്ള ദൗത്യം പ്രാദേശിക പാർട്ടികൾക്കുതന്നെയാകും. കൃത്യമായ ഭൂരിപക്ഷമുള്ള ബി.ജെ.പി സർക്കാർ നാഗ ജനതയുടെ മുന്നണിയെ ദുർബലമാക്കും എന്നത് ഉറപ്പാണ്. അവർക്ക് ഇനിമേൽ ബി.ജെ.പിയിൽ കാര്യമായ സമ്മർദം ചെലുത്താനാകാത്ത സ്ഥിതിയുണ്ടാകും. ഇതാകട്ടെ നാഗ സമാധാന ചർച്ചക്ക് ആക്കം കൂട്ടും. 

Tags:    
News Summary - With 32 seats BJP secures majority in Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.